TopTop
Begin typing your search above and press return to search.

ഇബ്ന്-അല്‍-ഹൈതമും പ്രകാശ വര്‍ഷാചരണവും

ഇബ്ന്-അല്‍-ഹൈതമും പ്രകാശ വര്‍ഷാചരണവും

ഡോ. ടി വി വിമല്‍ കുമാര്‍

പ്രകാശ ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗങ്ങളുടെയും നേട്ടങ്ങളെക്കറിച്ച് അവബോധം വളര്‍ത്തുക, അത് മാനവരാശിക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിക്കുക എന്നീ ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന 2015 – നെ അന്താരാഷ്ട്ര പ്രകാശ – പ്രകാശാധിഷ്ഠിത സാങ്കേതികവിദ്യാ വര്‍‍ഷമായി (IYL 2015) പ്രഖ്യാപിച്ചിരിക്കുന്നു. ജനുവരി മാസത്തില്‍ പാരീസില്‍ നടന്ന ഇതിന്റെ ഔപചാരിക ഉത്ഘാടനത്തെ തുടര്‍ന്ന് ലോകമെമ്പാടും പ്രകാശവര്‍ഷാചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മധ്യകാലയുഗത്തിലെ പ്രമുഖ അറേബ്യന്‍ പണ്ഡിതനും പ്രകാശ ശാസ്ത്രത്തിന്റെയും അനുബന്ധ സാങ്കേതികവിദ്യയുടെയും പിതാവായി വിശേഷിക്കപ്പെടുന്നയാളുമായ ഇബ്ന് -അല്‍ -ഹൈതമിനെ (Ibn al Haytham) അനുസ്മരിച്ചാണ് ഈ വാര്‍ഷികാചരണം നടത്തുന്നത്. പ്രകാശ ശാസ്ത്രത്തിലെ ആദ്യ ഗ്രന്ഥമായി ഗണിക്കുന്ന ഇബ്‌ന് അല്‍ ഹൈതം മിന്റെ കിതാബുല്‍ മനാളിരന്‍‍ (Book of Optics) എന്ന കൃതിയുടെ ആയിരാമത് വാര്‍ഷികം കൂടിയാണ് 2015. “1001 കണ്ടെത്തലുകള്‍- ഇബ്നുല്‍ ഹൈതമിന്റെ ലോകം” ( 1001 Inventions and the World of Ibn Al-Haytham) എന്നതാണ് അന്തര്‍ദേശീയ തലത്തില്‍ നടത്തുന്ന കാമ്പയിനിന്റെ മുദ്രാവാക്യം. പൗരാണികതയുടെ ഓര്‍മയുണര്‍ത്താന്‍, കഴിഞ്ഞുപോയ നൂറ്റാണ്ടുകളുടെ അന്ധകാരാവൃതമായ സാമൂഹിക ജീവിതത്തിന്റെ അടരുകളിലേക്ക് വിജ്ഞാനത്തിന്റെ കൊള്ളിമീനുകള്‍ കൊളുത്തിവിട്ട ദാര്‍ശനിക സംസ്‌കാരത്തിന്റെ പിറവി തിരിച്ചറിയാന്‍ ഈ വര്‍ഷാചരണം സഹായകമാകും എന്നു തീര്‍ച്ചയാണ്.

