TopTop
Begin typing your search above and press return to search.

സിഇഒയ്‌ക്കെതിരെ സ്ഥാപകര്‍; ഇന്‍ഫോസിസില്‍ തുറന്ന പോര്

സിഇഒയ്‌ക്കെതിരെ സ്ഥാപകര്‍; ഇന്‍ഫോസിസില്‍ തുറന്ന പോര്
1981 ലെ ഒരു ശീതകാല പ്രഭാതത്തില്‍, സോഫ്റ്റ്‌വെയര്‍ കോഡുകള്‍ എങ്ങനെ എഴുതാം എന്ന് ചര്‍ച്ച ചെയ്യുന്നതിനായി പൂനെയിലെ ഒരു ഇടത്തരം അപ്പാര്‍ട്ടുമെന്റില്‍ ഏഴ് എഞ്ചിനീയര്‍മാര്‍ ഒത്തുകൂടി. ആറു മാസത്തിന് ശേഷം എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യ സുധയില്‍ നിന്നും കടം വാങ്ങിയ 10,000 രൂപയുമായി അദ്ദേഹത്തിന്റെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ ഐതിഹാസിക സ്ഥാപനമായ ഇന്‍ഫോസിസ് പ്രവര്‍ത്തനമാരംഭിച്ചു.

ഏകദേശം 36 വര്‍ഷങ്ങള്‍ക്ക് ശേഷം, കമ്പനിയുടെ കോര്‍പ്പറേറ്റ് ഭരണത്തിന്റെയും മറ്റ് നിരവധി പ്രശ്‌നങ്ങളുടെയും പേരില്‍ കമ്പനിയുടെ പ്രൊഫഷണല്‍ മാനേജ്‌മെന്റിനെതിരേ അതിന്റെ സ്ഥാപകര്‍ രണ്ടും കല്‍പിച്ചുള്ള ഒരു യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. ആരാണ് കമ്പനി നടത്തേണ്ടത്, മുതിര്‍ന്ന ജീവനക്കാര്‍ക്ക് എങ്ങനെയാണ് ശമ്പളം നല്‍കേണ്ടത്, ഒരു വലിയ വിടുതല്‍ വ്യവസ്ഥ മതിയാകുമോ തുടങ്ങിയ ചോദ്യങ്ങളാണ് അതിന്റെ അടിത്തട്ടില്‍ ഉയര്‍ന്നു വരുന്നത്.

ആദ്യമായി ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളല്ലാത്ത വിശാല്‍ സിക്ക എന്ന വ്യക്തി പ്രൊഫഷണല്‍ സിഇഒ ആയി ചുമതലയേറ്റതോടെയാണ് പോര് ആരംഭിച്ചത്. തലപ്പത്ത് നിന്നും ഒരു നിര ആളുകള്‍ വിട്ടുപോയതിന് ശേഷം, ഷിബുലാല്‍ വിരമിച്ച ഒഴിവില്‍ 2014 ഓഗസ്റ്റ് ഒന്നിന് സിക്കയെ സിഇഒയും എംഡിയുമായി നിയമിക്കുകയായിരുന്നു.ബാംഗ്ലൂരില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം, ഇന്ത്യയുടെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ബുക്കുകളില്‍ ഉറങ്ങിക്കിടക്കുന്ന അഥവ ഫലപ്രദമായി ഉപയോഗിക്കാത്ത 5.25 ബില്യണ്‍ ഡോളറാണ് (35,000 കോടി രൂപയില്‍ അധികം) തുറന്ന പോരിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന്റെ അടിസ്ഥാനം.

ഓഹരി ഉടമകള്‍ക്ക് തിരികെ നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കുന്നതിന് പകരം, ചില ജീവനക്കാര്‍ക്ക് കനത്ത പ്രതിഫലവും വിടുതല്‍ വ്യവസ്ഥകളും മാനേജ്‌മെന്റ് സമ്മാനിച്ചു എന്നാണ് സ്ഥാപകര്‍ വിശ്വസിക്കുന്നത്.

