ശ്രീലങ്കന്‍ ചാവേര്‍ ആക്രമണത്തെ സംബന്ധിച്ച അന്വേഷണങ്ങള്‍ ഇനി കേരളത്തെയും തമിഴ്നാടിനെയും കേന്ദ്രീകരിച്ചായേക്കുമെന്ന് സൂചന. ശ്രീലങ്കയില്‍ 250ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് സംശയിക്കപ്പെടുന്ന സഹ്റാന്‍ ഹാഷിമിന്റെ ടെലിഫോണ്‍ വിവരങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിന് പിന്നാലെയാണ് അന്വേഷണങ്ങള്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും നീളുന്നത്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ചില ആളുകള്‍ ഹാഷിമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇയാളുടെ ഫോണ്‍ രേഖകള്‍ തെളിയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്നാട്ടില്‍ വേരുകളുള്ള നാഷണല്‍ തൗഹീത് ജമാഅത്തില്‍ നിന്നും വേരറ്റ ആളാണ് ഹാഷിമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ഏകദേശം മൂന്നുമാസത്തോളം ഹാഷിം ഇന്ത്യയില്‍ കഴിഞ്ഞിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുന്നു. നാഷണല്‍ തൗഹീത് ജമാഅത് ആണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തന്റെ ലക്ഷ്യങ്ങള്‍ കുറച്ചുകൂടി നന്നായി നടപ്പിലാക്കാനായി ഹാഷിം തൗഹീത്ത് ജമാഅത് വിട്ട് സ്വന്തമായി ഒരു സംഘടന ഉണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നതായും സൂചനമുണ്ട്.
ഐ എസ് ബന്ധങ്ങള്‍ ആരോപിച്ച് കഴിഞ്ഞ ദിവസം പാലക്കാട് നിന്നും അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് ഹാഷിമുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ ഹാഷിമിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി എന്‍ ഐ എ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ശ്രീലങ്കന്‍ ചാവേര്‍ ആക്രമണത്തില്‍ നേരിട്ടുള്ള പങ്കില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. സഹ്രാന്‍ ഹാഷിമിന്റെ ഭീകരവാദ പ്രവര്‍ത്തന സ്വഭാവമുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കാസറഗോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്, കളിയങ്ങോട് സ്വദേശി അഹമ്മദ് അറാഫത്ത് എന്നിവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.