TopTop

യുദ്ധം തകര്‍ത്ത യമനിലെ കുഞ്ഞുങ്ങളെ കോളറ വിഴുങ്ങുന്നു; ഒരു മാസത്തിനിടെ രോഗം ബാധിച്ചത് ഒരു ലക്ഷത്തിലധികം പേർക്ക്

യുദ്ധം തകര്‍ത്ത യമനിലെ കുഞ്ഞുങ്ങളെ കോളറ വിഴുങ്ങുന്നു; ഒരു മാസത്തിനിടെ രോഗം ബാധിച്ചത് ഒരു ലക്ഷത്തിലധികം പേർക്ക്
വർഷങ്ങൾ നീണ്ട യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച യെമനിലെ കുഞ്ഞുങ്ങൾക്ക് ഇത് പുതിയ പരീക്ഷണ ഘട്ടം. രാജ്യത്താകെ അതിവേഗം പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന കോളറയാണ് ഇപ്പോൾ യമനിലെ കുഞ്ഞുങ്ങളുടെ ഘാതകനാകുന്നത്. ഒരു ദിവസം ആയിരം പേരിൽ എന്ന നിരക്കിലാണ് കോളറ യമനിലാകെ പരക്കുന്നത് . ഈ മാസം  120,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനോടകം  234 മരണം ഉണ്ടായിട്ടുണ്ട്. പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണ് രോഗത്തിന്റെ  പ്രധാന ഇരകൾ. റെഡ് സീ പോർട്ട്, സനാ പ്രവിശ്യ എന്നിവിടങ്ങളിൽ അതീവ ജാഗ്രതയിലാണ്.

ഈ വർഷം മഴ നേരത്തേയെത്തിയാണ് അതിവേഗം കോളറ പരക്കാൻ കാരണമായതെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിരീക്ഷണം. ഈ അടിയന്തിര കാരണം കൂടാതെ  യുദ്ധം, ജലമലിനീകരണം, പോഷകാഹാരക്കുറവ് തുടങ്ങി മറ്റനേകം കാരണങ്ങളുമുണ്ട്. രാജ്യത്തെ പ്രധാന സിറ്റികളിലെല്ലാം ഓടകളും ചാലുകളും അതീവ ശോചനീയാവസ്ഥയിലാണ്. രാജ്യത്ത് ലഭ്യമായ കുടിവെള്ളമാകെ മലിനമാണെന്നും അതിൽ വിഷവസ്തുക്കളുടെ സാന്നിധ്യം  പ്രകടമാണെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ ഓഫീസ്  കണ്ടെത്തുന്നത്.  നാല്പത്തിനായിരത്തോളം പുതിയ കേസുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ രണ്ട് ആഴ്ചയ്ക്കിടയിൽ  റിപ്പോർട്ട് ചെയ്തത്.  അതായത് കഴിഞ്ഞ മാസത്തേക്കാൾ ഏകദേശം 150 ശതമാനം വർദ്ധനവ്. 'ഭയാനകം' എന്നാണ് സേവ് ദി ചിൽഡ്രൻ സംഘടന യെമനിൽ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

“നാലു വർഷം നീണ്ട യുദ്ധം അരക്ഷിതരാക്കിയ കുഞ്ഞുങ്ങളുടെ അന്തകനാകുകയാണ് ഇപ്പോൾ കോളറ രോഗം. പ്രാഥമിക ശുചിത്വം പാലിച്ചും   ശുചിയുള്ള വെള്ളം ഉപയോഗിച്ചും ഈ ദുരന്തം ഒഴിവാക്കാനാകുമായിരുന്നു.  യുദ്ധം നടക്കുമ്പോൾ യമൻ ജനത അഭയം തേടിയ ഭൂരിഭാഗം അഭയ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമുണ്ടായിരുന്നില്ല. സേവ് ദി ചിൽഡ്രൻ സംഘടനയുടെ യമൻ ഡയറക്ടർ ടെയ്‌മെർ കിറോലോസ് ദി ഗാർഡിയനോട് പറയുന്നു.  'ഈ രോഗഭീതിയിൽ നിന്നും രാജ്യത്തെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ട്. യുദ്ധം മൂലം ദുരിതമനുഭവിച്ച കുഞ്ഞുങ്ങൾക്ക് ഇനിയും സഹിക്കാൻ ആവില്ല.' ടെയ്‌മെർ പറയുന്നു. രണ്ട് വർഷങ്ങൾക്കു മുൻപ് യമനിൽ പടർന്നു പിടിച്ച കോളറ നിരവധി കുഞ്ഞുങ്ങളുടെ ജീവനെടുത്തിരുന്നു.

ജനസംഖ്യയ്ക്ക് അനുസൃതമായി എല്ലാവർക്കും  വൃത്തിയുള്ള ജലം ലഭ്യമാക്കാൻ സാധിക്കാത്തതും ആശുപത്രിയിൽ എല്ലാവരെയും കിടത്തി ചികിൽസിക്കാൻ സൗകര്യമില്ലാത്തതും കാര്യങ്ങൾ കുറേക്കൂടി  വഷളാക്കുന്നുണ്ട്.  രാജ്യത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പകുതി മാത്രമേ ഇപ്പോൾ പ്രവർത്തന സജ്ജമായിട്ടുള്ളൂ. വേണ്ട സമയത്ത് ചികിത്സ കിട്ടാത്തത് കൊണ്ട് മാത്രം യെമനിൽ 20 മില്യൺ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്.   യുദ്ധം മൂലം യെമനിലെ സാമ്പത്തികനിലയും ആകെ തകരാറിലാണ്. 2014  മുതൽ ഇവിടുത്തെ ജിഡിപി നിരക്കുകൾ 39 ശതമാനം ചുരുങ്ങി എന്നാണ് റിപ്പോർട്ടുകൾ.

Next Story

Related Stories