TopTop
Begin typing your search above and press return to search.

ഫെമിനിസ്റ്റാണെന്ന് പറയാന്‍ ആണിന് നല്ല സ്റ്റാമിന വേണം-അഭിമുഖം / ദീദി ദാമോദരന്‍

ഫെമിനിസ്റ്റാണെന്ന് പറയാന്‍ ആണിന് നല്ല സ്റ്റാമിന വേണം-അഭിമുഖം / ദീദി ദാമോദരന്‍

ദീദി ദാമോദരന്‍ / റോണ്‍ ബാസ്റ്റ്യന്‍

(സദാചാര പോലീസിംഗിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ചര്‍ച്ചകളും സമൂഹത്തില്‍ ഉയര്‍ന്നുവരുന്നു. വിമത ശബ്ദം ഉയര്‍ത്തുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം എമ്പാടും നടക്കുന്നു. കോഴിക്കോട് നടന്ന രണ്ടാം ഘട്ട കിസ് ഓഫ് ലവ് സമരത്തില്‍ ഭര്‍ത്താവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ പ്രേംചന്ദിനെ ആലിംഗനം ചെയ്തതിന്റെ പേരില്‍ ദീദി ദാമോദരന്‍ കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രീത ജി പിയുടെയും അരുന്ധതിയുടെയും ഫേസ്ബുക്ക് വാളുകളില്‍ നടക്കുന്ന സൈബര്‍ ആക്രമണം അതിന്റെ പുതിയ മുഖമാണ്. ഈ പശ്ചാത്തലത്തില്‍ പ്രശസ്ത തിരക്കഥാകൃത്തും (നായിക, ഗുല്‍മോഹര്‍) സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ ദീദി ദാമോദരന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. തയ്യാറാക്കിയത് റോണ്‍ ബാസ്റ്റ്യന്‍)

ചോദ്യം: ചുംബനസമരത്തെപ്പോലുള്ള പ്രതിരോധങ്ങളെ എതിര്‍ക്കുന്നവര്‍ പ്രധാനമായും സദാചാരം, സംസ്‌കാരം, പാരമ്പര്യം എന്നീ വാക്കുകളാണ് ആവര്‍ത്തിക്കുന്നത്. ഈ പ്രയോഗങ്ങളില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?

ചരിത്രം എന്നു പറഞ്ഞാലും, പാരമ്പര്യം എന്നു പറഞ്ഞാലും, സദാചാര മൂല്യങ്ങള്‍ എന്നു പറഞ്ഞാലും, വളരെ അവ്യക്തവും എങ്ങനെ വേണമെങ്കിലും നിര്‍വ്വചിക്കാവുന്നതുമായ സങ്കല്പങ്ങളാണ്. എനിക്ക് തോന്നുന്ന ഒന്നായിരിക്കില്ല, വേറൊരാള്‍ക്ക് തോന്നുന്നത്. മൂല്യങ്ങള്‍ തന്നെ വേറെ വേറെയായിരിക്കും. എന്നു വച്ചാല്‍ ആത്യന്തികമായി ഇതാണ് ശരി എന്നു പറയാവുന്ന ഒരു വഴിയില്ല. ആപേക്ഷികമാണ്.

റാഗ് പിക്കറായിട്ട് നടന്ന് അറസ്റ്റ് ചെയ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റെനേ ന്യായാധിപനോട് പറഞ്ഞത്, ''ഞാന്‍ ജീവിച്ച ജീവിതമാണ് താങ്കള്‍ ജീവിച്ചിരുതെങ്കില്‍ താങ്കള്‍ ഈ കൂട്ടിലും, ഞാന്‍ ആ കസേരയിലുമായിരുന്നേനേ' എന്നാണ്. അത്രേയുള്ളൂ ഇതിന്റെ കാര്യം. കാരണം, പ്രിവിലേജ്ഡ് ആയിട്ടുള്ള ആള്‍ക്കാര്‍ക്ക് മാത്രമേ ഇതിനേയൊക്കെപ്പറ്റിപ്പറയാന്‍ തന്നെ പറ്റുകയുള്ളൂ. ശരി, തെറ്റ് എന്നത് വിശക്കുന്നവനെ സംബന്ധിച്ച് വിശപ്പില്ലാത്തവനെപ്പോലെയല്ലല്ലോ? അത്രയ്ക്ക് ആപേക്ഷികമായിട്ടുള്ള കാര്യമാണ്. പിന്നെ നോക്കേണ്ടത്, ഏത് തെരഞ്ഞെടുത്ത്, എന്തു ലാക്കാക്കിയിട്ടാണ് ഒരാള്‍ സംസ്‌ക്കാരം എന്നു പറയുതെന്നാണ്. കാരണം, പുരുഷാധിപത്യമൂല്യ വ്യവസ്ഥയ്ക്ക് ആവശ്യമുള്ള ഒരു കാര്യം മുന്നിലേക്ക് വച്ച് തരുകയും, അതിനനുസരിച്ച് ഏത് ജാതിയാണെങ്കിലും, മതമാണെങ്കിലും, സ്ഥാപനമാണെങ്കിലും, ഭരണകൂടമാണെങ്കിലും, ആ ഘടനയ്ക്കകത്ത് വെച്ച് സ്വയം പാകപ്പെടുത്തുകയുമാണ് ചെയ്യുന്നത്. നിറത്തിലും, ഭാവത്തിലും ചില വ്യത്യാസങ്ങള്‍ വരുത്തിയാലും ആത്യന്തികമായി ഇവര്‍ പറഞ്ഞു വരുന്നത് ഒരു കാര്യമാണ്. ആ കാര്യമെന്താണെന്നു വെച്ചാല്‍ പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരാണിന് വേണ്ട സൗകര്യങ്ങള്‍ ഏതൊക്കെ തരത്തില്‍ ഒരു സ്ത്രീക്ക് ഒരുക്കിക്കൊടുക്കാന്‍ പറ്റും എന്നുള്ളതാണ്. ഒന്നുകൂടി ആഴത്തില്‍ നോക്കിയാല്‍ നമുക്കറിയാം, ഭീകരമായ അരക്ഷിതാവസ്ഥ ഒരു ഭാഗത്ത്. ഈ അരക്ഷിതാവസ്ഥയാണ് വലിയ വലിയ ചട്ടങ്ങള്‍ മുന്നോട്ട് വെക്കാന്‍ അയാളെ നിര്‍ബന്ധിക്കുന്നത്. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ആരുടെയെങ്കിലും കുട്ടിക്ക് ചെലവിനു കൊടുക്കാന്‍ അധ്വാനിക്കേണ്ടി വരും പുരുഷന്‍. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണ്. കുടുംബം സ്വകാര്യസ്വത്താണെന്ന് മാര്‍ക്‌സിയന്‍ ചിന്തയില്‍ പറയുമ്പോള്‍ത്തന്നെ, സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ നമ്മള്‍ അധ്വാനിക്കുന്നത് വേറൊരാളുടെ കുട്ടിക്ക് കൊടുക്കാനുള്ള ഭയവും, ബുദ്ധിമുട്ടുമൊക്കെ പുരുഷന് നന്നായിട്ടുണ്ട്. അതുകൊണ്ടയാള്‍ പറയും, 'അരയത്തിപ്പെണ്ണ് പിഴച്ചുപോയി അവനെ കടലമ്മ കൊണ്ടുപോയി'. കാരണം, അയാള്‍ക്കുറപ്പില്ല, ഇയാള്‍ കടലില്‍ പോകുമ്പോള്‍ ഇവരെന്തു ചെയ്യുകയാണെന്ന്. ആരുടെ കുട്ടിയാണെ് സ്ത്രീ പറയുന്നതേ അയാള്‍ക്കറിയൂ. അതിന് പിന്നെ ആകെ ചെയ്യാന്‍ പറ്റുന്നത് സദാചാരം, പാരമ്പര്യം, ഇത്തരം മൂല്യങ്ങളൊക്കെ ഉറപ്പിക്കലാണ്. ഏത് തരം മൂല്യങ്ങളാണെങ്കിലും, ഏറ്റവും കര്‍ശനമായി ചെയ്യേണ്ടത് സ്ത്രീ ആണ് താനും. അഫക്ടഡ് പാര്‍ട്ടി സ്ത്രീകള്‍ ആണ്. പിഴച്ചുപോയ സ്ത്രീയാണ് കുടുംബം നശിപ്പിക്കുന്നത്. സമൂഹത്തിലെ സ്ത്രീയെ നോക്കിയാണ് ഏതുതരം പാരമ്പര്യം എന്നു മനസ്സിലാക്കുന്നത്. കേരളാസാരി എന്നു പറയുന്ന ഒരുടുപ്പുണ്ട് നമുക്ക്. പക്ഷേ, കേരളീയ പുരുഷന്റെ വേഷം എന്താണെന്നായിരിക്കും നിങ്ങള്‍ പറയുക? സാരി കേരളത്തിന്റെ വേഷമേ അല്ല, എന്നു നമുക്കെല്ലാവര്‍ക്കുമറിയാം. ഏതോ ഒരു ടെക്‌സ്റ്റൈല്‍ കമ്പനിയുടെ ഭേദപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രം കൊണ്ട് നമ്മുടേതെന്ന് വിശ്വസിച്ച് കേരളപ്പിറവി ദിവസം ഉടുത്ത് നടക്കുന്ന ഒരു ഉടുപ്പ്. ഇതെല്ലാം വളരെ കൃത്യമായി തെരഞ്ഞെടുത്ത് വച്ചിരിക്കുന്ന കാര്യങ്ങളാണ്. എന്താണ് ഓറിയന്റേഷന്‍ എന്ന് സ്വത്വബോധവും, ആത്മാഭിമാനവുമുള്ള ഒരു സ്ത്രീ ആലോചിച്ചാല്‍ വളരെ വ്യക്തമായി കാണാന്‍ കഴിയുന്നതാണ്. സ്ഥാപിത താത്പര്യം ഉള്ളത് പുരുഷന് മാത്രമാണ്. അതുകൊണ്ടാണ് പാര്‍ലമെന്റില്‍ സ്ത്രീസംവരണബില്‍ കക്ഷിഭേദമില്ലാതെ ഓരോ തവണയും തഴയപ്പെടുന്നത്. അതേ കാര്യമാണ് സംസ്‌കാരത്തിന്റെ തെരഞ്ഞെടുപ്പിലും നടക്കുന്നത്. കിസ് ഓഫ് ലവ് അടക്കം. ഏതോ ഒരു സദാചാര പ്രശ്‌നം എതിനേക്കാളും സ്ത്രീ അങ്ങോട്ട് ഉമ്മ കൊടുത്തേക്കുമെന്നതും, സ്ത്രീ വെളിച്ചത്ത് വന്ന് അങ്ങനെ ഉമ്മ കൊടുക്കുന്നതും വലിയ കുഴപ്പമില്ല എന്ന് വരുന്നതും മാത്രമേ ഇവരെയെല്ലാവരേയും അലട്ടിയിട്ടുള്ളൂ. ഇവരീ ചുംബനങ്ങള്‍ക്കൊന്നുമെതിരല്ല. അത് ഇരുട്ടത്ത് ചെയ്താല്‍ അവര്‍ക്ക് കുഴപ്പവുമില്ല. വെളിച്ചത്ത് ചെയ്താലുള്ള ഒറ്റ പ്രശ്‌നം, അതില്‍ തുല്യപങ്കാളിത്തത്തോടെ ഒരു സ്ത്രീ വരുന്നുണ്ട് എന്നതാണ്. അത് മാത്രമേ ഇവിടെ ഒരു അങ്കലാപ്പുണ്ടാക്കിയിട്ടുള്ളൂ. അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. ഒരു തുല്യപങ്കാളിത്തമാണ് പ്രണയത്തില്‍ ഉണ്ടാകുന്നത്. വിധേയത്വം ഇല്ലാതെയാകുന്ന ഒരു സമയമാണത്. അവളുടെ വീട്ടിലെ അച്ഛനേയും, ആങ്ങളമാരേയും, ഒഴിവാക്കിയിട്ട് അവള്‍ ഒരു സ്ഥലത്തേക്ക് വരുകയും, പൊതുസ്ഥലത്ത് വച്ചിട്ട് ഒരു കാര്യം ചെയ്യുകയുമാണ്. ഇതിനെ എതിര്‍ക്കുന്ന അച്ഛന്‍മാരുടേയും, ആങ്ങളമാരുടേയും, ഭര്‍ത്താക്കന്മാരുടേയും ഉള്ളിലുള്ളത് ഇതാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന വിഭജനം മാത്രമേയുള്ളുവെന്നാണ് മാര്‍ക്‌സ് പറഞ്ഞതെങ്കില്‍ അതിന്റെ എക്സ്റ്റന്റഡ് വേര്‍ഷനാണ് ഉള്ളവന്‍ പുരുഷനാണ്, ഇല്ലാത്തവര്‍ സ്ത്രീകളും. വര്‍ഗസമരം തന്നെയാണ് പ്രശ്‌നം. രണ്ട് വര്‍ഗങ്ങളേയുള്ളൂ. സ്ത്രീകളും, പുരുഷന്മാരും.

