Top

ജെസിൻഡ ആര്‍ഡന്‍, ലോകം നിങ്ങളെ ആരാധിക്കുന്നു; ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ അറിയാം

ജെസിൻഡ ആര്‍ഡന്‍, ലോകം നിങ്ങളെ ആരാധിക്കുന്നു; ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ അറിയാം
തീവ്ര വെള്ള ദേശീയതയും അന്ധമായ മുസ്‌ലിം വിരോധവുമാണ് ന്യൂസിലൻഡിലെ വെടിവെപ്പിന് പിന്നിലെന്ന് വ്യക്തമാകുമ്പോൾ പോലും അത് അംഗീകരിക്കാൻ മടിയുള്ള ഡൊണാൾഡ് ട്രംപ് ഉൾപ്പടെയുള്ള നിരവധി നേതാക്കളുണ്ട്. മുസ്ലീങ്ങൾ ഉള്ളിടത്തെല്ലാം പ്രശ്ങ്ങളുണ്ടെന്ന് പറഞ്ഞ് വംശീയത പരത്താൻ ശ്രമിച്ച ഓസ്‌ട്രേലിയൻ നേതാവിന്റെ തലയിലാണ് ജനരോഷത്തിന്റെ ചീമുട്ടകൾ വീഴുന്നത്. മുസ്ലീങ്ങൾ അനുദിനം അപരവൽക്കരിക്കപ്പെടുകയാണെന്നും അവർ അപകടത്തിലാണെന്നും തിരിച്ചറിഞ്ഞ് മുസ്‌ലിം സ്വത്വം സംരക്ഷിക്കാനും കാര്യങ്ങളെ മനസിലാക്കാനും രാജ്യത്തെ അറിയുന്ന ഒരു നേതാവിനെ കഴിയൂ. അപരവൽക്കരിക്കപ്പെടുന്നവന്റെ വേഷത്തിലെത്തി അവരിലൊരാളായി നിന്ന് ആശ്വാസം ചൊരിയുകയെന്നത് ജെസിൻഡ ആര്‍ഡൻ എന്ന നേതാവിന്റെ വെറും പ്രഹസനമോ, 'ഷോ"യോ ആയിരുന്നില്ല.

ഹിജാബ് ധരിച്ച് കൊണ്ട് ക്രൈസ്റ്റ് ചർച്ചിൽ മോസ്‌ക്കിലെത്തി മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ടെന്ന് ഈ നേതാവിന് തിരിച്ചറിവുണ്ടായിരുന്നു. അവരെത്തുമ്പോൾ ആളുകളെല്ലാം “ജസിന്‍ഡ.. ജസിന്‍ഡ..”എന്ന് ഹർഷാരവം മുഴക്കുന്നത് രാജഭക്തി കൊണ്ടല്ല. അങ്ങനെയൊരു രാജഭരണമല്ല ജസിന്‍ഡ ആര്‍ഡൻ എന്ന ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടേതെന്ന് ആ നാട്ടിലെ സകലർക്കും അറിയാം. നിലപാടുകളിലെ സത്യസന്ധതയും പറഞ്ഞ രാഷ്ട്രീയത്തിലെ വ്യക്തതയും കൊണ്ടാണ് ജസിന്‍ഡ ആര്‍ഡൻ എന്ന നേതാവ് ജനശ്രദ്ധ പിടിച്ച് പറ്റുന്നത്.

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മുസ്‌ലിം പള്ളികളിൽ ഭീകരാക്രമണമുണ്ടായി 50 പേർ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ജസിന്‍ഡ വെറുതെ ഇരുന്നിട്ടില്ല. ക്രൈസ്റ്റ് ചർച്ചിൽ ഇന്നലെ നേരിട്ടെത്തി മരിച്ചവർക്ക് അനുശോചനം അറിയിച്ചുകൊണ്ടും മാരകായുധങ്ങളും തോക്കുകളും നിയന്ത്രിക്കാനുള്ള നിയമങ്ങൾ ശക്തമാക്കാൻ ഒരുങ്ങിയും അവർ ജനങ്ങൾക്ക് ധൈര്യം നൽകി.

