Top

'ഇത് ഞങ്ങളെ തകർക്കാനുള്ള അമേരിക്കയുടെ ആസൂത്രിത നീക്കം': ഇറാൻ പ്രസിഡന്റ് ഹസ്സൻ റൗഹാനി

"തങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾ ഇനിയും അമേരിക്ക തുടരുക തന്നെയാണെങ്കിൽ അവരും വലിയ സാമ്പത്തിക പ്രതിസന്ധി തന്നെയാകും നേരിടേണ്ടി വരിക, ഇറാനിലെ ആളുകളുടെ പ്രതിരോധത്തെ അവർക്ക് അധികനാൾ കാണാതിരിക്കാനാവില്ല." 40 വർഷങ്ങൾക്കിടയിൽ ഇറാൻ കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്ന് സൂചിപ്പിച്ചുകൊണ്ട് അതിനു കാരണക്കാരായ അമേരിക്കയ്ക്ക് ഇറാനിയൻ പ്രസിഡണ്ട് ഹസ്സൻ റൗഹാനിയുടെ മുന്നറിയിപ്പ്. ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത തോതിൽ വിലക്കയറ്റം, പൈസയുടെ മൂല്യമിടിയൽ മുതലായവയാണ്‌ ഇറാൻ ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. വളർച്ച നിരക്കുകളൊക്കെ കുത്തനെ ഇടിയുകയാണ്. ഈ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും പാകപ്പിഴകൾ കൊണ്ടല്ല രാജ്യത്തിന് ഈ ഗതി വന്നതെന്നാണ് പ്രസിഡണ്ട് ഉറപ്പിച്ച് പറയുന്നത്. ഇറാനെ തകർക്കാനുള്ള അമേരിക്കയുടെ തന്ത്രപൂർവമായ ശ്രമം തന്നെയാണിതെന്നാണ് ഹസ്സൻ റൗഹാനിയുടെ പ്രധാന ആരോപണം.

ടെഹ്‌റാൻ ആണവ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറിയതോടെ ഇറാൻ വലിയ സമ്മർദ്ദത്തിലായി. അമേരിക്കയും അമേരിക്കൻ കക്ഷികളും നിരന്തരം തങ്ങളെ വേട്ടയാടുകയാണെന്നണ് ഇറാനിയൻ പ്രസിഡണ്ട് പറയുന്നത്. നാണയ പെരുപ്പം ഈ വർഷം 35 ശതമാനത്തിലധികമായി. കഴിഞ്ഞ വർഷം അത് 10  ശതമാനമായിരുന്നു. ഉദ്യോഗസ്ഥർക്ക് ചിലവിനനുസരിച്ച് വരുമാനമില്ലാതെയായി. സമ്മർദ്ദം അധികമായപ്പോൾ കർഷകരുടെയും, ഡ്രൈവര്‍മാരും, വ്യാപാരികളും നിരവധി പ്രതിഷേധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയും ചിലർക്ക് ഗവൺമെന്റുമായി കൊമ്പു കോർക്കേണ്ടി വരികയും ചെയ്തു.

പാവപ്പെട്ട കുടുംബങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഇറാനിയൻ ഗവൺമെന്റ് അടിസ്ഥാന സാമഗ്രികൾക്ക് സബ്‌സിഡി നല്കിവന്നിരുന്നു. ഇറക്കുമതി ചെയ്ത സാധനസാമഗ്രികളുടെ വില ഗവൺമെന്റിന് കൈകാര്യം ചെയ്യാനാകുന്നതിലും അപ്പുറമായപ്പോൾ സബ്‌സിഡി കൊടുക്കുന്നതുൾപ്പടെയുള്ള കാര്യത്തിൽ ഗവൺമെന്റ് ആകെ ഞെരുക്കത്തിലായി.

2015 ൽ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റ് ബരാക്ക് ഒബാമ ഒപ്പുവെച്ച കരാറിൽ നിന്ന് ഇപ്പോൾ യു എസ് പിന്മാറിയത് ലോക രാജ്യങ്ങളിലാകെ പ്രതിഷേധമുയർത്തിയിട്ടുണ്ട്.

Next Story

Related Stories