പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.എ പാസായ 1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണമെന്ന് ഉത്തരവിട്ട വിവരാവകാശ കമ്മീഷണരില് നിന്ന് മാനവശേഷി വകുപ്പ് എടുത്തു മാറ്റി. ഉത്തരവ് വന്ന് രണ്ടു ദിവസത്തിനുള്ളിലാണ് വിവരാവകാശ കമ്മീഷണര്‍ പ്രൊഫ. എം. ശ്രീധര്‍ ആചാര്യലുവില് നിന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്.കെ മാത്തൂര്‍ വകുപ്പ് എടുത്തു മാറ്റിയത്.
വിവരാവകാശ കമ്മീഷനിലെ അംഗങ്ങള്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നത് മുഖ്യ വിവരാവകാശ കമ്മീഷണറുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. എന്നാല്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 1978-ല്‍ ബി.എ പാസായവരുടെ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പുറത്തു വിടാനുള്ള ഉത്തരവ് ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പാസായതെന്നും മറ്റൊരു നരേന്ദ്ര ദാമോദര്‍ ദാസ് മോദിയാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.
മോദിക്കൊപ്പം പഠിച്ചവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്; വിദ്യാഭ്യാസ യോഗ്യതാ വിവാദം വീണ്ടും
നീരജ് ശര്‍മ എന്നയാള്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ കഴിഞ്ഞ ഡിസംബര്‍ 21-ന് അപേക്ഷ സമര്‍പ്പിച്ചിട്ടും സ്വകാര്യത ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍വകലാശാല ഈ അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്നാണ് നീരജ് ശര്‍മ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ജനുവരി എട്ടിനുള്ള ഉത്തരവില്‍ ഒരു വിദ്യാര്‍ഥിയുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി ഉള്ളതാണെന്നു കാട്ടി വിവരങ്ങള്‍ പരസ്യമാക്കാന്‍ മാനവശേഷി മന്ത്രാലയത്തിന്റെ ചുമതലയുള്ള വിവരാവകാശ കമ്മീഷണര്‍ എന്ന നിലയില്‍ ആചാര്യലു വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് രണ്ടു ദിവസത്തിനുള്ളില്‍ അദ്ദേഹത്തില്‍ നിന്ന് വകുപ്പ് എടുത്തു മാറ്റിയത്.
നേരത്തെ, ഡിസംബര്‍ 29-ന് ആചാര്യലുവിന്റെ അധികാര പരിധിയില്‍ നിന്ന് ഡല്‍ഹി സര്‍ക്കാരും മുഖ്യ വിവരാവകാശ കമ്മീഷണര്‍ എടുത്തു മാറ്റിയിരുന്നു. മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എം.എയും പാസായി എന്നാണ് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നത്. അദ്ദേഹം 'Entire Political Science'-ല്‍ എം.എ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് ബി.ജെ.പി നേതാക്കള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്.