UPDATES

വിദേശം

ഈസ്റ്റർ ദിനത്തിലും ജെറുസലേമിലെത്താൻ കഴിയാത്ത ഒരു ജനത; ഗാസാമുനമ്പിലെ ജീവിതങ്ങൾ

ഇസ്രായേലിന് യാതൊരു അപകടവും സുരക്ഷാ തടസ്സങ്ങളുമുണ്ടാക്കാത്ത ക്രിസ്ത്യാനികളെ എന്തിനാണ് തടയുന്നതെന്ന് മനസിലാകുന്നില്ല എന്ന് ചില വിശ്വാസികൾ ദി ഗാർഡിയനോട് പറയുന്നു.

കുരിശിൽ മരിച്ച ക്രിസ്തുവിന്റെ ഉയിർപ്പിനായി ലോകം കാത്തിരിക്കുമ്പോൾ തങ്ങളുടെ പുണ്യ സ്ഥലമായ ജെറുസലേമിലേക്ക് എത്താൻ കൊതിക്കുന്ന ഒരു ജനതയുണ്ട്. ഇന്നെങ്കിലും സ്വന്തം ആരാധനയിടത്തിലേക്കെത്താൻ മറ്റൊരു രാജ്യത്തിന്റെ അനുവാദം കിട്ടിയേക്കുമെന്ന് കരുതി നോമ്പും പ്രാർത്ഥനയുമായി കഴിയുന്ന കുറച്ച കാത്തോലിക് വിശ്വാസികൾ. ഗാസാമുനമ്പിലെ ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികൾ ഇപ്പോൾ ജെറുസലേമിലേക്കുള്ള സന്ദർശനം അനുവദിച്ചുകൊണ്ടുള്ള ഇസ്രയേലിന്റെ ഔദ്യോഗിക അനുവാദത്തിന് കാതോർത്തിരിക്കുകയാണ്.

കഴിഞ്ഞ ഈസ്റ്ററിന് 1100 ഓളം ക്രിസ്ത്യാനികൾക്ക് ജെറുസലേം സന്ദർശിക്കാൻ അനുവാദം ലഭിച്ചതിലാണ് ഇപ്പോൾ ഗാസയിലെ ക്രിസ്ത്യാനികളുടെ പ്രതീക്ഷ. എന്നാൽ പലസ്തീൻ ഇസ്രായേൽ സംഘർഷങ്ങളാൽ രൂക്ഷമായ നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ മുൻ വർഷങ്ങളിലെപോലെ എളുപ്പമാകില്ലെന്ന് ഇവർക്ക് ധാരണയുണ്ട്. ഈ വർഷം 55 വയസ്സിനു മുകളിലുള്ളവരെ മാത്രമേ ജെറുസലേം സന്ദർശിക്കാൻ അനുവദിക്കുകയുള്ളൂവെന്നായിരുന്നു മുൻപ് ഇസ്രായേൽ സൂചിപ്പിച്ചിരുന്നത്. ഇവരിൽ തന്നെ എല്ലാവരെയും പ്രവേശിപ്പിക്കില്ലെന്നും സന്ദർശകരുടെ എണ്ണം 200 മാത്രമായി പരിമിതപ്പെടുത്തിയെന്നുമായിരുന്നു ഇസ്രയേലിന്റെ പ്രസ്താവനയെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ ഈ തീരുമാനം മയപ്പെടുത്തുമെന്ന് ഇവർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആർക്കും തന്നെ ജെറുസലേമിലെത്താൻ അനുവാദം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ഈസ്റ്റർ ദിന പ്രാര്ഥനകൾക്കപ്പുറം ഗാസയിലെ ക്രിസ്ത്യാനികൾക്ക് വെസ്റ്റ്ബാങ്കിലും ജെറുസലേമിലുമുള്ള അവരുടെ ബന്ധുക്കളെ കാണാനും അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനുമുള്ള അവസരം കൂടിയാണ് ഇപ്പോൾ നഷ്ടമാകുന്നത്. ഇത് ഒരു ജനതയുടെ സഞ്ചാരസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യം മതപരമായ അവകാശങ്ങളും നിഷേധിക്കുന്ന നീക്കമാണെന്നാണ് മനുഷ്യാവകാശ സംഘടനയായ ജിഷ ആരോപിക്കുന്നത്.

ഇസ്രായേലിന് യാതൊരു അപകടവും സുരക്ഷാ തടസ്സങ്ങളുമുണ്ടാക്കാത്ത ക്രിസ്ത്യാനികളെ എന്തിനാണ് തടയുന്നതെന്ന് മനസിലാകുന്നില്ല എന്ന് ചില വിശ്വാസികൾ ദി ഗാർഡിയനോട് പറയുന്നു. ‘ഞങ്ങൾക്ക് അനുവാദം തരാതിരിക്കാൻ യാതൊരു കാരണവും ഞങ്ങൾ കാണുന്നില്ല. ഞങ്ങളുടെ മതപരമായ ചടങ്ങുകൾ ആഘോഷിക്കാനുള്ള അവകാശങ്ങൾക്കെതിരാണ് ഇസ്രയേലിന്റെ ഈ നീക്കം. ഇതിനെ ഒരു രാഷ്ട്രീയ പ്രശ്നമായി വളർത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നത്.” ഗാസയിലെ പ്രമുഖ ക്രിസ്ത്യൻ അവകാശ സംരക്ഷക പ്രവർത്തകനായ ജോർജി ആന്റോൺ പറയുന്നു. ഒരിക്കൽ കൂടി താൻ ഇസ്രായേൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ വെസ്റ്റ് ബാങ്കിലെ ജൂത അധിവാസകേന്ദ്രങ്ങള്‍ അധീനപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സൂചിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