2014 ഓഗസ്റ്റ് ഒന്നിന് ഇന്‍ഫോസിസിന്റെ ചുക്കാന്‍ പിടിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചുവന്ന കൊടി ഉയര്‍ന്നു തുടങ്ങിയിരുന്നു. മാനേജ്‌മെന്റും ഓഹരി ഉടമകളും തമ്മിലുള്ള 'ആശയവിനിമയത്തിലെ അസമത്വം' നിയന്ത്രിക്കാന്‍ സാധിക്കും എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, ഒരു ഓഹരി തിരിച്ചുവാങ്ങല്‍ നയത്തിന് കമ്പനി മുന്‍കൈയെടുക്കണമെന്ന് ഇന്‍ഫോസിസിന്റെ മൂന്ന് മുന്‍ എക്‌സിക്യൂട്ടീവുകളായ ഡി എന്‍ പ്രഹ്ലാദ്, ടി വി മോഹന്‍ദാസ്, വി ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഇന്‍ഫോസിസ് ബോര്‍ഡിന് ഒരു കത്തെഴുതി. സ്ഥാപകനായ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ വളരെ അടുത്ത ആളായി അറിയപ്പെടുന്ന പ്രഹ്ലാദിനെ പിന്നീട് 2016 ഒക്ടോബറില്‍ ഒരു സ്വതന്ത്ര ഡയറക്ടറായി കമ്പനിയിലേക്ക് തിരികെ എടുത്തിരുന്നു.
ആ കത്തിലെ നിര്‍ദ്ദേശങ്ങളില്‍ നടപടി സ്വീകരിക്കാന്‍ കമ്പനി തയ്യാറായില്ലെന്ന് മോഹന്‍ദാസ് പൈ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'ചില ഓഹരി ഉടമകള്‍ അങ്ങനെ ഒരു പ്രശ്‌നം ഉന്നയിച്ചെന്നും ബോര്‍ഡ് അത് പരിഗണിക്കുമെന്നും അവരുടെ വക്താവ് പറഞ്ഞതിനപ്പുറം ഒരു പ്രതികരണവും ഉണ്ടായില്ല. കമ്പനി ഓഹരി ഉടമകളുടെതാണ്. ബോര്‍ഡ് ഉടമകളല്ല, മറിച്ച് വിശ്വസ്ത ചുമതലക്കാര്‍ മാത്രമാണ്. അതുകൊണ്ട്് തന്നെ ഓഹരിയുടമകളുടെ ആവശ്യങ്ങളോട് അവര്‍ പ്രതികരിക്കേണ്ടതുണ്ട്,' ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്നുള്ള അന്വേഷണത്തിന് പൈ മറുപടി നല്‍കി.

