TopTop
Begin typing your search above and press return to search.

ഇത് നാം കാണാതെ പോകരുത്; വാഹന ലോകത്തെ വിസ്മയമായി ഒരു കൊച്ചിക്കാരന്‍

ഇത് നാം കാണാതെ പോകരുത്; വാഹന ലോകത്തെ വിസ്മയമായി ഒരു കൊച്ചിക്കാരന്‍

ജീവ ജയദാസ്

2009-ലാണ് ഞങ്ങള്‍ എറണാകുളം ജില്ലയിലെ മാമംഗലം കണ്ണായത്ത് ഫോര്‍ത്ത് ക്രോസ്സ് റോഡിലെ വാടക വീട്ടില്‍ താമസിയ്ക്കാന്‍ എത്തുന്നത്. ആ വീടിന്റെ അടുക്കള ഭാഗത്തു നിന്നു നോക്കിയാല്‍ കാണാം അടുത്ത വീടിന്റെ മുറ്റവും വീടിനോടു ചേര്‍ന്നുള്ള ഒരു വര്‍ക്ക്‌ഷോപ്പും. മാറ്റത്ത് നിരന്നിരിയ്ക്കുന്ന വിവിധതരം ബൈക്കുകളും ഓടി നടന്ന് പണി ചെയ്തു കൊണ്ടിരിയ്ക്കുന്ന ഒരു ചെറുപ്പക്കാരനും അവിടത്തെ സ്ഥിരം കാഴ്ചയാണ്. പകല്‍ നേരത്തെ ബഹളമെല്ലാം കഴിഞ്ഞാലും മിക്കവാറും രാത്രികളിലും എന്‍ജിന്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതിന്റെയും പണി ചെയ്യുന്നതിന്റെയും ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. അതില്‍ എന്തോ അസാധാരണത്വം തോന്നിയ ഞാന്‍ അതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ്, അവന്‍ ഒരു സാധാരണ വര്‍ക് ഷോപ്പ് മെക്കാനിക്കല്ല, ഒരു സിക്‌സ് സ്‌ട്രോക്ക് എന്‍ജിന്റെ പേറ്റന്റ് ഉടമയുമാണെന്ന് അറിയുന്നത്.


പ്രമുഖ ജര്‍മ്മന്‍ സാമ്പത്തിക വിദഗ്ദനായ ഇ.എഫ് ഷുമേക്കര്‍ സ്‌മോള്‍ ഈസ് ബ്യൂട്ടിഫുള്‍ എന്ന തന്റെ പുസ്തകത്തില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ എങ്ങനെയെല്ലാം പ്രകൃതിയെയും മനുഷ്യനെയും പ്രതികൂലമായി ബാധിയ്ക്കുന്നു എന്നതിനെപ്പറ്റിയുള്ള തന്റെ ആശങ്കകള്‍ പങ്കു വെയ്ക്കുകയും മനുഷ്യരാശിയുടെ നന്മയ്ക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും സഹായകകരമായ സാങ്കേതിക വിദ്യകള്‍ വികസിച്ചു വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വ്യക്തമായി പ്രതിപാദിയ്ക്കുന്നുണ്ട്. ടെക്‌നോളജി വിത് എ ഹ്യൂമെന്‍ ഫേയ്‌സ് എന്ന ലേഖനത്തില്‍, ആധുനിക സാങ്കേതിക വിദ്യകള്‍ പലപ്പോഴും മനുഷ്യ ജീവിതത്തെ വിനാശത്തിലെത്തിയ്ക്കുകയും, പ്രകൃതി വിഭവങ്ങള്‍ അതിയായി ചൂഷണം ചെയ്ത്, മലിനീകരണവും ആഗോളതാപനവും മൂലം ഭൂമി വെന്തുരുകുന്ന ഇന്നത്തെ അവസ്ഥയെയും ഒക്കെ വളരെ വിമര്‍ശകാത്മകമായാണ് ചൂണ്ടിക്കാട്ടുന്നത്.

ഷൂമേക്കറുടെ ചിന്തകളെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍, ഐ സി (Internal Combustion) എന്‍ജിന്‍ സാങ്കേതിക വിദ്യയില്‍ ഏറ്റവും പുതിയ കണ്ടുപിടുത്തമാണ് ആ ചെറുപ്പക്കാരന്‍ നടത്തിയത്. സോഫ്ട്‌വെയറിന്റെ സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന ഫോര്‍ സ്ട്രോക്ക്-സിക്‌സ് സ്‌ട്രോക്ക് എന്‍ജിനുകളെ സമന്വയിപ്പിച്ച് കൊണ്ട് ഒരു ഇന്റലിജെന്റ് റെസിപ്രോക്കേറ്റിങ് മള്‍ട്ടി സൈക്കിള്‍ എന്‍ജിന്‍ രൂപകല്പന ചെയ്യുകയായിരുന്നു മാമംഗലം ചാണയില്‍ വീട്ടില്‍ ക്ലീറ്റസ് അനില്‍ എന്ന ഒരു സാധാരണ വര്‍ക്‌ഷോപ്പ് മെക്കാനിക്.

പ്രാഥമിക വിദ്യാഭ്യാസകാലം മുതല്‍ തന്നെ അനിലിന്റെ മനസ്സില്‍ ചിറിപ്പായുന്ന വാഹനങ്ങളും അതിനു പിന്നിലെ സാങ്കേതികവിദ്യകളും ഒരു ഹരമായി നിറഞ്ഞു നിന്നിരുന്നു. അതിനു പിന്നിലെ രഹസ്യങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുകയും സ്വന്തമായ രീതിയില്‍ പുതുതായി എന്തെങ്കിലും വികസിപ്പിച്ചെടുക്കണമെന്ന് മനസ്സില്‍ ഉറപ്പിയ്ക്കുകയും ചെയ്തു. 1996-97 കാലഘട്ടത്തില്‍ പ്രീ ഡിഗ്രിയ്ക്കുശേഷം ഓട്ടോമൊബൈല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായ അനില്‍ വര്‍ക് ഷോപ്പ് രംഗത്ത് സജീവമായി. അന്നു മുതല്‍ ഇന്ധനലാഭം നല്‍കുന്നതും പരിസര മലിനികരണം ഒരു പരിധി വരെ കുറയ്ക്കുന്നതുമായ ഒരു എന്‍ജിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങി.


2004 ല്‍ ഒരു പ്രമുഖ വാഹന ഡീലറുടെ കീഴില്‍ ജോലി ചെയ്യുന്ന സമയം, ഡല്‍ഹിയില്‍ വച്ച് ദേശീയതലത്തില്‍ ഒരു ടെക്‌നിക്കല്‍ സ്‌കില്‍ കോണ്‍ടസ്റ്റില്‍ പങ്കെടുക്കാന്‍ അനിലിന് അവസരം ലഭിച്ചു. ആ കോണ്‍ടസ്റ്റിലെ മികച്ച പ്രകടനം അനിലിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. എന്‍ജിനുകളില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിയ്ക്കുന്നതിന്റെ സാധ്യതകള്‍ പരീക്ഷിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. അങ്ങനെ പുതിയ കണ്ടെത്തലുകള്‍ തേടിയുള്ള ആ യാത്ര ഒരു സിക്‌സ് സ്‌ട്രോക്ക് എന്‍ജിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ കൊണ്ടെത്തിച്ചു.


നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ അനുയോജ്യമായ ഒരു എന്‍ജിന്‍ കണ്ടെത്തി അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് തന്റെ സ്വപ്നത്തിലെ എന്‍ജിന്‍-പ്രോട്ടോ ടൈപ്പ് അനില്‍ ഒരുക്കിയെടുത്തത്. പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ സിക്‌സ് സ്‌ട്രോക്ക് എന്‍ജിന്‍ വികസിപ്പിച്ചെടുത്തു.
'മികച്ച ഇന്ധന ലാഭം, കുറഞ്ഞ അന്തരീക്ഷ മലിനീകരണം, കുറഞ്ഞ താപ ഉല്പാദനം എന്നീ ഗുണങ്ങള്‍ക്കു പുറമേ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളില്‍ സിക്‌സ് സ്‌ട്രോക്ക് എന്‍ജിന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ കഴിയും' അനില്‍ പറയുന്നു. 'പെട്രോള്‍, ഡീസല്‍, സി.എന്‍.ജി, എല്‍.പി.ജി തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കാവുന്ന സിക്‌സ് സ്‌സ്ട്രോക്ക് എന്‍ജിനുകളും വികസിപ്പിച്ചെടുക്കാന്‍ കഴിയും. സിക്‌സ് സ്‌ട്രോക്ക് എന്‍ജിന്‍ 50% ഇന്ധനലാഭം ഉണ്ടാക്കുമെന്ന് ഇതില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. വാഹനം പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് 60 മുതല്‍ 80 ശതമാനം വരെ കുറവായിരിയ്ക്കും എന്നതും എടുത്തു പറയേണ്ട കാര്യമാണ്'- അനില്‍ പറയുന്നു.

അനിലും ബിനീഷും

സിക്‌സ് സ്‌ട്രോക്ക് പ്രോട്ടോ ടൈപ്പ് എന്‍ജിന്‍ നിര്‍മ്മിച്ച ഉടന്‍ തന്നെ പേറ്റന്റിനുള്ള അപേക്ഷയും സമര്‍പ്പിച്ചു. 2005ല്‍ ആയിരുന്നു അത്. അന്ന് അനിലിന് 24 വയസ്സായിരുന്നു.


സിക്‌സ് സ്‌ട്രോക്കിന്റെ ഫോര്‍ വാല്‍വ് എന്‍ജിന്‍ കൂടി ഇതിനിടയില്‍ അനില്‍ നിര്‍മ്മിച്ചു. സാധാരണയായി നാലു വാല്‍വുകള്‍ ഉള്ള എന്‍ജിനുകള്‍ ഉണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായ പോര്‍ട്ടുകള്‍ ഉണ്ടെങ്കിലേ സിക്‌സ് സ്‌ട്രോക്ക് എന്‍ജിന്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ. സിക്‌സ് സ്‌ട്രോക്ക് സാങ്കേതിക വിദ്യ വികസിപ്പിയ്ക്കുന്നതിന് നാലു പോര്‍ട്ടുകള്‍ ഉള്ള എന്‍ജിന്‍ ആണ് ആവശ്യം. ഈ പോര്‍ട്ടുകളെ നിയന്ത്രിയ്ക്കുന്നത് പോപ്പറ്റ് വാല്‍വുകളാണ്. ഈ വാല്‍വുകള്‍ പ്രത്യേക രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ.


പൂനെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ)യില്‍ സര്‍ട്ടിഫൈ ചെയ്ത തന്റെ സിക്‌സ് സ്‌ട്രോക്ക് എന്‍ജിന്റെ പ്രവര്‍ത്തനക്ഷമത തെളിയിയ്ക്കാന്‍ അനില്‍ വിവിധ വാഹന കമ്പനികളെ സമീപിച്ചുവെങ്കിലും അവിടെ നിന്നെല്ലാം തികച്ചും നിരുത്സാഹപരവും പിന്തിരിപ്പന്‍ അഭിപ്രായങ്ങളുമാണ് അനിലിനു ലഭിച്ചത്. ഫോര്‍ സ്‌ട്രോക്ക് എന്‍ജിനേക്കാള്‍ സിക്‌സ് സ്‌ട്രോക്ക് എന്‍ജിന് പവര്‍ വളരെ കുറവായിരിയ്ക്കും എന്നതായിരുന്നു പലരും ചൂണ്ടിക്കാട്ടിയ പോരായ്മ.

