TopTop
Begin typing your search above and press return to search.

ജെര്‍മി കോര്‍ബിന്‍: വ്യവസ്ഥാ വിരുദ്ധന്‍, അവഗണിക്കാനാവാത്ത ജനനേതാവ്

ജെര്‍മി കോര്‍ബിന്‍: വ്യവസ്ഥാ വിരുദ്ധന്‍, അവഗണിക്കാനാവാത്ത ജനനേതാവ്

ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരുമൊന്നും യാതൊരു സാദ്ധ്യതയും കല്‍പ്പിച്ചിരുന്നില്ല. ജെര്‍മി കോര്‍ബിനെ ലേബര്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടത്തിയ അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയുടെ എംപിമാര്‍ ശ്രമം നടത്തിയിരുന്നു. കോര്‍ബിന്‍ പ്രധാനമന്ത്രിയാകാനുള്ള സാദ്ധ്യതയുണ്ടാകുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം തിരിച്ചടിയുണ്ടായെങ്കിലും പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തന്നെയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള സാദ്ധ്യത ടോറികള്‍ക്ക് (കണ്‍സര്‍വേറ്റീവ്) മുന്നിലുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കോര്‍ബിന്‍, തെരേസ മേയെ നിഷ്പ്രഭയാക്കിയിരിക്കുന്നു. കോര്‍ബിന്റെ ഇടതുപക്ഷ ലിബറല്‍ രാഷ്ട്രീയത്തിന് ബ്രിട്ടീഷ് ജനത വലിയ തോതില്‍ പിന്തുണ നല്‍കിയിരിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പോലെ ഇതും ഏറെക്കുറെ അപ്രതീക്ഷിതമാണ്. ഇരുവരും തമ്മില്‍ ഏറെ വൈരുദ്ധ്യങ്ങളുണ്ടെങ്കിലും വ്യവസ്ഥാപിതമായ രീതികളെ ചോദ്യം ചെയ്യുന്നവരാണ്. ട്രംപില്‍ നിന്ന് വ്യത്യസ്തനായി ശക്തമായ ഇടതുപക്ഷ രാഷ്ട്രീയവും കാഴ്ചപ്പാടുകളുമുള്ളയാളാണ് ജെര്‍മി കോര്‍ബിന്‍. ലേബര്‍ പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ടോണി ബ്ലെയറിനെ പോലുള്ളവര്‍ക്ക് അവകാശപ്പെടാനാവാത്ത ഇടതുപക്ഷ രാഷ്ട്രീയം. കോര്‍ബിന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ പാര്‍ലമെന്റിലേയും ലേബര്‍ പാര്‍ട്ടിയിലേയും മാദ്ധ്യമ ലോകത്തേയും വിമര്‍ശകര്‍ക്കിടയില്‍ കോര്‍ബിന്‍ ധാര്‍മ്മിക വിജയം നേടിക്കഴിഞ്ഞിരിക്കുന്നു. കോര്‍ബിന്റെ ഇടതുപക്ഷ നയങ്ങള്‍ക്കും വ്യവസായങ്ങളുടെ പുനര്‍ ദേശസാത്കരണം പോലുള്ള വാഗ്ദാനങ്ങള്‍ക്കും ജനങ്ങളുടെ അംഗീകാരം ലഭിച്ചിരിക്കുന്നു. കോര്‍ബിന്‍ വിമത ഗ്രൂപ്പായ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയേയും പാലസ്തീനിലെ ഹമാസിനേയും പിന്തുണയ്ക്കുന്നയാളാണെന്ന് പറഞ്ഞ് യാഥാസ്ഥിതിക വോട്ടര്‍മാരെ ലക്ഷ്യം വച്ച് ടോറികള്‍ അടക്കമുള്ള എതിരാളികള്‍ നടത്തിയ പ്രചാരണം ഏറ്റില്ല.

മാഞ്ചസ്റ്ററിലെ ചാവേര്‍ ബോംബാക്രമണം, ലണ്ടന്‍ ബ്രിഡ്ജിലെ ആക്രമണം തുടങ്ങിയവയുടെയെല്ലാം പശ്ചാത്തലത്തില്‍ ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തെരേസ മേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും വേണമെന്ന പ്രചാരണം ഏശിയില്ല. ഭീകരവിരുദ്ധ നടപടികള്‍, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ജെര്‍മി കോര്‍ബിന്റേത് ദുര്‍ബലമായ നിലപാടാണെന്നുള്ള പ്രചാരണവും ഫലിച്ചില്ല. ശക്തവും സ്ഥിരതയുള്ളതും കണ്‍സര്‍വേറ്റീവ് ഭരണവും കോര്‍ബിന്റെ തീവ്ര ഇടതുപക്ഷ നിലപാടുകള്‍ കുത്തി നിറച്ച ലേബര്‍ ഭരണവുമാണ് രണ്ട് വഴികളെന്ന് ഏപ്രിലില്‍ പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള (ബ്രെക്‌സിറ്റ്) ജനഹിതപരിശോധന വിധിയുടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും തെരേസ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ജനങ്ങള്‍ തെരേസ മേയേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേയും അത്രകണ്ട് പരിഗണിച്ചില്ല.

മറ്റ് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ജെര്‍മി കോര്‍ബിനെ വേറിട്ട് നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ പെരുമാറ്റ രീതികളും വിട്ടുവീഴ്ചയില്ലാത്ത നയ സമീപനങ്ങളുമാണ്. നയസമീപനങ്ങളില്‍ വളരെ വേഗത്തില്‍ മാറ്റം വരുത്തുന്നവരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് കോര്‍ബിന്‍. ബ്രിട്ടന്റെ സ്വതന്ത്ര ആണവായുധ പദ്ധതിക്ക് എതിരാണ് കോര്‍ബിന്‍. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ഗവണ്‍മെന്റ് കൂടുതല്‍ പണം ചിലവഴിക്കണമെന്നും കോര്‍പ്പറേറ്റുകള്‍ക്ക് മേല്‍ ഉയര്‍ന്ന നികുതി ചുമത്തണമെന്നും ജെര്‍മി കോര്‍ബിന്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ 30 വര്‍ഷമായി കോര്‍ബിന്‍ ഇതേ ആവശ്യങ്ങള്‍ മാറ്റമില്ലാതെ ഉന്നയിക്കുന്നു. ഈ ആവശ്യങ്ങള്‍ക്ക് ഇപ്പോഴും പ്രസ്‌ക്തിയുണ്ടെന്ന് ജനങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ്.

മദ്ധ്യ ഇംഗ്ലണ്ടിലെ ഗ്രാമീണ മേഖലയായ ഷ്രോപ് ഷയറിലാണ് കോര്‍ബിന്‍ വളര്‍ന്നത്. അവിടെ ഒരു ഗ്രാമര്‍ സ്‌കൂളിലും നോര്‍ത്ത് ലണ്ടന്‍ കോളേജിലുമായാണ് വിദ്യാഭ്യാസം. എന്നാല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയില്ല. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായി. 25ാം വയസില്‍ ഹാരിംഗേയിലെ കൗണ്‍സില്‍ സീറ്റില്‍ വിജയിച്ചത് രാഷ്ട്രീയ ജീവിതത്തിലെ ആദ്യ വഴിത്തിരിവായി. ഒമ്പത് വര്‍ഷത്തിന് ശേഷം ലണ്ടനിലെ ഇസ്ലിംഗ്ടണ്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റ് അംഗമായി. അതേവര്‍ഷം തന്നെയാണ് ടോണി ബ്ലെയറും പാര്‍ലമെന്റ് അംഗമായത്. ഇരുവരുടേയും വഴികള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. 1994ല്‍ ലേബര്‍ പാര്‍ട്ടി നേതാവായ ടോണി ബ്ലെയര്‍ 97ല്‍ പ്രധാനമന്ത്രിയായി. കോര്‍ബിന്‍ അപ്പോഴും ഹൗസ് ഓഫ് കോമണ്‍സിന്റെ (ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭ) ഏറ്റവും പിന്‍നിരയില്‍ എംപി മാത്രമായി തുടര്‍ന്നു.

സ്വന്തം പാര്‍ട്ടിയുടെ നേതാവായ ബ്ലെയറിനും ലേബര്‍ ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ക്കുമെതിരെ വിമത ശബ്ദമുയര്‍ത്തി. ഇറാഖ് യുദ്ധത്തെ ഏറ്റവും ശക്തമായി എതിര്‍ത്ത ബ്രിട്ടീഷ് നേതാക്കളില്‍ ഒരാളായിരുന്നു ജെര്‍മി കോര്‍ബിന്‍. 2015ല്‍ ബ്രിട്ടന്റെ ഏറ്റവും ജനകീയനായ നേതാവായി ജെര്‍മി കോര്‍ബിന്‍ തിരഞ്ഞെടുക്കപ്പെട്ടു. 60 ശതമാനം പേരുടെ പിന്തുണയാണ് കോര്‍ബിന് അഭിപ്രായ വോട്ടെടുപ്പില്‍ ലഭിച്ചത്. 18 മുതല്‍ 34 വരെ പ്രായമുള്ളവര്‍ക്കിടയില്‍ ബഹുഭൂരിപക്ഷത്തിന്റേയും പിന്തുണ 68കാരനായ കോര്‍ബിനാണ്. അമേരിക്കയില്‍ ബേണി സാന്‍ഡേഴ്‌സണും ഇത്തരത്തില്‍ പിന്തുണ വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മദ്ധ്യവര്‍ത്തി നേതാക്കളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് കോര്‍ബിന്‍ നേരിട്ടത്.

ട്രംപിന്റേയും കോര്‍ബിന്റേയും വ്യക്തിജീവിതത്തിലെ സമാനത രണ്ട് പേരും മൂന്ന് തവണ വിവാഹിതരായിരുന്നു എന്നതാണ്. പക്ഷെ സമാനതകളേക്കാളും വ്യത്യാസങ്ങളാണ് ഇരുവരുടേയും സ്വാഭാവത്തില്‍ കാണാനാവുക. ആഡംബര ഹോട്ടല്‍ റിസോര്‍ട്ടില്‍ ഗോള്‍ഫ് കളിച്ച് ഒഴിവ് സമയം ചിലവഴിക്കുന്നതിന് പകരം കൂട്ടുകൃഷിയിടത്തില്‍ സമയം ചിലവിടാനാണ് അദ്ദേഹം താല്‍പര്യപ്പെടുന്നത്. ഒരു ഹൈസ്‌കൂള്‍ സയന്‍സ് അദ്ധ്യാപകന്റെ രീതികളാണ് പലപ്പോഴും കോര്‍ബിന്. രാഷ്ട്രീയക്കാരുടെ നടപ്പുരീതികള്‍ കണ്ടുമടുത്ത ജനങ്ങളെ പുതുമ അനുഭവിപ്പിക്കാന്‍ കോര്‍ബിന്റെ പ്രചാരണ രീതികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് 2015ലെ തിരഞ്ഞടുപ്പ് കാലത്ത് ലേബര്‍ നേതാവ് എഡ് മിലിബാന്‍ഡിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായിരുന്ന ടോം ബാള്‍ഡ്‌വിന്‍ പറയുന്നു. അഭിമുഖങ്ങളെ കോര്‍ബിന്‍ ഒരിക്കലും ഭയപ്പെടുന്നില്ല. മറ്റുള്ളവര്‍ തന്നെ തിരിച്ചറിയുന്നതിനേയും കോര്‍ബിന്‍ ഭയപ്പെടുന്നില്ല, മറിച്ച് അതില്‍ സന്തുഷ്ടനാണ്.


Next Story

Related Stories