ന്യൂസ് അപ്ഡേറ്റ്സ്

വിവാഹത്തിന് വധുവിന്റെ കൈ പിടിച്ച് അച്ഛന്റെ ഹൃദയം സ്വീകരിച്ചയാള്‍

A A A

Print Friendly, PDF & Email

ലിന്‍ഡ്സെ ബീവര്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

വിവാഹത്തലേന്ന് ജെനി സ്റ്റെപിയന്‍ തന്നെ അള്‍ത്താരയിലേയ്ക്ക് കൈപിടിച്ചു കൊണ്ടുപോകുന്നത് ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചു- മരിച്ചു പോയ തന്‍റെ അച്ഛന്‍റെ ഹൃദയം സ്വീകരിച്ച വ്യക്തി.

വെള്ളിയാഴ്ച ആര്‍തര്‍ ‘ടോം’ തോമസ് പിറ്റ്സ്ബര്‍ഗിലെ പള്ളിക്കു വെളിയിലെത്തി, സ്റ്റെപിയന്‍റെ വിരലുകളെടുത്ത് സ്വന്തം കൈത്തണ്ടയില്‍ വച്ചു. “എന്‍റെ മിടിപ്പ് കേള്‍ക്കൂ.” 

സ്റ്റെപിയന്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു, “മനോഹരമായ അനുഭവമായിരുന്നു അത്. അദ്ദേഹത്തിന്‍റെ ഹൃദയ മിടിപ്പ് എനിക്കു കേള്‍ക്കാറായി. ശക്തമായിരുന്നു അത്.”

പിറ്റേ ദിവസം തോമസ് സ്റ്റെപിയനെ അള്‍ത്താരയിലേയ്ക്ക് നയിച്ചു. തന്നെ കൈ പിടിച്ച് ഏല്‍പ്പിക്കുന്നതിനു മുന്‍പ് അവള്‍ അദ്ദേഹത്തിന്‍റെ നെഞ്ചില്‍ ഒന്നു തൊട്ടു.

33കാരിയായ സ്റ്റെപിയന്‍ പറയുന്നത് ഭാവി വരനായിരുന്ന പോള്‍ മേനര്‍ (34) ആണ് തോമസിനെ അച്ഛന്‍റെ സ്ഥാനത്ത് ആ ചടങ്ങു നിര്‍വഹിക്കാന്‍ ക്ഷണിക്കാമെന്ന് ആദ്യം പറഞ്ഞത് എന്നാണ്. “എനിക്കും അതു വളരെ നല്ല ആശയമായി തോന്നി. കാരണം എന്‍റെ അച്ഛന്‍റെ ഒരംശം അദ്ദേഹത്തിന്‍റെ ഉള്ളില്‍ ജീവിക്കുന്നുണ്ടല്ലോ,” അവര്‍ പറയുന്നു.

അങ്ങനെ സ്റ്റെപിയന്‍ ന്യൂ ജേഴ്സിയിലെ ലോറന്‍സ്വില്ലിലുള്ള ഒരാള്‍ക്ക് കത്തെഴുതി- 10 വര്‍ഷമായി അവരും കുടുംബവും സംസാരിക്കാറുള്ള, എന്നാല്‍ അന്നുവരെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക്.

ഇങ്ങനെയായിരുന്നു ആ കത്തില്‍, “താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍ എന്‍റെ വിവാഹത്തിന് എന്നെ അള്‍ത്താരയിലേയ്ക്ക് നടത്തുന്നതിനെ പറ്റി ആലോചിക്കാമോ?” ‘ദി പോസ്റ്റി’നോട് തോമസ് പറഞ്ഞത്, “ഞാന്‍ അതിനെ കുറിച്ച് ‘ഇതൊരു വലിയ കാര്യമാണല്ലോ’ എന്നാണ് ചിന്തിച്ചത്.”

നേരത്തേ അറിഞ്ഞതുകൊണ്ട് പള്ളിയില്‍ ചടങ്ങില്‍ കരയാതിരിക്കാനായി എന്ന് തോമസ് പറയുന്നു.

“കഴിഞ്ഞ 10 വര്‍ഷത്തില്‍ എന്‍റെ കുട്ടികള്‍ ഹൈസ്കൂളില്‍ നിന്നും കോളേജില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടു. ഒരുപക്ഷേ എനിക്കവരുടെ വിവാഹവും കാണാന്‍ സാധിച്ചേക്കാം. അതേ 10 വര്‍ഷങ്ങള്‍ മൈക്കിളിന്‍റെ കുടുംബം അദ്ദേഹം കൂടെയില്ലാതെ കഴിച്ചു കൂട്ടി,” തോമസ് ഓര്‍മിക്കുന്നു.

“മൈക്കിള്‍ കാരണമാണ് എനിക്കു ജീവിക്കാന്‍ കഴിഞ്ഞത്. ആ കുടുംബത്തിന് അങ്ങനെയൊരു അവസരം കിട്ടിയില്ല. ഈ നിസ്സാര കാര്യം അവള്‍ക്ക് വേണ്ടി ചെയ്യുന്നത് എനിക്ക് വളരെ പ്രധാനമായിരുന്നു.”

2006ലെ ഒരു രാത്രി ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് വരുന്ന വഴി സ്വിസ്സ്വെയ്ലില്‍ വച്ച് ഒരു ടീനേജര്‍ നടത്തിയ മോഷണശ്രമത്തിനിടെ അയാളുടെ വെടിയേറ്റാണ് തന്‍റെ അച്ഛന്‍ മൈക്കിള്‍ സ്റ്റെപിയന്‍ മരിച്ചതെന്ന് അവര്‍ പറഞ്ഞു. പിറ്റ്സ്ബര്‍ഗിന് പുറമേയുള്ള പ്രദേശമാണ് സ്വിസ്സ്വെയ്ല്‍.

മരണത്തിന്‍റെ ‘പടിവാതിലി’ല്‍ എത്തി നില്‍ക്കുമ്പോഴാണ് മൈക്കിളിന്‍റെ ഹൃദയം ലഭിച്ചതെന്ന് തോമസ് (72) പറഞ്ഞു. തോമസിന്‍റേത് വര്‍ഷങ്ങളായി രോഗാതുരമായിരുന്നു; 2006 ആയപ്പോഴേക്കും കണ്‍ജെസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയറായി.

അക്കൊല്ലം സെപ്തംബര്‍ അവസാനം സ്റ്റെപിയന്‍റെ കുടുംബം തോമസിന് ഒരു സമ്മാനം നല്‍കി.

“എനിക്കു കിട്ടിയ പുതിയ ജീവിതത്തിന് അവരോട് നിറഞ്ഞ നന്ദിയുണ്ടെന്ന് പറഞ്ഞത് ഓര്‍മയുണ്ട്; അവരുടേത് അസാധാരണമായ ഒരു ത്യാഗമാണെന്ന് ഞാന്‍ മനസിലാക്കുന്നു,” സ്റ്റെപിയന്‍ കുടുംബത്തിനയച്ച ആദ്യ കത്തിനെ കുറിച്ച് തോമസ് പറഞ്ഞു.

അന്ന് മുതല്‍ രണ്ടു കുടുംബങ്ങളും നിരവധി എഴുത്തുകള്‍ അയച്ചിട്ടുണ്ടെന്നും ഫോണ്‍ കോളുകള്‍ ചെയ്തിട്ടുണ്ടെന്നും തോമസ് പറയുന്നു. അവധിക്കാലങ്ങളില്‍ തോമസ് മൈക്കിളിന്‍റെ ഭാര്യയ്ക്ക് പൂക്കള്‍ അയക്കുമായിരുന്നു. വിവാഹിതനായ ഇദ്ദേഹത്തിന് നാലു മുതിര്‍ന്ന മക്കളുണ്ട്.

