TopTop
Begin typing your search above and press return to search.

ഇരട്ടക്കുട്ടികളുടെ കൊലനിലങ്ങള്‍; മധ്യ നൈജീരിയയിലെ 'പിശാച്' കുട്ടികളുടെ കഥ

ഇരട്ടക്കുട്ടികളുടെ കൊലനിലങ്ങള്‍; മധ്യ നൈജീരിയയിലെ പിശാച് കുട്ടികളുടെ കഥ

ആ മുറി മുപ്പതിലേറെ കുഞ്ഞുങ്ങളുടെ കരച്ചില്‍കൊണ്ട് നിറഞ്ഞു. സ്റ്റീവന്‍ ഒലുസോള ഓരോ തൊട്ടിലനരികിലും ചെന്ന് അവരുടെ കണ്ണുകളില്‍ എന്താണസുഖമെന്ന് തിരയുന്നു.

“മുലപ്പാല്‍ കിട്ടാത്തതുകൊണ്ട് അവര്‍ക്കിടക്കിടെ അസുഖം വരും,” ഭാര്യ ചിന്‍വേക്കൊപ്പം 13 വര്‍ഷം മുമ്പ് വൈന്‍ ഹെറിറ്റേജ് ഹോം ഫൌണ്ടേഷന്‍ സ്ഥാപിച്ച ഒലുസോള പറഞ്ഞു. ഇരട്ടക്കുട്ടിയായി ജനിച്ചാല്‍ അത് മരണവിധിയാകുന്ന നൈജീരിയയിലെ വിദൂര പ്രദേശങ്ങളില്‍ ഒന്നില്‍ നിന്നും രക്ഷിച്ചെടുത്ത കുട്ടികളുടെ അഭയകേന്ദ്രമാണിത്.

ഇരട്ടക്കുട്ടികളുടെ കൊലകള്‍ ഇപ്പൊഴും നടക്കുന്നു എന്നു പല നൈജീരിയക്കാരും തിരിച്ചറിയുന്നില്ല. വളരെ രഹസ്യമായാണ് ഇത് നടക്കുന്നതു എന്നു നൈജീരിയ സര്‍വകലാശാലയിലെ ഗവേഷക ഡിയോക ബ്രിഡ്ജെറ്റ് പറയുന്നു.

“തീര്‍ത്തും അന്ധവിശ്വാസജടിലമായതുകൊണ്ട് ഈ രീതി ഇപ്പൊഴും നടക്കുന്നു എന്ന് പല ഗവേഷകരും വിശ്വസിക്കുന്നില്ല. കെട്ടിച്ചമച്ച കഥകളാണെന്ന് കരുതുന്നതിനാല്‍ ഇതന്വേഷിക്കാനും വിമുഖതയാണ്. ഇപ്പോള്‍ കൂടുതല്‍ മരണ വാര്‍ത്തകള്‍ വരുന്നതിനാല്‍ ശരിയായ അന്വേഷണം നടന്നേക്കും.”

നൈജീരിയയുടെ തലസ്ഥാനമായ അബൂജയിലെ വൈന്‍ ഹെറിറ്റേജ് ഹോം ഫൌണ്ടേഷന്‍ അന്വേഷണം തുടങ്ങാനുള്ള ശരിയായ സ്ഥലമാണ്. നല്ല വിളവിനായി കുട്ടികളെ ബലികൊടുക്കുമെന്ന വാര്‍ത്ത 1996-ലാണ് ഒലുസോള കേള്‍ക്കുന്നത്. “അവളെ കൊല്ലരുതെന്ന് ഞാനവരോട് കേണുപറഞ്ഞു. കൊണ്ടുപോയ്ക്കോളാന്‍ അവര്‍ സമ്മതിച്ചു,” ഒലുസോള പറയുന്നു.

“കൂടുതല്‍ കുട്ടികള്‍ വന്നതോടെ എന്റെ രണ്ടുമുറി വീട് പോരാതെ വന്നു. അന്ന് വ്യക്തികളില്‍ നിന്നുമുള്ള കുറച്ചു സഹായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളെ നോക്കേണ്ട ചുമതല കാരണം അബൂജ സര്‍വകലാശാലയിലെ അധ്യാപനജോലി എനിക്ക് രാജിവെക്കേണ്ടിവന്നു.”

ബസ്സ കോമൊ ഗോത്രത്തിലെ ചില വിഭാഗങ്ങള്‍ ഇപ്പോഴും കുഞ്ഞുങ്ങളെ കൊല്ലുന്നത് തുടരുന്നു എന്ന് ഇവര്‍ പറയുന്നു. രാത്രി രക്തം കുടിക്കുന്നവരും മാതാപിതാക്കളില്‍ ഒരാളെയോ രണ്ടുപേരെയുമോ കൊല്ലാന്‍ പോകുന്നവരുമാണ് ഇരട്ടകുട്ടികളെന്ന് ഈ ഗോത്രവര്‍ഗക്കാര്‍ കരുതുന്നു എന്നാണ് ഒരു ക്രിസ്ത്യന്‍ മതപ്രചാരകയായ മാര്‍ഗരറ്റ് എകെസുവ പറയുന്നത്.

തങ്ങളുടെ സമുദായത്തെ വഞ്ചിച്ച്, ഈ കൊലയെക്കുറിച്ച് ഇവര്‍ക്ക് വിവരം നല്‍കുന്നതിന് ആളുകളെ പ്രേരിപ്പിക്കലാണ് ഇതിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വശം. “ഞങ്ങളുടെ പ്രാദേശിക സഹായികളിലൂടെ ഒരമ്മ മരിച്ചെന്നോ ഇരട്ടക്കുട്ടികള്‍ ജനിച്ചിട്ടുണ്ടെന്നോ ഞങ്ങള്‍ അറിയുന്നു. ഞങ്ങളാ ഗ്രാമം കണ്ടെത്തി കുട്ടിയെ വിട്ടുതരാന്‍ ഗ്രാമമുഖ്യന്മാരോടു അഭ്യര്‍ത്ഥിക്കും. സമുദായം സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ കുട്ടികളെ വിദ്യാഭ്യാസത്തോടെ തിരിച്ചെത്തിക്കും എന്ന് ഞങ്ങള്‍ ഉറപ്പുനല്കും,” ഒലുസോള പറഞ്ഞു.

പക്ഷേ ഈ രീതി ഉപയോഗിച്ചിട്ടും നിരവധി കുട്ടികള്‍ ഇപ്പൊഴും മരിക്കുന്നു. “ചിലപ്പോള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷവും സമുദായം കുട്ടികളെ വിട്ടുതരില്ല. അപ്പോള്‍ ആ കുട്ടികളെ കാത്തിരിക്കുന്നത് എന്താണെന്ന് ഞങ്ങള്‍ക്കറിയാം.” രക്ഷപ്പെടുത്തിയ ചില കുട്ടികള്‍ നഗരത്തിലേക്കുള്ള നീണ്ട യാത്രക്കിടയില്‍ മരിക്കും. ചില ആഴ്ച്ചകള്‍ അഭയകേന്ദ്രത്തിലേക്ക് ഒരു കുഞ്ഞും എത്തില്ല. ചിലപ്പോള്‍ ഏഴു കുട്ടികള്‍ വരെ വന്നിട്ടുണ്ടെന്നും ഒലുസോള പറഞ്ഞു. ഇപ്പോളിവിടെ 116 കുട്ടികള്‍ താമസിക്കുന്നു.

അബൂജയില്‍ നിന്നും മണിക്കൂറുകള്‍ യാത്ര ചെയ്താല്‍ ബസ്സ കൈമ ഗോത്രങ്ങളിലൊന്ന് താമസിക്കുന്ന മനോഹരമായ ഇബോ സൈഡു ഗ്രാമമാണ്. പച്ചപ്പ് നിറഞ്ഞ ചോളപ്പാടങ്ങളില്‍ ചാരത്തലയന്‍ കുരുവികള്‍ കൂട്ടംകൂടി കലപില കൂട്ടുന്നു. ഭര്‍ത്താക്കന്‍മാര്‍ക്കായി ഭാര്യമാര്‍ പാചകം ചെയ്യുമ്പോള്‍, കരിപ്പുകയുടെ ചുരുളുകള്‍ ആകാശത്തേക്ക് ഉരുണ്ടുകൂടിപ്പൊങ്ങുന്നത് കാണാം.