തേര്‍ഡ് ജെന്‍ഡറിനെ മറന്നിട്ടല്ല ഞാനിത് പറയുന്നത്. അധികാര വ്യവസ്ഥയിലെ ബൈനറി സ്ത്രീയും പുരുഷനുമാണ്. പാരമ്പര്യവാദത്തിന്റെ ഭാഗമായി ഹിന്ദു സമുദായത്തിലെ വിദ്യാസമ്പരായ സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂരം തൊട്ട് വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് ഒരാളുടെ ആത്മാഭിമാനം തകര്‍ത്ത് കളയുന്ന ഒരു സാധനമാണ്. എന്റെ ഐഡന്റിറ്റി മാരിറ്റല്‍ സ്റ്റാറ്റസുമായി ബന്ധപ്പെട്ടാണിരിക്കുതെന്ന് ഒരു സ്ത്രീ തുറന്നു പറയുന്ന ഒരു പ്രസ്താവനയാണതെന്ന് ഇവിടുത്തെ വിദ്യാഭ്യാസം കിട്ടിയ സ്ത്രീകള്‍ പോലും മനസ്സിലാക്കുില്ല. സിന്ദൂരം തൊട്ടത് കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും സംരക്ഷിക്കപ്പെടുന്നുമില്ല. അവര്‍ വിവാഹിതയാണെന്നുള്ളതുകൊണ്ട് മറ്റ് പുരുഷന്മാര്‍ അവരെ ആക്രമിക്കില്ലെന്നുള്ള സംരക്ഷണമൊന്നും അത് കൊടുക്കുന്നില്ല. ഞാന്‍ നിലനില്‍ക്കുന്നത് എന്റെ പുരുഷനുമായിട്ടുള്ള ബന്ധത്തിലൂടെ മാത്രമാണെന്ന് സ്ത്രീ അവളെപ്പറ്റിത്തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു പുരുഷന് അങ്ങനെയൊരു ചിഹ്നങ്ങളും കൂടെക്കൊണ്ടു നടക്കേണ്ട ആവശ്യം വരുില്ല. ഭാഷ തന്നെ ആണിന്റെ കൂടെയാണ്. മിസ്റ്റര്‍ ആന്റ് മിസ്സിസ്സിന്റെ ഉപയോഗം തന്നെ ഉദാഹരണമാണ്. മാരിറ്റല്‍ സ്റ്റാറ്റസുമായി മാത്രം ബന്ധപ്പെട്ടാണ് സ്ത്രീയുടെ അസ്തിത്വമെന്ന് ഭാഷ തന്നെ പറയുമ്പോള്‍ അതിനെ മാറ്റിയിട്ട് പുതിയ ഭാഷ തേടുന്നതിന് പകരം ഇപ്പോഴത്തെ ചെറുപ്പക്കാരും അത് തന്നെ ചെയ്യുകയാണ്. ഹിന്ദി സീരിയലുകളൊക്കെ അതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് തോന്നുന്നു.
ചോദ്യം: വര്‍ഗസമരം സ്ത്രീയും, പുരുഷനും തമ്മിലാണെന്ന് പറഞ്ഞു. ഒരു പുരുഷന് ഫെമിനിസ്റ്റാവാനും, സ്ത്രീക്ക് പുരുഷാധിപത്യ വ്യവസ്ഥയില്‍ വിശ്വസിക്കുവാനും കഴിയും. ഉദാഹരണത്തിന് ദീദിയുടെ പാര്‍ട്ട്ണര്‍ ഒരു ഫെമിനിസ്റ്റാണെന്ന് ദീദി ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ചുംബനസമരത്തിലും, ആലിംഗന സമരത്തിലും, സ്ത്രീയും, പുരുഷനും ഒരുമിച്ച് നിന്നാണ് പാരമ്പര്യവാദികള്‍ക്കെതിരെ പൊരുതുന്നത്. ഫെമിനിസ്റ്റ് മൂവ്‌മെന്റ് സ്ത്രീ പുരുഷനെതിരെ നടത്തുന്ന സമരമാണെന്ന ധാരണയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ?

ഒരുപാട് സ്ത്രീ സംഘടനകള്‍ എന്നെ പ്രസംഗിക്കാന്‍ ക്ഷണിക്കാറുണ്ട്. ഒരു പാട് വര്‍ഷത്തെ പാരമ്പര്യം ഉള്ളത്. എല്ലാ സംഘടനകളുടേയും പേരില്‍ ഒരു ''ഡബ്ല്യു'' ഉണ്ടാകും. ഓരോ പരിപാടിയിലും സദസ്സിലിരിക്കുന്ന സ്ത്രീകളോട് 'നിങ്ങളില്‍ എത്ര പേര്‍ ഫെമിനിസ്റ്റുകളാണ്'? എന്ന് ഞാന്‍ ചോദിക്കാറുണ്ട്. വളരെ അപൂര്‍വ്വമായി ഒന്നോ, രണ്ടോ പേര്‍ കൈപൊക്കും. ഫെമിനിസ്റ്റായിരിക്കുന്നത് അത്ര മോശം കാര്യമായിട്ടാണ് സ്ത്രീകളുടെ മൂവ്‌മെന്റില്‍ ഉള്ളവര്‍ പോലും കരുതുന്നത്. എല്ലാ വനിതാസംഘടനകളുടേയും പേരിലുള്ള ഈ 'ഡബ്ല്യു''എന്തു ചെയ്യുകയാണെന്നും, എന്തുകൊണ്ടാണവര്‍ ഫെമിനിസ്റ്റുകളല്ലാത്തതെന്നും, ഞാന്‍ ചോദിക്കാറുണ്ട്. അവര്‍ പറയുന്നത്, ബ്രാ ബേണിങ്ങ്, സിഗരറ്റ് സ്‌മോക്കിംഗ്, മുടിവെട്ടല്‍; ഇതാണ് ഫെമിനിസത്തെക്കുറിച്ച് സമൂഹത്തിലുള്ള ധാരണയെന്നാണ്. അപ്പോള്‍ ഫെമിനിസത്തെ റീഡിഫൈന്‍ ചെയ്ത് അങ്ങനെയല്ല, എന്ന് ഞാന്‍ പറയും. അപ്പോഴും അതെല്ലാം സമ്മതിച്ചിട്ട് അവര്‍ പറയും, തങ്ങള്‍ ഫെമിനിസ്റ്റുകളല്ലെന്ന്. അതുകൊണ്ടാണ് ഞാന്‍ നിര്‍ബന്ധം പറഞ്ഞത്, മരിക്കുമ്പോള്‍ കുഴിമാടത്തിന് മുകളില്‍ ’here lies the feminist' എന്നെഴുതിവയ്ക്കണമെന്നും എന്റെ പാര്‍ട്ട്ണറും അങ്ങനെ പറയാനും ഫെമിനിസ്റ്റാണെന്ന് അവകാശപ്പെടാനും കഴിയുന്ന ഒരാളായിരിക്കണമെന്നും. ആ വാക്ക് അത്രയ്ക്ക് ആളുകള്‍ക്ക് പറ്റാത്തതാണെങ്കില്‍ അതിനെത്തന്നെ എടുത്ത് നാം ആലിംഗനം ചെയ്യുക എന്നുള്ളതാണ്. കിസ് ഓഫ് ലവ് പോലെ തന്നെയാണത്. ചുംബനമാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ നമുക്കത് പരസ്യമായി ചെയ്യാം എന്ന് പറയുന്നത് പോലെ. ആ വാക്ക് നിങ്ങള്‍ക്കിത്ര ഭയമാണെങ്കില്‍ ആവശ്യത്തിലധികം അത് എന്റെ പേരിന്റെ കൂടെ ഉപയോഗിക്കേണ്ടി വരും. പക്ഷേ, അത് സ്ത്രീകള്‍ പുരുഷന്മാര്‍ക്കെതിരേ നടത്തുന്ന സമരമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഫെമിനിസ്റ്റ് മുന്നേറ്റത്തിന്റെ തലപ്പത്തിരുന്ന് ആരെങ്കിലും പുരുഷാധിപത്യ വ്യവസ്ഥയിലെ കാരണവരെപ്പോലെ പെരുമാറുന്നുണ്ടെങ്കില്‍, അതിനോടും പൊരുതാന്‍ നാം ഉപയോഗിക്കേണ്ട ആയുധം ഫെമിനിസം തന്നെയാണ്. നളിനി ജമീലയുടെ പുസ്തകവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച ഉയര്‍ന്നു വന്നിരുന്നു. ഫെമിനിസ്റ്റുകള്‍ നളിനി ജമീലക്കെതിരേ സംസാരിച്ചതുകൊണ്ട് ഫെമിനിസ്റ്റുകളെ കുലസ്ത്രീകളായി ബ്രാന്‍ഡ് ചെയ്യുകയായിരുന്നു. ആ വിഷയത്തില്‍ ഫെമിനിസ്റ്റുകള്‍ക്ക് നല്ല വ്യക്തതയുണ്ടായിരുന്നു. അതെന്താണെന്നു വെച്ചാല്‍ പുരുഷാധിപത്യമൂല്യവ്യവസ്ഥയുടെ രണ്ട് മുഖങ്ങളാണ് കുലസ്ത്രീയും, വേശ്യയും. രണ്ടും പുരുഷന്റെ സുഖത്തിനു വേണ്ടിയുള്ളതാണ്. ലൈംഗിക തൊഴിലാളിക്കെതിരേ ഫെമിനിസ്റ്റ് നില്‍ക്കുന്നത് കുലസ്ത്രീയല്ലാതെ തന്നെയാണ്. അങ്ങനെയൊരു ഓപ്ഷനും ഉണ്ട്. പക്ഷേ, അന്ന് മാധ്യമങ്ങള്‍ അടക്കം അതിനെ കൈകാര്യംചെയ്തത്, 'ഇവിടെയല്ലെങ്കില്‍ നിങ്ങള്‍ അവിടെയാണ്', എന്ന രീതിയിലാണ്. അതുപോലെ തന്നെ പുരുഷാധിപത്യ വ്യവസ്ഥക്കെതിര് എന്ന് പറഞ്ഞാല്‍ പുരുഷനെതിര് എന്നല്ല. ജീവശാസ്ത്രപരമായ വ്യത്യാസങ്ങളെ എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുമ്പോഴും, സാമൂഹ്യവിവേചനത്തെയാണ് ചോദ്യം ചെയ്യുന്നത്. സോഷ്യല്‍ കണ്‍സ്ട്രക്ട് എന്നു പറയുമ്പോള്‍ പ്രസവിക്കുന്നതിനേയോ, മുലയൂട്ടുന്നതിനേയോ അല്ല നമ്മള്‍ എതിര്‍ക്കുന്നത്. സ്ത്രീയുടെ കൈയ്യില്‍ നിന്ന് ഡിറ്റര്‍ജന്റ് വരാത്തിടത്തോളം കാലം പാത്രം കഴുകുന്ന ജോലി സ്ത്രീക്കായി സംവരണം ചെയ്യേണ്ടതില്ല. അല്ലെങ്കില്‍ സ്ത്രീ അടുത്ത് നില്‍ക്കുന്നതുകൊണ്ട് അടുപ്പിലെ ഊഷ്മാവ് കൂടാത്തിടത്തോളം പാചകം ചെയ്യുന്ന ജോലി അവളെ മാത്രമായി ഏല്‍പ്പിക്കേണ്ടതില്ല.