'ഒരു നിശ്ചിത സംഘത്തോട് അടുത്തു നില്‍ക്കുന്ന ആളുകള്‍ക്ക് വലിയ പ്രതിഫലവും സ്ഥാനങ്ങളും ദ്രുതഗതിയിലുള്ള സ്ഥാനക്കയറ്റവും നല്‍കി. ഉയര്‍ന്ന പിരിയല്‍ വാഗ്ദാനങ്ങള്‍ ഇന്‍ഫോസിസിലെ കീഴ്‌വഴക്കമല്ലെങ്കിലും വളരെ കുറച്ചുപേര്‍ക്കായി അത് തിരുത്തപ്പെട്ടു. പുതുതായി വരുന്ന ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധന ലഭിക്കുന്നില്ല. ന്യായത്തിലും മുന്നില്‍ നിന്ന് നയിക്കുന്നതിലും അധിഷ്ടിതമായ ഇന്‍ഫോസിസിന്റെ മൂല്യ സംവിധാനത്തിന് എതിരാണ് ഈ നടപടികളെല്ലാം,' എന്ന് പൈ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്‍ഫോസിസിന്റെ ഭരണനിര്‍വഹണ നിലവാരത്തില്‍ ഇടിച്ചിലുണ്ടായിട്ടുണ്ടെന്ന് 2015 ജൂണ്‍ ഒന്നിന് ഇക്കണോമിക്‌സ് ടൈംസിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ മൂര്‍ത്തി പറഞ്ഞിരുന്നു. 'വിരമിക്കുന്ന ചില ജീവനക്കാര്‍ക്ക് ഭീമമായ വിടുതല്‍ തുക (നൂറ് ശതമാനം പരിവര്‍ത്തിത മൂല്യത്തോടെ) നല്‍കുമ്പോള്‍ കമ്പനിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് 80 ശതമാനം പരിവര്‍ത്തിത മൂല്യമേ നല്‍കുന്നുള്ളു എന്നത് അത്തരത്തില്‍ ഒരു ഉദാഹരണമാണ്. എന്തെങ്കിലും മറച്ചുവെക്കുന്നതിനായി നിശബ്ദത പാലിക്കുന്നതിനുള്ള പ്രതിഫലമായാണോ കമ്പനി അത്തരം പ്രതിഫലങ്ങള്‍ നല്‍കുന്നതെന്ന സംശയത്തിന് അത്തരം ഭീമമായ പ്രതിഫലങ്ങള്‍ ഇടനല്‍കുന്നു.'
വികസിത രാജ്യങ്ങളില്‍ മികച്ച ഭരണനിര്‍വഹണം നടക്കുന്ന കമ്പനികളിലെ സിഇഒയുടെ ശമ്പളവും അടുത്ത താഴ്ന്ന തലത്തിലുള്ളവരുടെ പ്രതിഫലവും തമ്മിലുള്ള അനുപാതം 1:2 ആയിരിക്കുമെന്നും മൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്‍ഫോസിസില്‍ സിഇഒയുടെ ശമ്പളവും ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ചേരുമ്പോഴുള്ള ശമ്പളവും തമ്മിലുള്ള അനുപാതം 2000 മടങ്ങാണ്.

'മുതലാളിത്തം ഇപ്പോഴും പിച്ചവെച്ചു തുടങ്ങുക മാത്രം ചെയ്തിട്ടുള്ള ഇന്ത്യ പോലെയുള്ള ഒരു ദരിദ്രരാജ്യത്ത്, ഇത്തരം അനുപാതങ്ങള്‍ കുറവാണെന്ന് ഉറപ്പുവരുത്തേണ്ടത് മുതലാളിത്തത്തെ നയിക്കുന്നവരുടെ തന്നെ ഉത്തരവാദിത്വമാണ്. ഇവിടെയാണ് നാമനിര്‍ദ്ദേശങ്ങളുടെ അദ്ധ്യക്ഷനും വേതന കമ്മിറ്റിക്കും ബോര്‍ഡിന്റെ അദ്ധ്യക്ഷനും വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ളത്,' എന്ന് മൂര്‍ത്തി ചൂണ്ടിക്കാണിക്കുന്നു.

ഓഹരി മടക്കി വാങ്ങലിലൂടെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംവിധാനത്തിലൂടെയോ പ്രതി ഓഹരി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ചാലകശക്തിയായി എന്തുകൊണ്ട് ബുക്കുകളിലുള്ള ഉപയോഗിക്കാത്ത പണം ഉപയോഗിക്കുന്നില്ല എന്ന സംശയം ചില ഓഹരി ഉടമകള്‍ ഉയര്‍ത്തിയതോടെയാണ് ഈ വിഷയത്തിന് ശ്രദ്ധ ലഭിച്ചത്.

2015 ഒക്ടോബറില്‍, നോഹ കണ്‍സള്‍ട്ടിംഗ് എല്‍എല്‍സി എന്ന വിവര മാനേജ്‌മെന്റ് ഉപദേശക സ്ഥാപനത്തിന്റെ 100 ശതമാനം ഓഹരികളും ഏകദേശം 70 മില്യണ്‍ ഡോളറിന് വാങ്ങിയ ശേഷം, സ്വന്തം കരുതല്‍ശേഖരത്തില്‍ നിന്നും പണം മുടക്കി ഒരു വലിയ ഏറ്റെടുക്കലും ഇന്‍ഫോസിസ് നടത്തിയിട്ടില്ല.

Next Story

Related Stories