TopTop
Begin typing your search above and press return to search.

ഐസിയു വെറും ചളുവടിയല്ല, അല്പം സീരിയസാണ്

ഐസിയു വെറും ചളുവടിയല്ല, അല്പം സീരിയസാണ്

ധനശ്രീ

എല്ലാ സൗഹൃദ സംഘത്തിലും ഒരു ചളുവടിയനെങ്കിലും ഉണ്ടാകും. എന്നാല്‍ ആ ചളുവടി എല്ലാവര്‍ക്കും ഇഷ്ടമാകില്ല. സംഘത്തിലെ ഗൗരവക്കാര്‍ പുച്ഛത്തോടെ നോക്കും. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചളുവടിയന്‍മാരായ കൂട്ടുകാര്‍ ചേര്‍ന്ന് ചളുവടിക്കാന്‍ ഒരു സംഘമുണ്ടാക്കി. ഇന്ന് ആ സംഘത്തിന്റെ ലെവല്‍ ഇന്റര്‍നാഷണലാണ്. പേര് ഐസിയുവെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍. പഴയ ഗൗരവക്കാരൊക്കെ ഗൗരവം മാറ്റി വച്ച് തലയറഞ്ഞു ചരിക്കുന്നു. ഈ അന്താരാഷ്ട്ര ചളുവടി കണ്ട്.

ഇന്ന് കേരളത്തില്‍ എന്തു സംഭവിച്ചാലും ലോകമെമ്പാടുമുള്ള മലയാളി ചളു പ്രേമികള്‍ ഓടിയെത്തും ഐസിയുവിന്റെ ഫേസ് ബുക്ക് പേജിലെ പോസ്റ്റുകള്‍ തിരയാന്‍. നാക്കുപിഴയാകട്ടെ അധികമാര്‍ക്കും മനസ്സിലാകാത്ത ശാസ്ത്ര കണ്ടുപിടിത്തങ്ങളാകട്ടെ അവയെ ജനപ്രിയമാക്കും ഐസിയുവിന്റെ ചളു പോസ്റ്റുകള്‍. ചളു എന്നൊക്കെ വിളിക്കുമെങ്കിലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റുകളുടെ ഉറവിടമാണ് ഐസിയു.

വാവിട്ട വാക്കും കൈവിട്ട ട്രോളും തിരിച്ചെടുക്കാനാവില്ല എന്ന് നെറ്റിസണ്‍മാര്‍ പഴഞ്ചൊല്ല് തിരുത്തിയെഴുതിയെങ്കിലും ട്രോളന്മാരുടെ അനുഭവങ്ങള്‍ക്ക് പഴഞ്ചൊല്ലിന്റെ പാകത വന്നിരിക്കുന്നു. ലൈക്കുകള്‍ അഞ്ച് ലക്ഷവും കടന്ന് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ (ഐ.സി.യു) കൊല മാസായി മാറിയിരിക്കുന്നു. ട്രോള്‍ വസന്തവുമായെത്തിയ ഐ.സി.യുവിലെ നൂറോളം അഡ്മിനുകളില്‍ രണ്ടുപേര്‍ ആര്‍ദ്രയും ഋഷികേശ് ഭാസ്‌ക്കറും ഈ വേളയില്‍ അഴിമുഖത്തോട് ചളുവല്ല അല്‍പം സീരിയസായി സംസാരിക്കുന്നു. കടന്നുപോന്ന വഴികളെ കുറിച്ച്...


ഐ.സി.യു എന്ന ആശയം ഉടലെടുക്കുന്നത്

100-150 ഓളം ആളുകളുടെ ഓര്‍ക്കൂട്ട് ഗ്രൂപ്പായാണ് ആദ്യതുടക്കം. 2007-ല്‍ കൊല്ലം സ്വദേശി റോഷന്‍ തോമസ് എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം തന്റെ സഹപാഠികളെയും സുഹൃത്തുക്കളെയും ചേര്‍ത്താണ് ഗ്രൂപ്പ് ആരംഭിക്കുന്നത്. കൂട്ടുകാര്‍ക്ക് പരസ്പരം തമാശ പറയാനും കളിയാക്കാനും ഒക്കെയായിട്ടായിരുന്നു തുടങ്ങിയത്. പിന്നീട് പഠിത്തം കഴിഞ്ഞ് ജോലി നേടി പലരും പല സ്ഥലങ്ങളിലായി. ഓര്‍ക്കൂട്ട് പോയി ഫേസ്ബുക്ക് വന്നു. അങ്ങനെ 2012-ല്‍ ഫേസ്ബുക്കില്‍ ഐ.സി.യു ഗ്രൂപ്പ് തുടങ്ങി. ഗ്രൂപ്പിന്റെ ആദ്യ അംഗങ്ങള്‍ അവരുടെ സുഹൃത്തുക്കളെ ഗ്രൂപ്പിലെത്തിച്ചു. പിന്നെ ചളിയന്‍മാരുടേയും ചളി ആസ്വാദകരുടേയും പ്രവാഹമായിരുന്നു ഗ്രൂപ്പിലേക്ക്.

ട്രോളുകളുടെ ലോകത്തേക്ക്

സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രതിനിധീകരിക്കുന്ന രീതിയിലേക്ക് പതിയെ മാറുകയായിരുന്നു ഐസിയു. ഇന്റര്‍നെറ്റ് മീംസ് എന്ന സങ്കേതത്തിന്റെ മാതൃകയെ ചുവടുപിടിച്ചായിരുന്നു ഇത്. സ്‌പോര്‍ട്‌സ് ടീമുകളുടെ ഫാനുകളുടെ പ്രചാരണ യുദ്ധമായിരുന്നു ആദ്യം ഗ്രൂപ്പില്‍ നടന്നിരുന്നത്. ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ മത്സരം നടക്കുമ്പോഴും മറ്റും ഫാന്‍സുകളുടെ ചെളിവാരിയെറിയല്‍ പോലെയുള്ള സംഭവങ്ങളായിരുന്നു അത്. പിന്നീട് അത് പതുക്കെ സമകാലിക രാഷ്ട്രീയ, സാംസ്‌കാരിക പ്രശ്‌നങ്ങളെ കുറിച്ചുള്ളതായി മാറി. അങ്ങനെ ട്രോളുകള്‍ രസകരമായതോടെ ആളുകളുടെ എണ്ണം കൂടി. ഗ്രൂപ്പ് വലുതാകാന്‍ തുടങ്ങി. നൂറില്‍ നിന്ന് ആയിരവും രണ്ടായിരവും കടന്നു. കാര്യങ്ങള്‍ കൈയില്‍ നില്‍ക്കില്ലെന്ന് ഗ്രൂപ്പംഗങ്ങള്‍ക്കും തോന്നിത്തുടങ്ങി. പ്രത്യേകിച്ച് അപകീര്‍ത്തി, വ്യക്തിഹത്യാ കേസുകള്‍ക്ക് സാദ്ധ്യതയുള്ളപ്പോള്‍ ഗ്രൂപ്പ് അഡ്മിനുമാര്‍ക്ക് അത് ബാദ്ധ്യതയാകുമെന്ന് തോന്നി. അങ്ങനെയാണ് ഗ്രൂപ്പിന് പ്രത്യേക പോളിസിയും നിയമങ്ങളും വേണമെന്ന് തീരുമാനിക്കുന്നത്. അതോടൊപ്പം സാമൂഹിക വിമര്‍ശനത്തിന് ട്രോളുകള്‍ ഉപയോഗിക്കാമെന്ന ബോദ്ധ്യവും വന്നു. ലിംഗം, മതം, ജാതി, നിറം എന്നീ വേര്‍തിരിവിനെ പ്രോത്സാഹിപ്പിക്കുന്നതാവരുതെന്നും നിര്‍ബന്ധമുണ്ടായി. അങ്ങനെ പ്രത്യേക നയങ്ങളും നിയമങ്ങളും ഉണ്ടാക്കി.ഐ സി യു അനുവദിക്കാത്ത ഉള്ളടക്കങ്ങള്‍


വര്‍ഗ്ഗീയത, വയലന്‍സ്, സാഹചര്യത്തിന് ചേരാത്ത, രാഷ്ട്രീയ ശരിയല്ലാത്ത തമാശകള്‍, സ്ത്രീ വിരുദ്ധത, വംശീയത, ഫാസിസം, ലിംഗ വ്യത്യാസം, വ്യക്തിഹത്യ, അശ്ലീല ചുവയുള്ളത്, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, പരസ്യങ്ങള്‍, ലിങ്കുകള്‍, തെറിവിളി തുടങ്ങിയവ ഉള്ള കമന്റുകളോ പോസ്റ്റുകളോ നീക്കം ചെയ്യും. ഇത് കൂടാതെ തന്നെ പ്രത്യേക സാഹചര്യങ്ങളില്‍ നിരോധനം ഉള്ള വിഷയത്തിലെ പോസ്റ്റുകളും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യും. അതിനിടെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം പതിനായിരം കടന്നു. പോസ്റ്റുകളും മറ്റും സ്‌ക്രീന്‍ ചെയ്യാന്‍ അഡ്മിന്‍മാര്‍ ഉണ്ട്.

അപ്പോള്‍ പതിനായിരം പേരുള്ള ഗ്രൂപ്പിലെ പോസ്റ്റുകള്‍ ഫില്‍റ്റര്‍ ചെയ്യുകയെന്നത് അസാദ്ധ്യമായി. അതിനിടെ ഒന്നു രണ്ടു തവണ ഗ്രൂപ്പ് നിയമങ്ങള്‍ക്ക് എതിരായുള്ള പോസ്റ്റുകള്‍ പ്രചരിച്ചു. പത്തോ പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് ഇത് കണ്ടെത്തി അഡ്മിനുകള്‍ ഡിലിറ്റ് ചെയ്യുക. അപ്പോഴേക്കും വാട്‌സ് അപ്പിലൂടെയും മറ്റും പ്രചരിക്കാനും തുടങ്ങിയിട്ടുണ്ടാകും. ഐ.സി.യുവിന്റെ ലോഗോ ഉള്ളതിനാല്‍ പലതും ഐ.സി.യുവിന്റേതാണെന്ന് കരുതുകയും ചെയ്യും. അങ്ങനെയാണ് 2013 അവസാനത്തോടെ പ്രത്യേകപേജ് ആരംഭിക്കുന്നത്. ഗ്രൂപ്പില്‍ നിന്നുള്ള പോസ്റ്റുകള്‍ തെരഞ്ഞെടുത്ത് കൊള്ളാവുന്നവ ഫില്‍റ്റര്‍ ചെയ്ത് പേജില്‍ ഇടാന്‍ തുടങ്ങി. ഒഫീഷ്യല്‍ എന്‍ഡോഴ്‌സഡ് ട്രോളുകള്‍ പേജിലേത് മാത്രമാക്കുകയായിരുന്നു ലക്ഷ്യം. നിഷ്പക്ഷവും പുരോഗമനപരവുമായ രാഷ്ട്രീയശരിയുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള എഡിറ്റോറിയല്‍ പോളിസിയാണ് ഇക്കാര്യത്തില്‍ ഐ.സി.യുവിനുള്ളത്.


ഗ്രൂപ്പിന്റെ അഡ്മിന്‍ പാനല്‍

ഗ്രൂപ്പ് അഡ്മിന്‍മാരായി 30 പേരാണുള്ളത്. പേജിന്റേയും മറ്റു ചാനലുകളുടേയും പ്രവര്‍ത്തകര്‍ അടക്കം 100 ഓളം പേര്‍ ഐസിയുവിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഓരോരുത്തരും ഓരോ സമയത്താവും ആക്ടീവ് ആവുക. ജോലിക്ക് ബുദ്ധിമുട്ട് വരാതെ പലസമയത്തായി ഓണ്‍ലൈന്‍ ആയി ഗ്രൂപ്പിന്റെ ആക്ടിവിറ്റീസ് നോക്കുവാന്‍ കുറച്ചു പേര്‍ ഓണ്‍ലൈന്‍ ഉണ്ടാവും. കേരളത്തിനു പുറമെ തമിഴ്‌നാട്‌, ബംഗളുരു, ഡല്‍ഹി, ഇറ്റലി, ജര്‍മ്മനി, മിഡില്‍ ഈസ്റ്റ്‌, യു.എസ് തുടങ്ങി പല സ്ഥലങ്ങളില്‍ നിന്നായി പല മേഖലയില്‍ നിന്നുള്ളവര്‍ അവരിലുണ്ട്. അതില്‍ വിദ്യാര്‍ത്ഥികളുണ്ട്, എജിനീയറുണ്ട്, ഡോക്ടര്‍മാരുണ്ട്, ജോലിയില്ലാത്തവരുണ്ട്. അങ്ങനെ എല്ലാതരത്തിലും പെട്ടവരുണ്ട്

അഡ്മിന്റെ ഉത്തരവാദിത്വങ്ങള്‍

ഐ.സി.യുവിന് ഗ്രൂപ്പും പേജും വേറെ വേറെയുണ്ട്. ഗ്രൂപ്പില്‍ രണ്ട് ലക്ഷത്തോളം അംഗങ്ങളുണ്ട്. ആദ്യം അംഗങ്ങള്‍ അവരുടെ ആശയങ്ങള്‍ പോസ്റ്റ് ആയി ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്യും. അഡ്മിന്‍ പാനല്‍ ഈ പോസ്റ്റുകളില്‍ നിന്നും പോളിസിക്ക് ചേരുന്നതും രസകരവും ആയവ തെരഞ്ഞെടുക്കും. ചിലത് ക്വാളിറ്റി ചിത്രങ്ങളോടെ റീവര്‍ക്ക് ചെയ്ത് പേജിലേക്ക് ആ അംഗത്തിന്റെ ക്രഡിറ്റില്‍ തന്നെ പേജിലേക്ക് ഇടും. ചിലര്‍ക്ക് ആശയങ്ങള്‍ കാണും. അതെങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യണമെന്ന് അറിവുണ്ടാകില്ല. അപ്പോള്‍ അതിനു വേണ്ട സഹായം നല്‍കും.


ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും എന്ന് പറഞ്ഞു കൊടുക്കും. അറിയാത്തവര്‍ക്കു വേണ്ടി ചെയ്തും കൊടുക്കും. ഇതിനായി ഓരോ സിനിമയുടേയും കോമഡിസീനിന്റെ സ്‌ക്രീന്‍ ഷോട്ട്‌സും ഗ്രൂപ്പിന്റെ വാട്ടര്‍മാര്‍ക്കും ഗ്രൂപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഡ്യൂട്ടികള്‍ ഒന്നും തരം തിരിച്ചിട്ടില്ല.

ഓണ്‍ലൈന്‍ ആയിരിക്കുന്നവര്‍ ആരാണോ ആദ്യം കാണുന്നത് അവര്‍ ചെയ്യുന്നു. പേജില്‍ വരുന്ന പോസ്റ്റാണ് ഐ.സി.യുവിന്റെ നിലപാട്. കാരണം ഗ്രൂപ്പില്‍ പലതരത്തില്‍ ചിന്തിക്കുന്ന പല ആള്‍ക്കാരുണ്ട്. അതെല്ലാം പേജിലേക്ക് ഇടാന്‍ പറ്റില്ല. സീക്രട്ട് ഗ്രൂപ്പ് ആയതുകൊണ്ട് വരുന്ന ആശയങ്ങള്‍ അംഗങ്ങള്‍ക്കല്ലാതെ ആര്‍ക്കും കാണാനാവില്ല. എന്നാല്‍ പേജ് ഓപ്പണ്‍ ആയതിനാല്‍ പേജിലിടുന്ന പോസ്റ്റുകള്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയും. പോസ്റ്റിന് കീഴില്‍ ചിലര്‍ കമന്റ്‌സ് ആയി അസഭ്യം പറയാറുണ്ട്. അങ്ങനെയുള്ളവരെ അപ്പോള്‍ തന്നെ വാണ്‍ ചെയ്യും. പിന്നെയും തുടര്‍ന്നാല്‍ ഗ്രൂപ്പില്‍ നിന്നു പുറത്താക്കും.

അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം

ഫേസ്ബുക്കില്‍ അഡ്മിന് വേണ്ടി രണ്ട് ഗ്രൂപ്പുണ്ട്. അഡ്മിന്‍സിന് വേണ്ടി ഒന്നും പേജിന് വേണ്ടി മറ്റൊന്നും. ഗ്രൂപ്പില്‍ നിന്നുള്ള പോസ്റ്റ് ഏതിലേക്ക് എത് പോസ്റ്റ് പോണം എന്നൊക്കെ തീരുമാനിക്കുന്നത് അങ്ങനെയാണ്. പോസ്റ്റ് സംബന്ധിച്ചുള്ള വോട്ടെടുപ്പിനൊക്കെയായി ഈ ഗ്രൂപ്പ് ഉപയോഗിക്കും. ഭൂരിപക്ഷ അഭിപ്രായപ്രകാരമായിരിക്കും ഈ തിരഞ്ഞെടുപ്പ്.


പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത

ഇപ്പോള്‍ ഐ.സി.യുവിലെ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. പേജിന് ഇപ്പോള്‍ അഞ്ച് ലക്ഷത്തി അയ്യായിരം പേര്‍ വരെ ഫോളോ ചെയ്യുന്നുണ്ട്. ഒരു പോസ്റ്റിന് അയ്യായിരത്തോളം ലൈക്ക് കിട്ടാറുണ്ട്. ഇത് ഒരു ദിവസത്തെ കണക്കാണ്. ഇത്രയധികം പേര്‍ ഇത് വാട്‌സ് ആപ്പ് പോലെയുള്ള മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുമ്പോള്‍ ലൈക്കിന്റെ എണ്ണവും കൂടും.

മറ്റ് സാമൂഹിക മാദ്ധ്യമങ്ങളില്‍

ട്വിറ്റര്‍, ടെലഗ്രാം, റെഡ്ഇറ്റ്, ഇന്‍സ്റ്റഗ്രാം, എന്നിവയില്‍ ഐസിയു ഉണ്ടെങ്കിലും എറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത് ഫേസ്ബുക്കിലാണ്. പിന്നെയുള്ളത് ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലുമാണ്. പേജിലിടുന്ന പോസ്റ്റ് മറ്റെല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളിലേക്കും പോകും.

ഏറെ പോപ്പുലറായ പോസ്റ്റുകള്‍

ഡോ.ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആപേക്ഷികതാ സിദ്ധാന്തത്തില്‍ സൂചിപ്പിച്ചിരുന്ന ഗ്രാവിറ്റേഷണല്‍ വേവ്‌സിന് തെളിവ് കിട്ടിയത് ഈയടുത്തായിരുന്നു. സലിംകുമാര്‍ മായാവിയില്‍ ഇരിക്കുന്ന ഇതൊക്കെയെന്ത് എന്ന ഒരു സീനുണ്ട്. അതില്‍ ഐന്‍സ്റ്റീന്റെ തലവച്ച് പുന:സൃഷ്ടിച്ചു. ഐ.സി.യുവിന്റെ കവര്‍ഫോട്ടോയാക്കാന്‍ ഉണ്ടാക്കിയതാണ്. പക്ഷേ പ്രതീക്ഷിച്ചതിലേറെ സ്വീകാര്യത കിട്ടി. അങ്ങനെ നിരവധി എണ്ണം ഉണ്ട്.


ഐ.സി.യുവിന്റെ മതകാര്യം ?

മതവിമര്‍ശനം നടത്താറില്ല. ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന തോന്നിയാല്‍ ചെയ്യാറുണ്ട്. എല്ലാതരത്തിലുള്ള മതവിശ്വാസികളും ഗ്രൂപ്പിലുണ്ട്. ചിലര്‍ അതിന്റെ സ്പിരിറ്റില്‍ കാണും. അതിനെതിരെ ഭീഷണി മുഴക്കുന്നവരും ഉണ്ട്. ചിലര്‍ കൈവെട്ടും കാല്‍വെട്ടും എന്ന് പറയും. ഒരിക്കല്‍ യേശുക്രിസ്തുവിന്റെ പോസ്റ്റിട്ടിരുന്നു ആ പോസ്റ്റ് റിമൂവ് ചെയ്യണമെന്ന് ഒരാള്‍ പറഞ്ഞു. നിയമവിരുദ്ധമായ സാധനങ്ങളില്ല, വര്‍ഗ്ഗീയത സൃഷ്ടിക്കുന്നതല്ല, ശുദ്ധഹാസ്യം മാത്രമാണെന്ന് പറഞ്ഞിട്ടും അയാള്‍ അടങ്ങിയില്ല. പുള്ളി ആ ലോഗോ പുള്ളിയുടെ സൈറ്റിലിട്ട് അതിന്റെ അവകാശത്തിന് ക്‌ളെയിം ചെയ്ത് ഫേസ്ബുക്കിന് റിക്വസ്റ്റ് അയച്ചു. ഫേസ് ബുക്ക്, പേജ് അണ്‍പബ്ലിക് ആക്കി വിശദീകരണം തേടി. ലോഗോ കണ്ടെത്താന്‍ മത്സരം നടത്തിയതും പ്രകാശനം ചെയ്ത സംഭവങ്ങളുമെല്ലാം പത്രക്കുറിപ്പ് സഹിതം ഫേസ്ബുക്കിന് അയച്ചുകൊടുത്തു. അതോടെ പേജ് പഴയപടിയായി.

രാഷ്ട്രീയക്കാരെ കളിയാക്കുമ്പോള്‍ അവര്‍ കുറച്ചൊക്കെ പോട്ടേയെന്നു വയ്ക്കും. അതു വിട്ട് ദൈവങ്ങളെ കൂട്ട് പിടിക്കുമ്പോള്‍ അത് പ്രശ്‌നമാകാറുണ്ട്. ശിവന്‍ മുസ്ലീമായിരുന്നു. ഇന്ത്യയിലേക്ക് വന്നപ്പോളാണ് ഹിന്ദു ആയതെന്ന് മുമ്പ് മധ്യേഷ്യയിലുള്ള ഒരു മുസ്ലിം മത പ്രചാരകന്‍ ഹിന്ദു ദൈവമായ പരമശിവനെ പറ്റി പറഞ്ഞു. ഞങ്ങള്‍ ആ പ്രസ്താവനയെ കളിയാക്കിക്കൊണ്ട് പോസ്റ്റിട്ടു. അത് പ്രശ്‌നമായി. മതപരമായ വാര്‍ത്തകളെ ട്രോള്‍ ചെയ്യുമ്പോഴുള്ള പ്രശ്‌നം ഈ വാര്‍ത്ത സത്യമാണോ അതോ വ്യാജമാണോ എന്നതാണ്. പക്ഷേ അതറിയും മുമ്പ് പോസ്റ്റ് ഷെയര്‍ ചെയ്ത് പല ഗ്രൂപ്പിലേക്കും പോയിട്ടുണ്ടാവും.പുലിവാല് പിടിച്ച സംഭവം


അങ്ങനെ പ്രശ്‌നമുണ്ടായിട്ടുണ്ട്. വാര്‍ത്തയിലെ സത്യസന്ധതയാണ് ഞങ്ങള്‍ നേരിടുന്ന വലിയ പ്രശ്‌നം. രാഹുല്‍ഗാന്ധി പ്രവര്‍ത്തകരോടൊപ്പം ഒരു സാധാരണക്കാരന്റെ വീട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം കണ്ടിരുന്നു. അത് ക്രോമയില്‍ ചിത്രീകരിച്ചതാവാം എന്ന മട്ടില്‍ കളിയാക്കി ട്രോളിട്ടു. എന്നാല്‍ അതിലെ തമാശ മനസ്സിലാക്കാതെ അതാണ് സത്യമെന്ന രീതിയില്‍ ദേശീയമാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കി.

വിവാദമായ പോസ്റ്റുകള്‍

പോസ്റ്റുകള്‍ പോസിറ്റീവ് എന്ന പോലെ നെഗറ്റീവ് ആയും മാറാറുണ്ട്. മോഹന്‍ ലാലിന്റെ പുലിമുരുകന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ അതിനെ കളിയാക്കിയത് കുങ്ഫു പാണ്ടയുമായി ചേര്‍ത്താണ്. അത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇഷ്ടമായില്ല. മമ്മൂക്കയുടെ 'കസബ' യിലെ ഇമേജിനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റ് അത്തരത്തിലുള്ളതായിരുന്നു. അത് വിവാദമായി. അദ്ദേഹം അത് സ്വന്തം പേജില്‍ പോസ്റ്റ് ചെയ്തതോടെ വിവാദം അവസാനിച്ചു. അങ്ങനെ ആ പോസ്റ്റിന് വളരെ റീച്ച് കിട്ടി. ജയസൂര്യ, അജുവര്‍ഗ്ഗീസ്, രഞ്ജിത് ശങ്കര്‍, വിജയ് ബാബു, സാന്ദ്ര തോമസ്, ജയറാം, നീരജ് മാധവ്, ആഷിഖ് അബു, റീമ കല്ലിംഗല്‍, സ്രിന്‍ഡ, നമിതപ്രമോദ്, കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരഡി, മുകേഷ് ഇവരൊക്കെ പോസ്റ്റുകള്‍ അവരുടെ പേജിലേക്ക് ഷെയര്‍ ചെയ്യാറുണ്ട്. രാഷ്ട്രീയത്തില്‍ വി.ടി ബല്‍റാം, ഉഴവൂര്‍ വിജയന്‍ അങ്ങനെ കുറച്ചുപേരുടേയും പിന്തുണയുണ്ട്.