അബു അലി അല്‍ഹസന്‍ ഇബ്‌നുല്‍ ഹൈതം എന്നാണ് മുഴുവന്‍ പേര്. ഗണിതം, ഭൗതിക ശാസ്ത്രം, ജ്യോതിശാസ്ത്രം, രസതന്ത്രം, തത്ത്വചിന്ത തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം ക്രി. 965-ല്‍ ഇറാഖിലെ ബസറയിലാണ് ജനിച്ചത്. ക്രി. 1040-ല്‍ ഈജിപ്തിലെ കയ്‌റോയില്‍ അന്തരിച്ചു. നൈല്‍ നദിയിലെ വെള്ളപ്പൊക്ക പ്രശ്‌ന നിവാരണത്തിന് ഡാം പദ്ധതിയുമായി കയ്‌റോയിലെത്തിയ അദ്ദേഹം പ്രശസ്തമായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിക്കു സമീപം താമസമാക്കി. എന്നാല്‍ ഡാം പദ്ധതിയിലെ ചെറിയ സാങ്കേതിക പിഴവുമൂലം ഫാത്വിമി ഭരണത്തിനു കീഴിലുള്ള ഹാകിം അദ്ദേഹത്തിന് ജയില്‍ശിക്ഷ വിധിച്ചു. ക്ഷമാപണം നടത്തിയെങ്കിലും തടങ്കലിലായ അദ്ദേഹത്തെ പിന്നീട് വീട്ടുതടങ്കലിലേക്ക് മാറ്റി. തടങ്കല്‍ കാലയളവില്‍ പകര്‍ത്തെഴുതിയും മറ്റുള്ളവരെ പഠിപ്പിച്ചുമാണ് വരുമാനം കണ്ടെത്തിയത്. ഈ കാലത്തു തന്നെയാണ് മാസ്റ്റര്‍പീസായ കിതാബുല്‍ മനാളിറിന്റെ രചന.കാടുകയറിയ ചിന്തകളും അനുമാനങ്ങളും വെറും ഊഹങ്ങളും ശാസ്ത്രമായി കൊണ്ടുനടന്ന ഒരു കാലത്ത് ഇസ്‌ലാമിക പ്രമാണം മുന്നോട്ടുവെക്കുന്ന 'നിരീക്ഷണവും പരീക്ഷണവും' (Observation and Experiment) അടിസ്ഥാനമാക്കി കണ്ടെത്തലുകള്‍ക്ക് തുടക്കമിട്ട ശാസ്ത്ര പ്രതിഭയായിരുന്നു ഇബ്‌നുല്‍ ഹൈതം. ശാസ്ത്രത്തിനടിസ്ഥാനമായി 'നിരീക്ഷണവും പരീക്ഷണവും' സംഭാവന ചെയ്ത ഇദ്ദേഹമാണ് ലോകത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍. ലാറ്റിന്‍വത്കരിച്ച് അല്‍ഹാസന്‍ (Alhazen) എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന പരിമിതമായ പരീക്ഷണ സൗകര്യങ്ങളുടെ ഞെരുക്കത്തില്‍ പ്രകാശം എന്ന പ്രതിഭാസത്തെ പരീക്ഷിച്ചറിഞ്ഞ് കനപ്പെട്ട രേഖകളാക്കി ലോകത്തിനു നല്‍കുമ്പോള്‍ പ്രകാശ പഠന ശാസ്ത്രത്തിന്റെ (Optics) പിതാവായി അദ്ദേഹം മാറുകയായിരുന്നു.

കിതാബുല്‍ മനാളിറിന്റെ ആയിരം വര്‍ഷങ്ങള്‍
ഇബ്‌നുല്‍ ഹൈതം ക്രി. 1015-ല്‍ ഏഴു വാള്യങ്ങളിലായി എഴുതിയ കിതാബുല്‍ മനാളിര്‍ പ്രകാശത്തെ സംബന്ധിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. ഇതിന്റെ ആദ്യ വാള്യങ്ങളില്‍ 'കാഴ്ച' എന്ന പ്രതിഭാസത്തെ വിശദമാക്കുന്നു. കണ്ണില്‍ നിന്ന് പുറപ്പെടുന്ന ഏതാനും രശ്മികള്‍ ഒന്നില്‍ പതിയുമ്പോള്‍ ആ വസ്തു കാഴ്ചയായി അനുഭവപ്പെടുന്നുവെന്ന അരിസ്‌റ്റോട്ടില്‍ മുതലിങ്ങോട്ടുള്ളവര്‍ തുടര്‍ന്നു വന്ന ഊഹത്തെ നിരാകരിച്ചുകൊണ്ട് ഒരു പുതിയ തത്ത്വം അദ്ദേഹം ആവിഷ്‌കരിച്ചു. ഒരു വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശം നമ്മുടെ കണ്ണിലെത്തുമ്പോഴാണ് 'കാഴ്ച' എന്ന അനുഭവമുണ്ടാകുന്നതെന്ന് 'പ്രകാശത്തിന്റെ പ്രതിഫലനം' ( Reflection) എന്ന സിദ്ധാന്തത്തിലൂടെ അദ്ദേഹം തെളിയിച്ചതോടെ പാരമ്പര്യ 'ശാസ്ത്ര'ത്തിന്റെ ഇരുണ്ട ഗര്‍ത്തങ്ങള്‍ പ്രകാശമാനമായി.

നിഴലുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം സൂര്യഗ്രഹണത്തിന്റെയും ചന്ദ്രഗ്രഹണത്തിന്റെയും ശാസ്ത്രീയ അടിത്തറകള്‍ കണ്ടെത്തുന്നതിന് സഹായകമായി. ഉദിച്ചുയരുന്ന ചന്ദ്രബിംബം സാധാരണയില്‍ കവിഞ്ഞ വലുപ്പമുള്ളതായി തോന്നുന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ അപവര്‍ത്തനം (Refraction) എന്ന പ്രകാശ പ്രതിഭാസത്തെയും മഴവില്ലുണ്ടാകുന്നതിനെ കുറിച്ചുള്ള പഠനം പ്രകീര്‍ണനം (Dispersion) എന്ന പ്രതിഭാസത്തെയും കണ്ടെത്തുന്നതിന് വഴിവെച്ചു. ലെന്‍സും പ്രിസവും ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ഇബ്‌നുല്‍ ഹൈതം നടത്തിയിരുന്നു. അവതലദര്‍പ്പണത്തിലെ പ്രകാശ പ്രതിഫലനത്തെക്കുറിച്ചും അദ്ദേഹം പഠനം നടത്തി. എന്നാല്‍ പ്രകാശത്തിന്റെ പ്രതിഫലനം, അപവര്‍ത്തനം, പ്രകീര്‍ണനം എന്നീ പ്രതിഭാസങ്ങള്‍ ഇന്ന് മറ്റു പലരുടെയും പേരിലാണ് അറിയപ്പെടുന്നത്. പ്രകാശ പ്രതിഭാസങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളെല്ലാം കിതാബുല്‍ മനാളിറിന്റെ 4 മുതല്‍ 7 വരെയുള്ള വാള്യങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. വൈദ്യശാസ്ത്രരംഗത്ത് ഇബ്‌നു സീനയുടെ 'ഖാനൂനുത്ത്വിബ്ബ്' (വൈദ്യശാസ്ത്ര നിയമങ്ങള്‍) അടിസ്ഥാന ഗ്രന്ഥമായി എന്നതുപോലെ പ്രകാശ പഠനത്തില്‍ കിതാബുല്‍ മനാളിര്‍ ആയിരം വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്നു.ഹൈതമിന്റെ ദര്‍ശനം
തന്റെ ചിന്തയെകുറിച്ച് ഹൈതം പറയുന്നു: ''ബുദ്ധിപരമായ അറിവിനുള്ള പക്വതയെത്തിയപ്പോള്‍, സത്യം ഒന്നേ ഉണ്ടാകാവൂ എന്ന ബോധ്യത്തില്‍ അതിലേക്കെത്തിച്ചേരാനുള്ള പാതയില്‍ ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടു. മനുഷ്യന് ദൈവസാമീപ്യം കരസ്ഥമാക്കാനുള്ള ഉദാത്ത മാര്‍ഗം സത്യം കണ്ടെത്താനും വിജ്ഞാനം കരസ്ഥമാക്കാനുമായി പ്രയത്‌നിക്കുക എന്നതാണ്.'' വിജ്ഞാനത്തെ മഹത്തരമാക്കുന്ന ഹൈതമിന്റെ ഈ നയമാണ് ശാസ്ത്ര പഠനങ്ങളെ അവയുടെ വസ്തുനിഷ്ഠതയിലേക്ക് നയിച്ചത്. അരിസേ്റ്റാട്ടിലിന്റെ തര്‍ക്കശാസ്ത്രം, പ്രകൃതിശാസ്ത്രം, ദൈവശാസ്ത്രം എന്നിവ പഠിച്ചിട്ടും സത്യാന്വേഷണ പാതയില്‍ അദ്ദേഹത്തിന് എത്തിച്ചേരാന്‍ കഴിയാതെ വന്നപ്പോള്‍, സഹായത്തിനെത്തിയത് തത്ത്വശാസ്ത്രത്തിന്റെ പുതിയ വ്യാഖ്യാന രീതികളായിരുന്നു. അക്കാലത്ത് ഫിലോസഫിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്ന ഗണിതം, പ്രകൃതിശാസ്ത്രം, ദൈവശാസ്ത്രം എന്നീ മൂന്നു ശാസ്ത്ര സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട എല്ലാ ശാഖകളും അദ്ദേഹം പഠിച്ചിരുന്നു. 'സത്യം അറിയുക; നീതി പ്രവര്‍ത്തിക്കുക' എന്ന അടിസ്ഥാനത്തില്‍ മതത്തെയും ഭൗതികതയെയും സമന്വയിപ്പിച്ച് മറ്റു തത്ത്വശാസ്ത്രകാരന്മാരില്‍നിന്ന് വ്യത്യസ്തനാവാനും അദ്ദേഹത്തിന് കഴിഞ്ഞു.

ശാസ്ത്രവും സാങ്കേതികവിദ്യയും സാഹിത്യവും കലയും ധാര്‍മികാടിത്തറയില്‍ പുനരാവിഷ്‌കരിച്ച് ലോകത്തിന് നന്മയും ശാന്തിയും പകരുന്നതാക്കി മാറ്റാന്‍ നമുക്ക് സാധിച്ചാല്‍ ആധുനിക കാലത്ത് വംശീയതയില്‍ നിന്ന് മുക്തമായ ഒരു ലോകം സാധ്യമാകുമെന്നും പ്രകാശ വര്‍ഷങ്ങളോളം അത് പ്രതിഫലിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഅന്താരാഷ്ട്ര പ്രകാശ – പ്രകാശാധിഷ്ഠിത സാങ്കേതികവിദ്യാ വര്‍‍ഷത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://www.light2015.org/

(തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ ഭൌതിക ശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകന്‍)


Next Story

Related Stories