TopTop
Begin typing your search above and press return to search.

ജോണ്‍ എഫ് കെന്നഡി വധം: രഹസ്യ ഫയലുകള്‍ പുറത്തുവിടുമെന്ന് ട്രംപ്

ജോണ്‍ എഫ് കെന്നഡി വധം: രഹസ്യ ഫയലുകള്‍ പുറത്തുവിടുമെന്ന് ട്രംപ്
ഏറെക്കാലമായി രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന, മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫയലുകള്‍ പുറത്തുവിടേണ്ടെന്ന നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഉപദേശം തള്ളിക്കൊണ്ടാണ് ഫയലുകള്‍ പുറത്തുവിടാന്‍ ട്രംപ് ആലോചിക്കുന്നത്. തനിക്കും ഗവണ്‍മെന്റിനും എതിരായ വിമര്‍ശനങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള പരിപാടിയാണ് ട്രംപിന്റേതെന്ന വിലയിരുത്തലുണ്ട്. സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം പുറത്തുവിട്ടത് കുറച്ചുകാലം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ട്രംപിന്റെ നുണകളില്‍ നിന്നും ഭരണ പരാജയത്തില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്ന് സാമൂഹികശാസ്ത്രജ്ഞന്‍ ഡോ.ഡാഷേന്‍ സ്‌റ്റോക്‌സ് അഭിപ്രായപ്പെടുന്നു. ഈ ഫയലുകള്‍ പുറത്തുവന്നാല്‍ തനിക്ക് ആ കൊലപാതകത്തില്‍ പങ്കില്ലെന്നും താന്‍ അന്ന് തേഡ് ഗ്രേഡില്‍ പഠിക്കുകയായിരുന്നെന്നും വ്യക്തമാകുമെന്ന് അര്‍കന്‍സാസ് മുന്‍ ഗവര്‍ണര്‍ മൈക്ക് ഹുക്കബി പറഞ്ഞു. ഊഹാപോഹങ്ങളിലും സംശയങ്ങളിലും ഇത് അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ട്രംപിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രൊഫ.ലാറി സബാറ്റോ രംഗത്തെത്തി. വളരെ നന്ദി. ഇത് ശരിയായ തീരുമാനമാണ് - ലാറി പറഞ്ഞു. ഒരു ഗവണ്‍മെന്റ് ഏജന്‍സിക്കും ഒഴിവുകഴിവുകളുണ്ടാകരുത്. ജെഎഫ്‌കെ ഫയലുകള്‍ ഏറെക്കാലമായി രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു - കെന്നഡി വധത്തെക്കുറിച്ച് പുസ്തകമെഴുതിയിട്ടുള്ള പ്രൊഫ.സബാറ്റോ ഈ ഫയലുകള്‍ പുറത്തുവിടണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നയാളാണ്.മൂവായിരത്തോളം രഹസ്യഫയലുകളാണ് കെന്നഡി വധം സംബന്ധിച്ചുള്ളത്. കെന്നഡിയെ വധിക്കുന്നതിന് മുമ്പ് കൊലയാളിയായ ലീ ഹാര്‍വി ഓസ്‌വാള്‍ഡ് മെക്‌സിക്കോയിലേയ്ക്ക് പോയിരുന്നു. ഈ യാത്രയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കാന്‍ രഹസ്യഫയലുകള്‍ പുറത്തുവിടുന്നതിലൂടെ കഴിയുമെന്ന് കരുതുന്നവരുണ്ട്. അതേസമയം ഇന്റലിജന്‍സ് ഓപ്പറേഷനുകളുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ ഇക്കൂട്ടത്തില്‍ പുറത്തുപോകുമെന്ന ഭയം ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഒക്ടോബര്‍ 26ന് രഹസ്യഫയലുകള്‍ പുറത്തുവിടുമെന്ന് പറയുന്നുണ്ടെങ്കിലും ട്രംപ് ഇതില്‍ നിന്ന് പിന്മാറുമെന്നും സൂചനയുണ്ട്. ഗവണ്‍മെന്റ് ഫയലുകള്‍ പുറത്തുവിടുന്നത് തടയാന്‍ യുഎസ് നിയമപ്രകാരം പ്രസിഡന്റിന് മാത്രമേ അധികാരമുള്ളൂ.

ലോകത്തെ ഞെട്ടിച്ച ജോണ്‍ എഫ് കെന്നഡി വധം സംബന്ധിച്ച് പല തരം ഗൂഢാലോചന സിദ്ധാന്തങ്ങളും വാദങ്ങളും വിവാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഹാര്‍വി ഓസ്‌വാള്‍ഡിന് പുറമെ രണ്ടാമതൊരാള്‍ കൂടി കെന്നഡിക്ക് നേരെ നിറയൊഴിച്ചിട്ടുണ്ടെന്ന് പറയുന്നവരുണ്ട്. ഓസ്‌വാള്‍ഡിനെ ജാക് റൂബി എന്ന ഗണ്‍മാന്‍ വെടിവച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ ട്രംപും ഇത്തരമൊരു ഗൂഢാലോചന തിയറി എടുത്തിട്ടിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് തന്റെ പാര്‍ട്ടിയിലെ തന്നെ മറ്റ് മത്സരാര്‍ത്ഥികളുമായുള്ള പോരാട്ടത്തിനിടെയായിരുന്നു അത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മത്സരാര്‍ത്ഥിയായിരുന്ന ടെഡ് ക്രൂസിനെയാണ് ട്രംപ് ലക്ഷ്യം വച്ചത്. നാഷണല്‍ എന്‍ക്വയറിന്റെ ഒരു സ്റ്റോറിയെ അടിസ്ഥാനമാക്കിയായിരുന്നു ട്രംപിന്റെ ആരോപണം. ടെഡ് ക്രൂസിന്റെ പിതാവ് റാഫേല്‍ ക്രൂസ് ആ സമയത്ത് ഓസ്‌വാള്‍ഡിനൊപ്പം ഉണ്ടായിരുന്നെന്നും റാഫേലാണ് വെടി വച്ച മറ്റേയാള്‍ എന്നുമാണ് ട്രംപ് പറഞ്ഞത്. അതേസമയം ട്രംപിന്റെ ആരോപണം വെറും ചവറാണെന്നും അതിനെ തള്ളിക്കളയുന്നതായും ടെഡ് ക്രൂസ് പ്രതികരിച്ചു.രഹസ്യഫയലുകള്‍ പുറത്തുവിട്ടതുകൊണ്ടൊന്നും ഗൂഢാലോചന തിയറികള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകില്ലെന്നാണ് നിരീക്ഷകരുടേയും വിദഗ്ധരുടേയും വിലയിരുത്തല്‍. ഇന്ത്യയിലും സുഭാഷ് ചന്ദ്ര ബോസ് ഫയലുകള്‍ പുറത്തുവിട്ട് കഴിഞ്ഞിട്ടും ബോസിന് എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് എന്തെങ്കിലും പുതിയ വിവരം ലഭ്യമായില്ല. തായ്‌വാനിലെ വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടിട്ടില്ല എന്ന ഉറപ്പിക്കാവുന്ന തരത്തിലുള്ള വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടുമില്ല. 1963 നവംബര്‍ 22ന് തുറന്ന കാറില്‍ സഞ്ചരിക്കവേയാണ് ജോണ്‍ എഫ് കെന്നഡി വധിക്കപ്പെടുന്നത്.

Next Story

Related Stories