Top

ഗാസയില്‍ വെടിനിർത്തൽ; മൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് രണ്ട് ഗർഭിണികളും രണ്ട് കൈകുഞ്ഞുങ്ങളും ഉൾപ്പടെ 24 പലസ്തീൻകാരും നാല് ഇസ്രായേൽ ഉദ്യോഗസ്ഥരും

ഗാസയില്‍ വെടിനിർത്തൽ; മൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് രണ്ട് ഗർഭിണികളും രണ്ട് കൈകുഞ്ഞുങ്ങളും ഉൾപ്പടെ 24 പലസ്തീൻകാരും നാല് ഇസ്രായേൽ ഉദ്യോഗസ്ഥരും
"ഞാനും മക്കളും വീടിന് പിറത്ത് നിൽക്കുമ്പോഴാണ് തൊട്ടടുത്ത് റോക്കറ്റ് പതിച്ചത്. ഞാൻ എന്റെ മക്കളെ പൊതിഞ്ഞു പിടിച്ചു. പക്ഷെ എനിക്കവരെ രക്ഷിക്കാനായില്ല. ഒരു വയസ്സുള്ള എന്റെ സെബ എന്നെ വിട്ടുപോയി. മൂന്ന് വയസ്സുകാരി റഫീഫ് ഇപ്പോൾ ഐസിയുവിലാണ്. പറയൂ എന്റെ കുഞ്ഞുങ്ങൾ എന്ത് തെറ്റാണ് ചെയ്തത്? അവർ ഇസ്രായേലിലേക്ക് റോക്കറ്റ് അയച്ചോ? ആരെയെങ്കിലും കൊന്നോ? പറയൂ". അപകടത്തിൽ ചോരവാർന്നുകൊണ്ടിരിക്കുന്ന കൈകളോടെ, തകർന്ന ഹൃദയത്തോടെ ഒരമ്മ അൽജസിറ റിപ്പോർട്ടറോട് പൊള്ളിക്കുന്ന ആ ചോദ്യം ചോദിക്കുകയാണ്. ഞങ്ങളൊക്കെ എന്ത് തെറ്റാണ് ചെയ്തതെന്ന്. രണ്ട് ദിവസം കൊണ്ട് 600 ൽ അധികം റോക്കറ്റുകൾ പലസ്തീൻ അതിർത്തിയിൽ വർഷിക്കുകയും ഇസ്രായേൽ ഗാസ മുനമ്പിനെ ചോരക്കളമാക്കുകയും ചെയ്യുമ്പോൾ തകർന്നുപോകുന്നത് റാഷാ അബു അറാറിനെ പോലുള്ള നിസ്സഹായരുടെ ജീവിതങ്ങളാണ്.

വെള്ളിയാഴ്ച മുതൽ തന്നെ അതിർത്തികൾ പുകഞ്ഞുതുടങ്ങിയിരുന്നതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഒളിപ്പോരാളി രണ്ട് ഇസ്രായേലുകാരെ വെടിവെച്ച് പരിക്കേൽപ്പിച്ചതോടെയാണ് സംഘർഷങ്ങൾ മൂർച്ഛിക്കുന്നത്. വെടിവെപ്പിന് പിന്നിൽ പലസ്തീൻ ജിഹാദിസ്റ്റ് ഗ്രൂപ്പുകളാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെ ഇസ്രായേൽ പട്ടാളം രണ്ട് ഹമാസ് വക്താക്കളെ വെടിവെച്ച് വീഴ്ത്തിയെന്നാണ് റിപ്പോർട്ടുകൾ.  ഗാസ മുനമ്പിൽ ഇന്നലെ പലസ്തീൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ രണ്ട് ഗർഭിണികളും രണ്ട് കൈകുഞ്ഞുങ്ങളും ഉൾപ്പടെ 24 പലസ്തീൻകാരും നാല് ഇസ്രായേൽ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹമാസ് താത്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും ഗാസ മുനമ്പിൽ കണ്ണീർ നിലയ്ക്കുന്നില്ല.

കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ തുടർച്ചയായ സംഘര്ഷങ്ങളിലേക്ക് നീങ്ങുകയായിരുന്നു. മാർച്ച് മാസം തുടക്കം മുതൽ സംഘർഷങ്ങളിൽ ഗാസാ മുനമ്പിൽ 266 മരണങ്ങൾ നടന്നിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നത്. ഒരു വർഷം നീണ്ട ആക്രമണ പരമ്പരകളിൽ ഗാസ മുനമ്പിലെ 0.01 ശതമാനത്തിലധികം പൗരന്മാരും പരിക്കുകളോടെയാണ് ജീവിക്കുന്നതെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്.

ഗാസയിൽ പ്രവർത്തിക്കുന്ന തുർക്കിയുടെ ദേശീയ വാർത്ത ഏജൻസി ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ലോകത്തെമ്പാടുമുള്ള ജനാധിപത്യവാദികൾ ഇസ്രയേലിന്റെ 'അനിയന്ത്രിതമായ ആക്രമണത്തി'നെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വാർത്താ ഏജൻസിയുടെ ആറ് നിലകെട്ടിടത്തിൽ ഹമാസിന്റെ മിലിറ്ററി ഓഫിസ് പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

2014 ൽ നടന്ന യുദ്ധത്തിനുശേഷം നടക്കുന്ന ഏറ്റവും ഭീതിദമായ സംഘർഷം എന്നാണ് ടൈം മാഗസിൻ ഇന്നലെ നടന്ന വ്യോമാക്രമണത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഹമാസ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെയുള്ള ഇസ്രായേൽ പ്രചാരങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാൻ ഇടയില്ലെന്നാണ് സൂചന. ജിഹാദിനെതിരെയുള്ള തങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നാണ് ഹമാസ് വെടിനിർത്തലിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചത്. വ്യോമാക്രമണ പരമ്പരകളിലൂടെ തങ്ങൾ തീവ്രവാദ പ്രവർത്തകരുടെ കെട്ടിടങ്ങൾ നശിപ്പിച്ചുവെന്നും 350 ഓളം തീവ്രവാദികളെ വധിച്ചുവെന്നാണുമാണ് ഇസ്രായേൽ വാദിക്കുന്നത്.  ഗതാഗത സംവിധാങ്ങളും വാർത്തവിനിമയ സംവിധാനങ്ങളും പുനരാരംഭിക്കാനും വിഭ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നുപ്രവർത്തിക്കാനും പ്രധാനമന്ത്രി ഉത്തരവിട്ടതായാണ് സൂചന. കളിയുടെ വിധം മാറി എന്ന് മനസിലായതോടെ ജിഹാദി ഗ്രൂപ്പുകൾ പിന്മാറിയെന്ന മട്ടിലാണ് ഇസ്രായേൽ പ്രചാരണം നടത്തുന്നത്.

പലസ്തീൻ തങ്ങൾ ഭാവിയിൽ കെട്ടിപ്പെടുക്കാനിരിക്കുന്ന രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കുന്ന വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പരസ്യപ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളൽ വർധിപ്പിച്ചിട്ടുണ്ടെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.

Next Story

Related Stories