അഡ്മിനെ തിരഞ്ഞെടുക്കുന്നത്

തമാശ മാത്രമാണ് മാനദണ്ഡം. തമാശ പറഞ്ഞില്ലെങ്കിലും ആസ്വദിക്കാനുള്ള കഴിവ് ഉണ്ടായാല്‍ മതി. ഗ്രൂപ്പ് റൂള്‍സ് അറിയാവുന്ന വിശ്വസ്തതയുള്ളവരെയാണ് അഡ്മിന്‍സായി തിരഞ്ഞെടുക്കുക. നൂറോളം പേരുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവരുണ്ട്. ഉറപ്പിച്ച് പറയാന്‍ പറ്റില്ല അവരുടെ മേല്‍വിലാസം. അത് ഒറിജിനല്‍ പ്രൊഫൈല്‍ ആയിരിക്കണമെന്നുമില്ല. ഫേക് ഐഡി പെന്‍നെയിം പോലെ കൊണ്ടു നടക്കുന്നവരുണ്ട്. ഒരാളുടെ ഒന്നൊന്നര കൊല്ലത്തെ പെരുമാറ്റം കൊണ്ട് വിശ്വാസം ആര്‍ജ്ജിച്ചവരെയും അഡ്മിന്‍ ആക്കാറുണ്ട്. ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. ഒരു പൂച്ചയും പട്ടിയും ഒരുമിച്ച് കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ ലോകത്ത് നീയൊരു പട്ടിയാണെന്ന് ഒരു പട്ടിയും മനസിലാക്കില്ലെന്ന് പൂച്ച പട്ടിയോട് പറയുന്നതാണ് ആ രംഗം. ഇത് ഈ രംഗത്തും ബാധകമാണ്. ഇന്റര്‍നെറ്റില്‍ പ്രൊഫൈല്‍ പിക്ചറും പേരും ഉപയോഗിക്കുന്ന ഒരാള്‍ ഒറിജിനലാണെന്ന് നമുക്കെങ്ങനെ ഉറപ്പിക്കാനാകും. പക്ഷേ പ്രായോഗികമായത് ഇതാണ്. ഒരു ഗ്രൂപ്പിലെ അവരുടെ പെരുമാറ്റം നോക്കി അയാളുടെ സംസ്‌കാരവും സ്വഭാവവും മനസിലാക്കാം. ഇന്റര്‍നെറ്റ് ലോകത്തെ ആ ചലനാത്മകതയുമായാണ് ഈ ഗ്രൂപ്പിന്റെ മുന്നോട്ടുപോക്ക്. ഇതൊരു വിര്‍ച്വല്‍ വേള്‍ഡാണ്. അത് തരുന്ന അയത്‌നലളിതമായ ഒരു അയവ് (ലൂസിനെസ്) ഐ.സി.യു പ്രദാനം ചെയ്യുന്നു.


അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദം

മൂന്നുകൊല്ലത്തോളമായി ഗ്രൂപ്പ് തുടങ്ങിയിട്ട്. ഗ്രൂപ്പിലുള്ളവര്‍ തമ്മില്‍ അതിലൂടെയുള്ള ഒരു ഫ്രണ്ട്ഷിപ്പുണ്ട്. കല്യാണം, ഹൗസ് വാര്‍മിംഗ്, പുറത്തുള്ള ആള്‍ നാട്ടിലെത്തുമ്പോള്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കുറച്ചുപേര്‍ കൂടാറുണ്ട്. ഗ്രൂപ്പിലൊരു മത്സരം നടത്തി ലോഗോ സെലക്ട് ചെയ്തിരുന്നു. ഒന്നരവര്‍ഷം മുമ്പ് ലോഗോ പ്രകാശനം ചെയ്യാനും ഒരുമിച്ചുകൂടി. കൊച്ചി കാക്കനാട്ടെ നവോദയ സ്റ്റുഡിയോയില്‍ വച്ച്‌ രമേശ് പിഷാരടിയും മുകേഷും കൂടിചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

ഭീഷണിവരുന്ന വഴി

രാഷ്ട്രീയം, മതം, സിനിമ, സംസ്‌കാരം എന്നീ മേഖലകളിലെ ട്രോളുകള്‍ക്കെല്ലാം ഭീഷണി ഉണ്ടാകാറുണ്ട്. റോഷനെയൊക്കെ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. പുലിമുരുകന്‍, കസബ എന്നീ ട്രോളുകള്‍ക്ക് ഭീഷണി ഉണ്ടായിരുന്നു. ഗ്രൂപ്പിലേക്ക് മെസേജ് അയക്കുന്നവരുണ്ട്. പോസ്റ്റിന് താഴെ കുറിക്കുന്നവരുണ്ട്. അത്തരക്കാരെ ബ്ലോക്ക് ചെയ്യും. ലീഗലി മൂവ് ചെയ്യാവുന്ന സംഭവങ്ങളുണ്ടായിട്ടില്ല. അതുപോലെ നന്നായി എന്ന് പോസ്റ്റിന് അടിയില്‍ കുറിക്കുന്നവരുമുണ്ട്.

സാമ്പത്തിക ലാഭം

ഫിനാന്‍ഷ്യല്‍ ബെനഫിറ്റില്ല. പരസ്യങ്ങളൊന്നും ചെയ്യുന്നില്ല. ഫേസ്ബുക്കില്‍ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള പ്ലാറ്റ്ഫോം മാത്രമാണിത്. കാര്‍ട്ടൂണ്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ പ്രദര്‍ശനത്തിനു പോയപ്പോള്‍ ഗ്രൂപ്പില്‍ അറിയിക്കുകയും പറ്റാവുന്നവരില്‍ നിന്നുള്ള സംഭാവന സ്വീകരിക്കുകയും ചെയ്തു.

