TopTop
Begin typing your search above and press return to search.

ഇന്റർനെറ്റ് അൽഗോരിതം നമ്മളെ ഉപദ്രവിക്കുന്നതെങ്ങനെ?

ഇന്റർനെറ്റ് അൽഗോരിതം നമ്മളെ ഉപദ്രവിക്കുന്നതെങ്ങനെ?

കേയ്റ്റ്ലിന്‍ ഡ്വെയ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ ഒരു മാസം മുന്‍പ് വരെ പിന്‍റ്റസ്റ്റ്‌ ആയിരുന്നു എന്‍റെ ഏറ്റവും പ്രിയപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്ക്.

ശരിയാണ്; ഇതിന് ട്വിറ്ററിനെ പോലെയോ സ്നാപ്ചാറ്റിനെപോലെയോ സ്വീകാര്യത ഇല്ലെന്നറിയാം. ഇത് മധ്യവയസ്സു കഴിഞ്ഞവരുടെ ലോകം ആണെന്നും അറിയാം. പക്ഷെ പാചകത്തെ പ്രണയിക്കുന്ന എനിക്ക് പിന്‍റ്റസ്റ്റ്‌ തരുന്ന നവീനമായ പാചകകുറിപ്പുകളാണ് ആകര്‍ഷക ഘടകം.

ഇതൊരു സോഷ്യല്‍ പിൻ ബോര്‍ഡ് (പരസ്യങ്ങളും, വിവരങ്ങളും നോട്ടീസുകളും പതിക്കുന്ന ബോര്‍ഡ്) പോലെയാണ്. ഫേസ്ബുക്കും ട്വിട്ടെറും പോലെ ഇതിലും ഫോളോ ഓപ്ഷന്‍ ഉണ്ട്. പക്ഷെ, മനം മടുപ്പിക്കുന്ന വാര്‍ത്തകള്‍ക്കും, കാലാവസ്ഥാ പ്രവചനങ്ങള്‍ക്കും പകരം ഇതില്‍ കരകൌശലവിദ്യകളും, വിവാഹ പദ്ധതികളും, എല്ലാറ്റിനും മേലെ, കൊതിയൂറുന്ന പാചകകുറിപ്പുകളും, അതിന്റെ ചിത്രങ്ങളും കണ്ടെത്താം.

പക്ഷെ ഈ അടുത്ത കാലത്തായി ‘ഈ ഭക്ഷണം’ എന്നെ ബോറടിപ്പിക്കുന്നു. ഈ ആപ്ലികേഷന്‍ നിങ്ങൾക്ക് താല്പര്യം ഉള്ളവ എന്ന ലേബലില്‍ സൂപ്പ്, രിക്കൊട്ടയും തേനും, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ വരും. ഇതൊക്കെ എന്‍റെ പ്രിയ ഭക്ഷണങ്ങള്‍ തന്നെ. എങ്കിലും എത്രയേറെ ആവര്‍ത്തന വിരസമാണിവ!

ഈ മാറ്റം ഞാന്‍ കരുതിയതുപോലെ പൊടുന്നനെ ഉണ്ടായതല്ല. ഈയിടെ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ്‌ പോസ്റ്റില്‍ പിന്‍റ്റസ്റ്റ്‌ തങ്ങളുടെ ഹോം പേജില്‍ ഓരോ വ്യക്തികള്‍ക്കും ആവിശ്യമുള്ളതും അവരില്‍ നിന്ന് മറച്ചു വയ്ക്കേണ്ടതും തിരഞ്ഞെടുക്കാന്‍ ഒരു പ്രത്യേക കോഡ് ഭാഷ ഉപയോഗിക്കുന്നുണ്ട് എന്ന് എഴുതിയിരുന്നു.

