TopTop
Begin typing your search above and press return to search.

ഇഞ്ചി ഇടുപ്പഴകി; പൊണ്ണത്തടി ഒരു ആരോഗ്യ പ്രശ്നമല്ല

ഇഞ്ചി ഇടുപ്പഴകി; പൊണ്ണത്തടി ഒരു ആരോഗ്യ പ്രശ്നമല്ല

തെലുങ്കിൽ സൈസ് സീറോ എന്ന പേരിലും തമിഴിൽ ഇഞ്ചി ഇടുപ്പഴകി എന്ന പേരിലും പ്രകാശ് കൊവെലമുടി സംവിധാനം ചെയ്ത സിനിമയില്‍ അനുഷ്ക ഷെട്ടി 20 കിലോ ഭാരം കൂട്ടുന്നു എന്നതായിരുന്നു വാര്‍ത്ത പ്രധാന്യം. ബൊമ്മലാട്ടക്കു ദേശീയ അവാർഡും നിരൂപക പ്രശംസയും നല്ലവണ്ണം കിട്ടിയ സംവിധായകാൻ പൊണ്ണത്തടിയും അനുബന്ധ പ്രശ്നങ്ങളും പ്രമേയമാക്കി ഒരു സിനിമയെടുക്കുന്നു എന്ന് കേട്ടപ്പോൾ തോന്നുന്ന എല്ലാ ശുഭ പ്രതീക്ഷകളും പ്രേക്ഷകർക്ക്‌ ഉണ്ടായിരുന്നു.

സ്വീറ്റി എന്ന് വിളി പേരുള്ള സൌന്ദര്യ(അനുഷ്ക്ക) ചെറുപ്പം മുതൽ അമിത വണ്ണം ഉള്ള ആളായിരുന്നു. ഇതിന്റെ പേരിൽ വീട്ടിലും നാട്ടിലും പിന്തുടരുന്ന അപവാദങ്ങളെ നേരിടാൻ അവരെ പ്രാപ്തയാക്കുന്നത് വെയ്യിങ്ങ് മെഷിനിൽ ഭാരം എഴുതിയ കടലാസിനോപ്പം കിട്ടുന്ന കുഞ്ഞു പ്രചോദന വചനങ്ങളാണ്. ഇത് ശേഖരിച്ചു സങ്കടവും സന്തോഷവും വരുമ്പോൾ എടുത്തു നോക്കുക എന്ന വിചിത്ര വിനോദവും സ്വീറ്റിക്കുണ്ട്. തടിയെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി കണ്ട സ്വീറ്റി പക്ഷെ പ്രണയ നഷ്ടത്തിലും ''സമയത്ത്''വിവാഹം നടക്കാത്ത കുത്തുവാക്കുകളിലും തളർന്നു സൈസ് സീറോ എന്ന് പേരുള്ള, അപകടകരമായ മാർഗങ്ങളിലൂടെ പെട്ടന്ന് തടി കുറയ്ക്കുന്ന സ്ഥാപനത്തിൽ എത്തുന്നു. അവിടെ സ്വീറ്റിക്കും സുഹൃത്തുക്കൾക്കും നേരിടേണ്ടി വന്ന കടുത്ത അനുനുഭവങ്ങളും തുടർന്ന് അവരുടെ ജീവിതത്തിലും നിലപാടുകളിലും വരുന്ന മാറ്റങ്ങളും ഒക്കെയാണ് ഇഞ്ചി ഇടുപ്പഴകിയുടെ പ്രധാന കഥാ തന്തു.

ചില സിനിമകളിലെ രാജ്ഞി/പോരാളി/അതീന്ദ്രിയ ശക്തിയുള്ളവൾ, മറ്റു പല സിനിമകളിലെയും 'ഇഞ്ചി ഇടുപ്പഴകി' പ്രണയ നായിക എന്നീ രണ്ടു സ്ഥിരം രീതിയിൽ നിന്ന് മാറി അനുഷ്ക്കക്ക് കിട്ടിയ റിയലിസ്റ്റിക് കഥാപാത്രം ആണ് സ്വീറ്റി. കല്യാണ, സൌന്ദര്യ വിപണികൾ ഉണ്ടാക്കിയെടുത്ത വാർപ്പ്മാതൃകകളിൽ നിന്ന് വ്യത്യസ്തമായ രൂപമുള്ളവൾക്ക്, 92 കിലോ ഭാരക്കാരിക്ക് നായികയാവാം, ചുംബിക്കാം, ആടിപാടാം എന്നൊക്കെ വാണിജ്യ സിനിമ ഇങ്ങനെ എങ്കിലും പറയുന്നത് ഗുണകരമായ പ്രവണതയാണ്. അമ്മ വേഷങ്ങൾക്കും, മാദക വേഷങ്ങൾക്കും അല്ലാതെ തെന്നിന്ത്യയിലെ ഒരു മുഖ്യധാരാ നടി ഭാരം കൂട്ടിയത് ആദ്യമായിരിക്കും.പക്ഷെ നന്മയുള്ള, എല്ലായിടത്തും നന്മ പരത്താൻ ആഗ്രഹിക്കുന്ന സ്വീറ്റി പക്ഷെ തന്നെ അർഹിക്കാത്ത ഒരാളെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തിൽ മാത്രമാണ് മിക്കവാറും ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിമ്രാന്റെ (സോണാൽ ചൌഹാൻ) സൌന്ദര്യത്തിനും സ്വീറ്റിയുടെ നന്മക്കും ഇടയിൽ ആശയകുഴപ്പത്തിലായ അഭിയെ (ആര്യ)യുടെ പ്രണയമാണ് സ്വീറ്റിയുടെ ജീവിതത്തിലെ ശുഭാന്ത്യം എന്ന് സംവിധായകാൻ ഉറച്ചു വിശ്വസിക്കുന്നുണ്ട്. അയാളെക്കൊണ്ട് അനുഷ്കയുടെ ആരാധകർക്കു ചിര പരിചിതമായ അവരുടെ അരക്കെട്ടിലേക്ക് നോക്കി ഇഞ്ചി ഇടുപ്പഴകീ എന്ന് പാടിച്ചാണ് സംവിധായകനും ക്യാമറാമാനും സിനിമ നിർത്തുന്നത്. മലയാളത്തിൽ ഇതെ പ്രമേയത്തിൽ വന്ന ഡാ തടിയാ ഒരു തടിച്ച ശരീരമുള്ളവന് തിരിഞ്ഞു നടക്കാൻ കൊടുക്കുന്ന സ്വാതന്ത്ര്യം ഈ സിനിമ ഒരിടത്തും സ്വീറ്റി ക്ക് നല്കുന്നില്ല, തടിച്ച ശരീരങ്ങളുടെ പല ഭാഗത്തും ക്യാമറ സൂം ചെയ്ത് തമാശ എന്ന മട്ടിൽ അവതരിപ്പിക്കുന്നുണ്ട്. പൊതു സൌന്ദര്യ ബോധത്തെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളുടെ ഒരു നിര തന്നെ സിനിമയിൽ ഉണ്ട്.

പൊണ്ണത്തടി എന്ന ആരോഗ്യ പ്രശ്നത്തേക്കാൾ അതുണ്ടാക്കുന്ന കാഴ്ചാ, സൌന്ദര്യ പ്രശ്നങ്ങളിൽ ആണ് സിനിമയുടെ ഊന്നൽ. വിവാഹ മാർക്കറ്റിൽ നേരിടുന്ന വിലയിടിവ്, ആരും പ്രണയിക്കാത്തത് ഒക്കെയാണ് ഒരു പെണ്‍ ശരീരത്തിനുണ്ടാവുന്ന തടിയുടെ ഏക അനന്തര ഫലം എന്ന് ഇഞ്ചി ഇടുപ്പഴകി പറയുന്നു. നമ്മുടെ അപകർഷതാബോധത്തെ തടി കുറയ്ക്കുന്ന സ്ഥാപനങ്ങൾ ചൂഷണം ചെയ്യുന്നത്, അത്തരം സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, കല്യാണപ്രായം, പെണ്ണിന് ആണിനെ പോലെ വിവാഹ മാർക്കറ്റിൽ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം ഇല്ലാത്തത് തുടങ്ങീ കുറെ വിഷയങ്ങളെ ഒന്നോ രണ്ടോ വാചകത്തിൽ പറഞ്ഞു പോകുമ്പോളും നിങ്ങൾ കാണാൻ കൊതിക്കുന്ന ഇഞ്ചി ഇടുപ്പഴകികൾ ഇവിടെയൊക്കെ തന്നെ ഉണ്ട് എന്ന് സമാശ്വസിപ്പിക്കുന്ന രംഗങ്ങളെ കൊണ്ട് അതിനെയൊക്കെ പെട്ടന്ന് തന്നെ സംവിധായകൻ ബാലൻസ് ചെയ്യുമ്പോലെ തോന്നി. യാന്ത്രികവും പ്രവചനീയവും ആയ കഥാ സന്ദർഭങ്ങളും സംഭാഷണങ്ങളും ഇടയ്ക്കു യാതൊരു ബന്ധവും ഇല്ലാതെ കയറി വരുന്ന പാട്ടുകളും അരോചകമാണ്. നന്മ മരമായ അച്ഛനും ദുഷ്ടനായ വില്ലനും കാലാകാലമായി കൊടുക്കുന്ന ഡയലോഗുകൾ എങ്കിലും മാറ്റി പിടിക്കാമായിരുന്നു. അനുഷ്ക സ്വന്തം കഥാ പാത്രത്തോട് നീതി പുലർത്തി, കുറെ കാലത്തിനു ശേഷം ഉർവശി അമിതാഭിനയം ഇല്ലാതെ പതിവ് ഫോമിലേക്ക് തിരിച്ചു വന്ന പോലെ തോന്നി.

ഒരു വാണിജ്യ സിനിമയുടെ വിട്ടുവീഴ്ചകളിൽ നിന്ന് കൊണ്ട് തന്നെ എന്തിനെ എതിർക്കുന്നു എന്നവകാശപ്പെട്ടോ അതിനെയൊക്കെ തന്നെ അനുകൂലിക്കുക എന്ന ദുരന്തത്തിന്റെ യാതൊരു പുതുമയും ഇല്ലാത്ത ഒരു പരിധി വരെ വികലമായ ആവർത്തനമാണ് ഇഞ്ചി ഇടുപ്പഴകി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories