TopTop
Begin typing your search above and press return to search.

ജപ്പാന്റെ ആദ്യ ആധുനിക ചക്രവർത്തി: ആരാണ് നാരുഹിതോ?

ജപ്പാന്റെ ആദ്യ ആധുനിക ചക്രവർത്തി: ആരാണ് നാരുഹിതോ?

ജപ്പാന്റെ പ്രതീകമായി നിലകൊള്ളുന്ന ചക്രവർത്തി സ്ഥാനത്തുനിന്നും അകിഹിതോ രാജാവ് ഇന്നലെ സ്ഥാനമൊഴിഞ്ഞ് മകൻ നാരുഹിതോ ആ കിരീടമണിയുമ്പോൾ ജപ്പാൻ ജനത ഒരേസ്വരത്തിൽ പറഞ്ഞത് ഒരു യുഗം അവസാനിച്ചുവെന്നാണ്. അങ്ങനെ ചിന്തിക്കാൻ കാരണങ്ങൾ ഏറെയാണ് താനും. പരമ്പരാഗത വിശ്വാസങ്ങളും പ്രതീകാത്മകമായ കർത്തവ്യങ്ങളും രാജാധികാരവുമായി ബന്ധപ്പെട്ട മിത്തുകളും കൂടി കുഴഞ്ഞു കിടക്കുന്ന ഒരു സ്ഥാനത്തേക്കാണ് 'തീർത്തും ആധുനികൻ' എന്ന് ആഗോള മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന നാരുഹിതോ കടന്നുവരുന്നത്. പുറം നാട്ടിൽ പോയി വിദ്യാഭ്യാസം നേടിയെന്നത് മാത്രമല്ല, ജീവിതത്തോടുള്ള കാഴ്ചപ്പാടുകളിൽ പലപ്പോഴും ഒരു ആധുനികൻ ആയി തന്നെ നിലനിന്നിട്ടുള്ള നാരുഹിതോ ഈ ആധുനിക- പാരമ്പര്യ സംഘർഷങ്ങളെ എങ്ങനെ നേരിടുമെന്നാണ് ലോകം ഇപ്പോൾ കാത്തിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം കാലം ജപ്പാൻ ചക്രവർത്തിയായിരുന്ന അച്ഛൻ സ്വമേധയാ സ്ഥാനമൊഴിയുമ്പോൾ നാരുഹിതോ എന്ന അൻപത്തൊന്പതുകാരൻ ആധുനികനിൽ അർപ്പിക്കപ്പെടുന്ന വിശ്വാസം വളരെ വലുതാണ്.

ഏറ്റവും പഴക്കം ചെന്ന ചക്രവർത്തിഭരണം നിലനിൽക്കുന്ന ജപ്പാനിലെ ഈ ആദ്യത്തെ ആധുനിക ചക്രവർത്തി നാരുഹിതോ ആരാണ്?

പ്രായാധിക്യം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ മൂലം തന്റെ കർത്തവ്യ നിർവഹണത്തിന് വീഴ്ചകൾ സംഭവിക്കുന്നുവെന്ന് പറഞ്ഞാണ് ഇന്നലെ അകിഹിതോ ചക്രവർത്തി സ്ഥാനമൊഴിഞ്ഞത്. 200 വർഷങ്ങളായുള്ള ജപ്പാൻ ചക്രവർത്തിഭരണത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരാൾ സ്വമേധയാ സിംഹാസനമൊഴിയുന്നത്. ജനങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു ഭരണം ഉണ്ടാകണമെന്നും രണ്ടാം ലോക മഹായുദ്ധം അവശേഷിപ്പിച്ച മുറിവുകൾ ഉണങ്ങണമെന്നും സൂര്യ ദേവതയോട് പ്രാർത്ഥിച്ചുകൊണ്ടാണ് അകിഹിതോ പടിയിറങ്ങിയത്. ചക്രവർത്തിയ്ക്ക് ജപ്പാന്റെ ഭരണകാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം പരിമിതമായിരിക്കുമെങ്കിലും ജപ്പാന്റെ പ്രതീകമെന്ന നിലയുള്ള നിരവധി പ്രതീകാത്മകമായ കർത്തവ്യങ്ങളും പദവികളും ഈ സ്ഥാനത്തുള്ളവർക്കുണ്ടാകും. അകിഹിതോ പുറത്തുപോകുന്നതോടെ ഒരു യുഗം അവസാനിക്കുമെന്നും മറ്റൊരു യുഗത്തിന്റെ ആരംഭമായിരിക്കുമെന്നുമാണ് ജപ്പാനിലെ ചില പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടാം ലോക മഹായുദ്ധ സമയത്ത് ധീരമായി പ്രതിരോധിച്ച, ജനങ്ങൾ ദൈവമായി കണ്ട് ആരാധിച്ചിരുന്ന ഹിരോഹിതോ ചക്രവർത്തിയാണ് തന്റെ മകൻ അകിഹിതോയ്ക്ക് ഒരു ആൺകുഞ്ഞ് ജനിച്ചപ്പോൾ അവനെ നാരുഹിതോ എന്ന് പേര് ചൊല്ലി വിളിക്കുന്നത്. ജപ്പാൻ ജനതയുടെ ദൈവമായി അറിയപ്പെട്ട ആ ചക്രവർത്തി തന്റെ കൊച്ചുമകന് കണ്ടെത്തിയ പേരിനർത്ഥവും 'ദൈവികമായ ഗുണഗണങ്ങളോട് കൂടിയവൻ' എന്നായിരുന്നു. എന്നാൽ ചക്രവർത്തിമാർ ദൈവങ്ങളോ വിശുദ്ധ പശുക്കളോ അല്ലെന്ന ഒരു തിരിച്ചറിവിലേക്കും ജനാധിപത്യ മൂല്യങ്ങളിലേക്കും വളർന്നു കഴിഞ്ഞ ഒരു ചരിത്രഘട്ടത്തിൽ കിരീടമേൽക്കുമ്പോൾ നാരുഹിതോ പ്രഖ്യാപിച്ചത് ഞാൻ ഭരണഘടനാ അനുസരിച്ച് മാത്രമേ പ്രവർത്തിക്കൂവെന്നാണ്. ഭരണഘടനയുടെ ഒരു പ്രത്യേകാവകാശമാണ് ജപ്പാനിൽ ചക്രവർത്തിമാർക്ക് ചില പ്രതീകാത്മകമായ അവകാശങ്ങളും കർത്തവ്യങ്ങളും അനുവദിച്ചു നൽകുന്നത്. ‘ഈ രാജ്യത്തിന്റെ പ്രതീകമെന്ന നിലയിൽ പ്രവർത്തിക്കുന്നതിൽ ഞാൻ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ല. പൂർണ്ണമായും ഭരണഘടനയ്ക്ക് അനുസൃതമായി തന്നെയായിരിക്കും എന്റെ പ്രവർത്തനങ്ങൾ. ഈ രാജ്യത്തെ ജനതയുടെ ഐക്യമാണ് എന്റെ പ്രഥമ പരിഗണന.’ രാജ്യത്തിന്റെ 126 മത് ചക്രവർത്തിയെ കേൾക്കാൻ ആവേശത്തോടെ കാത്തിരുന്ന ജനതയ്ക്ക് മുൻപിൽ കിരീടമണിഞ്ഞ ഉടൻ നാരുഹിതോ പ്രതിജ്ഞ ചെയ്തു.

1960 ഫെബ്രുവരി 23 നാണ് നാരുഹിതോയുടെ ജനനം. രാജകുടുംബത്തിലെ മറ്റ് അംഗംങ്ങളിൽ നിന്നും വ്യത്യസ്തമായി ചെറുപ്പകാലം മുഴുവൻ നാരുഹിതോ രാജകുമാരൻ ചിലവഴിച്ചത് കൊട്ടാരത്തിനകത്തളങ്ങളിൽ തന്നെയാണ്. രാജാവിന്റെ ആദ്യ പുത്രനെന്ന സവിശേഷ അധികാരത്തിൽ ഭ്രമിക്കാതെ പൊതുവിൽ ശാന്തമായ ജീവിതം നയിച്ചുവന്നിരുന്ന നാരുഹിതോ തന്റെ ഉന്നത വിദ്യാഭ്യാസത്തിനായി സ്വപ്നം പോലെ ഓക്സ്ഫോര്‍ഡ് സർവകലാശാലയിലേക്ക് പറന്നു. അവിടെ സാധാരണ കുട്ടികളെ പോലെ ഡോർമെട്രിയിൽ താമസം, ലളിത ജീവിതം, ജീവിതത്തെയാകെ ചൂഴ്ന്ന് നിൽക്കുന്ന ആധുനിക മൂല്യബോധം.... ചരിത്ര വിദ്യാർത്ഥിയായിരുന്ന നാരുഹിതോയ്ക്ക് സ്വന്തം ജനതയുടെ ചരിത്രത്തെക്കുറിച്ചും തന്റെ തന്നെ സ്വത്വത്തെക്കുറിച്ചും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു ഉണ്ടായിരുന്നത്.

ഏഴാം നൂറ്റാണ്ടിൽ ഉൾപ്പടെ വേരുകളുണ്ടെന്ന് പറയപ്പെടുന്ന ജപ്പാൻ ചക്രവർത്തിപരമ്പര്യത്തിലോ, രാജ്യം നോക്കാനായി ദൈവം തിരഞ്ഞെടുത്തവൻ (ടെന്നോ) മിത്തിക്കൽ ബോധനത്തിനകത്തോ നാരുഹിതോയെ ഉൾക്കൊള്ളിക്കാനാകുമോ എന്നതായിരുന്നു അരമനയ്ക്കകത്തെ പ്രധാന പ്രതിസന്ധി. എന്നാൽ രാജ്യത്തിനനുഗുണമായി പ്രവർത്തിക്കുമെന്ന് നാരുഹിതോ പൂർണ്ണ ഉറപ്പ് നൽകിയതോടെയാണ്‌ അകിഹിതോ തന്റെ രാജവീഥി മകന് സ്വതന്ത്രമായി വിഹരിക്കാനായി ഒഴിഞ്ഞുകൊടുക്കുന്നത്.

ഇംഗ്ലണ്ടിലെ ചരിത്ര പഠന കാലം തന്റെ ജീവിതത്തിലെ ഒരു നിർണ്ണായക വഴിത്തിരിവ് തന്നെയാണെന്ന് നാരുഹിതോ പല അഭിമുഖങ്ങളിലും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. 'എന്റെ തന്നെ തീരുമാനങ്ങൾക്ക് വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും എനിക്ക് ഊർജ്ജം തന്നത് ഇംഗ്ളണ്ടിലെ പഠന കാലയളവാണ്‌.' നാരുഹിതോ പറയുന്നു. അതിഗംഭീരമായ ഒരു പിറന്നാൾ ആഘോഷ ദിനത്തിൽ നാരുഹിതോ പറഞ്ഞ ഒരു വാചകം ലോകശ്രദ്ധ നേടിയിരുന്നു. ജനങ്ങളുടെ കണ്ണീരും പുഞ്ചിരിയും പങ്കുവെച്ചില്ലെങ്കിൽ പിന്നെ ഒരു ചക്രവർത്തിയെകൊണ്ട് എന്തിനു കൊള്ളാം എന്ന നിലയ്ക്കാണ് നാരുഹിതോ അന്ന് സംസാരിച്ചത്. ചക്രവർത്തി എന്നാൽ ജനങ്ങളിൽ നിന്ന് അകന്ന്മാറി ദന്തഗോപുരത്തിൽ ജീവിക്കുന്ന ദൈവങ്ങളല്ല എന്ന് ലോകത്തിനു ബോധ്യമാക്കി കൊടുത്ത അകിഹിതോ സ്ഥാനമൊഴിയുമ്പോൾ, മുൻപ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയ നാരുഹിതോയിലാണ് ജനങ്ങളുടെ പ്രതീക്ഷ.

കോടതി വരാന്തയിലെ കാളിമൂപ്പന്‍; ദൈവങ്ങള്‍ ഉപേക്ഷിച്ച ഒരു പോരാളിയുടെ ജീവിതം


Next Story

Related Stories