TopTop
Begin typing your search above and press return to search.

ഇന്നോവ ക്രിസ്റ്റ; ഗുണമേറെ, വില തുച്ഛം

ഇന്നോവ ക്രിസ്റ്റ; ഗുണമേറെ, വില തുച്ഛം

ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണക്കമ്പനികളിലൊന്നാണ് ടൊയോട്ട. ഇന്ത്യയില്‍ എത്തിയിട്ട് 19 വര്‍ഷമായി. ഈ പത്തൊന്‍പതു വര്‍ഷത്തിനിടയ്ക്ക് ക്വാളിസ്, ഇന്നോവ, എറ്റിയോസ്, ലിവ, ഫോര്‍ച്യൂണര്‍, കൊറോള എന്നിവ മാത്രമാണ് ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ലോകമെമ്പമ്പാടുമായി ടൊയോട്ടയ്ക്ക് നൂറുകണക്കിന് മോഡലുകളുണ്ട്. റഷ്, റാവ്4 എന്നീ കോംപാക്ട് എസ് യു വികള്‍, അവന്‍സോ എന്ന കോംപകാട് എംയുവി, ഹൈ ഏസ് എന്ന മിനിവാന്‍, യാരിസ് എന്ന ഹാച്ച്ബായ്ക്ക്/സെഡാന്‍ എന്നിങ്ങനെ ഇന്ത്യയ്ക്ക് പറ്റുന്ന ടൊയോട്ട മോഡലുകള്‍ ഗള്‍ഫിലും മറ്റും നിരവധിയുണ്ട്. അതൊക്കെ കണ്ട് വെള്ളമിറക്കാനേ ഇന്ത്യക്കാരന് യോഗമുള്ളു. എന്നിട്ട് ഇന്ത്യയ്ക്ക് തന്നതോ, ടൊയോട്ടയുടെ നിര്‍മ്മാണ നിലവാരത്തിന്റെ ഏഴയലത്തു പോലും വരാത്ത ലിവ, എറ്റിയോസ്, പിന്‍സീറ്റു യാത്രക്കാര്‍ക്ക് ബോഡിറോളിന്റെ ദുരിതം സമ്മാനിക്കുന്ന ഫോര്‍ച്യൂണര്‍...

ഇങ്ങനെ, ടൊയോട്ട ഇന്ത്യയോടുള്ള ചിറ്റമ്മനയം തുടരവേ, അതിനിടയിലൊരു രജതരേഖയുണ്ട് ഇന്നോവ. ലോകത്തിലെ ഏറ്റവും മികച്ച മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളിലൊന്ന്. ക്വാളിസിനെ പൊടുന്നനെ പിന്‍വലിച്ച് 2004-ലാണ് ഇന്നോവയെ ടൊയോട്ട ഇന്ത്യന്‍ നിരത്തിലെത്തിച്ചത്.

അന്നുതൊട്ടിന്നുവരെ ഇന്നോവയുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യാന്‍ മറ്റൊരു മോഡലിനുമായിട്ടില്ല. 10 വര്‍ഷം മുമ്പ് ഒമ്പത് ലക്ഷത്തില്‍ തുടങ്ങിയ വില 15 ലക്ഷം കടന്നിട്ടും ഇന്ത്യക്കാര്‍ പരാതിയൊന്നും പറയാതിരുന്നതിനു കാരണം ഇന്നോവ നല്‍കുന്ന ആഢംബരവും യാത്രാസുഖവുമാണ്. കുറഞ്ഞ മെയിന്റനന്‍സ് കോസ്റ്റും നിര്‍മ്മാണ നിലവാരവുമൊക്കെ ഇന്നോവയുടെ പ്രത്യേകതയാണ്.അങ്ങനെയുള്ള ഇന്നോവയുടെ പുതിയ മോഡല്‍ ഇന്തോനേഷ്യയില്‍ വിപണിയിലെത്തി. (2004-ല്‍ ആദ്യ ഇന്നോവ, കിജാങ് എന്ന പേരില്‍ വിപണിയിലെത്തിയതും ഇന്തോനേഷ്യയില്‍ തന്നെ. ഇന്നോവ ഡിസൈന്‍ ചെയ്തതും നിര്‍മ്മിച്ചതും ടൊയോട്ടയുടെ ഇന്തോനേഷ്യന്‍ സബ്‌സിഡയറി കമ്പനിയായ ആസ്ട്ര മോട്ടോറാണ്) ഇതേ മോഡല്‍ ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്തോനേഷ്യയ്ക്കു ശേഷം ഫിലിപ്പിന്‍സില്‍ പുതിയ ഇന്നോവ വിപണിയിലെത്തി. ഇനി വരുന്നത് ഇന്ത്യയിലേക്കാണ്. ഇന്നോവ ക്രിസ്റ്റ എന്നായിരിക്കും ഇന്ത്യയിലെ പേര്. ജൂണ്‍-ജൂലായ് മാസത്തില്‍ ക്രിസ്റ്റ ഇന്ത്യയിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. ക്രിസ്റ്റ ടെസ്റ്റ് ഡ്രൈവ് ചെയ്തത് ഇന്തോനേഷ്യയിലാണ്.

