വിദേശം

കണക്കുകൂട്ടല്‍ പിഴച്ചു; കാസിനോ, ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റില്‍ ട്രംപിന് നഷ്ടം 7000 കോടി രൂപ

ട്രംപിന്റെ വ്യക്തിപരമായ നികുതിവിവരങ്ങൾ പുറത്ത് വിടണമെന്ന് ആവശ്യങ്ങൾ ശക്തമായപ്പോൾ തിങ്കളാഴ്ച ട്രഷറി സെക്രട്ടറി സ്റ്റീവൻ മഞ്ചിൻ ആ ആവശ്യങ്ങളെയെല്ലാം നിരസിച്ചിരുന്നു.

ഒരു പതിറ്റാണ്ട് കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബിസിനസ്സിൽ ഒരു ബില്യൺ ഡോളറിന്റെ (6954 കോടി രൂപ) നഷ്ടം സംഭവിച്ചുവെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. 1985 മുതൽ 1994 വരെയുള്ള കാലഘട്ടത്തിലാണ് ഈ ഭീമമായ നഷ്ടം സംഭവിച്ചതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക നികുതി വിവരങ്ങൾ ഇന്റേണല്‍ റവന്യൂ സർവീസ് (IRS ) വഴി പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

ഇത്രയും ഭീമമായ തുക നഷ്ടമായതിനാൽ ട്രംപ് എട്ട് മുതൽ പത്ത് വര്‍ഷം വരെ നികുതി അടച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. 2016 ൽ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുന്ന സമയത്ത് കൊടുത്ത സത്യവാങ്മൂലത്തിൽ തനിക്ക് 1990 ,91 വർഷങ്ങളിൽ 250 മില്യൺ ഡോളറിലധികം (1740 കോടി രൂപ) നഷ്ടം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. ന്യൂയോർക്ക് ടൈംസിന്റെ ഈ പുതിയ റിപ്പോർട്ടിനെക്കുറിച്ച് ഇതുവരെയായിട്ടും വൈറ്റ് ഹൌസ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

റിയൽ എസ്റ്റേറ്റ് ഉൾപ്പടെയുള്ള ബിസിനിനസ്സുകൾ നടത്തിവന്നിരുന്ന കോടീശ്വരനായ ട്രംപ് പിന്നീട് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ഥി ആവുകയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. നികുതി വിവരങ്ങൾ പുറത്ത് വിടാൻ ട്രംപിനുമേൽ സമ്മർദ്ദങ്ങൾ ശക്തമായിരുന്നപ്പോഴും ട്രംപ് അതി വിദഗ്ദമായി ഒഴിഞ്ഞു മാറി. ട്രംപിന്റെ  വ്യക്തിപരമായ നികുതിവിവരങ്ങൾ പുറത്ത് വിടണമെന്ന് ആവശ്യങ്ങൾ ശക്തമായപ്പോൾ തിങ്കളാഴ്ച ട്രഷറി സെക്രട്ടറി സ്റ്റീവൻ മഞ്ചിൻ ആ ആവശ്യങ്ങളെയെല്ലാം നിരസിച്ചിരുന്നു. ഇതിനെതിരെ ഡമോക്രാറ്റുകൾ വലിയ നിയമപോരാട്ടം തന്നെ നടത്തിയേക്കുമെന്നാണ് നിലവിലെ സൂചന.

റിപ്പോർട്ടിൽ പറയുന്ന കാലയളവിൽ ട്രംപിന് അമേരിക്കയിലെ സാധാരണ നികുതിദായകരേക്കാൾ ഇരട്ടിയിലധികം പണം നഷ്ടമായെന്നാണ് വിലയിരുത്തൽ. ഭൂരിഭാഗം നഷ്ടവും സംഭവിച്ചത് ട്രംപിന്റെ പ്രധാന ബിസിനസ്സിൽ നിന്നാണെന്നും കാസിനോ, ഹോട്ടൽ, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളിലാണ് ട്രംപിന്റെ കണക്കുകൂട്ടൽ പാളിപ്പോയതെന്നും ന്യൂയോർക്ക് ടൈംസ് കണ്ടെത്തുന്നു.

Also Read: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