വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന് എതിരായ സ്വീഡനിൽ നിന്നുള്ള ലൈംഗിക ആരോപണകേസിന് മുൻഗണന നല്കാൻ ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവീദിനുമേൽ സമ്മർദ്ദങ്ങൾ ശക്തമാകുന്നു. അസാഞ്ചിനെതിരായ ലൈംഗികാരോപണ കേസ് പുനരന്വേഷിക്കാനും തുടർ വിചാരണ നടത്താനും സ്വീഡൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ലൈംഗികാരോപണം ഉന്നയിച്ച ഇരയുടെ അഭിഭാഷകയുടെ അപേക്ഷയിന്മേൽ കേസ് പുനരാരംഭിക്കാൻ സ്വീഡൻ ഒരുങ്ങുകയാണെന്ന് സ്വീഡിഷ് നിയമവിദഗ്ദർ അറിയിച്ചു. എന്നാൽ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയതിനും കമ്പ്യൂട്ടർ ഹാക്ക് ചെയ്ത കുറ്റത്തിനുമായി അസാഞ്ചിനെ വിട്ടുനൽകാൻ യുഎസിൽ നിന്നുള്ള സമ്മർദ്ദങ്ങളും ശക്തമാകുന്നുണ്ട്.
അന്വേഷണം പുനരാരംഭിക്കാനായി ഏതറ്റം വരെയും പോകുമെന്ന് ഇരയുടെ അഭിഭാഷക എലിസബത്ത് മെസ്സി ഫ്രിറ്റ്സ് ബിബിസിയോട് പറഞ്ഞു. ലൈംഗികാരോപണകേസിൽ സ്വീഡനിൽ ശിക്ഷിക്കപ്പെടുമെന്ന ഭയന്നാണ് 2012 ൽ അസാഞ്ച് ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ രാഷ്ട്രീയ അഭയം തേടുന്നത്. എന്നാൽ ഇക്വഡോർ യാതൊരു മുന്നറിയിപ്പുമില്ലാതെ അഭയം നൽകുന്നത് നിർത്തലാക്കുകയും അസാഞ്ചിനെ അറസ്റ്റ് ചെയ്യാനായി പോലീസിനെ ക്ഷണിക്കുകയുമായിരുന്നു.
മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തയുടൻ അസാഞ്ചിനെ ബ്രിട്ടീഷ് വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അവിടെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന കുറ്റം കാണിച്ചാണ് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി മുഴുവൻ കസ്റ്റഡിയിൽ കഴിഞ്ഞ അസാഞ്ചിന് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് 12 മാസം വരെ ശിക്ഷ ലഭിച്ചേക്കാം എന്നാണ് നിയമ വിഗഗ്ധർ കണക്കുകൂട്ടുന്നത്. മാറ്റ് രാജ്യങ്ങൾക്ക് വിട്ടുനൽകിയാലും ന്യായമായി വിചാരണ ചെയ്യപ്പെടാനുള്ള അസാഞ്ചിന്റെ അവകാശത്തെ മാനിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഉപദേശം നൽകിയിട്ടുണ്ട്.