ഇതിനൊരു പരിഹാരം തേടിയായിരുന്നു അനിലിന്റെ അടുത്ത പരീക്ഷണങ്ങള്‍. വാഹനത്തിന് പവര്‍ കൂടുതലായി ആവശ്യം വരുന്ന ഘട്ടത്തില്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്റെ ഉപയോഗം ലഭ്യമാക്കുക, മൈലേജ് അല്ലെങ്കില്‍ കുറഞ്ഞ പവര്‍ ആവശ്യമായി വരുന്ന ഘട്ടത്തില്‍ ഒരു സിക്‌സ് സ്‌ട്രോക്ക് എന്‍ജിന്റെ ഉപയോഗം ലഭ്യമാക്കുക എന്ന ആശയം പ്രാവര്‍ത്തികമാക്കാനായിരുന്നു അടുത്ത പരീക്ഷണങ്ങള്‍. അങ്ങനെ ഒരു സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിയ്ക്കാവുന്ന ഫോര്‍ സ്‌ട്രോക്കും സിക്‌സ് സ്‌ട്രോക്കും സമന്വയിപ്പിച്ചു കൊണ്ടുള്ള ഇന്റലിജന്റ് റെസിപ്രോക്കേറ്റിങ് മള്‍ട്ടി സൈക്കിള്‍ എന്‍ജിന്‍ (ഐ.ആര്‍.എം.സി.ഇ) വികസിപ്പിച്ചെടുത്തു. അനിലിന്റെ സുഹൃത്ത് ബിനേഷ് ആണ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഈ പരീക്ഷണത്തിന് സഹായിയായത്. മെക്കട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദ പഠന കാലത്ത് ബിനീഷിന്റെ പ്രോജക്ട് ഇന്റലിജന്റ് റെസിപ്രോക്കേറ്റിങ് മള്‍ട്ടി സൈക്കിള്‍ എന്‍ജിന്റെ സോഫ്റ്റ്‌വെയര്‍ വികസനം സംബന്ധിച്ചായിരുന്നു.

ഐ.ആര്‍.എം.സി.ഇ സാധാരണ എന്‍ജിനുകളില്‍ നിന്നും വ്യത്യസ്തമായി ഇലക്‌ട്രോണിക് രീതിയില്‍ നിര്‍മ്മിയ്ക്കപ്പെടുന്നവയാണ്. ഈ എന്‍ജിന്റെ ഏറ്റവും വലിയ സവിശേഷത വാഹനത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് ഫോര്‍ സ്‌ട്രോക്ക് എന്‍ജിനിലേയ്ക്കും സിക്‌സ് സ്‌ട്രോക്ക് എന്‍ജിനിലേയ്ക്കും യാന്ത്രികമായി പ്രവര്‍ത്തനം മാറ്റപ്പെടുന്നുവെന്നതാണ്. ഉദാഹരണത്തിന്, വാഹനം ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടു കിടക്കുകയാണെന്ന് കരുതുക, വാഹനം നിര്‍ത്തിയിട്ടിരിയ്ക്കുന്ന ആ അവസ്ഥയില്‍ വളരെ കുറച്ച് പവര്‍ മാത്രമേ ആവശ്യമായി വരുന്നുള്ളു. അപ്പോള്‍ എന്‍ജിന്റെ പ്രവര്‍ത്തനം സിക്‌സ് സ്‌ട്രോക്കിലേയ്ക്ക് മാറ്റപ്പെടുന്നു, അതിലൂടെ വാഹനം ഉപയുക്തമാക്കുന്ന ഇന്ധനത്തിന്റെ അളവ് കുറയ്ക്കുവാന്‍ സാധിയ്ക്കുന്നു. പിന്നീട് വാഹനം നീങ്ങിത്തുടങ്ങുമ്പോള്‍, പവര്‍ കൂടുതല്‍ ആവശ്യമായി വരുന്ന അവസ്ഥയില്‍ എന്‍ജിന്റെ പ്രവര്‍ത്തനം ഫോര്‍ സ്‌ട്രോക്കിലേയ്ക്ക് മാറ്റപ്പെടുന്നു. അതുപോലെ 30-40 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കൊണ്ടിരിയ്ക്കുന്ന ഒരു വാഹനത്തില്‍ താരതമേന്യ ഘര്‍ഷണം കുറവുള്ള അവസ്ഥയായതിനാല്‍ കൂടുതല്‍ പവര്‍ സൃഷ്ടിയ്ക്കപ്പെടുന്നുണ്ട്. പക്ഷേ ഇത് വാഹനത്തിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുന്നില്ല, അത്തരം സന്ദര്‍ഭങ്ങളില്‍ എന്‍ജിന്റെ പ്രവര്‍ത്തനം യാന്ത്രികമായി സിക്‌സ് സ്‌ട്രോക്കിലേയ്ക്ക് മാറ്റപ്പെടുകയും ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യപ്പെടുന്നു. ഒരു ട്രാക്ടര്‍ കൃഷി ഭൂമിയില്‍ ഓടിയ്ക്കുമ്പോഴും സാധാരണ റോഡില്‍ ഓടിയ്ക്കമ്പോഴും അതിനു വേണ്ടി വരുന്ന പവറിന്റെ അളവ് വ്യത്യസ്തമാണ്. അങ്ങനെയുള്ള അവസ്ഥകളില്‍ എന്‍ജിന്റെ പ്രവര്‍ത്തനം ഫോര്‍ സ്‌ട്രോക്കിലേയ്ക്കും സിക്‌സ് സ്‌ട്രോക്കിലേയ്ക്കും മാറ്റപ്പെടുന്നതിലൂടെ ട്രാക്ടറിന് പവര്‍ കൂടുതല്‍ ആവശ്യമായി വരുന്ന അവസ്ഥയില്‍ അതു സാധ്യമാകുകയും അല്ലാത്ത അവസ്ഥയില്‍ മൈലേജ് അല്ലെങ്കില്‍ ഇന്ധന ലാഭം കൂടുതല്‍ സാധ്യമാകുകയും ചെയ്യുന്നു.

എന്‍ജിനുകളുടെ ഈ മാറ്റങ്ങള്‍ സാധ്യമാകുന്നത് അതിനുള്ളില്‍ തന്നെ പ്രവര്‍ത്തിയ്ക്കുന്ന സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണത്തിലാണ്. സെന്‍സറുകളുടെ സഹായത്താലാണ് ഈ സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിയ്ക്കുന്നത്. എന്‍ജിനുകളിലെ വാല്‍വുകളുടെ പ്രവര്‍ത്തന രീതിയനുസരിച്ചാണ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഫോര്‍ സ്‌ട്രോക്ക്, സിക്‌സ് സ്‌ട്രോക്ക് എന്നീ സൈക്കിളുകളിലേയ്ക്ക് പ്രവര്‍ത്തനം മാറുന്നത്. ഐ.ആര്‍.എം.സി.ഇ ഒരു വാഹനത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കണമെങ്കില്‍ ഇലക്‌ട്രോണിക് വാല്‍വുകളുടെ പ്രവര്‍ത്തനം കൂടിയേ തീരൂ. അതിനുള്ള കൂടുതല്‍ പരീക്ഷണങ്ങളിലാണ് അനിലും ബിനേഷും.


