UPDATES

വിദേശം

തെരേസ മെയ്ക്ക് വീണ്ടും തിരിച്ചടി; ബ്രെക്സിറ്റ്‌ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് രണ്ടാം വട്ടവും തള്ളി

മാർച്ച് 29-നാണ് യുകെ യൂറോപ്യൻ യൂണിയൻ വിടാൻ നിശ്ചയിച്ചിരുന്നത്.

തെരേസ മേയുടെ അപേക്ഷകളൊന്നും വിലപ്പോയില്ല. എംപിമാർ എതിരായി വോട്ടു രേഖപ്പെടുത്തിയതിനെ തുടർന്ന് ബ്രെക്സിറ്റ് കരാര്‍ രണ്ടാം തവണയും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 242 പേര്‍ കരാറിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 391 പേരാണ് എതിരായി വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഉടമ്പടികളില്ലാതെ പിന്മാറണോ എന്ന കാര്യത്തില്‍ ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ണായകമായിരിക്കും. അങ്ങനെ പിന്മാറേണ്ട എന്നാണ് പാര്‍ലമെന്റ് അംഗങ്ങളുടെ തീരുമാനമെങ്കില്‍ ബ്രെക്സിറ്റില്‍ നിന്ന് പിന്മാറാനുള്ള തീയതി നീട്ടി വയ്ക്കാനും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനെ സമീപിക്കേണ്ടി വരും. ഈ മാസം 29-നാണ് യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറാന്‍ കഴിഞ്ഞ ജനുവരിയില്‍ തെരേസ മേയ് തയാറാക്കിയ ബ്രെക്സിറ്റ് കരാര്‍ 230 വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പുതുക്കിയ കരാറാണ് ഇന്നലെ ചര്‍ച്ചയ്ക്ക് വന്നത്. ഇത്തവണ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 39 അംഗങ്ങള്‍ കൂടി കരാറിന് അനുകൂലമായി വോട്ട് ചെയ്തെങ്കിലും ഭൂരിഭാഗവും ഇതിനെ എതിര്‍ക്കുകയായിരുന്നു. പഴയ കരാര്‍ തന്നെയാണ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നതെന്ന് കരാറിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.

രണ്ടാം തവണയും സര്‍ക്കാര്‍ വന്‍ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ കരാറുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും അംഗീകരിക്കണം. പാര്‍ലമെന്റ്റ് ഇതൊരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ല”, ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി തുടർ ചർച്ചകളിലൊന്നും യാതൊരു ഫലവുമില്ലെന്നാണ് യുകെ പാർലമെന്റിലെ പ്രമുഖർ നിരീക്ഷിക്കുന്നത്. “ഇത് മേയുടെ ബ്രെക്സിറ്റിന്റെ അവസാനത്തെ വിധിയാണ്. ഇനി ഈ വഴിയിലൂടെ മറ്റ് യാത്രകളൊന്നും സാധ്യമല്ല” യുകെയുടെ മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ പറഞ്ഞതായി ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടു പോകാൻ 17 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാര്ലമെന്റ് പ്രതിനിധികൾ കരാര്‍ വോട്ടു ചെയ്ത് പരാജയപ്പെടുത്തിയത്. ഡെമോക്രറ്റിക് യൂണിയണിസ്റ്റ് പാർട്ടി (DUP ) തങ്ങൾ ഈ ഡീൽ പിന്തുണയ്ക്കില്ല എന്ന് പരസ്യമായി അറിയിച്ച സമയത്ത് തന്നെ പ്രധാനമന്ത്രി തെരേസ മെയ് പാർലമെന്റിനോട് എങ്ങനെയെങ്കിലും കരാര്‍ പാസ്സാക്കാൻ അപേക്ഷിച്ചിരുന്നു. കരാര്‍ പാസ്സാക്കാനുള്ള അവസാന ശ്രമവും പാളിയതിന് ശേഷം “ഞാൻ അത്യധികം നിരാശയിലാണ്” എന്ന് മാത്രമാണ് തെരേസ മേയ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കരാറിന്റെ കാര്യം തീരുമാനമാകാതെ പോകുന്നതിനെതിരെ യൂറോപ്യന്‍ യൂണിയനും രംഗത്തു വന്നിട്ടുണ്ട്. ഉടമ്പടികളില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമാണ് പാര്‍ലമെന്റ് അംഗീകരിക്കുന്നത് എങ്കില്‍ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി ചുങ്കം ഉള്‍പ്പെടെ ഉള്ളവയുടെ കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്‌. അതനുസരിച്ച് ബ്രെസ്കിറ്റ് നടപ്പാക്കാനുള്ള തീയതി നീട്ടി വയ്ക്കേണ്ടിയും വരും. ഇതായിരിക്കും ഇന്നും നാളെയുമായി തീരുമാനമാവുക.

എന്നാൽ പാർലമെന്റിലെ ഭൂരിഭാഗം എംപിമാരും കരാര്‍ പരാജയപ്പെടുത്താനായി ഒറ്റക്കെട്ടായി കളിച്ചെന്നും ചില ബ്രെക്സിറ്റ്‌ വിരുദ്ധ കക്ഷികളുമായി രഹസ്യ ഉടമ്പടികളുണ്ടാക്കിയെന്നുമാണ് മേയുടെ അനുയായികളുടെ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