"ഇത് ന്യൂസിലാൻഡ് നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇരുണ്ട കാലഘട്ടമാണ്, എത്രപേർ മരിച്ചു, എത്ര പേർക്ക് പരിക്കുപറ്റി എന്നത് വിശദമാക്കാനല്ല ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഈ ആക്രമണത്തിന്റെ ഇരകൾ ന്യൂസിലാഡിൽ താമസമാക്കിയ മറ്റ് രാജ്യക്കാരാണ്. ഈ രാജ്യത്ത് താമസിക്കാനായി ആഗ്രഹിച്ച് എത്തിയ അവരുടേതും കൂടിയാണ് ഈ രാജ്യം. എന്നെ സംബന്ധിച്ച് വെടിവെപ്പു നടത്തിയ ആക്രമികളല്ല, ഇവിടെ വെടിയേറ്റുവീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്‍റെ യഥാർത്ഥ മക്കൾ, അവരാണ് ‘നമ്മൾ’...". കുടിയേറ്റക്കാർക്കുനേരെ പ്രത്യേകിച്ചും മുസ്ലീം കുടിയേറ്റക്കാർക്കുനേരെ തീവ്ര ദേശീയവാദികളുടെ ആക്രമം ശക്തമാകുന്ന സാഹചര്യത്തിലാണ് "അവരാണ് നമ്മൾ, ഈ രാജ്യം അവരുടേതാണെ"ന്ന് ജസിന്‍ഡ വ്യക്തമാക്കുന്നത്. വെടിവെയ്പ്പ് നടത്തിയ കൊലയാളിയുടെ മാനിഫെസ്റ്റോ ആക്രമം നടത്തിയതിന്റെ തൊട്ടു മുൻപ് ലഭിച്ചുവെങ്കിലും ആക്രമണത്തിന് പ്രതിരോധിക്കാനാവാത്തതിന്റെ കുറ്റബോധത്തിലുമാണ് ജസിന്‍ഡ പ്രവർത്തിക്കുന്നത്. “മാനിഫെസ്റ്റൊയിൽ നടത്താനുദ്ദേശിക്കുന്ന ആക്രമണത്തെക്കുറിച്ച് വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു. ആ നീണ്ട മാനിഫെസ്റ്റോ സശ്രദ്ധം മുഴുവൻ വായിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടും തടുക്കാനായില്ല” എന്ന് വേദനയോടെയാണ് ഇവർ പറയുന്നത്.

യുദ്ധങ്ങളില്ലാത്ത സമാധാനം മാത്രമുണ്ടായിരുന്ന ഈ ചെറു രാജ്യത്തിൽ പെട്ടെന്ന് ഇങ്ങനെ ഭീതിപടരുമ്പോൾ ജനങ്ങളുടെ എല്ലാ വൈകാരികതകളും ഉൾകൊണ്ടുകൊണ്ടുതന്നെയാണ് ജസിന്‍ഡ വിഷയത്തെ നേരിടുന്നത്. ബ്രിട്ടീഷ് സർക്കാരുകളുടെ പോലൊരു "വെസ്റ്റ് മിനിസ്റ്റർ” ശൈലിയിലുള്ള ഭരണമല്ല തൻ കാഴ്ച വെയ്ക്കാൻ പോകുന്നത്. “എമ്പതി”യും കരുതലുമായിരിക്കും തന്റെ ഭരണത്തിന്റെ മുഖമുദ്ര എന്ന് ജസിന്‍ഡ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞത് തെളിയിക്കുന്നത് പോലെയായിരുന്നു ദുരന്തമുഖത്തെ ഇവരുടെ ഇടപെടലുകൾ. സഹാനുഭൂതി തന്റെ ബലഹീനതയല്ലെന്ന് ആവുന്നത്ര വ്യക്തതയോടെ പറഞ്ഞിട്ടുള്ള ഇവർ പറയുന്നത് മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കാൻ അസാമാന്യ ധൈര്യം തന്നെ വേണമെന്നാണ്. മറ്റുള്ളവരെ പഴിചാരിക്കൊണ്ട് എത്രകാലം പ്രതിസന്ധിയിൽ നിന്ന് അകന്നുമാറാമെന്നാണ് പല നേതാക്കളും വിചാരിക്കുന്നത്. പക്ഷെ എനിക്ക് പ്രശ്നങ്ങളെ നേരിടാനുള്ള കരുത്തുണ്ടെന്ന് വളരെ ആത്മവിശ്വാസത്തോടെ വർഷങ്ങൾക്കു മുന്‍പേ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞതിന് ഇപ്പോഴാണ് അര്‍ത്ഥമുണ്ടായിരിക്കുന്നത്.