കിസ് ഓഫ് ലവിന്റെ ചര്‍ച്ചയ്ക്ക് ശേഷം എന്നെ ആക്രമിക്കാന്‍ വന്ന സമൂഹവിരുദ്ധരെന്ന് അവര്‍ വിളിക്കുന്നതും, യുവമോര്‍ച്ചക്കാരെന്ന് മറ്റ് ചിലര്‍ വിളിക്കുന്നതുമായ ആള്‍ക്കാര്‍ എന്നോട് ചോദിച്ചത്, ബീച്ചിലും മറ്റും സ്ത്രീകള്‍ ചെറിയ ഉടുപ്പിട്ട് വരുന്നതല്ലേ പ്രശ്‌നമെന്നാണ്. ഞാന്‍ അവരോട് പറഞ്ഞത്, 'വീട്ടില്‍ തേങ്ങയിടാന്‍ വരുന്നയാള്‍ ചെറിയ ഷോര്‍ട്ട്‌സിട്ടതുകൊണ്ട് ഒരു പെണ്ണും അയാളെക്കയറി പിടിച്ചിട്ടില്ല. അയാള്‍ക്ക് സുരക്ഷിതമായി വന്ന് ജോലി ചെയ്തുപോകാം. അപ്പോള്‍, അകത്തിരുത്തേണ്ടത് ഈ ആങ്ങളമാരെത്തന്നെയായിരിക്കുമല്ലോ?, അവര്‍ക്കാണല്ലോ നിയന്ത്രണമില്ലാത്തത്'. അതുകൊണ്ട് എന്നെ തടഞ്ഞവരോട് ഞാന്‍ പറഞ്ഞത്, 'നിങ്ങള്‍ അവരെ അകത്തിരുത്തുന്നതാണ് നല്ലത്. എന്നിട്ട് പെണ്‍കുട്ടികള്‍ പുറത്തിറങ്ങി നടക്കട്ടെ എന്നാണ്. ഉടനേ കുറേക്കൂടി ആള്‍ക്കാരെ വിളിച്ചുകൂട്ടി അവര്‍ പറയുകയാണ്, 'ഭാരതസംസ്‌കാരം മാറ്റാന്‍ ഒരാള്‍ ഇറങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ആണ്‍കുട്ടികളെ അകത്തിരുത്തണമത്രേ'. ഇതാണ് ഫെമിനിസത്തിന് സംഭവിക്കുന്ന ഒരു കുഴപ്പം. പോരാട്ടം യഥാര്‍ത്ഥത്തില്‍ ആണുങ്ങള്‍ക്കെതിരല്ല. തെറ്റ് ചെയ്യുന്ന ആണുങ്ങളോട് പോലുമല്ല, ആണുങ്ങള്‍ ചെയ്യുന്ന തെറ്റിനോടാണ് സമരം. ആധിപത്യമുള്ള പുരുഷന്‍ ചെയ്യുന്ന തെറ്റ് ഒരു സ്ത്രീ ചെയ്താല്‍ അതിനേയും പുരുഷാധിപത്യപരം എന്നു തന്നെയാണ് വിളിക്കേണ്ടത്. അച്ഛനെപ്പോലെ പെരുമാറുന്നവര്‍. വളരെ ജനാധിപത്യപരമായി പെരുമാറുന്ന അച്ഛന്മാരോ. ആണുങ്ങളോ ഇല്ലായെന്നും, സ്ത്രീകള്‍ ഒറ്റപ്പെട്ട ഒരു തുരുത്താണെന്നുമല്ല പറയുന്നത്. അന്വേഷി 'സംഘടിത' എന്നൊരു മാസിക പ്രസിദ്ധീകരിച്ചു. അതില്‍ സ്ത്രീകള്‍ മാത്രം എഴുതിയാല്‍ മതിയെന്ന ഒരു നിര്‍ദ്ദേശം വെച്ചതിന് ഒരു പാട് സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നു എനിക്ക്. ഫെമിനിസ്റ്റ് തീവ്രവാദം എന്നാണതിനെ വിളിച്ചത്. അവര്‍ പറഞ്ഞത് നമുക്ക് നമ്മുടെ സുഹൃത്തുക്കളായ എം.ടി., മുകുന്ദന്‍, സച്ചിദാനന്ദന്‍ ഇവരെയൊക്കെക്കൊണ്ട് എഴുതിക്കാം എന്നാണ്. ഞാന്‍ പറഞ്ഞത് ഇവരെല്ലാം നമ്മുടെ സുഹൃത്തുക്കളാണല്ലോ, നമുക്കീ സുഹൃത്തുക്കളുടെ ഭാര്യമാരെക്കൊണ്ട് എഴുതിക്കാം എന്നാണ്.കാരണം, മുകുന്ദന്റെ കഥകളെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യക്കെന്താണ് പറയാനുള്ളതെന്ന് ഇതുവരെ കേരളം അറിഞ്ഞിട്ടില്ല. അതിന് കൃത്യമായ ഒരു ഫോര്‍മാറ്റ് വേണ്ട. സാഹിത്യമോ, ഭാഷാപ്രയോഗമോ ഒന്നും അറിഞ്ഞിരിക്കണമെന്നില്ല. ചിന്തയ്ക്ക് അച്ചടിമഷി പുരളാത്ത ഒരുപാട് സ്ത്രീകളുണ്ടിവിടെ. അവരുടെ ചിന്തകള്‍ നമ്മള്‍ അച്ചടിക്കുന്നു. അതല്ലാതെ മുഖ്യധാരാ മാസികകളോട് നമ്മള്‍ പോരടിക്കേണ്ടതില്ല. ഇതാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഒരു പോരുമില്ല. 'ഫൈറ്റ് എഗന്‍സ്റ്റ് മെന്‍', അതാണല്ലോ ചോദ്യം. സ്ത്രീകള്‍ ഫൈറ്റിനെക്കുറിച്ച് ആലോചിക്കാറുപോലുമില്ല. പോര് ആണുങ്ങളുടെ മൂല്യവ്യവസ്ഥയുടെ ഭാഗമാണ്. അടിച്ചു ജയിക്കുന്നതൊക്കെ അവരാണ്. അതിനെ മഹത്വവല്ക്കരിക്കുന്നവരല്ല സ്ത്രീകള്‍. അതുകൊണ്ടാണവര്‍ക്ക് ചരിത്രത്തില്‍ ഇടം ഇല്ലാതെ പോയത്. ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ഝാന്‍സിറാണിക്ക്, ആണ് ചെയ്യുന്ന പണി ചെയ്യേണ്ടി വന്നു. ഒരു അക്ഷരത്തെറ്റ് പോലെയാണ് ഝാന്‍സി റാണിയെ കാണേണ്ടത്. അവര്‍ അതായിരുന്നില്ല ചെയ്യേണ്ടത്. ഒരു വടി കുറുകേ വെച്ചിട്ട് ചാടി കടക്കാന്‍ ആവശ്യപ്പെട്ടതുപോലെയാണ്. അളവുകോല്‍ പുരുഷാധിപത്യവ്യവസ്ഥയുടേതാണ്. ജേര്‍ണലിസ്റ്റുകളുടെയിടയില്‍ അത് നടക്കുന്നുണ്ട്. രാഷ്ട്രീയം, സ്‌പോര്‍ട്‌സ് ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത് ആണുങ്ങള്‍; ഞങ്ങള്‍ക്കതിന് ചാന്‍സ് തരുന്നില്ലെന്നാണ് പെണ്‍ ജേണലിസ്റ്റുകള്‍ പറയുന്നത്. നമുക്കിടമില്ലാത്ത രാഷ്ട്രീയം എന്തിനാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതെന്നാണ് ഞാന്‍ ചോദിച്ചത്. ടീം ഇന്ത്യയില്‍ സ്ത്രീകളില്ല. സ്ത്രീയില്ലാത്ത ടീമിനെപ്പറ്റി എന്തിനഭിമാനം കൊള്ളാനും, റിപ്പോര്‍ട്ട് ചെയ്യാനും പോകണമെന്നാണ് ഞാന്‍ ചോദിച്ചത്. അപ്പോഴവര്‍ പറയും, ഞങ്ങള്‍ക്ക് താരതമ്യേന ചെറിയ കാര്യങ്ങളായ ബസ്സിലെ പീഢനം, യാത്രയിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങിയത് തരുന്നു എന്നാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും രാഷ്ട്രീയമായ നിലപാടാണ് യാത്രയിലെ ബുദ്ധിമുട്ടുകളെ സംബന്ധിച്ചത്. സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. അതായിരിക്കണ്ടേ, അവളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിഷയം? ഇതിനകത്തെ ഒരു കെണിയും അത് തന്നെയാണ്. പുരുഷ കേന്ദ്രീകൃത മൂല്യ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നാണ് മത്സരിക്കാന്‍ ആവശ്യപ്പെടുന്നത്. സ്ത്രീക്ക് ബാധകമായ നിയമങ്ങളല്ല, ആ മത്സരത്തിലുള്ളത്. കുതിരപ്പുറത്ത് കയറി ആളുകളുടെ തലയറുത്ത് സ്വയം തെളിയിക്കേണ്ട ആവശ്യവുമവള്‍ക്കില്ല. കാരണം, പുരുഷന് പറ്റാത്ത കാര്യങ്ങള്‍ അവള്‍ക്ക് പറ്റുന്നുണ്ടല്ലോ? ഒന്നാമത്, ഇത് രണ്ടാളുകള്‍ തമ്മിലുള്ള ബലാബലം അല്ല. അവള്‍ പ്രസവിക്കുന്നു, മുലയൂട്ടുന്നു വേറെ അങ്കം വെട്ടാന്‍ പോകേണ്ട കാര്യമെന്താണ്? അവളുടെ പേര് ചരിത്രത്തില്‍ വെച്ചിട്ടില്ല എന്നത് മൂല്യവ്യവസ്ഥയുടെ പ്രശ്‌നമാണ്. അവളുണ്ടായതുകൊണ്ടാണ് അക്ബര്‍ ജനിച്ചത്. പാമയുടെ നോവലും, സാറാ ടീച്ചറിന്റെ നോവലും ഒക്കെ വായിച്ചാല്‍ അറിയാം, പ്രസവമെടുക്കുന്ന സ്ത്രീകളിലൂടെ വേറൊരു ചരിത്രം പറയുന്നുണ്ട്. അത് മൂല്യവ്യവസ്ഥയെ ഇളക്കുന്ന കൃത്യമായ നിലപാടാണ്.ചോദ്യം: പുരുഷനെതിരായിട്ടുള്ള 'ഫൈറ്റ്' പോയിട്ട് ഫൈറ്റ് എന്നൊരു സങ്കല്‍പം തന്നെ ഫെമിനിസത്തില്‍ ഇല്ല, എന്നു പറഞ്ഞു. പക്ഷേ, സ്ത്രീയും പുരുഷനുമെല്ലാമുള്‍പ്പെടുന്ന സമൂഹം ഇതുള്‍ക്കൊള്ളുമ്പോഴല്ലേ, മാറ്റം ഉണ്ടാകൂ. ഒരു പുരുഷന് ഫെമിനിസ്റ്റാകാന്‍ കഴിയും എത് ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത കാര്യമല്ലേ?

