TopTop

രണ്ടാഴ്ച മുന്‍പ് കൊടും ചൂട്, ഇപ്പോള്‍ പ്രളയം; ഓസ്ട്രേലിയ കടന്നുപോകുന്നത് അതിതീവ്ര കാലാവസ്ഥ ദുരന്തത്തിലൂടെ

രണ്ടാഴ്ച മുന്‍പ് കൊടും ചൂട്, ഇപ്പോള്‍ പ്രളയം; ഓസ്ട്രേലിയ കടന്നുപോകുന്നത് അതിതീവ്ര കാലാവസ്ഥ ദുരന്തത്തിലൂടെ
കഴിഞ്ഞുപോയ പ്രളയകാലത്തെ മലയാളികളാരും അത്ര പെട്ടെന്ന് മറന്നിരിക്കാനിടയില്ല. "വീട്ടിൽ വെള്ളം കയറിയ തുടങ്ങുമ്പോൾ തന്നെ പുറത്തിറങ്ങുക, സുരക്ഷിത സ്ഥാനങ്ങൾ തേടുക, വെള്ളം കയറിയ വീട്ടിൽ തന്നെ വല്ല വിധേനയും കഴിഞ്ഞു കൂടാമെന്ന് വിചാരിക്കരുത്, ഏതു നേരവും വീട് വിട്ടിറങ്ങാനായി അത്യാവശ്യ സാധനകളൊക്കെയും ഒരുക്കി വെക്കുക" ഈ നിർദ്ദേശങ്ങളൊക്കെ മലയാളികൾക്ക് സുപരിചിതമാണ്. ഡാമിന്റെ ഷട്ടറുകൾ ഒരുമിച്ച് തുറന്നു വിടുമ്പോൾ വെള്ളം കുത്തിയൊലിച്ച് വരുന്ന സർവ്വതും മുങ്ങി ഒലിച്ചു പോകുന്ന കാഴ്ചകൾ എത്രനാൾ എല്ലാവരുടെയും ഉള്ളുലച്ചതാണ്..! ഈ മഴയൊന്ന് നിന്നെങ്കിൽ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്ന ജനതയോട് മലയാളികൾക്ക് എളുപ്പത്തിൽ ഐക്യപ്പെടാനാകും. വടക്കു കിഴക്കൻ ഓസ്‌ട്രേലിയയിൽ നിന്നാണ് മേൽപ്പറഞ്ഞ പ്രളയ കഥകൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

എന്നാൽ ഓസ്ട്രേലിയയിലെ കാര്യങ്ങൾ കുറേക്കൂടി ഗുരുതരമാണ്. കനത്ത ചൂടിന്റെ പൊള്ളുന്ന കഥകൾ ഓസ്ട്രേലിയയിൽ നിന്ന് വന്നിട്ട് രണ്ട് ആഴ്ച പോലുമായിട്ടില്ല. ഒരു മാസത്തിനിടയിലാണ് രാജ്യം താപനിലയുടെ ഏറ്റവും മുകളിലും ഏറ്റവും താഴെയുമുള്ള പരിധികൾ ലംഘിക്കുന്നതെന്ന് ഓർക്കണം. ദക്ഷിണ ഓസ്ട്രേലിയയുടെ ഭാഗമായ പോസ്റ്റ് അഗസ്റ്റയിൽ 50 ഡിഗ്രി സെൽഷ്യസിനടുത്തായിരുന്നു രണ്ട് ആഴച മുൻപത്തെ താപനില.

രണ്ടാഴ്ച മുൻപ് സൂര്യാഘാതം ഭയന്ന് വീടിനു പുറത്തിറങ്ങാൻ മടിച്ചിരുന്ന ആളുകൾ ഇപ്പോൾ സ്വന്തമായുണ്ടാക്കിയ വീടും സ്വത്തുക്കളും ഉപേക്ഷിച്ച്, മുക്കാൽ ഭാഗവും വെള്ളം കയറിയ വീടുകളിൽ നിന്ന് ജീവൻ രക്ഷിക്കാൻ പരക്കം പായുകയാണ്. എന്നാൽ പുറത്തിറങ്ങിയാലോ, അവിടെ അവർക്ക് കുത്തൊഴുക്കിൽ നീന്തി വരുന്ന ചെറിയ വിഷപാമ്പുകൾ മുതൽ ഭീമൻ മുതലകളുടെ വരെ ആക്രമണമേല്‍ക്കാം.

രണ്ടാഴ്ച മുൻപാണ് അമിതമായ ചൂടും വരൾച്ചയും മൂലം  ജലജീവികളും ആൽഗകളും ചത്ത് പൊങ്ങിയതിനെ കുറിച്ച് വാർത്ത വന്നത്. ഇപ്പോൾ വഴി നിറയെ വെള്ളമായതോടെ അപകടകാരികളായ ജലജീവികൾ നിരത്തുകളിലാകെ വിഹരിക്കുകയാണ്. മുതലകൾക്കെതിരെ ഉദ്യോഗസ്ഥർ കർശന ജാഗ്രതാ നിർദ്ദേശമാണ് ഇപ്പോൾ നൽകുന്നത്. ചൂടുമൂലം ബീച്ചുകൾ ചുട്ടുപൊള്ളിയിരുന്നെന്ന് റിപ്പോർട്ട് വന്നിരുന്ന അതെ രാജ്യത്താണ് ആളുകൾ വീടുകളിലും മറ്റ് ക്യാമ്പുകളിലും തണുത്ത് വിറച്ച് കഴിഞ്ഞു കൂടുന്നത്. ഒരു മഴയ്ക്ക് വേണ്ടി പ്രാർത്ഥനകളിലായിരുന്ന രാജ്യം ഇപ്പോൾ കനത്ത മഴകാരണം ഡാമുകൾ തുറന്നു വിടേണ്ട അവസ്ഥയിലാണ്. മർദ്ദം സഹിക്കാതെ റോസ് റിവർ ഡാം ഷട്ടറുകൾ തുറന്നു വിട്ടതോടെ അതിശക്തമായ വെള്ളപ്പൊക്കമാണ് ഉണ്ടായത്. സെക്കന്റിൽ 1900 ക്യുബിക് മീറ്റർ ജലമാണ് ഷട്ടറിൽ നിന്ന് പുറത്തുവന്നുകൊണ്ടിരുന്നത്.

ഞായർ മുതൽ തിങ്കൾ വരെ അമിത വേഗതയിലുള്ള ഈ ഒഴുക്ക് അതേപടി തുടരുകയായിരുന്നുവെന്നാണ് സി.എൻ.,എൻ റിപ്പോർട്ട് ചെയ്യുന്നത്. ഇനി രണ്ട് ദിവസം കൂടി കനത്ത മഴ തുടരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നത്.

അപകടമായ നിലയിൽ പെട്ടെന്ന് ഇങ്ങനെ കാലാവസ്ഥ വ്യതിയാനമുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ചും കുറിച്ചും ജനങ്ങളുടെ ആരോഗ്യത്തിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഓസ്ട്രേലിയൻ സർക്കാർ പഠിച്ചു വരികയാണ്. ഇത് ആദ്യമായല്ല അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങൾ ഓസ്ട്രേലിയയിലുണ്ടാകുന്നത്. എന്നാൽ അജ്ഞാത താപതരംഗം ഓസ്‌ട്രേലിയയെ ആകെ മൂടിയതുകൊണ്ടാണ് ഇത്തവണ താപനില 50 ഡിഗ്രിയോളം ഉയർന്നതെന്നായിരുന്നു വിദഗ്ദർ മനസിലാക്കിയത്.

ആഗോളതതപനത്തിന്റെ ഫലമായാണ് ഈ അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനമെന്നും ഹരിതഗൃഹ വാതകങ്ങൾ അമിതമായി പുറന്തള്ളപ്പെടുന്നതാണ് ഇതിനെല്ലാം കാരണം എന്നാണ് ഒരു കൂട്ടം ഗവേഷകർ കണ്ടെത്തുന്നത്. താപതരംഗവും പെട്ടെന്നുണ്ടായ കനത്ത മഴയും ഓരോ മേഖലയിലും ഉണ്ടാക്കാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും മറ്റ് മുന്നറിയിപ്പുകളും ഓസ്ട്രേലിയൻ സർക്കാരിന്റെ പരിസ്ഥിതി ഊർജ വിഭാഗം  ഔദ്യോഗിക വെബ്സൈറ്റിൽ പട്ടികപ്പെടുത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്:

http://www.environment.gov.au/climate-change/climate-science-data/climate-science/impacts

Next Story

Related Stories