Top

തോമസ് കുക്കിനെ രക്ഷിക്കേണ്ടെന്ന് ബ്രിട്ടന്‍; സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ തൊഴിലാളികള്‍

തോമസ് കുക്കിനെ രക്ഷിക്കേണ്ടെന്ന് ബ്രിട്ടന്‍; സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ തൊഴിലാളികള്‍

ഈ ആഴ്ച മാഞ്ചസ്റ്ററില്‍ നടക്കുന്ന ടോറി പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ട്രാവല്‍ ഏജന്‍സി തോമസ് കുക്കില്‍ നിന്നുള്ള തൊഴിലാളികള്‍ പ്രതിഷേധം നടത്തും. അടച്ചുപൂട്ടിയ കമ്പനിയെ രക്ഷിക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ജീവനക്കാര്‍ക്ക് അവരുടെ പ്രതിമാസ ശമ്പളം സെപ്റ്റംബര്‍ 30-ന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ അത് എപ്പോള്‍ നല്‍കപ്പെടുമെന്ന് ഇനിയും വ്യക്തമല്ല. കമ്പനി അടച്ചു പൂട്ടിയതോടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ 14,700 ബ്രിട്ടീഷ് യാത്രികരെ ബ്രിട്ടന്‍ തിരികെ എത്തിച്ചു. രാജ്യത്തെ നികുതിദായകരുടെ പണമാണ് അതിനു വിനിയോഗിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. 16,500 പേരെക്കൂടി ഉടനെ തിരികെ എത്തിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഒക്ടോബര്‍ 2-ന് പ്രധാനമന്ത്രിയുടെ ഓഫീസിനുമുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തകര്‍ച്ചയെക്കുറിച്ച് അറിഞ്ഞ മുന്‍ ക്യാബിന്‍ അറ്റന്‍ഡന്റ് എമ്മ ബോക്സനും അക്കൂട്ടത്തിലുണ്ടാകും. 2,000-ത്തോളം യൂറോ ശമ്പളത്തില്‍ ജോലി ചെയ്തു വരികയായിരുന്ന അവര്‍ക്ക് കമ്പനി അടച്ചുപൂട്ടിയതിനെ കുറിച്ചോ ശമ്പളം മുടങ്ങിയതിനെ കുറിച്ചോ ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന തൊഴിലാളികള്‍ക്ക് യാത്രാ ചിലവും മറ്റുമായി ധാരാളം പണം ആവശ്യമായി വരുന്നതിനാല്‍ അവരെ സഹായിക്കാനായി ഓണ്‍ലൈന്‍ ഫണ്ടിംഗും ആരംഭിച്ചിട്ടുണ്ട്.

കമ്പനിയുടെ തകര്‍ച്ചയില്‍ 'മുതലാളിമാരുടെ' പങ്കിനെക്കുറിച്ച് പാര്‍ലമെന്ററി ബിസിനസ് - ഊര്‍ജ്ജം വ്യാവസായിക സമിതി അന്വേഷണം പ്രഖ്യാപിച്ചു. ഡയറക്ടര്‍മാരുടെ ശമ്പളവും ഓഡിറ്റര്‍മാരുടെ പങ്കും അന്വേഷണത്തിന്റെ പരിധിയില്‍വരും. ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തോമസ് കുക്കിന് സ്വന്തമായി ഓഫീസും പ്രവര്‍ത്തന സംവിധാനങ്ങളുമുണ്ടായിരുന്നു. അവിടങ്ങളിലായി 20,000 സ്ഥിര ജീവനക്കാരും. പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാതെ വന്നതോടെയാണ് കമ്പനി പാപ്പരായി പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് തോമസ് കുക്ക് കൂപ്പുകുത്തിയത്.

ഏകദേശം 20000 കോടി രൂപയുടെ കടക്കെണിയിലാണ് കമ്പനി അകപ്പെട്ടത്. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡുമായും ലോയിഡ്‌സ് ബാങ്കുമായും ബന്ധപ്പെട്ട് അടിയന്തിര വായ്പ്പയ്ക്കായി കമ്പനി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാന്‍ ബാങ്കുകള്‍ തയ്യാറായില്ല. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്കിന് 178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ ശാഖകളുമുണ്ട്.

Explainer: 'ഡിജിറ്റൽ ലോകത്തിലെ അനലോഗ് ബിസിനസ് മാതൃക': തോമസ് കുക്കിന്റെ വീഴ്ചയുടെ പിന്നിലെ കാരണങ്ങൾ






Next Story

Related Stories