സിക്‌സ് സ്‌ട്രോക്ക് സാങ്കേതിക വിദ്യയില്‍ ലോകത്തില്‍ പലര്‍ക്കും പേറ്റന്റ് ലഭിച്ചിട്ടുണ്ടെങ്കിലും ഓരോ എന്‍ജിനിലും പ്രവര്‍ത്തനം വ്യത്യസ്തമാണ്. ആ നിലയ്ക്ക് അനിലിന്റെ കണ്ടുപിടുത്തം തികച്ചും വേറിട്ടു നില്‍ക്കുന്നതാണെന്ന് കെ എസ് ആര്‍ ടി സി എറണാകുളം ഡിപ്പോയിലെ എന്‍ജിനീയര്‍ ബിജേഷ് അഭിപ്രായപ്പെട്ടു. അനിലിനെ സംബന്ധിച്ച് തന്റെ കണ്ടുപിടുത്തം സൈദ്ധാന്തികമായി തെളിയിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആറു വര്‍ഷം മുന്‍പ് അനിലിന്റെ സിക്‌സ് സ്‌ട്രോക്ക് സാങ്കേതിക വിദ്യ പുറത്തു വന്നുവെങ്കിലും കൃത്യമായി എങ്ങനെ മുന്നോട്ടു പോകണമെന്ന കാര്യത്തില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. 'ഈ എന്‍ജിന്‍ വിശദമായി പരിശോധിച്ചതില്‍ നിന്നും, ഇന്ധനച്ചെലവ് കുറയ്ക്കാമെന്നും പരിസരമലിനികരണം ഒരു വലിയ അളവില്‍ നിയന്ത്രിയ്ക്കാന്‍ കഴിയുമെന്നുമാണ് എനിയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതിന്റെ ഡീസല്‍ പതിപ്പ് വിപണിയില്‍ ഇറങ്ങിയാല്‍ കെ എസ് ആര്‍ ടി സി പോലുള്ള സ്ഥാപനങ്ങള്‍ക്ക് ലാഭകരമായി പ്രവര്‍ത്തിയ്ക്കുവാന്‍ കഴിയും'- ബിജേഷ് പറഞ്ഞു. ഇന്ന് സാങ്കേതിക വിദ്യയുടെ വ്യാപനവും വ്യാപാരവും കുത്തക കമ്പനികളുടെ മാത്രം അവകാശമായി മാറിയിരിയ്ക്കുകയാണ്. അതുകൊണ്ടു തന്നെ അനിലിനെ പോലുള്ള, ഉന്നത വിദ്യാഭ്യാസത്തിന്റെ മഹിമയോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത ഒരു സാധാരണക്കാരന്റെ വിപ്ലവകരമായ കണ്ടെത്തലുകള്‍ ആരും പെട്ടെന്ന് അംഗികരിയ്ക്കാന്‍ തയ്യാറാവില്ല. എന്നാല്‍ എല്ലാ പോരായ്മകളും പരിഹരിച്ച്, അന്തരീക്ഷ മലിനീകരണം കുറച്ച്, ഇന്ധനലാഭം കൂട്ടുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത ഇന്റലിജന്റ് റെസിപ്രോക്കേറ്റിങ് മള്‍ട്ടി സൈക്കിള്‍ എന്‍ജിന്‍ വിപണിയില്‍ ഇറക്കുകയാണ് അനിലിന്റെ ലക്ഷ്യം.

(ദൃശ്യമാധ്യമ പ്രവര്‍ത്തകയാണ് ജീവ)

അഴിമുഖം പ്രസിദ്ധീകരിച്ച മറ്റ് റിപ്പോര്‍ട്ടുകള്‍

ഇത് ഒരു മനോജിന്റെ മാത്രം കഥയല്ല; അടാട്ട് എന്ന നാട് വിസ്മയമാകുന്നതിനെയും കുറിച്ചാണ്

സംരംഭകത്വത്തിന്റെ ഊടും പാവും; നീലാംബരിയുടെ കഥ, നീലിമയുടെയും

തിരയില്‍നിന്ന്‍ ഒരു ഗ്രാമം ഉയര്‍ന്നു വരുന്നു: സുനാമിയുടെ 10 വര്‍ഷങ്ങള്‍ - ഫോട്ടോ ഫീച്ചര്‍ -2

സുനാമിയുടെ 10 വര്‍ഷങ്ങള്‍; ഒരു ജനത ജീവിതം തിരിച്ചുപിടിച്ചതിങ്ങനെയാണ്- ഫോട്ടോ ഫീച്ചര്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories