TopTop
Begin typing your search above and press return to search.

റഷ്യന്‍ ഇടപെടല്‍: മ്യുള്ളർ റിപ്പോർട്ട് വ്യാഴാഴ്ച്ച കോൺഗ്രസിന് മുൻപിൽ സമർപ്പിക്കും

റഷ്യന്‍ ഇടപെടല്‍: മ്യുള്ളർ റിപ്പോർട്ട് വ്യാഴാഴ്ച്ച കോൺഗ്രസിന് മുൻപിൽ സമർപ്പിക്കും
കാത്തിരിപ്പുകൾക്കും സമ്മർദ്ദം ചെലുത്തലുകൾക്കുമൊടുവിൽ മ്യുള്ളർ റിപ്പോർട്ട് വ്യാഴാഴ്ച യുഎസ് അറ്റോർണി ജനറൽ പുറത്ത്‌വിടുമെന്ന ഔദ്യോഗികപ്രഖ്യാപനവുമായി അമേരിക്കന്‍ നീതിന്യായ വകുപ്പ്. 2016 അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തെ റഷ്യൻ ഇടപെടൽ സംബന്ധിച്ച റോബർട്ട് മ്യുള്ളറിന്റെ 22 മാസം നീണ്ട അന്വേഷണഫലങ്ങൾ പുറത്ത് വിടാൻ അറ്റോർണി ജനറൽ വില്യം ബാറിന് മേൽ കോണ്‍ഗ്രസ്സ് സമ്മർദ്ദങ്ങൾ ശക്തമായിരുന്നു. മ്യുള്ളർ റിപ്പോർട്ടിന്റെ പുതുക്കിയ, എഡിറ്റ് ചെയ്ത പകർപ്പാകും വ്യാഴാഴ്ച പകൽ കോൺഗ്രസിന് മുൻപിൽ സമർപ്പിക്കപ്പെടുക.

മ്യുള്ളർ റിപ്പോർട്ട് സംഗ്രഹിച്ചെഴുതിയ നാല്പേജുള്ള കത്തിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരനല്ലെന്ന് അറ്റോർണി ജനറൽ സൂചിപ്പിച്ചപ്പോൾ മുതൽ റിപ്പോർട്ട് മുഴുവനായി കാണണമെന്ന് കോൺഗ്രസിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. ഈ റിപ്പോർട്ട് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നില്ലെങ്കിലും ട്രംപിനെ കുറ്റവിമുക്തനാക്കുന്നില്ല എന്ന റിപ്പോർട്ടിലെ അവസാനവരി ഉദ്ധരിച്ചുകൊണ്ടാണ് ബാർ കോൺഗ്രസിൽ കത്തയച്ചത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്കാലത്ത് ബരാക്ക് ഒബാമ ഭരണകൂടം ട്രംപ് പ്രചാരണത്തെ രഹസ്യമായി നിരീക്ഷിച്ചിരുന്നു എന്ന് വില്യം ബാർ ആരോപണം ഉന്നയിച്ചത് വലിയ വിവാദമായിരുന്നു.

വില്യം ബാർ പ്രവർത്തിക്കുന്നത് ട്രംപിനുവേണ്ടിയാണെന്ന് കോൺഗ്രസിൽ പലയിടത്തുനിന്നും ആക്ഷേപം ഉയർന്നിരുന്നു. ട്രംപ് റഷ്യയുമായി യാതൊരുതരത്തിലുമുള്ള ഇടപെടലും നടത്തിയിട്ടില്ല എന്ന് മ്യുള്ളർ തീർത്ത് പറഞ്ഞിട്ടില്ല. പക്ഷെ ബാറും ഡെപ്യുട്ടി അറ്റോർണി ജനറൽ റോഡ് റോസെൻസ്റ്റീനും  ഇത്തരത്തിൽ ഒരു തീർപ്പുണ്ടെന്ന സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകിയതെന്നാണ് ആക്ഷേപം. ഈ ആഴ്ച റിപ്പോർട്ട് പുറത്ത് വിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നായിരുന്നു ഡെമോക്രാറ്റുകാർ പറഞ്ഞിരുന്നത്. പരിഷ്കരിച്ച റിപ്പോർട്ടല്ല, മ്യുള്ളർ എഴുതിയ യഥാർത്ഥ റിപ്പോർട്ടാണ് തങ്ങൾക്ക് കാണേണ്ടതെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആവശ്യം.

ഇതേ സമയം ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളായ ബെര്‍ണി സാന്‍ഡേഴ്സും ബെറ്റോ റൂർക്കേയും തങ്ങളുടെ നികുതി വിവരങ്ങൾ പുറത്ത്‌ വിട്ടതോടെ തന്റെ നികുതി വിവരങ്ങൾ പുറത്ത് വിടാൻ ട്രംപിനുമേൽ സമ്മർദ്ദങ്ങൾ ശക്തമാകുന്നുണ്ട്. മ്യുള്ളർ അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും ട്രംപിന്റെ വിശ്വസ്ത അനുയായികൾ സാമ്പത്തിക ക്രമക്കേടിനുൾപ്പെടെ  വിചാരണ നേരിടേണ്ടി വന്നത് കോളിളക്കം സൃഷ്ടിച്ചിരുന്നു.

Next Story

Related Stories