ഷാർലറ്റിലെ നോർത്ത് കരോലിന സർവകലാശാലയിൽ ഇന്നലെ അപ്രതീക്ഷിതമായുണ്ടായ വെടിവെയ്പ്പിൽ രണ്ട് മരണം. മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സെമസ്റ്റർ അവസാന പരീക്ഷയ്ക്ക് മുൻപായി ക്ളാസ്സുകൾ അടയ്ക്കുന്ന ദിവസമായ ഇന്നലെ ഉച്ചയോടെയാണ് തോക്കുമായെത്തിയ ഒരു യുവാവ് ക്യാംപസ് അങ്കണത്തിൽ നിന്ന ആളുകൾക്ക് നേരെ നിറയൊഴിക്കുന്നത്. സർവകലാശാലയിലെ തന്നെ വിദ്യാർത്ഥിയായ 22 വയസ്സുകാരനായ ട്രിസ്റ്റാൻ ആൻഡ്രു റ്ററൽ ആണ് വെടിയുതിർത്തതെന്നാണ് പോലീസ് കണ്ടെത്തുന്നത്. കൊല്ലപ്പെട്ടവർ സർവകലാശാലയിലെ തന്നെ ഉദ്യോഗസ്ഥരോ വിദ്യാർത്ഥികളോ ആണോ എന്നതിനെ സംബന്ധിച്ചും റ്ററൽ എന്തിനാണ് ഇവരെ വെടിവെച്ച് വീഴ്ത്തിയതെന്നതിനെ സംബന്ധിച്ചും ഇപ്പോഴും പോലീസിന് വ്യക്തത വന്നിട്ടില്ല.
വെടിവെപ്പിന് പിന്നിൽ മറ്റ് സംഘടനകളോ ആളുകളോ പ്രവർത്തിച്ചിട്ടില്ലെന്നും ഈ യുവാവ് ഒറ്റയ്ക്ക് ചെയ്തതാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെടിവെയ്പ്പ് നടന്നതോടെ വിദ്യാർത്ഥികളും അധ്യാപകരും പരിഭ്രാന്തരാകുകയായിരുന്നു. സർവകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു സംഭവമെന്നും ഇത് വളരെ സമാധാനമുള്ള ഇടമായിരുന്നുവെന്നുമാണ് അധ്യാപകരിൽ പലരും പ്രതികരിച്ചത്. കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ പോലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി യുവാവിന്റെ കയ്യിൽ നിന്നും ആയുധം വാങ്ങുകയായിരുന്നു. വെടിയേറ്റ രണ്ട് പേർ തൽക്ഷണം മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ വിദ്യാർത്ഥികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ നിസ്സാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.
അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി അധികൃതർ ഉത്തരവിറക്കിയിട്ടുണ്ട്. ഇന്നലെ ഉച്ച മുതൽ സർവകലാശാലയ്ക്ക് വൈസ് ചാൻസിലർ അവധി പ്രഖ്യാപിച്ചു. മൂവായിരത്തിലധികം വിദ്യാർത്ഥികളും ഏകദേശം അത്ര തന്നെ ജീവനക്കാരും ഉള്ള പ്രശസ്തമായ ക്യാംപസാണ് നോർത്ത് കരോലിന സർവകലാശാലയുടേത്.