‘ലൈവ് ക്യാമറയ്ക്ക് മുൻപിൽ അവര്‍ കഴുത്തറുത്ത് കൊല്ലും എന്ന് തന്നെ ഞാൻ വിചാരിച്ചു. പക്ഷെ ഞാൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവരുടെ മനസ്സലിഞ്ഞു. സിറിയയിൽ വെച്ച് തന്നെ പ്രസവിക്കാന്‍ അനുവദിച്ച ശേഷം എനിക്കവർ ചോക്കലേറ്റുകൾ വാങ്ങിതന്നു, കളിപ്പാട്ടങ്ങൾ തന്ന് സന്തോഷിപ്പിക്കാൻ ശ്രമിച്ചു. പോഷകാഹാരങ്ങളും മരുന്നുകളും സമയത്തിന് എത്തിച്ചുതന്നു'. സിറിയയിലെ തീവ്ര ഇസ്ലാമിക സംഘടനയായ ജാബത് അൽ നുസ്ര തന്നോട് പെരുമാറിയതിന്റെ വിചിത്രമായ അനുഭവങ്ങൾ ജനീന ഫിൻഡസിൻ എന്ന ജർമൻ മാധ്യമ പ്രവർത്തക വിവരിക്കുമ്പോൾ പലർക്കും പെട്ടെന്ന് ഉൾക്കൊള്ളാൻ തന്നെ സാധിക്കണമെന്നില്ല. പക്ഷെ പറഞ്ഞതെല്ലാം സത്യമാണെന്ന് അവർ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.
സിറിയയിൽ നിന്നും തന്റെ കുഞ്ഞുമായി സ്വദേശത്തേക്ക് തിരിച്ചെത്തിയതിനു ശേഷം ഇതാദ്യമായാണ് ഇവർ ഒരു അഭിമുഖത്തിൽ പരസ്യമായി തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നത്.
ജാബത് അൽ നുസ്രയിൽ ചേരാനായി സിറിയയിലെത്തിയ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് 7 മാസം ഗർഭിണി ആയിരുന്നിട്ടു പോലും ഇവർ 2015ൽ ഒറ്റയ്ക്ക് സിറിയയിലേക്ക് പുറപ്പെട്ടത്. ഇത്തരം ക്യാമ്പുകൾ കുറിച്ച് ഒരു എക്സ്ക്ലൂസിവ് ഡോക്യുമെന്ററി തയ്യാറാക്കുകയായിരുന്നു ഉദ്ദേശ്യം .’ നിന്നെ ആരും ഉപദ്രവിക്കില്ല’ എന്ന സുഹൃത്തിന്റെ ഉറപ്പിന്മേൽ ആരോടും പറയാതെ, ഒരു മൊബൈൽ ഫോൺ പോലും കരുതാതെയാണ് ഇവർ സിറിയയിലെത്തുന്നത്. എന്നാൽ അതിർത്തി കടന്ന ഇവരെ ഒരു സംഘം കണ്ണ് മൂടി കെട്ടി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒരിടത്ത് പൂട്ടിയിട്ടതോടെയാണ് താൻ അപകടത്തിലാണെന്ന് ഇവർക്ക് തിരിച്ചറിവുണ്ടാകുന്നത്. എന്നാലും സുഹൃത്ത് തന്നെ ചതിച്ചു എന്ന് ഇപ്പോഴും ഈ മാധ്യമ പ്രവർത്തക വിശ്വസിക്കുന്നില്ല.
"തലയറുത്ത് കൊല്ലാനും അത് ലൈവ് ആയി ഷൂട്ട് ചെയ്യാനുമായിരുന്നു അവരുടെ പദ്ധതി'. ഭീതിയോടെ ജനീന പറയുന്നു. പക്ഷെ ഞാൻ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ തീവ്രവാദികളുടെ മനസ്സലിഞ്ഞു. അവർ എന്നെ പരിചരിച്ചു. ഒരു ഡോക്ടറിനെ വിളിച്ച് കൊണ്ട് വന്ന് എന്റെ കുഞ്ഞിനെ പുറത്തെടുത്തു. പിന്നീട് എന്റെ മനസ്സിൽ യുദ്ധമില്ലായിരുന്നു, അവിടെ തീവ്രവാദ കേന്ദ്രങ്ങളില്ലായിരുന്നു. ഞാനും എന്റെ കുഞ്ഞും മാത്രമാണ് അപ്പോൾ ലോകത്തിൽ ആകെയുള്ളതെന്ന് എനിക്ക് തോന്നിപ്പോയി." അവിശ്വസനീയമായ തന്റെ സിറിയൻ അനുഭങ്ങളെ കുറിച്ച് ഇവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
സിറിയയിൽ നിന്നും കുഞ്ഞുമായി 2016 ൽ തിരിച്ചെത്തിയെങ്കിലും വർഷങ്ങൾക്കുശേഷമാണ് ഇവർ തന്റെ അനുഭവങ്ങൾ തുറന്ന് പറയുന്നത്. സീതുങ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിർണ്ണായക വെളിപ്പെടുത്തലുകൾ ഉണ്ടായത്.©
കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ...