UPDATES

വിദേശം

സീരിയലിലെ പ്രസിഡന്റ് യഥാർത്ഥ പ്രസിഡന്റ് ആകുമ്പോൾ; ഉക്രൈൻ തിരഞ്ഞെടുപ്പില്‍ കോമഡി താരത്തിന് അട്ടിമറി വിജയം

ഒരു സ്കൂൾ അധ്യാപകൻ ഒരു പ്രത്യേക സാഹചര്യത്തിൽ നാടിൻറെ പ്രസിഡണ്ട് ആകുന്നതാണ് സീരിയലിന്റെ പ്രമേയം.

ഉക്രൈൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെയും അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ ജയിച്ച വോളോഡിമിർ സെലിൻസ്കിയ്ക്ക് രാഷ്ട്രീയ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ല. പൊതുപ്രവർത്തനത്തിലെയും കക്ഷി രാഷ്ട്രീയത്തിലെയും സമവാക്യങ്ങൾ അറിയില്ല. എന്നിട്ടും അദ്ദേഹത്തെ ഒരു ജനത വിശ്വസിച്ച് തങ്ങളുടെ പ്രസിഡന്റ് സ്ഥാനം ഏൽപ്പിച്ചത് മറ്റൊന്നും കൊണ്ടല്ല. ഒരു കൊമേഡിയനും അഭിനേതാവുമായ സെലിൻസ്കി ഒരു സീരിയലിൽ പ്രസിഡന്റായി അഭിനയിച്ച് തകർത്തതുകൊണ്ടുമാത്രം. അയാളുടെ തമാശകൾ ജനങ്ങൾക്ക് ഇഷ്ടമുള്ളത് കൊണ്ട് മാത്രം.

ഇത്ര നിസ്സാരമാണോ ഒരു രാജ്യത്തെ പ്രസിഡന്റാകാൻ, ഇത്രയും യോഗ്യത മതിയോ അതിന് എന്ന് ഉള്ളിൽ ആശങ്കപ്പെടുന്നവരോട് ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കില്ലന്നത്രെ നിയുക്ത പ്രസിഡന്റ് വാക്ക് നൽകിയത്. എന്നിട്ട് മാധ്യമപ്രവർത്തകർക്ക് മുൻപിൽ തന്റെ സ്വതസിദ്ധമായ കുസൃതി ചിരിയോടെ, അരങ്ങിലെ അംഗവിക്ഷേപങ്ങളോടെ തന്റെ ഷോയുടെ പശ്ചാത്തല സംഗീതത്തിനൊപ്പം അയാൾ നടന്നു നീങ്ങി.

മുൻ പ്രസിഡന്റും സെലിൻസ്കിയുടെ മുഖ്യ എതിരാളിയുമായിരുന്ന പെട്രോ പൊറോഷെങ്കോ അപ്രതീക്ഷിതമായ സെലിൻസ്കിയുടെ ഈ വിജയത്തിൽ നിരാശയോടെയാണ് പ്രതികരിച്ചത്. ‘ഞാൻ ഓഫീസിൽ നിന്നും മാത്രമാണ് പുറത്തു പോകുന്നത് രാഷ്ട്രീയത്തിൽ നിന്നുമല്ല.’പൊറോഷെങ്കോ പറഞ്ഞു. ആകെ പോൾ ചെയ്ത വോട്ടിന്റെ 30 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ സെലിൻസ്കിയ്ക്ക് 72 ശതമാനം ഭൂരിപക്ഷമുണ്ടായിരുന്നു. ഒരു ഔദ്യോഗിക എക്സിറ്റ്റ് പോൾ ഫലങ്ങൾ സെലിൻസ്കിയ്ക്ക് 73.2 ശതമാനം വോട്ടുകൾ ലഭിക്കും എന്ന് പറഞ്ഞിരുന്നു.

ഉക്രൈനിലെ വളരെ ആരാധകരുള്ള ‘സർവന്റ്റ് ഓഫ് ദി പീപ്പിൾ’ എന്ന സീരിയലിലാണ് സെലിൻസ്കി പ്രസിഡന്റിന്റെ വേഷമിടുന്നത്. ഒരു സ്കൂൾ അധ്യാപകൻ ഒരു പ്രത്യേക സാഹചര്യത്തിൽ നാടിന്‍റെ പ്രസിഡന്റ് ആകുന്നതാണ് സീരിയലിന്റെ പ്രമേയം. പ്രസിഡന്റാകുമ്പോൾ സെലിൻസ്കിയ്ക്ക് മുന്പിലുള്ളത് തമാശയല്ലാത്ത ഉക്രൈന്റെ പല പ്രതിസന്ധികളുമാണ്.

നാടിന്‍റെ സാമ്പത്തികമായ അസ്ഥിരതയും റഷ്യയുടെ പിന്തുണയുള്ള ചില കിഴക്കൻ വിഘടനവാദികളുടെ യുദ്ധഭീഷണിയും ഉക്രയിനിനു ഇനി മറികടക്കേണ്ടതുണ്ട്. യാഥാർത്ഥജീവിതവും ടെലിവിഷൻ ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ചുകളയുന്ന തരത്തിലുള്ള സെലിൻസ്കിയുടെ പ്രചാരണം ജനങ്ങളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ സെലിൻസ്കിയ്ക്കാകുമോ എന്നതാണ് പലരുടെയും ആശങ്ക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