Top

എന്തുകൊണ്ടാണ് മോര്‍ച്ചറി സഹായികളായി ദളിത് ജീവനക്കാര്‍ മാത്രം ജോലി ചെയ്യുന്നു? ഈ ചിത്രങ്ങള്‍ അതിനുള്ള ഉത്തരങ്ങളാണ്

എന്തുകൊണ്ടാണ് മോര്‍ച്ചറി സഹായികളായി ദളിത് ജീവനക്കാര്‍ മാത്രം ജോലി ചെയ്യുന്നു? ഈ ചിത്രങ്ങള്‍ അതിനുള്ള ഉത്തരങ്ങളാണ്
ക്യാമറയുമായി മോർച്ചറിയിലെത്തുമ്പോൾ അരുൺ വിജയ് എമ്മിനു മുമ്പിൽ രണ്ട് കാഴ്ചകൾ ഉണ്ടായിരുന്നു. ഒരു വശത്ത് തണുത്തുറഞ്ഞ ശവശരീരങ്ങൾ. മറുവശത്ത് പൊള്ളിക്കുന്ന ജീവിത യാഥാർഥ്യങ്ങൾ. ശവശരീരങ്ങളെ അല്ല പകർത്തേണ്ടതെന്ന് തിരിച്ചറിവുള്ള ഈ ഫോട്ടോഗ്രാഫർ മോർച്ചറിയിലെ ദളിത് ജീവനക്കാരുടെ ജീവിതയാഥാർഥ്യങ്ങളിലേക്ക് ക്യാമറ തിരിച്ചു. നോക്കിനിൽക്കാൻ അത്ര സുഖകരമല്ലാത്ത ചിത്രങ്ങളായിരുന്നു ഓരോന്നും. പക്ഷെ ഈ ചിത്രങ്ങൾക്ക് പറയാൻ ഒരുപാട് പരുക്കന്‍ കഥകളുണ്ട്.

സംവരണം വന്നതോടെ സർക്കാർ ജോലികളെല്ലാം ദളിതർക്കും മറ്റ്‌ പിന്നോക്കക്കാർക്കും മാത്രം കിട്ടാൻ തുടങ്ങി എന്ന അബദ്ധ ധാരണ നിലനിൽക്കുന്ന സമൂഹത്തിലാണ് ഈ ചിത്രങ്ങൾ പ്രസക്തമാകുന്നത്. ശവശരീരങ്ങളുമായി ഇടപെടുന്ന വൃത്തിയില്ലാത്തതും സുഖകരമല്ലാത്തതും അന്തസ്സ് കുറഞ്ഞതെന്ന് കണക്കാക്കപ്പെടുന്നതുമായ മോർച്ചറി സഹായിയുടെ ജോലി ചെയ്യുന്നത് ദളിതർ മാത്രമാണ്. മരിച്ചവരെ കുഴിച്ചിടാനും മരണം അറിയിക്കാനുമായി ദളിതരെ ഉപയോഗിച്ചിരുന്ന പഴയ ജാതിക്കാലത്തിൽ നിന്നും ഇപ്പോഴും കാര്യമായ മാറ്റങ്ങൾ ഒന്നും നമ്മുക്ക് വന്നിട്ടില്ലെന്നാണ് ഈ ചിത്രങ്ങൾ തെളിയിക്കുന്നത്.നീല ഓവര്‍കോട്ടുകളും ധരിച്ച് രക്തം പുരണ്ട കയ്യുറകളുമായി ഈ ജോലിക്കാർ ശവശരീരങ്ങൾക്കിടയിൽ പണിയെടുക്കുന്നത് തന്നെ അസ്വസ്ഥതപ്പെടുത്തുന്ന കാഴ്ചയാണ്. ശവശരീരങ്ങൾ വൃത്തിയാക്കുന്നതും അണുവിമുക്തമാക്കുന്നതും തുന്നികെട്ടുന്നതും ആന്തരാവയവങ്ങൾ നീക്കം ചെയ്യുന്നതുമെല്ലാം ഇവരാണ്. കാര്യമായ യന്ത്രങ്ങളൊന്നും ഇവർക്ക് സഹായിക്കാനില്ല. ഇത്രമേൽ ബുദ്ധിമുട്ടുള്ള പണികൾ ചെയ്യുന്നുണ്ടെങ്കിലും ഇവർക്ക് കാര്യമായ സാമ്പത്തിക ലാഭമൊന്നും ഉണ്ടാകുന്നുമില്ല.

"ആദ്യമായി ,മോർച്ചറിയിലെത്തുമ്പോൾ ഇവർ ശശശരീരങ്ങൾ വൃത്തിയാക്കുന്ന കാഴ്ചകണ്ട് ഞാൻ നടുങ്ങിപ്പോയി. ഹോസ്റ്റലിൽ മടങ്ങിയെത്തിയിട്ടും ആ രൂക്ഷ ഗന്ധവും തരിപ്പും ഒന്നും എന്നെ വിട്ട് പോകാത്തതുപോലെ. ഞാൻ കുറേതവണ കുളിച്ചു, ഇട്ടിരുന്ന വസ്ത്രങ്ങളും ബാഗും ഒക്കെ കഴുകി. ഉറങ്ങാൻ കിടക്കുമ്പോൾ ആ ശവശരീരങ്ങൾ എന്റെ തൊട്ടടുത്ത് കിടക്കുന്നതോർത്ത് ഞാൻ പേടിച്ച് ഞെട്ടി എഴുന്നേറ്റിട്ടുണ്ട്. കാണുന്നവരെല്ലാം ശവശരീരങ്ങളാണെന്ന് തോന്നുന്നപോലൊരു ഭ്രമം പിന്നീട് എന്നെ പിടികൂടി. എന്റെ ബന്ധങ്ങളെ ഒക്കെ അത് വല്ലാതെ ഉലച്ചു. ഫോട്ടോ എടുക്കാനും പ്രദര്ശിപ്പിക്കാനുമൊക്കെയുള്ള എന്റെ ആഗ്രഹം വേണ്ടെന്നു വെക്കാമെന്നു പോലും തീരുമാനിച്ചതായിരുന്നു." മോർച്ചറിയിലെ തന്റെ ആദ്യാനുഭവത്തെ കുറിച്ച് അരുൺ പറയുന്നത് ഇങ്ങനെയാണ്.

പക്ഷെ മൂന്നു ദിവസങ്ങൾക്കു ശേഷം ക്യാമറയുമായി അരുൺ പിന്നെയും മോർച്ചറിയിലെത്തി. ഭയത്തെക്കാളധികം ഫോട്ടോയെടുക്കാനും ലോകത്തെ കാണിക്കാനുമുള്ള ആഗ്രഹമായിരുന്നു അന്ന് തന്നെ നയിച്ചതെന്ന് അരുൺ തന്നെ സ്ക്രോളിനോട് വെളിപ്പെടുത്തുന്നുണ്ട്. അവിടുത്തെ ജീവക്കാരോട് സംസാരിച്ച് അവരുടെ ജീവിതാവസ്ഥകൾ മനസിലാക്കാൻ ശ്രമിച്ചു. ലാബ് ടെക്‌നീഷ്യൻസിന്റെ ജോലി ചെയ്യുമ്പോൾ പോലും ക്ളീനിങ് തൊഴിലാളികളെന്ന് അറിയപ്പെട്ട് പാർശ്വവൽക്കരിക്കപ്പെടുന്ന ഈ വിഭാഗങ്ങളെ പകർത്തുകയാണ് തന്റെ കടമ എന്ന് ഇദ്ദേഹം സ്വയം തിരിച്ചറിഞ്ഞു. വിവിധ കാലങ്ങളിലായി മോർച്ചറിയ്ക്കകത്തെ ജീവിതങ്ങളുടെ 2200 ഓളം ചിത്രങ്ങളാണ് അരുൺ വിജയ് പകർത്തിയത്. മോർച്ചറിയ്ക് അകത്തിരുന്ന് പൊതിച്ചോറ് കഴിക്കുന്ന തൊഴിലാളിയുടേതുൾപ്പടെ പല ചിത്രങ്ങളും ഹൃദയത്തിൽ ഒരു നോവ് അവശേഷിപ്പിക്കുന്നതായിരുന്നു.

പാർശ്വവൽകൃതർക്കു വേണ്ടി പ്രവർത്തിക്കുന്ന നവസർജൻ എന്ന ട്രസ്റ്റാണ് മോർച്ചറികൾ സന്ദർശിക്കാനും ചിത്രങ്ങൾ പകർത്താനും അരുണിനെ സഹായിക്കുന്നത്. 27 ഓളം മോർച്ചറികൾ അരുൺ നേരത്തെ സന്ദർശിച്ചിരുന്നു. പിന്നീടാണ് തമിഴ് നാട്ടിലെ മോർച്ചറികൾ സന്ദർശിച്ച് ഈ ചിത്രങ്ങൾ എടുക്കുന്നത്. കംപ്യുട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന അരുൺ ഫോട്ടോഗ്രഫിയോടുള്ള അതിയായ താല്പര്യം മൂലമാണ് ക്യാമറയുമായി ജീവിതങ്ങൾ തേടിയിറങ്ങുന്നത്. ചെന്നൈ ഫോട്ടോ ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടതോടെയാണ് ചിത്രങ്ങൾക്ക് ലോകശ്രദ്ധ ലഭിക്കുന്നത്.

കൂടുതൽ ചിത്രങ്ങൾക്കും വിവരങ്ങൾക്കും സ്‌ക്രോള്‍ ഡോട്ട് കോംമിന്റെ ലിങ്ക്: https://scroll.in/magazine/915568/photos-in-tamil-nadu-dalit-sanitation-workers-are-told-to-help-doctors-perform-autopsies

Next Story

Related Stories