“പുറമേക്ക് ശാന്തമെന്ന് തോന്നിക്കുമെങ്കിലും ഈ പ്രദേശം ഏറെ സംഘര്‍ഷഭരിതമാണ്. അതുകൊണ്ടാണ് പുറത്തുള്ളവര്‍ക്ക് ഇരട്ടക്കുട്ടികളുടെ കൊല നടക്കുന്ന വിവരം അറിയാത്തത്,” പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി പറഞ്ഞു.

http://www.azhimukham.com/somi-solaman-ebola-africa-mediacal-apartheid-scientific-racism-america-vaccine-experiments-unethical-brutal/

“ഞങ്ങളുടെ വിശ്വാസമനുസരിച്ച് ഇരട്ടക്കുട്ടികള്‍ മനുഷ്യരല്ല. അവര്‍ക്ക് വിചിത്രമായ ശക്തികളുണ്ടെന്ന് ഞങ്ങളുടെ പൂര്‍വികര്‍ പറഞ്ഞിട്ടുള്ളതിനാല്‍, അവര്‍ മുഴുവന്‍ സമുദായത്തിനും അപകടം കൊണ്ടുവരുന്നവരായാണ് കരുതുന്നത്. മനുഷ്യര്‍ക്കിടയിലെ ദൈവങ്ങളായാണ് അവരെ കാണുന്നത്. അതുകൊണ്ട് അവര്‍ ജനിച്ചാലുടന്‍ ഒരു ആപത്തും ഭീഷണിയും വന്നതായി ഗ്രാമം മുഴുവന്‍ ജാഗ്രത നല്കുന്നു.”

പലയിടത്തും ദുര്‍മന്ത്രവാദിയായ ഒരു വൈദ്യനായിരിക്കും അനുഷ്ഠാനരീതികളില്‍ ഇത് നടത്തുക. പുറത്തുനിന്നുള്ളവര്‍ക്ക് (മാധ്യമങ്ങള്‍, സര്‍ക്കാര്‍, മതപ്രചാരകര്‍) ആരാണ് ചെയ്തതെന്ന് അറിയാതിരിക്കാനോ അല്ലെങ്കില്‍ മൊത്തം ശിശു മരണങ്ങളുടെ കൂട്ടത്തില്‍പ്പെടുത്താനോ വേണ്ടിയാണ് ഈ ദുര്‍മന്ത്രവാദി വൈദ്യന്‍മാരെ നിയോഗിക്കുന്നത്.

“ദുര്‍മന്ത്രവാദി വൈദ്യന്‍മാരുടെയും സമുദായ മുഖ്യന്‍മാരുടെയും സമ്മതം ഈ ആചാരം തുടരാന്‍ വളരെ പ്രധാനമാണ്. കാരണം നാട്ടുകാര്‍ക്കെല്ലാവര്‍ക്കുമറിയാം എന്താണ് സംഭവിക്കുന്നതെന്ന്. മിക്ക കുടുംബങ്ങള്‍ക്കും ഇങ്ങനെ നഷ്ടപ്പെട്ട കുട്ടികളുടെ കണക്കുകള്‍ ഉണ്ടാകും.”

http://www.azhimukham.com/somy-solomon-africa-tanzania-colonialism-corporate/

“കുട്ടികള്‍ ജനിച്ച സ്ഥലത്ത് ഈ വൈദ്യന്‍ അവര്‍ക്ക് രഹസ്യമായി തയ്യാറാക്കിയ ഒരു ദ്രാവകം നല്കുന്നു. ഈ ദ്രാവകം വെള്ളമാണെന്നും മരണം ദൈവങ്ങളുടെ പണിയാണെന്നും അയാള്‍ നാട്ടുകാരെ ബോധ്യപ്പെടുത്തും. ഇരട്ടകളുടെ ആത്മാവിനെ കുടുംബ പരമ്പരയില്‍ നിര്‍ത്താനാണ് വെള്ളം നല്‍കുന്നതെന്ന് അയാള്‍ പറയും. ഇത് പച്ചക്കളമാണ്. ആ ദ്രാവകം വിഷമാണ്. കുട്ടികള്‍ മരിക്കുന്നതു കാണുന്ന സ്ത്രീകള്‍ക്ക് അനിയന്ത്രിതമായ വേദനയാണ് ഉണ്ടാക്കുന്നത്. ചില സമുദായങ്ങളില്‍ ‘വിലക്കപ്പെട്ട ജീവനുകള്‍ക്ക്’ ജന്മം നല്കിയതിന് സ്ത്രീകളെ അശുദ്ധരായി മുദ്രകുത്തുകയും ചെയ്യും.”

ഇരട്ടകളെ കൊന്ന ഒരു സമുദായത്തിലെ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു, “ഇരട്ടകള്‍ ഏറെ ശക്തരാണെന്ന് ഞങ്ങളുടെ സമുദായം വിശ്വസിക്കുന്നു. അവരുടെ ശക്തി എല്ലാ മന്ത്രവാദത്തിനും കൂടോത്രത്തിനും മേലെയാണ്. മന്ത്രവാദവും കൂടോത്രവുമാണ് ഇവിടെ പ്രമുഖമെന്നതിനാല്‍ ഓരോ ഇരട്ടക്കുട്ടിയും മരിക്കും എന്നവര്‍ ഉറപ്പുവരുത്തുന്നു. അതുകൊണ്ടാണ് ഇരട്ടക്കുട്ടികളെ കൊല്ലുന്നതിന് അവര്‍ മാന്ത്രിക വിദ്യകള്‍ ഉപയോഗിക്കുന്നത്. അന്യര്‍ക്ക് ഇത് വിചിത്രമായി തോന്നാം, എന്നാല്‍ അങ്ങനെയാണ് ഞങ്ങള്‍ പലരും ജീവിക്കുന്നതു... ക്രിസ്തുമതം ഈ വിശ്വാസ സംവിധാനത്തെ ക്രമേണ മാറ്റുന്നുണ്ട്, എന്നാലും അത് പൂര്‍ണമായും പോയിട്ടില്ല.”

ചിലയിടങ്ങളില്‍ ദുര്‍മന്ത്രവാദികള്‍ കുട്ടികളെ ശ്വാസം മുട്ടിച്ചാണ് കൊല്ലുന്നതെന്നും അയാള്‍ പറഞ്ഞു.

പ്രാദേശിക പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ 2013-ല്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുകയുണ്ടായി. “ഇപ്പോള്‍ പരാമര്‍ശിക്കപ്പെട്ട സമുദായങ്ങളെക്കൂടാതെ, മറ്റ് പലരും കുട്ടികളുടെ ക്ഷേമം സംബന്ധിച്ച നാഗരികമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന് കരുതെണ്ടിവരുമെന്ന്" 30 അംഗ സംഘം റിപ്പോര്‍ട്ട് നല്‍കി. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു ബോധവത്കരണ പരിപാടിയും സമുദായങ്ങളുമായി സംഭാഷണവും സംഘടിപ്പിച്ചു. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരില്‍ ആ പ്രചാരണപരിപാടി റദ്ദാക്കി.

ഈ രീതി മാറ്റാന്‍ ഇനിയും സമയമെടുക്കെന്നാണ് നൈജീരിയ സര്‍വകലാശാലയിലെ നരവംശ ശാസ്ത്ര അദ്ധ്യാപിക ജോസഫീന്‍ അല്‍മുനാ പറയുന്നത്. “ഇത് നിയമം ഉണ്ടാക്കുന്നതോ എന്തു ചെയ്യണം എന്ന് സമുദായങ്ങളോട് പറയുന്നതോ ആയി ബന്ധപ്പെട്ട ഒരു കാര്യമല്ല. അവര്‍ക്ക് വിദ്യാഭ്യാസവും ബോധവത്കരണവുമാണ് ആവശ്യം. നൂറുകണക്കിനു കൊല്ലങ്ങളായി കൊണ്ടുനടക്കുന്ന വിശ്വാസങ്ങള്‍ ഏതാനും ആഴ്ച്ചകള്‍ക്കൊണ്ട് മാറ്റണമെന്ന് ആളുകളെ വിശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.”

(ഗ്ലോബല്‍ എന്‍വയോണ്‍മെന്‍റ് ഫസിലിറ്റി (GEF)യുമായി ചേര്‍ന്ന് ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ സ്വതന്ത്ര പരിഭാഷ)

http://www.azhimukham.com/africa-nakku-penta-nakku-taka-aborigins-race-representation-cinema-media/


Next Story

Related Stories