നൈജീരിയയിൽ ക്രൂഡ് ഓയിൽ പൈപ്പുകൾ ലീക്കേജ് മൂലം തീപിടിച്ച് വൻ അപകടം. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്. സ്ഫോടനത്തെ തുടർന്ന് ഏതാണ്ട് 50 ഓളം പേരെ കാണാതായി എന്നാണ് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ നൈജീരിയയിലുള്ള ബയെൽസ സ്റ്റേറ്റിലെ ഗ്രാമത്തിലാണ് ക്രൂഡ് ഓയിൽ ചോർച്ചയും പൊട്ടിത്തെറിയുമുണ്ടായത്.
ഐറ്റിയോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്രൂഡ് ഓയിൽ കമ്പനിയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി ക്രൂഡ് ഓയിൽ പൈപ്പുകളിൽ എത്തിക്കുമ്പോഴാണ് വലിയ അപകടം ഉണ്ടായത്. എന്താണ് ലീക്കേജ് ഉണ്ടാകാനുള്ള കാരണമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും ഐറ്റിയോ കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് രാത്രിയിൽ ഭയന്നോടിയ പല പ്രദേശവാസികളും ഇതുവരെയായിട്ടും മടങ്ങിയെത്തിയിട്ടില്ലെന്നാണ് വിവരം
പൈപ്പിന്റെ വിള്ളലുള്ള സ്ഥലത്ത് നിന്ന് പെട്ടെന്ന് തീ ആളുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ചില പ്രദേശവാസികൾ ലോക പ്രശസ്ത വാർത്ത ഏജൻസിയായ എപിയോട് പറയുന്നത്. താങ്ങാവുന്നതിലധികം മർദ്ദമായിരുന്നു പൈപ്പിനുള്ളിൽ എന്നും അതിനാലാണ് വിള്ളൽ ഉണ്ടായെതെന്നുമാണ് സ്ഥലത്തുള്ളവരുടെ നിഗമനം.
ഓയിൽ പൈപ്പ് ലൈനുകളിൽ വിള്ളലുണ്ടാകുന്നതും പൊട്ടിത്തെറിക്കുന്നതും നൈജീരിയൻ ഗ്രാമങ്ങളിൽ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. നിയമങ്ങൾ പാലിക്കാതെയുള്ള റിഫൈനിംഗും അത്യാർത്തിമൂലമുള്ള അഴിമതിയും, ഓയിൽ മോഷണവും തന്നെയാണ് ഈ തുടരെ തുടരെയുള്ള അപകടങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജനുവരിയിൽ ഇതുപോലെ തന്നെ ഓയിൽ പൈപ്പുകൾക്ക് ലീക്കുണ്ടായി പൊട്ടിത്തെറിച്ച് 60 ഓളം ആളുകൾ മരിച്ചിരുന്നു. കഴിഞ്ഞ വർഷം നൂറു കണക്കിനാളുകളാണ് സമാനമായ വിവിധ അപകടങ്ങളിലായി മരിച്ചത്.