പ്രതീക്ഷയാണ് തന്റെ ഭരണത്തെ നയിക്കുന്നതെന്നാണ് ജസിന്‍ഡ പറയാറുള്ളത്. ലോകത്തെ മാറ്റിമറിച്ച പ്രായം കുറഞ്ഞ വനിതകളിൽ ഒരാളായി 2017 ൽ ടൈം മാഗസിൻ തിരഞ്ഞെടുത്ത ജസിന്‍ഡയ്ക്ക് ഒട്ടനവധി പ്രത്യേകതകളുണ്ട്. GDP  എത്ര വളരും എന്ന് നോക്കിക്കൊണ്ടുള്ളതല്ല സമ്പത്തിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടെന്നും ജനങ്ങളുടെ ക്ഷേമമാണ് മുഖ്യം എന്നുമാണ് ജസിന്‍ഡയുടെ പക്ഷം. തൊഴിലില്ലായ്മ അടിയ്ക്കടി വർധിച്ചു വരുന്ന ഒരു നാട്ടിൽ GDP എത്ര വളർന്നിട്ടെന്താണെന്നാണ് ഇവർക്ക് ചോദിക്കാനുള്ളത്. പാവപ്പെട്ടവരെ ഭവനരഹിതരാക്കുന്ന മുതലാളിത്തം വലിയൊരു പരാജയമാണെന്നാണ് ജസിന്‍ഡ പറയുന്നത്.

1980 ൽ ന്യൂസിലൻഡിലെ ഹാമിൽട്ടണിലാണ് ജെസിൻഡയുടെ ജനനം. പോലീസുകാരനായ അച്ഛൻ ആൺകുട്ടികളെ പോലെയാണ് തന്നെ വളർത്തിയതെന്നാണ് ജെസിൻഡ തന്നെ പറയുന്നത്. പാവകൾക്കൊപ്പം കളിച്ച് വീട്ടിലിരിക്കാനല്ല, ആടുമേയ്ക്കാനും പഴങ്ങൾ ശേഖരിക്കാനുമൊക്കെയായി പുറത്ത് പോകാനായിരുന്നു ഇവർക്ക് കൂടുതൽ ഇഷ്ടം.

ഏതു തൊഴിലെടുത്താലും സ്വന്തം ഇഛാശക്തിയിൽ സ്ത്രീകൾക്ക് വിശ്വാസം വേണം എന്ന് ഈ വനിതാ പ്രധാനമന്ത്രി വെറുതെ പറയുന്നതല്ല. കൃഷിക്കാരിയായും കുക്കായും സെയിൽസ് ഗേളായുമൊക്കെ ജോലി നോക്കിയപ്പോഴെല്ലാം ഈ ഇഛാശക്തി ജെസിൻഡ കൈവിട്ടിരുന്നില്ല. ദീർഘനാൾ മുൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിന്റെ ഓഫീസിൽ ഇവർ ജോലി നോക്കിയിട്ടുണ്ട്. ഓരോ മേഖലയിലെയും അസമത്വങ്ങൾ കണ്ട് സഹികെട്ടാണ് താൻ ജനങ്ങൾക്ക് വേണ്ടി ഇറങ്ങി പ്രവർത്തിക്കാൻ തീരുമാനിക്കുന്നതെന്ന് ഇവർ പറയുന്നുണ്ട്. മൊറിൻസ്‌വില്ലെ കോളേജിൽ ബിരുദം ചെയ്യുന്ന സമയത്ത് തന്നെ ഇവർ നിരവധി വിദ്യാർത്ഥി പ്രശനങ്ങളിൽ ഇടപെടുകയും വിദ്യാർത്ഥി നേതാവാകുകയും ചെയ്തിട്ടുണ്ട്.

മുതിര്‍ന്ന ലേബർ പാർട്ടി അംഗമായിരുന്ന മാരി ആര്‍ഡൻ എന്ന ബന്ധുവഴിയാണ് ജെസിൻഡ ലേബർ പാർട്ടിയിലെത്തുന്നത്. പാർട്ടിയിലെത്തി ചുരുങ്ങിയ  കാലയളവിനുള്ളിൽ തന്നെ ഇവർ പാർട്ടിയുടെ യുവതയുടെ മുഖമായി മാറി. സിറ്റിംഗ് എം പി മാരും മുതിർന്ന നേതാക്കളും പാർട്ടിയിൽ നിൽക്കുമ്പോൾ തന്നെ 2008 ലെ ന്യൂസിലാൻഡ് പാർലമെൻറ്റ് തിരഞ്ഞെടുപ്പിൽ  ഈ ചെറുപ്പക്കാരിയെ സ്ഥാനാർത്ഥിയാക്കി നിർത്തുമ്പോൾ അവളുടെ കഴിവിൽ പാർട്ടിയ്ക്ക് അത്രയും വിശ്വാസം ഉണ്ടായിരുന്നു എന്ന് തന്നെ വേണം കണക്കാക്കാൻ. എംപിയായി ജയിച്ച് കയറുമ്പോൾ ജെസിൻഡയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ഉണ്ടായിരുന്നു. പാർലമെന്റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ബഹുമതി!

ആൻഡ്രൂ ലിറ്റിൽ രാജിവെച്ച് ഒഴിഞ്ഞപ്പോൾ ചുരുങ്ങിയ കാലം ന്യൂസിലൻഡിലെ പ്രതിപക്ഷ നേതാവായി നിന്ന് ഭരണത്തോടുള്ള യോജിപ്പുകളും വിയോജിപ്പുകളും സർക്കാരിനെ അറിയിച്ചിരുന്നത് ജെസിൻഡ തന്നെയാണ്. 2017 ൽ പൊതു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നേരത്ത് രാജ്യത്താകെ ഒരു "ജെസിൻഡ മാനിയ" പകർന്നിരുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. അതിശയിപ്പിക്കുന്ന നിലപാടുകളും കർമ്മ മണ്ഡലങ്ങളിലെ ആത്മാർത്ഥതയും കൊണ്ട് ജെസിൻഡ പത്രവാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന സമയം കൂടിയായിരുന്നു അത്. ഏത് എതിർസ്ഥാനാർത്തി വിചാരിച്ചാലും ഇവരുടെ ആത്മവിശ്വാസത്തിനു ഒരു ഇളക്കവും തട്ടാൻ പോകുന്നില്ല എന്ന് എല്ലാവര്‍ക്കും ബോധ്യമാകുന്ന വിധത്തിൽ ഇവർ അജയ്യയായി കഴിഞ്ഞിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ വൻ ഭൂരിപക്ഷത്തോടെയാണ് ഇവർ ന്യൂസിലാൻഡ് പ്രധാനമന്ത്രിയാകുന്നത്. എവിടെ ആയിരുന്നാലും ഏതു ജോലി ചെയ്താലും തനിക്ക് സ്വന്തമായി ഒരു സ്പേസ് വേണമെന്നാണ് ഇവർ പറയാറുള്ളത്. ജീവിതത്തിൽ തനിക്ക് സ്വന്തമായി ഒരു സ്പേസ് തരുന്ന ആൾ എന്ന നിലയ്ക്കാണ് മാധ്യമ പ്രവർത്തകനായ ക്ലർക്ക് ഗെയ്‌ഫോർട്ടിനെ ഇവർ ജീവിതത്തിൽ ഒപ്പം കൂട്ടുന്നത്.ഉറച്ച സ്ത്രീപക്ഷ നിലപാടുകൾ എടുക്കുന്നതിലൂടെയാണ് ജസിന്‍ഡ ആര്‍ഡൻ എന്ന ലേബർ പാർട്ടി നേതാവിനെ ലോകമറിയുന്നത്. 2017 ഒക്ടോബറിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. പ്രധാനമന്ത്രി ആയിരുന്ന കാലയളവിൽ തന്നെ ആറ് മാസം പ്രസവാവധി എടുത്ത് പ്രസവിച്ച ശേഷം തിരിച്ചു വന്ന് നാടുഭരിക്കുന്ന ആദ്യത്തെ വനിതാ നേതാവാണ് ജസിന്‍ഡ. ഞാൻ 'സൂപ്പർവുമൺ' ഒന്നുമല്ല. ഒരു 'അമ്മ മാത്രമാണെന്നായിരുന്നു ജസിന്‍ഡയുടെ പ്രതികരണം. സ്വന്തം കഴിവിലും ജോലി ചെയ്യാനുള്ള കരുത്തിലുമുള്ള വിശ്വാസമാണ്  ആദ്യം സ്ത്രീകൾക്ക് വേണ്ടതെന്നായിരുന്നു ജസിന്‍ഡയുടെ ഉപദേശം. അതുകൊണ്ടു തന്നെയാണ് ഐക്യരാഷ്ട്ര സഭയുടെ നെല്‍സണ്‍ മണ്ടേല സമാധാന ഉച്ചകോടിയില്‍ സംസാരിക്കുന്നതിനു വേണ്ടി  മൂന്നുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ജസിന്‍ഡ യാത്രചെയ്തത്. സഭാവേദിയിൽ വെച്ച് അമ്മയുടെ കടമ മറക്കാതെ കുഞ്ഞിന് മുലയൂട്ടിയത്. അമ്മയാകാനും ആകാതിരിക്കാനും പരിപാലിക്കാനുമുള്ള സ്ത്രീയുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിൽ  അങ്ങേയറ്റം വിശ്വസിക്കുന്ന ആര്‍ഡൻ അബോർഷൻ നിരോധന നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

പരമ്പരാഗത മത വിശ്വാസങ്ങളുടെ കെട്ടുപാടുകൾ 2005 ൽ പൊട്ടിച്ചെറിയുമ്പോൾ തന്റെ രാഷ്ട്രീയ നിലപാടുകളുമായി ഒരു തരത്തിലും യോജിക്കാത്ത വിശ്വാസങ്ങളെ ഞാൻ ഇനിയും പേറേണ്ടതുണ്ടോ എന്നാണ് ജസിന്‍ഡ ചോദിക്കുന്നത്. വിമതലൈംഗിക സ്വത്വങ്ങളെ ഉൾക്കൊള്ളാത്ത മതത്തിൽ തനിക്ക് താല്പര്യമില്ലെന്നാണ് ജസിന്‍ഡയുടെ പക്ഷം. "എനിക്ക് ലോകത്തെ മാറ്റണമായിരുന്നു. രാഷ്ട്രീയം  പറഞ്ഞുകൊണ്ട് സജീവ രാഷ്ട്രീയത്തിനിറങ്ങാതെ അതിന് സാധിക്കുമെന്ന് എനിക്ക് തോന്നിയിരുന്നില്ല." സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാൻ ഉപദേശിക്കുന്ന അരാഷ്ട്രീയ സമൂഹത്തിനു നേരെ ഓങ്ങിയ മൂർച്ചയുള്ള വാക്കായിരുന്നു ജസിന്‍ഡ ആര്‍ഡൻ എന്ന 39കാരിയുടേത്.

Next Story

Related Stories