ക്രിസ്റ്റ

ഇന്നോവ 2004-ല്‍ പുറത്തിറങ്ങിയ ശേഷം 11 വര്‍ഷം വലിയ മാറ്റങ്ങള്‍ക്കൊന്നും വിധേയനായില്ല. 2015-ലാണ് പിന്നെ ഫേസ്‌ലിഫ്റ്റഡ് മോഡല്‍ വന്നത്. ഇപ്പോള്‍ വന്നിരിക്കുന്ന ക്രിസ്റ്റ രണ്ടാം തലമുറയില്‍പ്പെട്ട ഇന്നോവയാണ്. അടിമുടി മാറിയാണ് ക്രിസ്റ്റയുടെ വരവ്. ഡീസല്‍ എഞ്ചിന്‍ മോഡലില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുണ്ട് എന്നതാണ് പ്രധാന പുതുമ.

കാഴ്ച

നിലവിലുള്ള ഇന്നോവയെക്കാള്‍ ഒതുക്കമുള്ള രൂപമാണ് ക്രിസ്റ്റയ്ക്ക്. മുന്‍ഭാഗത്ത് ആദ്യം ശ്രദ്ധിക്കുക വലിയ ഗ്രില്ലാണ്. ഗ്രില്ലും എയര്‍ഡാമും ഒരുമിച്ചു ചേര്‍ന്നു നില്‍ക്കുകയാണ്. മേല്‍ഭാഗത്ത് രണ്ട് ക്രോമിയം സ്ട്രിപ്പുകളും താഴക്ക് ബ്ലാക്ക് ഫിനിഷുള്ള ഭാഗവുമാണുള്ളത്. ഈ ഗ്രില്ലില്‍ നിന്നാണ് ബോഡി ലൈനുകളും ചെത്തിയെടുത്ത മുന്‍ ബമ്പറിന്റെ ഭാഗങ്ങളുമെല്ലാം ആരംഭിക്കുന്നത്.

ഏറ്റവും മനോഹരം ചെറുതെങ്കിലും തീക്ഷ്ണമായ ഹെഡ്‌ലൈറ്റാണ്. ഗ്രില്ലിലെ ക്രോമിയം സ്ട്രിപ്പിന്റെ തുടര്‍ച്ച പോലെയാണ് ഹെഡ്‌ലാമ്പിന്റെ ചുറ്റുമുള്ള ക്രോമിയം വരകള്‍. ഈ ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പില്‍ എല്‍ഇഡി ലൈറ്റുകളാണ് കൊടുത്തിരിക്കുന്നത്.

ബോണറ്റ് താഴ്ന്നതാണ്. 'വി' ഷെയ്പ്പുള്ള ബോണറ്റ് ലൈന്‍ മസ്‌ക്കുലര്‍ ലുക്ക് നല്‍കുന്നു. ചെറിയ ബമ്പറില്‍ ഫോഗ്‌ലാമ്പും ടേണ്‍ ഇന്‍ഡിക്കേറ്ററും ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു.

വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ക്രിസ്റ്റയുടെ 'ഒതുക്കം' കൂടുതല്‍ പ്രകടമാണ്. റൂഫ് ലൈന്‍ ചെരിഞ്ഞിറങ്ങുന്നതു മൂലം 'പെട്ടി' രൂപത്തിന് ചെറിയൊരു മാറ്റമുണ്ട്. 17 ഇഞ്ചാണ് ടയറുകള്‍. വീല്‍ബെയ്‌സിന് മാറ്റമില്ലെങ്കിലും പുതിയ ക്രിസ്റ്റയ്ക്ക് നീളം അല്പം കൂടുതലാണ്. വിന്‍ഡ് ഷീല്‍ഡുകള്‍ക്കു ചുറ്റും ബ്ലാക്ക് ഫിനിഷാണ്. ഡോറുകള്‍ക്കു താഴെ ക്രോമിയം സ്ട്രിപ്പുണ്ട്.

പിന്‍ഭാഗവും സുന്ദരം. ഇന്റഗ്രേറ്റഡ് ബുമറാങ് ഷെയ്പ്പുള്ള ടെയ്ല്‍ലൈറ്റും ചെറിയ ബമ്പറും ബമ്പറിനു താഴെ കാണുന്ന സ്‌കഫ് പ്ലേറ്റുമെല്ലാം പിന്‍ഭാഗത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഉള്ളില്‍

നിലവിലുള്ള ഇന്നോവയുടെ ഉള്‍ഭാഗം ഒട്ടും 'എക്‌സൈറ്റിങ്' അല്ല. എന്നാല്‍ ക്രിസ്റ്റയില്‍ ഇന്റീരിയര്‍ അത്യാധുനികവും ഗംഭീരവുമാക്കി മാറ്റിയിട്ടുണ്ട്. ആഡംബരപൂര്‍ണ്ണമാണ് ഇന്റീരിയറിലെ ഓരോ ഇഞ്ചും. ബ്ലാക്ക് നിറമാണ് ഉള്ളിലെങ്ങും. ഇടയ്ക്ക് ഡാഷ്‌ബോര്‍ഡില്‍ തടിയുടെ ഫിനിഷും ഉപയോഗിച്ചിട്ടുണ്ട്. ക്രോമിയം ലൈനുകള്‍ ഭംഗിയായി സന്നിവേശിപ്പിച്ചിരിക്കുന്നു. ഡാഷ് ബോര്‍ഡ് ഇടതുഭാഗത്തു നിന്ന് ആരംഭിച്ച് ഉയര്‍ന്നു പൊങ്ങി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനു മേലെ കൂടി ഒഴുകിയിറങ്ങുന്നതു കാണാന്‍ ഭംഗിയുണ്ട്. പല ലെവലുകളില്‍ തട്ടുകളായി ഡാഷ്‌ബോര്‍ഡും സെന്റര്‍ കണ്‍സോളും ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു.സെന്റര്‍ കണ്‍സോളിനു മേലെ വലിയ ടച്ച് സ്‌ക്രീന്‍ കാണാം. ഇന്‍ഫോടെയ്ന്‍മെന്റ് നാവിഗേഷന്‍ സിസ്റ്റമാണിത്. കണ്‍ട്രോള്‍ സ്വിച്ചുകളോടൂകൂടിയ സ്റ്റിയറിംഗ് വീല്‍, സ്റ്റാര്‍ട്ട്‌സ്റ്റോപ്പ് സ്വിച്ച്, ഡോര്‍പാഡുകളിലും സെന്റര്‍ കണ്‍സോളിലും കപ്‌ഹോള്‍ഡറുകളും സ്റ്റോറേജ് സ്‌പേസുകളും, മനോഹരമായ ഡയമണ്ട് കട്ട് ഡയലുകളുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇവയെല്ലാം പുതിയ ക്രിസ്റ്റയുടെ ഇന്റീരിയറിലെ ആകര്‍ഷണങ്ങളാണ്.

