Top

പല്ലക്കിലേറി പുതിയ തായ് രാജാവ് രാമ പത്താമന്റെ ബാങ്കോക്ക് സന്ദര്‍ശനം

പല്ലക്കിലേറി പുതിയ തായ് രാജാവ് രാമ പത്താമന്റെ ബാങ്കോക്ക് സന്ദര്‍ശനം
കിരീടധാരണത്തിന്റെ പിറ്റേന്ന് നാടിനെയും നാട്ടുകാരെയും സന്ദർശിക്കാൻ രാജകീയ പ്രൗഢിയോടെ പല്ലക്കിലേറി യാത്ര ചെയ്ത് തായ്‌ലണ്ടിന്റെ പുതിയ രാജാവ് രാമ പത്താമൻ. വാജിരലോങ്‌കോണിനെ തായ്‌ലണ്ടിന്റെ രാമ പത്താമനാക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങിന്റെ രണ്ടാം ദിവസമായ ഇന്നലെയാണ് രാജാവിനെ പല്ലക്കിലേറ്റി നാടും നഗരവും കാണിച്ചത്. അത്യാലങ്കാരങ്ങളോട് കൂടിയ പല്ലക്ക് 16 ഭടന്മാരാണ് ചുമന്നത്. രാജ്യത്തെ പ്രധാന ബുദ്ധ ക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രാർത്ഥനാ ചന്ദങ്ങുകളോടെ യായിരുന്നു രാജാവ് തന്റെ പ്രയാണം ആരംഭിച്ചത്. ബോവോരനിവാസ് ബുദ്ധക്ഷേത്രത്തിലെത്തി വാജിരലോങ്ങ്കോൺ മുൻ രാജാവായ അച്ഛന് വേണ്ടിയും തന്റെ രാജ പരമ്പരയ്ക്ക് വേണ്ടിയും വൃതശുദ്ധിയോടെ പ്രാർത്ഥിച്ചു.

പുതിയ രാജാവിനെ ഒരുനോക്കുകാണാൻ ലക്ഷകണക്കിന് ആളുകളാണ് തായ് തെരുവോരങ്ങളിൽ തടിച്ചുകൂടിയത്. രാമ പത്താമന്റെ അച്ഛൻ 69 വര്‍ഷങ്ങള്‍ക്കു മുൻപ് അദ്ദേഹത്തിന്റെ കിരീടധാരണ സമയത്ത് ധരിച്ച അതെ സ്വർണാലംകൃതമായ കിരീടമാണ് പുതിയ രാജാവും ധരിച്ചത്. കിരീടം ധരിച്ച രാജാവിനെ രാജ്യം കാണിക്കാനുള്ള രാജകീയ ഘോഷയാത്രയിൽ നൂറുകണക്കിന് പടയാളികളും കുതിരകളും ആയുധധാരികളായ ഭടന്മാരും കൊട്ടാര ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിച്ചു.

മിനിറ്റിൽ 75 അടികൾ എന്ന വേഗതയിലാണ് രാജാവിനെ വഹിച്ചുകൊണ്ടുള്ള പല്ലക്ക് സഞ്ചരിച്ചത്. ഓരോ 500 മീറ്റർ കഴിയുമ്പോഴും പല്ലക്ക് നിർത്തി ഇത് ചുമക്കുന്നവരെ മാറ്റും. 1300-ൽ അധികം ഉദ്യോഗസ്ഥരാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. അപൂർവമായി മാത്രം നടക്കുന്ന ഘോഷയാത്ര എല്ലാവര്‍ക്കും കാണാനും എത്തിപ്പെടാനുമായി രാജ്യത്തിൽ വിവിധ ഇടങ്ങിലേക്ക് ബസും ട്രെയിനും സൗജന്യമായി ഓടി. മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കിരീടധാരണ ചടങ്ങുകൾക്ക് നാളെ അവസാനമാകും. ബുദ്ധമത അനുഷ്ഠാനങ്ങൾ പ്രകാരവും പരമ്പരാഗത ഹിന്ദു ബ്രാഹ്മണ രീതികൾ പ്രകാരവുമാണ് ചടങ്ങുകൾ എല്ലാം നടക്കുന്നത്. കിരീട ധാരണ ചടങ്ങുകൾക്ക് ഏകദേശം 218 കോടി രൂപ ചെലവ് വരുമെന്നാണ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്.

മുൻ രാജാവ് ഭുമിബോലിന്റെ മരണശേഷമാണ് രാമ പത്താമന്‍ തായ്‌ലണ്ടിന്റെ കിരീടമണിയുന്നത്. 2016 മുതൽക്കുതന്നെ ഇദ്ദേഹം മുൻ രാജാവിന്റെ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട് അധികാരമേറ്റെടുത്തെങ്കിലും ഇപ്പോഴാണ് കിരീടധാരണ ചടങ്ങുകൾ നടക്കുന്നത്. കിരീടധാരണത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജാവ് തന്റെ അംഗരക്ഷകയെ തായ്‌ലൻഡ് രാജ്ഞിയായും തന്റെ ജീവിത പങ്കാളിയായും തിരഞ്ഞെടുത്തത് വലിയ വാർത്തയായിരുന്നു.

1872-ല്‍ സ്ഥാപിതമായതെന്ന് കരുതുന്ന ചാക്രി രാജവംശത്തിലെ രാമ പത്താമന്‍ എന്നാണ് പുതിയ രാജാവ് അറിയപ്പെടുന്നത്. 1932-ല്‍ തായ്ലാന്‍ഡില്‍ ഔദ്യോഗികമായി രാജഭരണം അവസാനിച്ചെങ്കിലും രാജാവിനെ ദൈവമായി കണ്ടുകൊണ്ട് ആരാധിക്കുന്ന, രാജാവിന്  പ്രതീകാത്മകമായ ഒട്ടേറെ ചുമതലകളുമുള്ള തായ്‌ലൻഡിൽ രാജാവിനെയും രാജാധികാരത്തെയും വിമര്‍ശിക്കുന്നതിനു നിയമം മൂലം തന്നെ വിലക്കുണ്ട്. ‘ലെസെ മജസ്റ്റി’ എന്നറിയപ്പെടുന്ന ഈ നിയമപ്രകാരം രാജാധികാരം ദൈവദത്തമാണ്. പൊതുജനങ്ങൾ രാജകൊട്ടാരത്തിലുള്ളവരെ വിമർശിക്കുന്നത് മാത്രമല്ല, അവരെ കാണുന്നതിന് പോലും നിരവധി വിലക്കുകളുണ്ട്. രാജകൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആരെയെങ്കിലും എന്തെങ്കിലും തരത്തിൽ പരിഹസിച്ചാൽ കടുത്ത ശിക്ഷകളാകും നല്കപ്പെടുക.

സൈന്യത്തിന് ഏറെ അധികാരമുള്ള ഇവിടെ 2014-ല്‍ പട്ടാള അട്ടിമറിയിലൂടെ പലാങ്ങ് പ്രചാരത് പാര്‍ട്ടിയുടെ ജനറല്‍ പ്രയുത് ചാന്‍-ഒ-ച പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. ഇതിനു പിന്നാലെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഇപ്പോഴും രാഷ്ട്രീയ അസ്ഥിരതയാണ് തായ്ലാന്‍ഡില്‍ ഉള്ളത്. രാജ, സൈനിക വിഭാഗങ്ങളെ എതിര്‍ക്കുന്ന ഫൂച്ചര്‍ ഫോര്‍വേഡ് പാര്‍ട്ടികള്‍ പോലുള്ളവ കൂടുതല്‍ ശക്തമാവുകയും ചെയ്തിട്ടുണ്ട് ഇപ്പോള്‍.

Next Story

Related Stories