Top

യാത്രക്കാര്‍ നോക്കി നില്‍ക്കെ നുങ്കമ്പാക്കം റെയില്‍വേസ്റ്റേഷനില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊന്നു

യാത്രക്കാര്‍ നോക്കി നില്‍ക്കെ നുങ്കമ്പാക്കം റെയില്‍വേസ്റ്റേഷനില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊന്നു

അഴിമുഖം പ്രതിനിധി

ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ വെട്ടിക്കൊന്നു. ചെന്നൈ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതി(24) ആണ് കൊല ചെയ്യപ്പെട്ടത്. നുങ്കമ്പാക്കം സ്റ്റേഷനില്‍ ഇന്നു രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ജോലി സ്ഥലത്തേക്കു പോകാനായി ട്രെയിന്‍ കാത്തു നില്‍ക്കുകായിരുന്നു സ്വാതി. സ്വാതിയുടെ കൊലയാളിയെ പിടികൂടിയിട്ടില്ല.

നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ചൂളമേട് റസിഡന്‍ഷ്യല്‍ ഏരിയായിലുള്ള സൗത്ത് ഗംഗൈ അമ്മന്‍ കോവില്‍ തെരുവിലാണ് സ്വാതിയുടെ വീട്. അവിവാഹതയാണ്.

കൊലപാതകത്തിന് ദൃക്‌സാക്ഷികളുടെ വിവരണം ഇപ്രകാരമാണ്; രണ്ടാം നമ്പര്‍ പ്ലാറ്റ്‌പോമിലായിരുന്നു സ്വാതി ട്രെയിന്‍ കയറാന്‍ നിന്നിരുന്നത്. ഈ സമയം പച്ച ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ചൊരു ചെറുപ്പക്കാരന്‍ സ്വാതിയെ സമീപിച്ചു. ഇയാളുടെ കൈയില്‍ ഒരു ട്രാവല്‍ ബാഗ് ഉണ്ടായിരുന്നു. ഈ ചെറുപ്പക്കാരനും സ്വാതിയും തമ്മില്‍ വാഗ്വാദങ്ങള്‍ നടക്കുന്നത് കാണാമായിരുന്നു. പെട്ടെന്ന് ബാഗില്‍ കരുതിയിരുന്ന അരിവാള്‍ പുറത്തെടുത്ത് ചെറുപ്പക്കാരന്‍ സ്വാതിയെ വെട്ടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ സ്വാതി ശ്രമിച്ചെങ്കിലും തറയില്‍ വീണുപോയി.

സംഭവം കണ്ടു നിന്നവര്‍ പ്രതികരിക്കാന്‍ എടുത്ത കാലതാമസത്തിനിടയില്‍ കൊലയാളി രക്ഷപ്പെടുകയായിരുന്നു. മുഖത്തും കഴുത്തിലുമായി നിരവധി വെട്ട് സ്വാതിക്കേറ്റിരുന്നു. ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന റെയില്‍വേ സ്‌റ്റേഷനിലാണ് ഒരു യുവതി ക്രൂരമായ കൊലപാതകത്തിന് ഇരയായത്.

പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.


Next Story

Related Stories