നിലവിലുള്ള ഇന്നോവയെക്കാള്‍ സുഖപ്രദമാണ് ക്രിസ്റ്റയുടെ സീറ്റുകള്‍. സീറ്റുകളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്. നടുവിനും തുടകള്‍ക്കും നല്ല സപ്പോര്‍ട്ട് തരുന്ന അപ്‌ഹോള്‍സ്റ്ററിയാണ്. രണ്ടാം നിര സീറ്റില്‍ പതിവു പോലെ യാത്രാസുഖം കൂടുതലുണ്ട്. രണ്ട് ക്യാപ്ടന്‍ സീറ്റുകള്‍ക്കും ഹാന്‍ഡ് റെസ്റ്റുണ്ട്. കൂടാതെ മടക്കി വെക്കാവുന്ന ട്രേയും രണ്ടാംനിര സീറ്റുകാര്‍ക്കുണ്ട്. മൂന്നാം നിര സീറ്റ് ഇപ്പോഴത്തെ ഇന്നോവയെക്കാള്‍ ഭേദമാണ്. ലെഗ്‌സ്‌പേസും ഹെഡ്‌റൂമും കൂടുതലുണ്ട്. എന്നാല്‍ കോര്‍ണര്‍ ഗ്ലാസിന്റെ പ്രത്യേക രൂപം മൂലം വിസിബിലിറ്റി കുറവാണ്.

മൂന്നു നിര സീറ്റുകളിലും യാത്രക്കാരുള്ളപ്പോഴും തരക്കേടില്ലാത്ത ലഗേജ് സ്‌പേസ് ക്രിസ്റ്റ നല്‍കുന്നുണ്ട്. പിന്നില്‍ ഒരു ലഗേജ് നെറ്റുമുണ്ട്.

ഉള്ളില്‍ മേല്‍ഭാഗത്ത് റൂഫില്‍ ക്രോമിയത്തിന്റെ ഒരു വിഭജനം കൊടുത്തിരിക്കുന്നത് ഭംഗിയുണ്ട്. അതിനോടു ചേര്‍ന്നാണ് റിയര്‍ എസിയുടെ സ്വിച്ചുകള്‍. അതുപോലെ മുന്നില്‍ മേലെയായി നീലനിറമുള്ള ആംബിയന്റ് ലൈറ്റിങ്ങും കൊടുത്തിട്ടുണ്ട്.

എഞ്ചിന്‍

ജക്കാര്‍ത്തയിലെ ട്രാഫിക് കാണുമ്പോള്‍ നമ്മള്‍ ഇന്ത്യയെ ഓര്‍ത്തുപോകും. യാതൊരു തത്വദീക്ഷയുമില്ലാത്ത ഡ്രൈവിങ്ങാണ്. കോടിക്കണക്കിന് ഇരുചക്ര വാഹനങ്ങളുണ്ടെന്നു തോന്നുന്നു, ഈ രാജ്യത്ത്, അവയങ്ങനെ തലങ്ങും വിലങ്ങും മൂളിപ്പറന്നുകൊണ്ടിരിക്കും.ഈ ഭ്രാന്തുപിടിച്ച ട്രാഫിക്കില്‍ പുതിയ ക്രിസ്റ്റ ഓടിച്ചു കൊണ്ടുനടക്കാന്‍ ഞാന്‍ പെടാപാട് പെട്ടു. എന്റെ കൂടെയുള്ള, ഹോട്ടലില്‍ നിന്ന് സംഘടിപ്പിച്ച 'ഗൈഡി'നാകട്ടെ, ഇംഗ്ലീഷ് ഒരു തരിപോലും അറിയുകയുമില്ല. ഒടുവില്‍ കുറേ നേരത്തെ ആംഗ്യഭാഷയ്ക്കു ശേഷം തിരക്കു കുറഞ്ഞ ഒരു റോഡ് കാണിച്ചുതരാനാണ് ഞാന്‍ പറയുന്നതെന്ന് അയാള്‍ക്കു മനസ്സിലായി. അങ്ങനെ ബീച്ചിന്റെ സൈഡിലുള്ള വലിയ മൈതാനത്തേക്ക് എത്തിപ്പെട്ടു.

ഏതായാലും ഓടിച്ചുതുടങ്ങിയപ്പോള്‍ ഒരു കാര്യം ബോധ്യമായി. വളരെ സ്മൂത്തും ലൈറ്റുമാണ് ക്രിസ്റ്റ. ഇന്നോവ ഓടിക്കുമ്പോഴുള്ള എഞ്ചിന്റെ ഹുങ്കാരശബ്ദമൊന്നും കേള്‍ക്കാനില്ല.

പുതിയ 2.4 ലിറ്റര്‍ എഞ്ചിന്‍ 147 ബിഎച്ച്പിയാണ്. അതായത് ഇപ്പോഴത്തെ ഇന്നോവയെക്കാള്‍ 50 ബിഎച്ച്പി കൂടുതല്‍. ഈ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 12002600 ആര്‍പിഎമ്മില്‍ തന്നെ പരമാവധി ടോര്‍ക്കായ 36.7 കിഗ്രാം മീറ്റര്‍ നല്‍കുന്നുമുണ്ട്. കൂടാതെ ചരിത്രത്തിലാദ്യമായി ഈ ഡീസല്‍ എഞ്ചിനോടൊപ്പം ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സും ടൊയോട്ട നല്‍കുന്നുണ്ട്. മികച്ച ത്രോട്ടില്‍ റെസ്‌പോണ്‍സും 4500 ആര്‍പിഎം വരെ തുടരുന്ന പെര്‍ഫോമന്‍സ് ബാന്‍ഡും ലാഗില്ലാത്ത ടേക്ക് ഓഫും ചേരുമ്പോള്‍ ഇപ്പോഴത്തെ ഇന്നോവയെ ബഹുദൂരം പിന്നിലാക്കുന്നു, ക്രിസ്റ്റ.

ഇക്കോ, നോര്‍മല്‍, പവര്‍ എന്നീ മൂന്ന് ഡ്രൈവ് മോഡലുകളാണ് ക്രിസ്റ്റയ്ക്ക്. ഇക്കോ സിറ്റി ഡ്രൈവിനു ചേരും. നോര്‍മല്‍ ഏതവസ്ഥയിലും ഉപയോഗിക്കാം. മിഡ്‌റേഞ്ച് പെര്‍ഫോമന്‍സിനായി 'പവര്‍' മോഡ് ഉപയോഗിക്കാം.

ബോഡിറോള്‍ നാമമാത്രമേയുള്ളു, ക്രിസ്റ്റയുടെ പിന്‍ സീറ്റ് യാത്രക്കാര്‍ക്ക്‌ കൂടിയ സ്പീഡിലും ഹാന്‍ഡ്‌ലിങ് ഒന്നാന്തരം. 150 കി.മീറ്ററിലേറെ വേഗതയില്‍ പറപറന്നിട്ടും ക്രിസ്റ്റ നിലവിട്ടു പെരുമാറിയില്ല.

അതിമനോഹരവും കാലികവുമായ ഇന്റീരിയര്‍, തകര്‍പ്പന്‍ എഞ്ചിന്‍, ഒന്നാന്തരം സസ്‌പെന്‍ഷന്‍, ഒതുങ്ങിയ രൂപം ഇതൊക്കെയുണ്ട് ഇന്നോവ ക്രിസ്റ്റയ്ക്ക്. ജൂലായില്‍ ഇന്ത്യയിലെത്തുമെന്നു കരുതപ്പെടുന്ന ക്രിസ്റ്റയ്ക്ക് 13-19 ലക്ഷം രൂപ വരെ വില വന്നേക്കാം. 6 സ്പീഡ് ഓട്ടോമാറ്റിക്കിന് ഓണ്‍റോഡ് വില 21-22 ലക്ഷം രൂപ വരെ ആകാന്‍ സാദ്ധ്യതയുണ്ട്. എങ്കില്‍ പോലും അതിനെക്കാള്‍ വില കൂടിയ വാഹനങ്ങള്‍ നല്‍കുന്ന കംഫര്‍ട്ട് ക്രിസ്റ്റ തരുന്നുണ്ട് എന്നതാണ് സത്യം.


Next Story

Related Stories