UPDATES

വിദേശം

നേപ്പാളിൽ കൊടുങ്കാറ്റ്; 25 മരണം, നാനൂറോളം പേർക്ക് പരിക്ക്

നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും  25 പേർ മരണപ്പെട്ടുവെന്നും നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലി ട്വീറ്റ് ചെയ്തു.

മൺസൂണിനു മുന്നേയെത്തിയ ഇടിമിന്നലിലും കൊടുങ്കാറ്റിലും നേപ്പാളിൽ പൊലിഞ്ഞത് 25 ജീവനുകൾ. നാനൂറോളം പേർക്ക് പരിക്കേറ്റു. നേപ്പാളിന്റെ തെക്കൻ പ്രദേശങ്ങളിൽ  വീശിയടിച്ച കൊടുങ്കാറ്റാണ് ദുരിതം വിതച്ചത്. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും  25 പേർ മരണപ്പെട്ടുവെന്നും നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലി ട്വീറ്റ് ചെയ്തു. ഇതേ ട്വീറ്റിലൂടെ തന്നെ അദ്ദേഹം രാജ്യത്ത് സംഭവിച്ച മഹാദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനവും രേഖപ്പെടുത്തി. അപകടത്തിൽ പെട്ടവരെ രക്ഷിക്കാനായി ഹെലികോപ്റ്ററുകൾ പ്രവർത്തന സജ്ജമായിട്ടുണ്ടെന്നും രക്ഷാപ്രവർത്തങ്ങൾ ഊർജിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രക്ഷാപ്രവർത്തകർ കൂടുതൽ പേരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കൊടുങ്കാറ്റ് ഏറ്റവുമധികം ബാധിക്കപ്പെട്ട ബാര ജില്ലയിലെ ഗവൺമെൻറ്റ് അഡ്മിനിസ്ട്രേറ്റർ രാജേഷ് പൗഡൽ പ്രസ്താവിച്ചു. ബീഹാറിന്റെ അതിർത്തിക്കടുത്ത് തെക്കൻ കഠ്മണ്ഡുവിൽ നിന്നും 62 കിലോമീറ്റർ അകലെയാണ് ബാര ജില്ല സ്ഥിതിചെയ്യുന്നത്.

മൺസൂണിനു മുൻപ് കാറ്റും ഇടിമിന്നലും നേപ്പാളിൽ പതിവാണെങ്കിലും അപൂർവമായി മാത്രമേ ഇത് നാശനഷ്ടങ്ങൾ ഉണ്ടാകാറുള്ളൂ. രക്ഷാ പ്രവർത്തകർ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും രാത്രിയിൽ ആളുകളെ കണ്ടെത്താനും സഹായിക്കാനും പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെന്ന് പോലീസ് സൂപ്രണ്ട് സാനു റാം ഭട്ടറായി മാധ്യമങ്ങളോട്  പ്രതികരിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ പലതും കടപുഴകി വീണിട്ടുണ്ട്. പ്രദേശത്തെ വൈദ്യുത ലൈനുകളും ടെലിഫോൺ കമ്പികളും പൊട്ടി വീണ് വാർത്താ വിനിമയ സംവിധാനങ്ങളും തകരാറിലായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