അങ്ങനെ പറയുന്ന ഒരാണിന് ഒരു പാട് ചീത്ത കേള്‍ക്കേണ്ടി വരും. അങ്ങനത്തെ ഒരാളാണ് വടക്കന്‍ പാട്ടുകളിലെ കുഞ്ഞിരാമന്‍. എന്റെ ഭാര്യയ്ക്ക് എന്നേക്കാളും നന്നായി അങ്കം വെട്ടാന്‍ അറിയാം, അവരത് ചെയ്‌തോട്ടെ എന്ന് പറഞ്ഞാല്‍ പിന്നെ അയാളെ ഒന്നിനും കൊള്ളാത്തവനായി തീര്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. എന്റെ ഭാര്യ കഴിവുള്ളയാളാണ് എന്ന് പറയുന്ന പുരുഷനെ പൗരുഷമില്ലാത്തവനായി ചിത്രീകരിച്ചാലേ, നാളെ ഭാര്യയെ അടിച്ചമര്‍ത്തുന്ന ആണിനെ മാതൃകപുരുഷനായി ചിത്രീകരിക്കാന്‍ പറ്റൂ. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഈ മൂല്യവ്യവസ്ഥയുടെ ഇരകളാവുന്നുണ്ട്. അതേ, ഞാന്‍ കുഞ്ഞിരാമനാണെന്ന് പറയാന്‍ ഒരാണിന് നല്ല സ്റ്റാമിന വേണം. കുഞ്ഞിരാമനാണ് ശരിക്കുമുള്ള പൗരുഷം കാണിക്കുന്നത്. സിനിമയിലാണെങ്കില്‍, പ്രേം നസീറിനെ എടുത്താല്‍ അത്ര 'മാച്ചോ' ആയിട്ടുള്ള പുരുഷനല്ല. പെണ്ണുങ്ങളുടെ കൂടെയൊക്കെയെ നടക്കൂ, അവര്‍ക്ക് പേടിക്കേണ്ടാത്ത, കൂടെയിരിക്കാനും, അവരുടെ പല കാര്യങ്ങളും സാധിച്ച് കൊടുക്കാനും പറ്റുന്ന ഒരു ആണാണ്. അങ്ങനെയുള്ള ഒരാണിന്റെ സ്ഥാനത്താണ് നമുക്ക് മീശ പിരിച്ചു കൊണ്ടിരിക്കുന്ന ഒരാണ് വന്നത്. മോഹന്‍ലാല്‍ കഥാപാത്രങ്ങളെന്ന് വിചാരിക്കാം. ആ പരിണാമത്തിനിടയിലാണ് വന്ധ്യതാ ക്ലിനിക്കുകള്‍ ഇവിടെ തുടങ്ങിയത്. എന്നു വെച്ചാല്‍ ആണിന്റെ അരക്ഷിതാവസ്ഥയാണ് അവനെ കൂടുതല്‍ അക്രമാസക്തനാക്കിയത്. കുഞ്ഞിരാമന് ഉണ്ണിയാര്‍ച്ചയില്‍ ഒരു കുട്ടിയുണ്ട്. അതുമതി അയാളുടെ ജീവശാസ്ത്രപരമായ പൗരുഷം തെളിയിക്കാന്‍. ബാക്കിയെല്ലാം ഓരോരുത്തരുടെ സ്വഭാവ വിശേഷങ്ങളാണ്.

ചിലര്‍ക്ക് കള്ളനെക്കണ്ടാല്‍ പേടിയുണ്ട്. ചിലര്‍ക്ക് പേടിയില്ല. അമ്മ മരിച്ചാല്‍ ആണുങ്ങള്‍ കരയില്ല, പെണ്ണുങ്ങള്‍ കരയണം എന്നാണ്. അമ്മ മരിച്ചാല്‍ രണ്ടാള്‍ക്കും കരയാം. നമ്മുടെ നായകന്മാര്‍ക്ക് നിന്ന് വിയര്‍ക്കാനേ പറ്റൂ. കരയുന്നത് സ്‌ത്രൈണമായിട്ടാണ് കരുതപ്പെടുന്നത്. എല്ലാ നിലയ്ക്കും പുരുഷന്‍ ആധിപത്യം പുലര്‍ത്തണമെന്നാണ് വ്യവസ്ഥ ആവശ്യപ്പെടുന്നത്. അത് മനുഷ്യന് അസാധ്യമാണ്. ഒരു പുരുഷനും എല്ലാറ്റിലും ഒരു സ്ത്രീയേക്കാള്‍ മേലേ നില്‍ക്കാന്‍ പറ്റില്ല. അവളുടെ ചില കാര്യങ്ങള്‍ വകവെച്ചു കൊടുത്താല്‍ തകര്‍ന്നു പോകുന്നതാണ് എന്റെ പൗരുഷമെന്ന് ഏതെങ്കിലും പുരുഷന്‍ വിചാരിച്ചാല്‍ അയാള്‍ക്ക് കാര്യമായ എന്തെങ്കിലും അരക്ഷിതാവസ്ഥ ഉണ്ടാകും. ഞാന്‍ നന്നായി കവിതയെഴുതും, അവള്‍ നന്നായി കണക്ക് ചെയ്യും, എന്നയാള്‍ക്ക് വിചാരിക്കാം. അത്രക്കെങ്കിലുമുള്ള വിവേകം ഒരാണ് കാണിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് സ്വയം ഫെമിനിസ്റ്റ് എന്ന് വിളിക്കാനുള്ള അവകാശമുണ്ട്. അയാളെത്തന്നെയാണ് നാം ഫെമിനിസ്റ്റ് എന്നു വിളിക്കുന്നത്. 'എനിക്ക് പാചകം ഇഷ്ടമാണ്', എന്നു പറയുന്ന ഒരാണും, എനിക്ക് പാചകം ഇഷ്ടമല്ല എന്നു പറയുന്ന ഒരു പെണ്ണുമുണ്ടെങ്കില്‍ അതുതന്നെയാണല്ലോ, ഒരു മാതൃകാ സന്ദര്‍ഭം എന്ന് നാം പറയുന്നത്. നമ്മള്‍ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കുന്ന ആണ്‍മക്കളെയും, നമ്മുടെ സഹോദരന്മാരേയും, അച്ഛനേയുമൊക്കെ കൊണ്ട് എല്ലാ പണിയുമെടുപ്പിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് ചിലത് നമുക്ക് ഷെയര്‍ ചെയ്യാമെന്ന് പറയുന്നത്. അങ്ങനെ പറയുമ്പോള്‍ ഒരാണ് തകര്‍ന്നു പോകേണ്ടതില്ല. തകര്‍ന്നു പോകുന്നെങ്കില്‍ അയാളുടെ അരക്ഷിതാവസ്ഥയാണ് കാരണം. ആറാംതമ്പുരാന്‍ റിലീസ് ചെയ്യുന്നതും, കേരളത്തില്‍ വന്ധ്യതാ ക്ലിനിക്കുകള്‍ വ്യാപകമാകുന്നതും ഏകദേശം ഒരേ സമയത്താണ്. ഗുല്‍മോഹര്‍ എഴുതുമ്പോഴും, എന്റെ പ്രധാന ചിന്ത അതുതന്നെയായിരുന്നു. റിയല്‍ ഫയര്‍ ബ്രാന്‍ഡ്‌സിന് ഇതൊന്നും പ്രകടിപ്പിക്കേണ്ട കാര്യമില്ല. ഉള്ളു പൊള്ളയാവുമ്പോഴാണ് പ്രകടനപരത കൂടുന്നത്. നക്‌സലൈറ്റ് മൂവ്‌മെന്റിനോട് പ്രത്യേകിച്ചുള്ള ഇഷ്ടത്തേക്കാള്‍ കൂടുതല്‍ എന്നെ സ്വാധീനിച്ചത് മറ്റൊന്നാണ്. ഇവിടെ ഏറ്റവും കൂടുതല്‍ സഹനശക്തി ആവശ്യപ്പെട്ട ഒരു സമരവും, രോഷാഗ്നിയും, എഴുപതുകളിലെയും അതിന് തൊട്ട് മുമ്പുമുള്ള നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റേതായിരുന്നു.

ആ രോഷത്തില്‍ നിന്നും വന്ന ഒരാള്‍ക്ക് അത് പൂറത്ത് കാണിക്കേണ്ട ആവശ്യമില്ല. ഞാന്‍ കാണുന്ന പി.ടി തോമസ് (ഗുല്‍മോഹറിലെ കേന്ദ്ര കഥാപാത്രത്തിന് പ്രചോദനമായ മുന്‍ നക്‌സലൈറ്റ് നേതാവ്) ഒരു തരത്തിലും മീശ പിരിക്കുന്ന ഒരാണല്ല. എന്റെ ബ്രെയിനിന് ഒരു കമാന്‍ഡ് ഞാന്‍ കൊടുത്താല്‍ അതിനെ തിരുത്താന്‍ നിങ്ങളുടെ ഒരു ഡ്രഗിനുമാവില്ലായെന്നുള്ള ഗുല്‍മോഹറിലെ ഡയലോഗ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ പറഞ്ഞതാണ്. അത്രയും ഗംഭീരനായ ഒരു പുരുഷന്‍ കേരളത്തിലുണ്ടായിരുന്നോ എന്നെനിക്കറിയില്ല. അത്രയ്ക്ക് വലിയ ഒരു പോരാട്ടത്തിലാണ് അദ്ദേഹം പതറാതെ പിടിച്ചു നിന്നത്. അതുകൊണ്ട് തന്നെ അത് പ്രകടിപ്പിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. 'ഞാന്‍ എന്റെ ഭാര്യയെ ജോലിക്ക് വിടില്ല, എന്റെ ഭാര്യയുടെ വീട്ടില്‍ കാലെടുത്തു കുത്തില്ല', എന്നൊക്കെ വിളിച്ച് പറയുന്നവര്‍ ഉള്ളില്‍ പുരുഷനെ നിലയില്‍ പാപ്പരത്തം അനുഭവിക്കുന്നുണ്ടാകും.ചോദ്യം: നവോത്ഥാനത്തിനും, കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിനും, നക്‌സലൈറ്റ് മൂവ്‌മെന്റിനും, ഫെമിനിസ്റ്റ് മൂവ്‌മെന്റിനുമെല്ലാം ശേഷം ചുംബിക്കാന്‍ അവകാശമുണ്ടോയെന്ന് ചര്‍ച്ച ചെയ്യേണ്ടിവന്നു. ഇതൊരു വിരോധാഭാസമല്ലേ.?

സമൂഹത്തിന്റെ അടിസ്ഥാനഘടനയ്ക്ക് ഒരു മാറ്റവും വരുന്നില്ല. ഇന്റീരിയറുകള്‍ മാത്രമാണ് മാറുന്നത്. ഞാനിവിടെ പച്ച പരവതാനിയോ. ചുവപ്പ് പരവതാനിയോ ഒക്കെ വിരിക്കുന്നുണ്ട്. ഘടന അതു തന്നെയാണ്. ഒരു മൂവ്‌മെന്റും ഒരു നിയമവും അടിസ്ഥാനപരമായ ഈ ഘടനയെ തൊടുന്നില്ല. ഇപ്പോഴും സ്ത്രീപീഢനമെന്ന് പറഞ്ഞാല്‍ മദ്യത്തിനോ, മയക്കു മരുന്നിനോ അടിപ്പെട്ട്, ഇരുട്ടത്ത് ഏതോ ഒരു അപരിചിതയായ സ്ത്രീയെ കയറിപ്പിടിച്ചു എന്നാണ് നാം മനസ്സിലാക്കുന്നത്. നമ്മുടെ ഉത്തരവാദിത്തം കൊണ്ട് ജനിച്ച പെണ്‍കുട്ടികളുണ്ട്. അച്ഛനറിയാം, ആ കുട്ടിയുടെ അഭിരുചികളും, ഇഷ്ടങ്ങളും. ആ അച്ഛനാണ് പതിനെട്ട് വയസ്സാവുമ്പോള്‍ അവളുടെ ഒരു താത്പര്യവും നോക്കാതെ അച്ഛന്റെ സൗകര്യത്തിനനുസരിച്ചുള്ള ഒരാള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുന്നത്. ഒരായുസ്സുകൊണ്ട് അവളെ അറിഞ്ഞ, അവളുടെ സംരക്ഷകരെന്ന് ഭാവിക്കുന്ന അച്ഛനും, സഹോദരന്മാരുമാണ് ഏതോ ഒരു അപരിചിതന് അവളെ ഏല്‍പ്പിച്ചു കൊടുക്കുന്നത്. ഞങ്ങളുടെ കോളേജിലടക്കം കല്യാണത്തിന്റെ പേരില്‍ ഡിഗ്രി പഠനം അവസാനിപ്പിക്കേണ്ടി വരുന്ന പെണ്‍കുട്ടികളുണ്ട്. അവര്‍ക്ക് പഠിക്കാന്‍ താത്പര്യമുണ്ട്. പക്ഷേ, അവരുടെ അച്ഛനും, സഹോദരന്മാരും സമ്മതിക്കുന്നില്ല. ഇരുട്ടത്ത് ഒരപരിചിതന്‍ ചെയ്യുന്നതിനേക്കാള്‍ നീചമായ പ്രവര്‍ത്തിയാണ് ഈ സംരക്ഷകര്‍ ചെയ്യുന്നതെന്ന് തിരിച്ചറിയുന്നിടത്താണ് ഘടനയ്ക്ക് മാറ്റം വരുന്നത്. പെണ്‍കുട്ടികളെ വെട്ടിച്ചെറുതാക്കി ബോസായികളാക്കിയിട്ട്, എന്തേ, നിങ്ങളുടെ കൂട്ടത്തില്‍ ഒരു ഷേക്‌സ്പിയറോ, വ്യാസനോ ഇല്ലാത്തതെന്നും, നിങ്ങള്‍ എന്തേ എന്നെപ്പോലെ വളര്‍ന്ന് വലുതാകാത്തതെന്നും ചോദിക്കും! സിസ്റ്റത്തിനകത്ത് ചിലര്‍ അറിഞ്ഞുകൊണ്ടും, ചിലര്‍ അറിയാതെയും ഈ പാറ്റേണിന് വിധേയരാകുന്നു. ആണും, പെണ്ണും ഒരു പോലെ അതിന്റെ ഇരകളാകുന്നു. ജനങ്ങളില്‍ അമ്പത് ശതമാനത്തിലധികം വരുന്ന സ്ത്രീകളില്‍ എത്രപേര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ സ്വന്തം അഭിപ്രായം പറയുന്നുണ്ട്. എന്റെ സഹപ്രവര്‍ത്തകരെ ഉദാഹരണമായെടുത്താല്‍ ഭൂരിപക്ഷം പേരും അവെയര്‍ അല്ല. ലോകകപ്പ് നടക്കുന്നു, അവരുടെ പ്രശ്‌നമല്ല. അറിയേണ്ട കാര്യവുമില്ല. കാരണം, അവര്‍ കളിക്കുന്ന കളിയല്ല. പകരം അവര്‍ പരദൂഷണം പറയുന്നുവെന്ന് നാം പറയുന്നു. പിണറായി വിജയന്‍ അച്യുതാനന്ദനെപ്പറ്റിയും, അച്യുതാനന്ദനന്‍ പിണറായിയേക്കുറിച്ചും പറഞ്ഞതും, മറ്റ് പാര്‍ട്ടി തര്‍ക്കങ്ങളും ഏതോ നിലയ്ക്ക് ഉന്നതമായ ഒരു കാര്യമാണെന്ന് നാം ധരിച്ച് വെച്ചിട്ടുണ്ട്. സ്ത്രീകള്‍ അവരുടെ അയല്‍പക്കത്തുള്ള ഒരു വിജയേട്ടന്‍, അതിന് തൊട്ടപ്പുറത്തുള്ള അച്യുതേട്ടനോട് പറഞ്ഞ ഒരു കാര്യമാണ് സംസാരിക്കുന്നതെങ്കില്‍ അവരെ നമ്മള്‍ പരദൂഷണക്കാര്‍ എന്ന് വിളിക്കും. എന്നിട്ട് ആദ്യം പറഞ്ഞതിന് ഒരു രാഷ്ട്രീയ സംവാദത്തിന്റെ നിറം കൊടുക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങളൊണ് ഗോസിപ്പിന്റെ നിര്‍വ്വചനമെങ്കില്‍ അത് ഏറ്റവും കൂടുതലുള്ളത് ആണുങ്ങള്‍ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിലാണ്. സ്ത്രീകള്‍ അത് കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ, അവളെ അതിനകത്ത് കയറ്റില്ലെന്ന് എല്ലാ പാര്‍ട്ടിക്കാരും കൂടി തീരുമാനിച്ചാല്‍ പിന്നെയവള്‍ക്ക് അവളുടെ വീടിനടുത്ത കാര്യങ്ങള്‍ പറയുകയേ നിവര്‍ത്തിയുള്ളൂ. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസ്സിലാവുന്നില്ല. അവര്‍ രാഷ്ട്രം ഭരിക്കുന്നു, ഭക്ഷ്യനയം ഉണ്ടാക്കുന്നു. അവരേപ്പറ്റി പറയുന്നത് രാഷ്ട്രീയമാകുന്നത് അതുകൊണ്ടാണെന്നാണ് പറയുന്നത്. ഇവരെ അതിന് സമ്മതിക്കാഞ്ഞിട്ടല്ലേ, അല്ലെങ്കില്‍ സ്ത്രീകളും ഇതെല്ലാം ചെയ്യുമായിരുന്നു. അതേപ്പറ്റിത്തന്നെ ചര്‍ച്ചയും ചെയ്യുമായിരുന്നു.


