ജപ്പാന്റെ പ്രതീകമായി നിലകൊള്ളുന്ന ചക്രവർത്തിസ്ഥാനത്തുനിന്നും അകിഹിറ്റോ രാജാവ് സ്വമേധയാ സ്ഥാനമൊഴിയാനൊരുങ്ങുന്നു. 200 വർഷത്തെ ജപ്പാന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ചക്രവർത്തി സ്വമേധയാ കിരീടം ഉപേക്ഷിക്കുന്നത്. 86 വയസുകാരനായ അകിഹിതോ തന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് സ്ഥാനമൊഴിയുന്നതെന്നാണ് സൂചന. പ്രായാധിക്യവും രോഗങ്ങളും കൊണ്ട് തനിക്ക് തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത പോലെ തോന്നുന്നുവെന്നും ഉടനെ സ്ഥാനമൊഴിഞ്ഞേക്കുമെന്നും ഇദ്ദേഹം 2016 ൽ ഒരു പൊതുവേദിയിൽ സൂചിപ്പിച്ചിരുന്നു. അകിഹിതോ പുത്രൻ നാരുഹിതോ രാജകുമാരനെ സിംഹാസനം ഏല്പിച്ചുകൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ചക്രവർത്തിയ്ക്ക് ജപ്പാന്റെ ഭരണകാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം പരിമിതമായിരിക്കുമെങ്കിലും ജപ്പാന്റെ പ്രതീകമെന്ന നിലയുള്ള നിരവധി പ്രതീകാത്മകമായ കർത്തവ്യങ്ങളും പദവികളും ഈ സ്ഥാനത്തുള്ളവർക്കുണ്ടാകും. അകിഹിതോ പുറത്ത്പോകുന്നതോടെ ഒരു യുഗം അവസാനിക്കുമെന്നും മറ്റൊരു യുഗത്തിന്റെ ആരംഭമായിരിക്കുമെന്നുമാണ് ജപ്പാനിലെ ചില പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അകിഹിതോയുടെ സ്ഥാനമൊഴിയലും പുത്രന്റെ കിരീടധാരണ ചടങ്ങുകളും പരമ്പരാഗതമായി രാജകുടുംബം അനുഷ്ഠിച്ചുവരുന്ന നിഷ്ഠകളോടെയാകും നടക്കുക.
ജനങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു തുടർ ഭരണം ഉണ്ടാകണമെന്നും രണ്ടാം ലോക മഹായുദ്ധം അവശേഷിപ്പിച്ച മുറിവുകൾ വേഗം ഉണങ്ങണമെന്നും ഷിന്റോ ദേവതയായ സൂര്യനോട് പ്രാർത്ഥിച്ചുകൊണ്ടാണ് അകിഹിറ്റോ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുന്നത്. യുദ്ധാനന്തരം നിർമ്മിക്കപ്പെട്ട ഒരു ഭരണഘടനാ പ്രകാരമാണ് അകിഹിതോ സിംഹാസനത്തിലേറുന്നത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ധീരമായി പോരാടുകയും ജപ്പാൻ ജനതയെ രക്ഷിക്കാനായി പരിശ്രമിക്കുകയും ചെയ്തിരുന്ന ഹിരോഹിതോ ചക്രവർത്തിയെ ജനങ്ങൾ ദൈവമായി കണ്ട് ആരാധിച്ചിരുന്നു. അദ്ദേഹത്തിന്റെ കലാശേഷമാണ് മകൻ അകിഹിതോ കിരീടമേൽക്കുന്നത്. മൂന്നുപതിറ്റാണ്ടിലധികം കാലമാണ് ഇദ്ദേഹം ജപ്പാന്റെ ചക്രവർത്തിപദം അലങ്കരിച്ചത്. 2016 ൽ സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഇദ്ദേഹം തന്നെ ജനങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു.