TopTop
Begin typing your search above and press return to search.

ആരുണ്ട് എന്നെയും ഇന്റർനെറ്റിനെയും തോല്പിക്കാൻ!

ആരുണ്ട് എന്നെയും ഇന്റർനെറ്റിനെയും തോല്പിക്കാൻ!

സാറാ കപ്ലാൻ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അങ്ങനെയൊരു സുഹൃത്തിനെ നമുക്കെല്ലാം അറിയാം: എത്ര ചെറിയ ചോദ്യം ചോദിച്ചാലും സ്മാര്‍ട്ട്‌ഫോണ്‍ എടുത്ത് പരിശോധിക്കുന്നവർ, കുറേയധികം സമയം നിസ്സാരകാര്യങ്ങൾ ഗൂഗിൾ ചെയ്ത് ചെലവിടുന്നവർ, ലാപ്ടോപ്പിന്റെ നീലവെളിച്ചത്തിൽ മുഖം തിളങ്ങുന്നവർ.

ഓരോ ചെറിയ കാര്യം പോലും ഇന്റര്‍നെറ്റ് ഉപയോഗിച്ച് സ്ഥിരീകരിക്കുന്നത്തിന്റെ ഒരു ബൌദ്ധിക സംതൃപ്തിയും ഇവര്‍ക്കുണ്ട്. ഈ സംതൃപ്തി വൈഫൈ കണക്ഷൻ നഷ്ടമായാലും കുറെസമയം ഒപ്പം നിൽക്കുമെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. ജേര്‍ണൽ ഓഫ് എക്സ്പിരിമെന്റൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ യേൽ സര്‍വകലാശാലയിലെ ഗവേഷകർ പറയുന്നത് ഒരു സേര്‍ച്ച്‌ എഞ്ചിൻ ഉപയോഗിക്കുന്നത് തന്നെ ആളുകള്‍ക്ക് തങ്ങള്‍ക്ക് കൂടുതൽ അറിവുണ്ട് എന്ന ധാരണയുണ്ടാക്കും എന്നാണ്. ഇത് അവർ ഗൂഗിൾ ചെയ്ത വിഷയത്തെപ്പറ്റി മാത്രമാവണമെന്നുമില്ല.

“ഔട്ട്‌സോര്‍സ് ചെയ്ത അറിവുകളെ നാം എത്രത്തോളം ആശ്രയിക്കുന്നുവന്നു മനസിലാക്കാൻ ഇന്റര്‍നെറ്റ് പരതുന്നവര്‍ക്ക് മനസിലാകാതെ പോകുന്നു. ഒരു വിവരം കണ്ടെത്താനുള്ള കഴിവിനെ ആളുകൾ തങ്ങളുടെ കഴിവായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.” പഠനം സൂചിപ്പിക്കുന്നു.

ഒന്‍പത് പരീക്ഷണങ്ങളിൽ നിന്നാണ് ഈ കണ്ടെത്തലിൽ എത്തിയത്. തങ്ങളുടെ ബൌദ്ധികനിലവാരത്തെപ്പറ്റിയുള്ള ആളുകളുടെ ആത്മവിശ്വാസത്തെ ഇന്റര്‍നെറ്റ് എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു പഠനം.ഈ പരീക്ഷണത്തിൽ പങ്കെടുത്തവരോട് നിരവധി ലളിതമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു- ഒരു സിബ്ബ് പ്രവര്‍ത്തിക്കുന്നതെങ്ങനെ? മുതലായ ചോദ്യങ്ങൾ- പിന്നീട് ചോദ്യങ്ങൾ കൂടുതൽ സങ്കീര്‍ണ്ണമാക്കി. സിബ്ബ് ഉപയോഗിക്കുന്നത് എങ്ങനെയെന്നു ഇന്റര്‍നെറ്റിൽ നോക്കാൻ അനുവദിച്ചയാളുകൾ അറ്റ്‌ലാന്റിക്ക് ചുഴലിക്കാറ്റുകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കും ലേബർ യൂനിയനുകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം പറയാൻ ആത്മവിശ്വാസം കാണിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിച്ചവർ വായിച്ച അതേ വിവരങ്ങൾ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ക്കും നല്‍കിയപ്പോൾ പോലും സ്വയം ഇന്റര്‍നെറ്റിൽ പരതിയവര്‍ക്ക് ആത്മവിശ്വാസം കൂടുതൽ തോന്നിയതായാണ് കാണാൻ കഴിഞ്ഞത്.മറ്റൊരു പരീക്ഷണത്തിൽ പങ്കെടുത്തവര്‍ക്ക് ഒരു കൂട്ടം എംആര്‍ഐ ചിത്രങ്ങൾ കാണിച്ചുകൊടുത്തു.തലച്ചോറിലെ പല തരം പ്രവര്‍ത്തനങ്ങൾ നടക്കുമ്പോഴുള്ള ചിത്രങ്ങളായിരുന്നു ഇതിൽ. അതിനിടെ പങ്കെടുത്തവർ ചില ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. ഇവിടെയും ഇന്റര്‍നെറ്റ് ഉപയോഗിച്ചവരുടെ ഈഗോ കാണാമായിരുന്നു.

ചില ആളുകളുടെ ഓണ്‍ലൈൻ സേർച്ചുകൾ വിഫലമായിരുന്നെങ്കിലും ഗൂഗിളിൽ ഒരു കാര്യം പരതി ഉത്തരങ്ങൾ വെറുതെ സ്ക്രോൾ ചെയ്യുന്നതുപോലും ആത്മവിശ്വാസം കൂട്ടിയതായി കാണാം.

ഗൂഗിളിൽ ഫിൽറ്റർ ചേര്‍ത്ത് ഒരു റിസല്‍റ്റുമില്ലാതെ വെറുതെ “did not match any documents” എന്ന് മാത്രം വന്നപ്പോൾ പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരെക്കാൾ ആത്മവിശ്വാസം കാണിച്ചു.

ഇന്റര്‍നെറ്റ് ലഭ്യതയല്ല, അതുപയോഗിച്ച് വിവരങ്ങൾ പരതുന്നതാണ് ആളുകള്‍ക്ക് തങ്ങളുടെ മികവിനെപ്പറ്റിയുള്ള തോന്നൽ ഉണ്ടാക്കുന്നത്. ഇതിനെ ഗവേഷകർ “ട്രാന്‍സാക്ടീവ് മെമ്മറി സിസ്റ്റംസ്” എന്നാണു വിളിക്കുന്നത്. ആളുകൾ പരിചിതസംഘങ്ങൾ ഉണ്ടാക്കുമ്പോൾ, ഉദാഹരണത്തിന് റിസര്‍ച്ച് ടീമുകളോ കാമുകരോ ഒക്കെയാകുമ്പോൾ അവർ “ബൌദ്ധികജോലിയെ പങ്കിടാറുണ്ട്”. കൂടുതൽ ഫലപ്രദമായി ജോലിചെയ്യാനാണ് ഇത്. ആളുകള്‍ക്ക് എല്ലാം അറിയേണ്ടിവരില്ല, സംഘത്തിൽ ഒരാൾ ഓര്‍ത്താൽ മതി. അതേ കാര്യമാണ് ഇന്റര്‍നെറ്റിന്റെ കാര്യത്തിലും സംഭവിക്കുന്നത് എന്നും നാം അത് തിരിച്ചറിയുന്നില്ല എന്നും ഗവേഷകർ വാദിക്കുന്നു.

“നിങ്ങള്‍ക്ക് ഒരു ചോദ്യത്തിന്റെ ഉത്തരം അറിയില്ലെങ്കിൽ നിങ്ങള്‍ക്കത് അറിയില്ലെന്ന് ഉറപ്പാണ്. ഉത്തരം കണ്ടെത്താൻ സമയവും പ്രയത്നവും വേണ്ടതുണ്ട്.” ഗവേഷകനായ മാത്യു ഫിഷർ പറയുന്നു. “ഇന്റര്‍നെറ്റ് ഉള്ളപ്പോൾ നിങ്ങള്‍ക്ക് അറിയുന്നതും നിങ്ങള്‍ക്ക് അറിയും എന്ന് നിങ്ങൾ കരുതുന്നതും തമ്മിലുള്ള അതിര്‍വരമ്പ് മായുന്നു.”

ഫിഷർ ഇതൊരു പ്രശ്നമായാണ് കരുതുന്നത്. ആളുകൾ തങ്ങളുടെ അറിവിനെ കൂടുതലായി കരുതുന്നു. എന്താണ് പറയുന്നത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ വേണ്ട സാഹചര്യങ്ങളിൽ ഇതൊരു പ്രശ്നമായി മാറാം.

“തീരുമാനങ്ങള്‍ക്ക് വലിയ ഫലങ്ങൾ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളിൽ ആളുകൾ അവരുടെ അറിവിനെ തിരിച്ചറിയുന്നതും അവര്‍ക്കറിയാത്ത കാര്യങ്ങൾ അറിയാം എന്ന് ധരിക്കുന്നതും ഒരു പ്രശ്നമാണ്. കൃത്യമായ അറിവ് നേടാൻ ബുദ്ധിമുട്ടാണ്. ഇന്റര്‍നെറ്റ് ഈ ജോലി കൂടുതൽ ബുദ്ധിമുട്ടാക്കും.”


Next Story

Related Stories