ശനിയാഴ്ച സ്വിസ്സ്വെയ്ലിലെ സെന്‍റ് ആന്‍സല്‍ പള്ളിയുടെ വാതില്‍ തുറക്കവേ “എന്‍റെ അച്ഛന്‍ കൂടെത്തന്നെ ഉള്ളതുപോലെ”യാണ് ജെനി സ്റ്റെപിയനു തോന്നിയത്.

തിങ്കളാഴ്ച രാവിലെ എയര്‍പോര്‍ട്ടില്‍ നിന്ന് ഹണിമൂണ്‍ യാത്ര പുറപ്പെടുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പ് ‘ദി പോസ്റ്റി’നോട് സംസാരിക്കവേ അവര്‍ പറഞ്ഞത്, “എനിക്കു വേണ്ടി മാത്രമായിരുന്നില്ല അത്, എന്‍റെ അമ്മയ്ക്കും സഹോദരിക്കും ടോമിനുമെല്ലാം വേണ്ടിയായിരുന്നു.”

ഡാന്‍സിന്‍റെ സമയമായപ്പോള്‍ തോമസ് വീണ്ടും സ്റ്റെപിയന്‍റെ കൈ പിടിച്ചു.

“അച്ഛനും മകളും ചേര്‍ന്നു ചെയ്യുന്ന ചുവടുകള്‍ വച്ച ശേഷം എന്നെ അമ്മയുടെ കയ്യിലേല്‍പ്പിച്ചു,” അവര്‍ പറഞ്ഞു. ഒരു സ്വപ്നസാക്ഷാത്ക്കാരമായിരുന്നു അതെന്ന് ജെനി സ്റ്റെപിയന്‍ കൂട്ടിച്ചേര്‍ത്തു.

അവര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി, “ശരിക്കും എന്‍റെ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായിരുന്നു അത്. എന്‍റെ അച്ഛനെ വീട്ടില്‍ കൊണ്ടുവരാനും വിവാഹത്തില്‍ പങ്കെടുപ്പിക്കാനും കഴിഞ്ഞത് സ്വപ്നസാക്ഷാത്ക്കാരം തന്നെയാണ്!” 

ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിലെ വിവരങ്ങള്‍ അനുസരിച്ച് 2014ല്‍ ശരാശരി 29,500ലധികം പേര്‍ക്ക് ട്രാന്‍സ്പ്ലാന്‍റിലൂടെ അമേരിക്കയില്‍ അവയവങ്ങള്‍ ലഭിച്ചു. അവയവങ്ങള്‍ക്കായി കാത്തിരുന്ന്, അവ ലഭിക്കാതെ 22ഓളം പേര്‍ ദിവസവും മരണമടയുന്നതായി കണക്കാക്കപ്പെടുന്നു.

അവയവ ദാതാക്കളാവാന്‍ 120 മില്ല്യണിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തന്‍റെ കുടുംബത്തിന്‍റെ കഥ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് ആശിക്കുന്നതായി ജെനി സ്റ്റെപിയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. “ഒരാളെയെങ്കിലും ഈ കഥ അവയവദാനത്തിനു പ്രേരിപ്പിക്കുമെങ്കില്‍ ഇത് പങ്കുവച്ചതിനു ഫലമുണ്ടായി എന്നു ഞാന്‍ കരുതും.”

സ്റ്റെപിയന്‍ കുടുംബത്തില്‍ നിന്ന് ലഭിച്ച സമ്മാനം തന്‍റെ ജീവിതത്തെ മാറ്റിമറിച്ച പോലെ മറ്റുള്ളവരേയും സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തോമസ് ഫേസ്ബുക്കില്‍ എഴുതി. “ഈ ചെറുപ്പക്കാരിക്കു ലോകത്തോട് പറയാനുള്ളത് അല്‍ഭുതകരമാംവണ്ണം പ്രചോദനമേകുന്ന ഒരു സന്ദേശമാണ്, അവയവദാനം വളരെ പ്രധാനമാണെന്നും നിങ്ങള്‍ അതേപ്പറ്റി അറിവുള്ളവരാകണമെന്നുമാണ് അത്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