Top

യാഥാസ്ഥിതികരുമായി ഉടക്കി; ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സാരിഫ് രാജിവെച്ചു

യാഥാസ്ഥിതികരുമായി ഉടക്കി; ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സാരിഫ് രാജിവെച്ചു
ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് രാജിവെച്ചു. ആണവായുധ  കരാറുകളുമായി ബന്ധപ്പെട്ട് അമേരിക്ക ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ സാധിക്കാത്തത് തന്റെ കഴിവുകേടാണെന്നും ഇതിനു രാജ്യത്തോട് മാപ്പു പറയുന്നുവെന്നും സാരിഫ് നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം രാജിവച്ചതായി ഇറാന്‍ വിദേശകാര്യ വക്താവ് അറിയിച്ചത്. 2015 മുതൽ വിവിധ രാജ്യങ്ങളുമായുള്ള ഇറാൻ ആണവബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച ഇദ്ദേഹം, യുഎസ് നിർണ്ണായക ആണവ കരാറുകളിൽ നിന്ന് പിൻവലിഞ്ഞതുകൊണ്ടാകാം രാജിവെച്ചതെന്നാണ് ഗവൺമെന്റ് അനുമാനിക്കുന്നത്. എന്നാല്‍ പെട്ടെന്നുള്ള രാജിയുടെ കാരണത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.

കഴിഞ്ഞ ദിവസം ഒരു ഇന്റസ്ഗ്രാം പോസ്റ്റിലൂടെയാണ് പെട്ടെന്ന് താൻ രാജിവെച്ച് ഒഴിയുകയാണെന്ന് ഇദ്ദേഹം അറിയിക്കുന്നത്. ഇറാനിൽ നിരോധിക്കപ്പെട്ടിട്ടില്ലാത്ത ചുരുക്കം ചില സൈബർ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. തന്റെ പ്രവർത്തനകാലത്തുണ്ടായ തെറ്റ് കുറ്റങ്ങൾക്കും തന്റെ കഴിവുകേടിനും മാപ്പ് ചോദിച്ചുകൊണ്ട് ഇനി താൻ ഈ സ്ഥാനത്ത് തുടരുന്നില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. യു എസ്സിൽ നിന്ന് വിദ്യാഭ്യാസം നേടിയ  ഇദ്ദേഹം ഡെൻവർ സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര നിയമങ്ങളിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

Also Read: പുല്‍വാമ: സംഘര്‍ഷം കനക്കുന്നു; ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന് പാക്കിസ്ഥാന്‍ 

ഇറാനിലെ പ്രതിനിധീകരിച്ച് പലവട്ടം ഇദ്ദേഹം ലോക രാജ്യങ്ങളോട് ഇടപെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിൽ ഇറാൻ അംബാസിഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസുമായുള്ള ബന്ധങ്ങൾ തകരാറിലായതോടെ ജവാദിന് പലയിടങ്ങളിൽ നിന്നും സമ്മർദ്ദങ്ങൾ വന്നിരുന്നതായി ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  സിറിയ പ്രസിഡണ്ട് ബസാർ അൽ അസാദും ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമൈനിയും പങ്കെടുത്ത ടെഹ്റാനിലെ നിർണ്ണായക യോഗത്തിലും ഇദ്ദേഹം പങ്കെടുത്തില്ല.

ജവാദിന്റെ രാജി, ഇറാന്‍ ഭരണകൂടത്തിലെ യാഥാസ്ഥിതികരുമായുള്ള ഏറ്റുമുട്ടലിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ടെഹ്റാനില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം യാഥാസ്ഥിതിക പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. "നമുക്ക് സാമ്രാജ്യത്വ ശക്തികളുടെ തീരുമാനത്തിനു പിന്നില്‍ മറഞ്ഞിരിക്കാനോ നമ്മുടെ സ്വന്തം കഴിവുകേടിന് അവരെ കുറ്റം പറയാനോ കഴിയില്ല. സ്വാതന്ത്ര്യമെന്നത് ലോകത്ത് നിന്നുള്ള ഒറ്റപ്പെടലല്ല", അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് പ്രസിഡന്റ്റ് ഹസന്‍ റൌഹാനിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതാണ് ജവാദിന്റെ രാജിയെന്നാണ് കരുതപ്പെടുന്നത്. ബരാക് ഒബാമ യു.എസ് പ്രസിഡന്റായ സമയത്ത് ആരംഭിച്ച ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിക്കും എന്ന ഘട്ടത്തിലെത്തിയിരുന്നു. എന്നാല്‍ ട്രംപ് പ്രസിഡന്റായതോടെ അമേരിക്ക ഇതില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ജവാദ് ഇറാനിലെ യാഥാസ്ഥിതികരില്‍ നിന്ന് വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. ഒബാമയുമായി ഹസ്തദാനം ചെയ്തതു പോലും വിമര്‍ശിക്കപ്പെട്ടു.

Also Read: സര്‍ഫാസി നിയമം വീണ്ടും വില്ലനായി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും ദളിത് കുടുംബത്തെ വഴിയിലിറക്കി വിട്ട് സ്വകാര്യ ബാങ്ക്

Next Story

Related Stories