Top

"ഇനിയെനിക്കെന്റെ മക്കളെ മാറോടണച്ച് സ്വസ്ഥമായുറങ്ങണം.." സിറിയയിൽ നിന്നും മക്കളെ തിരിച്ച് കിട്ടിയ ഒരമ്മ

"ഇനിയെനിക്കെന്റെ മക്കളെ മാറോടണച്ച് സ്വസ്ഥമായുറങ്ങണം.." സിറിയയിൽ നിന്നും മക്കളെ തിരിച്ച് കിട്ടിയ ഒരമ്മ
“നാല്  വർഷമായി ഞാൻ ശെരിക്കൊന്നുറങ്ങിയിട്ട് ഭക്ഷണം  വിളമ്പി വെച്ചാലും എന്റെ മക്കൾ വല്ലതും കഴിച്ചു കാണുമോ എന്ന ആവലാതിയിൽ ഒന്നും തൊണ്ടയിൽ നിന്ന് ഇറങ്ങാറില്ല,ഇന്ന് എനിക്ക് മനസമാധാനത്തോടെ എന്റെ കുഞ്ഞുങ്ങളെയും കെട്ടിപ്പിടിച്ച് ഉറങ്ങാം..”  എവിടെയാണ് എന്ന് പോലും അറിയാതിരുന്ന രണ്ട് ആൺമക്കളെ സിറിയയിൽ വെച്ച് തിരിച്ചു കിട്ടിയ അമ്മയ്ക്ക്  വാക്കുകൾ മുറിഞ്ഞു പോകുകയായിരുന്നു.

11 കാരനായ  മഹ്മൂദിനേയും 7  വയസ്സുകാരനായ അയ്യൂബിനേയും  2014 ലാണ്  ഇസ്ലാമിക്   സ്റ്റേറ്റ് അനുഭാവിയായ അച്ഛൻ ട്രിനിഡാഡുനിന്നും  സിറിയയിലേക്ക് കൊണ്ടുപോയത്. അന്ന് അയൂബിന്റെ മൂന്നാം പിറന്നാൾ ആഘോഷങ്ങൾ നടക്കുകയായിരുന്നു.  ഐ എസ് അതിർത്തിയിലെ ഭീകര അന്തരീക്ഷത്തിലാണ് ഈ പിഞ്ചു കുഞ്ഞുങ്ങൾ പിന്നീട് കഴിയേണ്ടി വന്നത്. അരക്ഷിതാവസ്ഥയുടെയും ഭീതിയുടെയും അന്തരീക്ഷത്തിൽ അവരുടെ ബാല്യത്തിൻറെ നിറങ്ങളൊക്കെ കെട്ടുപോയി. ഒരു ഘട്ടത്തിൽ അവരുടെ അച്ഛൻ കുഞ്ഞുങ്ങളെ രണ്ടാളെയും രണ്ടാനമ്മയുടെ കൂടെ തുർക്കിയിലേക്ക് പറഞ്ഞയച്ചു. ഇയാൾ  ഇതിനോടൊടകം തന്നെ മരിച്ചുപോയിരിക്കാമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ കണ്ടെത്തൽ.  റോഡിൽ അലഞ്ഞു നടക്കുന്ന ഇവരെ കുർദിഷ് അറബ് സിറിയൻ ഡെമോക്രറ്റിക് ഫോഴ്‌സാണ് ഒരു പുനരധിവാസ ക്യാമ്പിലെത്തിക്കുന്നത്.

തിങ്കളാഴ്ച രാവിലെ യാണ് കുഞ്ഞുങ്ങളുടെ  അമ്മ ഫെലീഷ്യ പേർക്കിൻസ് ഫെറീറ സിറിയയിലെത്തുന്നത്. അതിവൈകാരികമായ മുഹൂര്തങ്ങളായിരുന്നു പിന്നീട്. സിറിയൻ ഭരണസിരാ കേന്ദ്രം ഖവാമിഷലിയിൽ വെച്ച് കണ്ടപാടെ അമ്മ തന്റെ കുഞ്ഞുങ്ങളെ മാറോടണച്ചു. അവരുടെ കരുവാളിച്ച മുഖം ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ചു. മക്കൾക്കായി വാങ്ങിക്കൊണ്ടുന്ന വന്ന പുതിയ ഉടുപ്പുകൾ അവരെ ധരിപ്പിച്ചു. മതിയാകുവോളം അവരെ ചേർത്തണച്ച് പൊട്ടിപ്പൊട്ടി കരഞ്ഞു.  ചൊവ്വാഴ്ച ഇവർക്ക് വിശദമായി കൗൺസിലിംഗ് നൽകിയ ശേഷമാണ് സ്വിറ്റസർലണ്ടിലേക്ക് പോകാൻ അനുമതി നൽകിയത്.   മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ ക്ലൈവ് സ്റ്റാഫ്‌ഫോഡ് സ്മിത്തിനൊപ്പം ഇറാഖി അതിർത്തി കടന്ന കുടുംബം സ്വിറ്റസർലണ്ടിലേക്ക് പറക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ  കുഞ്ഞുങ്ങളെക്കുറിച്ച് ദി ഗാർഡിയൻ കൊടുത്ത റിപ്പോർട്ട് മൂലമാണ് ഇവർക്ക് ഇത്രയെളുപ്പത്തിൽ സമാഗമം സാധ്യമായത്.നിരവധി വർഷത്തെ ദുരന്ത ജീവിതം കൊണ്ട് ഈ കുഞ്ഞുങ്ങൾ മാനസികമായി ആകെ തളർന്നിരുന്നു. സ്വന്തം അമ്മയുടെ മുഖം ഓർമിക്കാനോ തിരിച്ചറിയാനോ പോലും കഴിയാത്ത വിധം ഇവരുടെ ഓർമയെ സിറിയൻ ജീവിതം തകരാറിലാക്കിയിരുന്നു അമ്മയുടെ പേരെന്താണ് എന്ന് ചോദിക്കുമ്പോൾ അവ്യക്തമായി എന്തോ പുലമ്പുന്ന അവസ്ഥയിലായിലായിരുന്നു കുട്ടികൾ. നാലു വർഷമായി ഈ അമ്മയ്ക്ക് മക്കളുടെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഈ വര്ഷങ്ങളത്രയും ഫെറിറ മക്കൾക്കായുള്ള പ്രാർത്ഥനകളിലും അന്വേഷണങ്ങളിലുമായിരുന്നു.

തങ്ങളുടെ സംഗമത്തിന് വഴിയൊരുക്കിയ മാധ്യമങ്ങളോടും മനുഷ്യാവകാശ പ്രവർത്തകരോടും ഫെറിറ കണ്ണീരോടെ നന്ദി പറഞ്ഞു. നിരവധി കുഞ്ഞുങ്ങളാണ് ഇത് പോലെ വീട്ടുകാരോട് ഒന്നിക്കാനാകാതെ ഐ എസ് അതിർത്തികളിൽ താമസിക്കുന്നത്.. മഹ്മൂദിനെയും അയ്യൂബിനെയും പോലെ 1200 കുട്ടികൾ നിയമപരമായ പ്രശനങ്ങൾ ഒക്കെ മൂലം സിറിയയിൽ പെട്ട് കിടക്കുന്നുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവരുടെ കഥ കേട്ടതോടെ എത്രയും പെട്ടെന്ന് മറ്റു കുഞങ്ങളെക്കൂടി അവരുടെ ഉറ്റവരുടെ അടുത്തെത്തിക്കാൻ അപേക്ഷിക്കുകയാണ് ലോകം.


Next Story

Related Stories