മീമുകളുടെ സ്വാധീനം

പല തുറകളില്‍ നിന്നും അംഗീകാരം ലഭിക്കുന്നുണ്ട്. പലപ്പോഴും പല മാദ്ധ്യമങ്ങളും നന്നായി മീമുകളെ ഉപയോഗിക്കുന്നുണ്ട്. കസബ ട്രോള്‍ ചെയ്തത് മമ്മൂട്ടിയെ ഹറാസ് ചെയ്യാനല്ല, പ്യുര്‍ ജോക്കായിരുന്നു. ഫാന്‍സുകാര്‍ വികാരഭരിതരായി പെരുമാറി. മമ്മൂട്ടി അത് റൈറ്റ് സെന്‍സില്‍ എടുത്ത് ഷെയര്‍ ചെയ്തതോടെ ഗ്രൂപ്പിനും അത് അംഗീകാരമായി.

കാര്‍ട്ടൂണ്‍ അക്കാഡമിയുടെ കാര്‍ട്ടൂണ്‍ ഫെസ്റ്റിവല്‍ എറണാകുളത്ത് നടന്നപ്പോള്‍ നവ മാധ്യമങ്ങളില്‍ ആക്ഷേപഹാസ്യം കൈകാര്യം ചെയ്യുന്നവര്‍ എന്ന നിലയില്‍ ഞങ്ങളാണ് പങ്കെടുത്തത്. അന്ന് രാഷ്ട്രീയ മാധ്യമരംഗത്തുള്ള നിരവധിപേരെ കണ്ടു. അവര്‍ക്കൊക്കെ അറിയാം ഐ.സി.യു എന്താണെന്ന്. വളരെ നല്ല പെരുമാറ്റമായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചത്. കേരളരാഷ്ട്രീയത്തില്‍ മാത്രമാവും ഇങ്ങനെ കാണുക. തങ്ങളെയാണ് കളിയാക്കുന്നതെന്ന് അറിഞ്ഞുകൊണ്ട് അത് തമാശയായി മാത്രം കണ്ട് ആസ്വദിക്കുന്ന വിശാലമനസ്‌കത. അതുകൊണ്ടാണ് ഞങ്ങള്‍ക്കിങ്ങനെ നിലനില്‍ക്കാന്‍ പറ്റുന്നത്. തമിഴ്‌നാട്ടിലോ മറ്റോ ആണിത് പറഞ്ഞതെങ്കില്‍ ആളു പിന്നെ കാണില്ല. പല മലയാളം ചാനലുകളില്‍ നിന്നും വിളിച്ച് പോസ്റ്റുകള്‍ നന്നായെന്നു പറയാറുണ്ട്. അവരുടെ ആക്ഷേപഹാസ്യ പരിപാടികള്‍ക്ക് ഉപയോഗിക്കാറുണ്ടെന്നും പറയും. പേജിന് ലൈക്ക് അഞ്ച് ലക്ഷം കവിഞ്ഞതോടെ ട്രോള്‍ ചെയ്യപ്പെട്ട താരങ്ങളുടെ പ്രതികരണങ്ങള്‍ വീഡിയോ ആക്കി ഇട്ടിരുന്നു. മൂന്ന് ദിവസം മുമ്പാണ് പോസ്റ്റ് ചെയ്തത്. അരലക്ഷത്തിന് അടുത്ത് ആളുകള്‍ കണ്ടു, മുന്നൂറിലധികം പേര്‍ ഷെയര്‍ ചെയ്തു. മീഡിയ ഏറ്റെടുക്കാത്ത റിപ്പോര്‍ട്ടുകള്‍ പിന്നീട് മീഡിയ ഏറ്റെടുക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ട് ലക്ഷം ആളുകളുള്ള ഈ ഗ്രൂപ്പിന് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അത്രതന്നെ വലിയ ഒരു പ്ലാറ്റ്‌ഫോം ഉണ്ട്. പ്രോഗ്രസീവ് സൈഡില്‍ നാം അത് ഗൈഡ് ചെയ്യുന്നു. ഗ്രാവിറ്റേഷണല്‍ വേവ്‌സ് എന്ന വാര്‍ത്ത മാതൃഭൂമിയില്‍ വരുമ്പോള്‍ സാങ്കേതികമായി അത് വായിച്ചവര്‍ വിരളമായിരുന്നു. എന്നാല്‍ ഐന്‍സ്റ്റീന്റെ ആ മീം കണ്ട പലര്‍ക്കും കൈയെത്താ ദൂരത്താണ് ആ വാര്‍ത്തയെന്ന ബോദ്ധ്യം ഉണ്ടാകില്ലേ. അതൊക്കെ വലിയ കാര്യമാണ്.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories