TopTop
Begin typing your search above and press return to search.

മുന്‍ റഷ്യന്‍ ചാരന് നേരെ വധശ്രമം; ലണ്ടനും മോസ്കോയും നേര്‍ക്കുനേര്‍

മുന്‍ റഷ്യന്‍ ചാരന് നേരെ വധശ്രമം; ലണ്ടനും മോസ്കോയും നേര്‍ക്കുനേര്‍

മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ മാര്‍ച്ച് നാലിന് നടന്ന നാഡീവിഷ ആക്രമണത്തില്‍ ലണ്ടനും മോസ്കോയും നേര്‍ക്കുനേര്‍. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് വ്ളാഡിമിര്‍ പുടിന്‍ ഭരണകൂടത്തോട് വിശദീകരണം ചോദിച്ചതിന് പിന്നാലെ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യു കെ പുറത്താക്കി. റഷ്യ തക്കതായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇത് യുകെയ്ക്കെതിരെ റഷ്യന്‍ ഭരണകൂടം നടത്തുന്ന “നിയമവിരുദ്ധ നടപടി”യായി കണക്കാക്കുമെന്ന് മെയ് പറഞ്ഞിരുന്നു.

ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിന് ശേഷം എം പിമാരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ ആക്രമണത്തിന് പിന്നില്‍ റഷ്യ ആയിരിക്കാന്‍ സാധ്യത കൂടുതലാണ് എന്നു മെയ് വ്യക്തമാക്കിയത്. നമ്മുടെ മണ്ണില്‍ വെച്ചു നിഷ്കളങ്കരായ പൌരന്മാരെ കൊലചെയ്യാനുള്ള നിര്‍ലജ്ജമായ ശ്രമത്തെ അനുവദിക്കില്ലെന്നും തെരേസ മെയ് മുന്നറിയിപ്പ് നല്‍കി.

സംഭവത്തില്‍ വിശദീകരണം നല്‍കാനുള്ള അന്ത്യശാസനത്തിന്റെ സമയപരിധി അര്‍ദ്ധരാത്രിയോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് 23 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും റഷ്യയുമായുള്ള എല്ലാ ഉന്നത തല ബന്ധങ്ങള്‍ വിഛേദിക്കാനും യു കെ തീരുമാനിച്ചത്. യു കെ സന്ദര്‍ശിക്കുന്നതിനുള്ള റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനുള്ള ക്ഷണം പിന്‍വലിക്കും. അതുപോലെ തന്നെ അടുത്ത ലോകകപ്പിലേക്ക് മന്ത്രിമാരെയോ രാജ കുടുംബാംഗങ്ങളെയോ അയക്കേണ്ടതില്ല എന്നും തീരുമാനിച്ചിട്ടുണ്ട്.

തെളിവുകള്‍ സൂചിപ്പിക്കുന്നത് സൈന്യം ഉപയോഗിക്കുന്ന നാഡീ വിഷമാണ് സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ പ്രയോഗിച്ചിരിക്കുന്നത് എന്നാണ്. ഇത് റഷ്യന്‍ നിര്‍മ്മിതവുമാണ്.1970നും 80നും ഇടയിലാണ് നോവിചോക് എന്നറിയപ്പെടുന്ന രാസകുടുംബത്തില്‍ പെട്ട നാഡീ വിഷം ഉത്പാദിപ്പിച്ചത്.

യു കെയിലെ തീവ്ര നിലപാടുകാരനായ റഷ്യന്‍ അംബാസിഡര്‍ ആലേക്സാണ്ടര്‍ യാകോവേങ്കോയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാന്‍ വിദേശ സെക്രട്ടറി ബോറിസ് ജോണ്‍സണെ തെരേസ മെയ് ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം യു കെയുടെ പൊടുന്നനെയുള്ള പ്രതികരണം റഷ്യയെ പ്രകോപിതരാക്കിയിട്ടുണ്ട്. റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ വക്താവായ മരിയ സക്കാറോവ പറഞ്ഞത് തെരേസ മേയുടെ പ്രതികരണം പ്രകോപനപരമാണ് എന്നാണ്. അവര്‍ നടത്തിയത് “ബ്രിട്ടിഷ് പാര്‍ലമെന്റിലെ സര്‍ക്കസ്” മാത്രമാണ് എന്നു മരിയ സക്കാറോവ കളിയാക്കി.

2006-ല്‍ FSB ഉദ്യോഗസ്ഥന്‍ അലക്സാണ്ടര്‍ ലിത്വിനെങ്കോവിനെ ആണവവികിരണ ചായക്കോപ്പയുമായി ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ റഷ്യന്‍ പാര്‍ലമെന്‍റ് അംഗം ആന്ദ്രെ ലൂഗോവോയ് പറഞ്ഞത് മോസ്കോയ്ക്ക് നേരെ വിരല്‍ചൂണ്ടിയ യു കെയുടെ നടപടി “നിരുത്തരവാദപരം” ആണെന്നാണ്.

നോവിചോക് എന്നറിയപ്പെടുന്ന രാസകുടുംബത്തില്‍ പെട്ട നാഡീ വിഷം നേരത്തെ റഷ്യയാണ് ഉദ്പാദിപ്പിച്ചിരുന്നത്. അവര്‍ ഇപ്പൊഴും അത് നിര്‍മ്മിക്കാനുള്ള ശേഷി ഉള്ളവരാണ്. അതുപോലെ തന്നെ ഭരണകൂട സ്പോണ്‍സേര്‍ഡ് കൊലപാതകങ്ങള്‍ നടത്തുന്നതിലുള്ള റഷ്യയുടെ മുന്‍ ചരിത്രവും സംശയത്തിന് ബലം കൂട്ടുന്നു.

“ഒന്നുകില്‍ ഇത് റഷ്യന്‍ ഭരണകൂടം നമ്മുടെ രാജ്യത്തിന് നേരെ നടത്തിയ പ്രത്യക്ഷ ആക്രമണം, അല്ലെങ്കില്‍ തങ്ങളുടെ ഉത്പന്നമായ നാഡീ വിഷത്തിന്റെ നിയന്ത്രണം റഷ്യക്കാര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അത് മറ്റാരുടെയോ കയ്യില്‍ എത്തപ്പെട്ടിരിക്കുന്നു” തെരേസ മെയ് പറഞ്ഞു.

എന്തായാലും ശീതയുദ്ധാനന്തര കാലഘട്ടത്തിലെ വലിയൊരു നയതന്ത്ര തര്‍ക്കത്തിലേക്കാണ് മോസ്കോയും ലണ്ടനും നീങ്ങുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. വിഷയത്തില്‍ യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയുടെ പിന്തുണ തെരേസ മെയ് തേടിക്കഴിഞ്ഞു.

അന്വേഷണത്തിലെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ വിലയിരുത്താന്‍ ആഭ്യന്തര സെക്രട്ടറി ആംബര്‍ റോഡ് കൊബ്ര എമര്‍ജന്‍സി കമ്മിറ്റിയുടെ മീറ്റിംഗ് വിളിച്ചുകൂട്ടി.

ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ സംഭവത്തെ വിശേഷിപ്പിച്ചത് "ഭീഷണമായ ആക്രമണം" എന്നാണ്. എന്നിരുന്നാലും മോസ്കോയുമായുള്ള ആശയവിനിമയം പരിപൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള നീക്കം അപകടകരമാണ് എന്നു കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. റഷ്യന്‍ കുത്തക മുതലാളിമാരില്‍ നിന്നും മെയ് അധികാരത്തില്‍ എത്തിയതിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി £820,000 സംഭാവനയായി സ്വീകരിച്ചെന്ന രാഷ്ട്രീയ ആരോപണവും ഇതിനിടെ കോര്‍ബിന്‍ ഉയര്‍ത്തി.

http://www.azhimukham.com/foreign-stories-behind-murder-attempt-former-russian-spy/

അലക്സാണ്ടര്‍ ലിത്വിനെങ്കോവിനെ പൊളോണിയം ഉപയോഗിച്ച് കൊലപ്പെടുത്തിയ ലൂഗോവോയ്, ദിമിത്രി കൊവ്ടന്‍ എന്നീ കൊലയാളികളെ രാജ്യത്തു നിന്നും പുറത്താക്കാന്‍ വ്ളാഡിമിര്‍ പുടിന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് 2007ല്‍ ഗോര്‍ഡന്‍ ബ്രൌണ്‍ രണ്ട് റഷ്യന്‍ നയതന്ത്ര ഉദ്യോസ്ഥരെ രാജ്യത്തു നിന്നും പൂര്‍ത്താക്കിയിരുന്നു. മറുപടിയായി നാല് ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയാണ് റഷ്യ പ്രതികരിച്ചത്.

മേയുടെ അന്ത്യ ശാസനത്തോട് പുടിന്‍ മോശമായി പ്രതികരിക്കാനുള്ള സാധ്യത കുറവാണ്. ലിത്വിനെങ്കോവിന്റെ കൊലപാതകം നടക്കുമ്പോള്‍ ഡെപ്യൂട്ടി അംബാസിഡര്‍ ആയിരുന്ന ലാറി ബ്രിസ്റ്റോ ആണ് ഇപ്പോള്‍ റഷ്യയില്‍ യു കെ അംബാസിഡര്‍. നിലപാടുകളുടെ കാര്യത്തില്‍ ദുര്‍ബലനാണ് ഇദ്ദേഹം.

ചിലപ്പോള്‍ ബിബിസിക്കെതിരെ റഷ്യ നടപടി എടുക്കാനും സാധ്യതയുണ്ട് എന്നു നയതന്ത്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. ലിത്വിനെങ്കോവിന്റെ കൊലപാതകം നടന്ന സമയത്ത് ബ്രിട്ടിഷ് കൌണ്‍സിലിന്റെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ ഓഫീസ് മോസ്കോ അടച്ചു പൂട്ടിയിരുന്നു. കൂടാതെ അന്നത്തെ അതിന്റെ ഡയറക്ടറും ഇപ്പോള്‍ ലേബര്‍ എം പിയുമായ സ്റ്റീഫന്‍ കിന്നോക്ക് മദ്യപിച്ചു വാഹനമോടിച്ചു എന്നാരോപിക്കുകയും ചെയ്തിരുന്നു.

റഷ്യയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുന്‍പാണ് സ്ക്രിപാലിനെ കൊലപ്പെടുത്താനുള്ള നീക്കം ഉണ്ടായിരിക്കുന്നത്. ഇത് യാഥാസ്ഥിതിക വോട്ട് ബാങ്ക് നിലനിര്‍ത്താനുള്ള പുട്ടിന്റെ തന്ത്രമാണ് എന്ന വ്യാഖ്യാനവും ഉണ്ട്.

പുറത്തുപോകുന്ന യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത് യു കെയുടെ ആരോപണത്തില്‍ തങ്ങള്‍ക്ക് വിശ്വാസം ഉണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണ് എന്നു കരുതുന്നു എന്നുമാണ്. “ഇങ്ങനെയൊരു ആക്രമണത്തിന് യാതൊരു ന്യായീകരണവും ഇല്ല. റഷ്യ വീണ്ടും ഇത്തരം ആക്രമണങ്ങളിലേക്ക് തിരിയുന്നു എന്നത് ആശങ്കാകുലമാണ്.”ടില്ലേഴ്സണ്‍ പറഞ്ഞു.

റഷ്യയാണ് നാഡീ വിഷ ആക്രമണത്തിന് പിന്നില്‍ എന്ന യു കെയുടെ ആരോപണം നാറ്റോ ഗോരവമായി കാണുന്നു എന്നാണ് നാറ്റോ സെക്രട്ടറി ജെന്‍സ് സ്റ്റോളന്‍ബര്‍ഗ് പറഞ്ഞത്.

ഇതിനിടെ റഷ്യ 4 ന്യൂസ് ചാനല്‍ വെസ്റ്റി നെഡെലിയുടെ അവതാരകന്‍ ദിമിത്രി കിസെല്യോവ് സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നടന്ന നാഡീ വിഷ ആക്രമണത്തിന് പിന്നില്‍ ബ്രിട്ടനാണ് എന്നാരോപണവുമായി രംഗത്ത് വന്നു. 2018ലെ ലോക കപ്പ് ഫുട്ബോള്‍ മത്സരം ബഹിഷ്കരിക്കാനുള്ള നീകത്തിന്റെ മുന്നോടിയാണ് ഇതെന്നാണ് അവതാരകന്റെ ആരോപണം.


Next Story

Related Stories