മറ്റു വെബ്സൈറ്റുകളെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളെയും പോലെ പിന്‍റ്റസ്റ്റ്‌ അവരുടെ വെബ്സൈറ്റും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ സാധിക്കുന്ന വിധം രൂപകല്‍പന ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്ന സൂപ്പും, മുളപ്പിച്ച പയര്‍ വര്‍ഗങ്ങളും, രിക്കൊട്ടയും തേനും മറ്റെല്ലാ ഭക്ഷണത്തെയും പിന്തള്ളി എന്‍റെ തിരഞ്ഞെടുപ്പുകള്‍ക്കായി വരുന്നു; എല്ലായ്പ്പോഴും.

ഞാനോ ജനാധിപത്യമോ ഇത്തരം ചെറിയ മാറ്റങ്ങളാൽ വലയുമെന്ന് പറക വയ്യ. എന്നാലും കഴിഞ്ഞ ഒരു വർഷത്തിനിടെ വിമർശകർ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഇന്റർനെറ്റ് അൽഗരിതത്തിന്റെ തിരഞ്ഞെടുപ്പുകളിലെ അപകടത്തെക്കുറിച്ച് ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഇത്ര 'രുചി'കരമായി അവതരിപ്പിക്കാൻ കഴിയുക.

എന്നാല്‍ ഇത്തരം തിരഞ്ഞെടുപ്പുകള്‍ സ്വയം നടത്തുന്ന ഏക വെബ്സൈറ്റ് അല്ല ഇത്. ഇന്നത്തെ യുവത്വത്തിന്റെ പ്രധാന വാർത്താ സ്രോതസ്സുകളായ ഫേസ് ബുക്കും ഗൂഗിളും ഇതേപോലെയുള്ള തിരഞ്ഞെടുപ്പുകള്‍ ഓരോ വ്യക്തിക്ക് വേണ്ടിയും നടത്തുന്നുണ്ട്. എന്നാല്‍ അത് പിന്‍റ്റസ്റ്റ് ചെയ്യുന്നത് പോലെ വെറും ഒരു റെസിപ്പി ഒളിപ്പിച്ചു വയ്ക്കുന്നതുപോലെ നിസ്സാരമല്ല. പക്ഷെ നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്ന, നിങ്ങളുടെ ചിന്തകളുടെ എതിര്‍ സ്വരങ്ങളെ മറച്ചു വയ്ക്കുന്ന, തരത്തില്‍ പോലും അവ തിരഞ്ഞെടുപ്പുകളെ മറച്ചു വയ്ക്കുന്നു. ഇത് ചിലപ്പോള്‍ നിങ്ങളുടെ ലിംഗവിവേചനത്തെയും വംശീയ ആധിപത്യ താത്പര്യങ്ങളെയും പോലും നിര്‍ണയിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.ഇന്ന് ഇത്തരം കോഡുകള്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പുകള്‍ എല്ലായിടത്തും വ്യാപകമാണ്. ഇത് ഒരു തരം സാമൂഹ്യ നിയന്ത്രണം ആണ് എന്നാണ് സാമൂഹ്യചിന്തകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

"കൃത്യമായി പറഞ്ഞാൽ ഈ അൽഗരിതം ഒരു പാട് പേരുടെ ജീവിതം മാറ്റിക്കൊണ്ടിരിക്കുകയാണ്", എന്ന് പറയുന്നത് ഓക്കേകുപിഡിന്റെ-ആധുനിക യുഗത്തിൽ അൽഗരിതങ്ങളുടെ സ്ഥാനം തെളിയിക്കുന്നത് പോലെ ഈയിടെ ന്യൂയോർക്കിൽ നടന്ന ഒരു 'അൽഗരിതം ലേല'ത്തിൽ ഇത് വിറ്റ് പോയിരുന്നു-സ്ഥാപകരിൽ ഒരാളാണ്.

അൽഗരിതം എന്നത് അത്ര എളുപ്പത്തിൽ വഴങ്ങുന്ന ഒന്നല്ല എന്നത് യാഥാർഥ്യമാണ്. ഹൈസ്കൂൾ ക്ലാസുകളിലെ പേടിപ്പിക്കുന്ന കാൽക്കുലസ് ക്ലാസുകളുടെ ഓർമകളിലേക്ക് ഒരു സാധാരണ വെബ് ഉപഭോക്താവിനെ ഈ പദം മടക്കിക്കൊണ്ട് പോകുന്നു. എന്നാല്‍ ഇത് വളരെ ലളിതമായ എന്നാല്‍ സ്വയം തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന ഒരു കംപ്യൂട്ടര്‍ കോഡ് മാത്രം ആണ്.

ഈ ലേഖനം നിങ്ങള്‍ വായിക്കുമ്പോഴും അതിനരികെ നിങ്ങള്‍ക്ക് വായിക്കാനായി മറ്റു പല ലേഖനങ്ങളുടെയും പട്ടിക കാണാന്‍ സാധിക്കും. അതാണ് യഥാര്‍ത്ഥത്തില്‍ കോഡുകള്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പുകള്‍ ഒരു വെബ്സൈറ്റ് നടത്തുന്നു എന്നതിന്‍റെ അടയാളം. നാം ഗൂഗിളില്‍ എന്തെങ്കിലും തിരയുമ്പോള്‍ ആദ്യ പേജില്‍ എന്താണ് വരേണ്ടത് എന്നും നൂറാമത്തെ പേജിലേക്ക് മാറ്റേണ്ടത് എന്നും ഈ കോഡുകള്‍ തീരുമാനിക്കുന്നു. അതേപോലെ ഫേസ്ബുക്കില്‍ നിങ്ങള്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍, ഒരു സുഹൃത്ത്‌ പങ്കുവയ്ക്കുന്ന എല്ലാം നാം കാണുന്നില്ല. കാരണം ആമസോണിനെപോലെ, നെറ്റ്ഫ്ലിക്സിനെപ്പോലെ പണ്ടോരയെപോലെ ഓക്കേകുപിഡിനെപോലെ ഫേസ്ബുക്കും കോഡുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് "ആവശ്യമുള്ളതിനെ" തിരഞ്ഞെടുക്കുന്നു.

എന്നാല്‍ ഇതത്ര നിസ്സാരമല്ല. കാരണം, നിങ്ങളുടെ താല്പര്യം എന്താണെന്ന മുന്‍‌കൂര്‍ തീരുമാനത്തില്‍ ഇന്റര്‍നെറ്റ് നിങ്ങള്ക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ മാത്രം തിരഞ്ഞെടുത്തു മുന്നോട്ടു കൊണ്ടുവരുന്നു. കുറച്ചു കഴിയുന്നതോടെ നമ്മുടെ ഓരോ തിരച്ചിലിനും അനുസരിച്ച് ഈ പ്രവചനങ്ങളുടെ ആഴവും വര്‍ധിക്കുന്നു. പതിയെ എനിക്ക് സംഭവിച്ചപോലെ രസകരമായ പാചകകുറിപ്പുകളും നിങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. അതേപോലെ മറ്റു പല വാര്‍ത്തകളും കഥകളും എല്ലാം. ഇന്റര്‍നെറ്റ്‌ ആക്ടിവിസ്റ്റ് എലി പരിസര്‍ ഇതിനെ ഫില്‍റ്റര്‍ ബബിള്‍ അഥവാ അരിപ്പപോള എന്ന് പേരിട്ടു വിളിച്ചു. അതായത്, സാംസ്കാരികവും സാമൂഹികവുമായ പൊതു ചിന്താ ധാരയില്‍ നിന്നും ഓരോ വ്യക്തിയേയും മാറ്റിനിര്‍ത്തുന്ന തരത്തില്‍ ഈ അരിപ്പ പ്രവര്‍ത്തിക്കുന്നു.

അതോടൊപ്പം ഈ കോഡുകള്‍ക്ക് അതിന്റേതായ പക്ഷഭേദം ഉണ്ട് എന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പിക്കുന്നു. ഈ പക്ഷഭേദം ആ കോഡിന്റെ ഉള്ളില്‍ തന്നെ രേഖപ്പെടുത്തിയതാണ്. ചിലപ്പോള്‍ ഈ പക്ഷഭേദം പ്രകടമായി കാണാം. ഗൂഗിളിന്റെ കാര്യത്തില്‍ ഇത് പൂര്‍ണമായും ശരിയാണെന്നും പറയാം.


ന്യൂയോര്‍ക്കില്‍ ലേലത്തിന് വെച്ച ഒക്കെകുപീഡിന്റെ അല്‍ഗരിതം

ഇതിന്‍റെ മറ്റു ചില വശങ്ങള്‍ കൂടി നോക്കാം. ഫേസ് ബുക്ക്‌ പറയുന്നത് ഇത്തരത്തില്‍ ക്രമീകരിക്കുന്നത് ഉപഭോക്താക്കളുടെ സൌകര്യത്തിനാണ് എന്നാണ്. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ല. ഫേസ്ബുക്കിലെ കോഡുകള്‍ ശരിക്കും സഹായിക്കുന്നത് പരസ്യ ദാതാക്കളെയാണ്. അല്ലാതെ നിങ്ങളെയല്ല. ക്രിസ്ടീന്‍ സാന്‍ഡവിംഗ് എന്ന ആശയവിനിമയ ഗവേഷകന്‍ ഇതിനെ ദുരുപയോഗ വ്യക്തിവത്കരണം എന്ന് വിളിക്കുന്നു. നിങ്ങളെ സഹായിക്കുക എന്ന വ്യാജേന അത് കുത്തക ശക്തികളെ ആണ് സഹായിച്ചുകൊണ്ടിരിക്കുന്നത്.

ഏതു തരത്തില്‍ ആയാലും ഇത്തരം പക്ഷഭേദങ്ങള്‍ കൃത്യമായി നിലല്‍നില്‍ക്കുന്നു എന്ന് ഉറപ്പിച്ചു പറയാന്‍ വയ്യ. ഈ കോഡുകള്‍ എങ്ങനെ നടത്തുന്നു എന്നത് ഇന്നും രഹസ്യമാണ്. ഫേസ്ബുക്കോ ഗൂഗിളോ ഈ കോഡുകളുടെ ഉള്ളുകള്ളികള്‍ എന്തെന്ന് പുറത്തു പറഞ്ഞിട്ടില്ല. നമ്മുടെ ചിന്തകളെയും ഇഷ്ടാനിഷ്ടങ്ങളെയും തിരിച്ചറിയാന്‍ കഴിയുന്ന ഇവയെ കീറിമുറിച്ചു പരിശോധിച്ച് ഇവയുടെ പ്രവര്‍ത്തനം എങ്ങനെ എന്ന് പഠിക്കാന്‍ സാധിച്ചിട്ടില്ല.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഈ രഹസ്യ അറകളെ തുറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങികഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫേസ്ബുക്കിനെ കുറിച്ച് നടന്ന ഒരു പഠനത്തില്‍, ഈ കോഡുകള്‍ ഒരു ഉപഭോക്താവിന്റെ സമ്മതമോ അറിവോ കൂടാതെ തന്നെ അവരുടെ താത്പര്യങ്ങള്‍ നിയന്ത്രിക്കുന്നു എന്ന എന്ന ഒരു വിവരം പുറത്തു വന്നു. അതെ തുടര്‍ന്ന് സാമൂഹ്യചിന്തകനായ സെയ്നെപ് ടുഫെക്സി ഫേസ് ബുക്കില്‍ നിസ്സാരമായ കാര്യങ്ങള്‍ മാത്രം പ്രസിദ്ധമാകുന്ന രീതിയെ കഠിനമായി വിമര്‍ശിച്ചു.ഈ പുതിയ കാലത്തില്‍ ഈ വര്‍ഷത്തില്‍ ഈ രഹസ്യ കോഡുകളെ നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്ന് ടുഫെക്കി എഴുതി. പിന്നീട് ഇവ സത്യമെന്നും തെളിഞ്ഞു. കഴിഞ്ഞ ആഴ്ച, ബ്രിട്ടനില്‍ ഇത് സംബന്ധിച്ച് ഒരു വാര്‍ത്ത‍ പുറത്തു വന്നിരുന്നു. ശിശുരോഗ വിദഗ്ധയായ ഇവരുടെ ജിമ്മിലെ വനിതാ വിശ്രമമുറിയിലെ രഹസ്യ കോഡ് ഉപയോഗിച്ചുള്ള വാതില്‍ ഇവര്‍ക്ക് തുറക്കാന്‍ സാധിക്കുന്നില്ല. കാരണം ഡോക്ടര്‍ എന്നത് പുരുഷന്‍ എന്ന് മാത്രമാണ് ആ കോഡുകള്‍ മനസിലാക്കുന്നത്‌.

ഈ കോഡുകള്‍ ഒട്ടും നിക്ഷ്പക്ഷത പാലിക്കുന്ന ഒന്നല്ല എന്ന് മദര്‍ ബോര്‍ഡിലെ വിക്ടോറിയ ടര്‍ക് മുന്നറിയിപ്പ് തരുന്നു. അത് മനുഷ്യ നിര്‍മിതി തന്നെ ആണ്. ഉപയോഗിക്കുന്നതും മനുഷ്യന്‍ ആണ്. നമ്മുടെ പക്ഷഭേദങ്ങള്‍ നമ്മുടെ സാങ്കേതിക വിദ്യയിലേക്കും പകര്‍ന്നു കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോഡുകളും വിവേചനം കാണിക്കുന്നു.

ഇത്തരം ചർച്ചകളും അനുബന്ധ പ്രശ്നങ്ങളും 'അൽഗരിതം ഓഡിറ്റിംഗ്' എന്ന ഒരു ഗവേഷണ ശാഖയ്ക്ക് തന്നെ വഴിയൊരുക്കിയിരിക്കുന്നു. ഇതിൽ ഇന്റർനെറ്റ് അൽഗരിതത്തെ അതിനു പുറത്ത് നിന്നു കൊണ്ട് അപഗ്രഥിക്കാനും അതിന്റെ പ്രശ്നങ്ങളെന്തൊക്കെയെന്ന് കണ്ടെത്താനുമാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ഓപ്പണ്‍ ടെക്നോളജി ഇന്‍സ്റ്റിട്യൂട്ട് ഈ കോഡുകളെ സംബന്ധിച്ച ഒരു വിജ്ഞാപനം പുറത്തിറക്കി. അതിൽ അവർ ഓരോ പ്ലാറ്റ്ഫോമും അവരേത് അൽഗരിതമാണ് ഉപയോഗിക്കുന്നതെന്നും അതാരെയൊക്കെയാണ് സഹായിക്കുന്നതെന്നും തുറന്ന് പറയുന്ന ഒരു ഇന്റർനെറ്റിനെ അവർ വിഭാവനം ചെയ്തിരുന്നു.

ഇത്തരം മുന്നറിവുകളുണ്ടായിട്ട് പോലും അതീ യന്ത്രങ്ങൾക്കെതിരെ എങ്ങനെ ഉപയോഗിക്കാം എന്നതിലിനിയും വ്യക്തത കൈവന്നിട്ടില്ല. ഈ കോഡുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഫേസ്ബുക്കും ഗൂഗിളും ഈ മേഖലയിലെ കുത്തകകള്‍ ആണ്. സാധാരണക്കാര്‍ ആകട്ടെ ഇത്തരം കോഡുകള്‍ ഉണ്ടെന്നു തിരിച്ചറിയുന്നു പോലും ഇല്ല. ഈയിടെ നടന്ന ഒരു പഠന പ്രകാരം തങ്ങളുടെ സുഹൃത്തുക്കള്‍ പങ്കുവയ്ക്കുന്ന എല്ലാം നാം കാണുന്നില്ല എന്ന സത്യം നാല്‍പതു ശതമാനത്തില്‍ കുറവ് ആളുകള മാത്രമേ തിരിച്ചറിയുന്നുള്ളൂ എന്നാണു പറയുന്നത്.അതുകൊണ്ടുതന്നെ നാം ദുർബലരായ എതിർചേരിക്കാരെ ആശ്രയിക്കുന്നു. റാന്‍ഡം എന്ന ഒരു സൈറ്റ് നാം സ്ഥിരമായി അവഗണിക്കുന്ന വാര്‍ത്തകളെ വീണ്ടും വീണ്ടും നമ്മുടെ മുന്നിലേക്ക്‌ എത്തിക്കുന്നു. ബോബ്ബിള്‍ എന്ന മറൊരു സൈറ്റ് ആകട്ടെ നിങ്ങള്‍ ഗൂഗിളില്‍ തിരയുമ്പോഴും മറ്റു സൈറ്റുകള്‍ വഴി തിരയുമ്പോഴും ഉള്ള വ്യത്യാസം എന്തെന്ന് കാണിച്ചു തരുന്നു.

കോഡുകള്‍ക്ക് അരിപ്പ പോള എന്ന് പേരിട്ട എലി പരിസര്‍ എന്ന ചെറുപ്പകാരന്‍ ഈ കോഡുകളെ ഇല്ലാതാക്കാനും അവയുടെ സങ്കീര്‍ണ്ണതയെ അവയ്ക്കുള്ളില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ വേണ്ടി പരിശ്രമിക്കുകയും, ഇന്ന് അപ്പ്‌വര്‍ത്തി എന്ന മീഡിയ കമ്പനിയുടെ തലപ്പത്തെത്തുകയും ചെയ്തു.

"സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഫേസ്ബുക്ക്‌ പോലെയുള്ള ഒരു മാധ്യമം കൈകാര്യം ചെയ്യുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ." എലി പരിസര്‍ പറയുന്നു. "ഇന്ന് നിലവിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഫേസ്ബുക്ക്‌ തന്നെയാണ് ഏറ്റവും പ്രശസ്തം. നിങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം കൊണ്ടുവരണം എന്നുണ്ടെങ്കില്‍ ഫേസ് ബുക്കില്‍ വരുത്തണം എന്ന അവസ്ഥയാണ് ഉള്ളത്."

അതേസമയം ഈ തന്നിഷ്ടകാരായ കോഡുകളുടെ രഹസ്യം മനസിലാക്കാന്‍ കെല്‍പ്പുള്ള സാങ്കേതിക വിദഗ്ധര്‍ അതിന്‍റെ ചുരുളഴിച്ച്‌ എനിക്ക് നഷ്ടമാകുന്ന കൊതിയൂറും പാചക കുറിപ്പുകള്‍ എന്‍റെ സ്വന്തമാകുന്ന ഒരു ദിവസത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്. എനിക്കിപ്പോഴും എന്‍റെ പഴയ പാചകകുറിപ്പുകള്‍ പ്രിയങ്കരം തന്നെ. പക്ഷെ എനിക്കാവശ്യമുള്ളത് ഒരു കൂട്ടം കോഡുകളുടെ ആജ്ഞക്കനുസരിച്ച് തിരഞ്ഞെടുക്കുന്നതിനെക്കാള്‍ ഞാന്‍ തന്നെ തിരഞ്ഞെടുക്കുന്ന അവസ്ഥ നിലനില്‍ക്കുന്നതാണ് എനിക്കിഷ്ടം.


Next Story

Related Stories