ചോദ്യം: വ്യക്തിസ്വാതന്ത്ര്യവും, ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്ലാ വര്‍ഗീയശക്തികളും ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരക്കാറുണ്ട്. സ്വവര്‍ഗരതി നിയമവിധേയമാക്കിയ ദില്ലി ഹൈക്കോടതി വിധിക്ക് ശേഷം നാമത് കണ്ടു. ചുംബനസമരത്തിലും ഇതാവര്‍ത്തിച്ചു. എന്തുകൊണ്ടാണിത്?

എല്ലാ സ്ഥാപനങ്ങള്‍ക്കും (ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ഒരേ വികാരമല്ലേ? അങ്ങനെയല്ലാത്ത ഒരു നിലപാടെടുക്കാന്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിന് കഴിയുമോ? ഏത് ദൈവത്തോട് പ്രാര്‍ത്ഥിക്കും എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. എനിക്ക് ഇതുവരെ പ്രാര്‍ത്ഥിക്കാന്‍ പറ്റാത്തതും ആ ചിന്ത കൊണ്ടാണ്. അയ്യപ്പന്‍ പറയുകയാണ്, ഒന്നുകില്‍ ചെറിയ പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ മെനോപ്പോസ് കഴിഞ്ഞവര്‍ ഇവിടെ വന്നാല്‍ മതിയെന്ന്. അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് അപ്പനാകുന്നത്? അയ്യ ''പ്പന്‍' എന്നല്ലേ പറയുത്? അച്ഛന്‍ പറയുകയാണ്, 'മോളേ നീ എന്റെയടുത്തേക്ക് വരരുത്, നിന്നെയെനിക്ക് സ്ത്രീയായിട്ടാണ് തോന്നുത്.' അങ്ങനെ പറഞ്ഞാല്‍പ്പിന്നെ എനിക്കത് അച്ഛനല്ലല്ലോ? എന്റെ സൃഷ്ടിക്ക് ഉത്തരവാദിയായിട്ടുള്ള ഒരാളുടെ മുമ്പില്‍ പോയി എനിക്ക് തലകുനിച്ച് നില്‍ക്കേണ്ടി വരിക എന്നു പറഞ്ഞാല്‍, അങ്ങനത്തെ ദൈവങ്ങളുടെ മുന്നില്‍ ചെല്ലാന്‍ എനിക്ക് പ്രയാസമുണ്ട്. പട്ടിണിപ്പാവങ്ങളുടെ മുന്നില്‍ ഇത്രയധികം സ്വര്‍ണ്ണാഭരണങ്ങള്‍ ഇട്ട് നില്‍ക്കുന്ന ദൈവങ്ങളെ വണങ്ങാനും എനിക്ക് ബുദ്ധിമുട്ടാണ്. അപ്പോള്‍, എന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ പറയും ജീസസിന്റെ വഴി പിന്‍തുടരാന്‍. പന്ത്രണ്ട് ശിഷ്യന്മാരുടെ കൂട്ടത്തില്‍ ഒരാളെപ്പോലും സ്ത്രീയായിട്ട് തെരഞ്ഞെടുക്കാത്ത ആളെ, ഞാന്‍ പറഞ്ഞത് ലോകത്തോട് പറയൂ എന്നു പറഞ്ഞവരില്‍ സ്ത്രീകളെ കൂട്ടാത്ത ഒരാളെ എങ്ങനെ ആരാധിക്കും? കന്യാസ്ത്രീകളുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഞാന്‍. എന്റെ സെക്കന്റ് ഹോം പോലെയാണ് ഞാന്‍ പഠിച്ച സ്‌കൂളും, കോണ്‍വെന്റും. എന്റെ അമ്മയെപ്പോലെയാണ് അവരോരുത്തരും. ഒരു പുരോഹിതനേക്കാളും ഒരു നിലയ്ക്കും കുറഞ്ഞ വിശ്വാസികളല്ല കന്യാസ്ത്രീകള്‍. പക്ഷേ, ഒരിക്കലും അവര്‍ക്ക് കുര്‍ബ്ബാന നടത്താനാവില്ല. നിങ്ങള്‍ കുറഞ്ഞവരാണെന്ന് അവിടെ പറഞ്ഞുവെച്ചിരിക്കുകയാണ്. ഏത് സ്ഥാപനമാണ് സ്ത്രീയെ കുറഞ്ഞവളായി കാണാത്തത്? ഈ കുറഞ്ഞവളായ സ്ത്രീ ഉമ്മ വെക്കുന്നതാണ് ഇവരുടെ പ്രശ്‌നം. വളരെ ലളിതമാണ്. അതില്‍ എല്ലാ സ്ഥാപനങ്ങളും ഒരുമിച്ച് നില്‍ക്കും. വര്‍ഗീയ സംഘടനകള്‍ പോട്ടെ, ഭരണകൂടവും, രാഷ്ട്രീയപാര്‍ട്ടികളും അത് തന്നെയല്ലേ, ചെയ്തുകൊണ്ടിരിക്കുന്നത്? അതില്‍ നിന്ന് വഴിവിട്ട് എസ്.എഫ്.ഐ.ക്കാരും, ഡി.വൈ.എഫ്.ഐ.ക്കാരും നിലപാടെടുത്തത് ഒരു വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. പിന്നീട് പറഞ്ഞതെല്ലാം വിഴുങ്ങി അവര്‍ നിലപാട് തിരുത്തിയപ്പോള്‍ എല്ലാം വ്യക്തമായി. ഒരു സ്ഥാപനമെന്ന നിലയില്‍ അവര്‍ക്കത് അംഗീകരിക്കാന്‍ കഴിയില്ല. നിലവിലുള്ള മൂല്യവ്യവസ്ഥയനുസരിച്ചാണ് എല്ലാ സ്ഥാപനങ്ങളും നീങ്ങുന്നത്. കോളേജില്‍ എക്‌സാം ഡ്യൂട്ടി കഴിഞ്ഞ് ടി.എ. വാങ്ങാന്‍ നില്‍ക്കുമ്പോള്‍ താമസമുണ്ടായാല്‍ ചിലപ്പോള്‍ ക്ലാര്‍ക്ക് പറയും. 'ആ മാഷ്‌ക്കത്ര പ്രശ്‌നമില്ല വെയ്റ്റ് ചെയ്യാന്‍, ടീച്ചറാണ് ഇവിടെ വന്ന് ബഹളം വെച്ചു കൊണ്ടിരിക്കുന്നത്,' എന്ന്. എല്ലായിടത്തും ഈ പ്രശ്‌നമുണ്ട്. പൊലീസ്, നിയമ സംവിധാനം, എഴുത്ത്. സംവരണം നമുക്ക് ഏറ്റവും പരിഹാസ്യമായ പദമാണ്. ഇവരെല്ലാം കൂടി പല പേരില്‍ നടത്തുന്ന സ്ഥാപനങ്ങളാണിതെല്ലാം. ഒരു ചിന്തയല്ലേ, ഇവര്‍ക്കുണ്ടാവേണ്ടതുള്ളൂ. അത് നമ്മളെ അത്ഭുതപ്പെടുത്തേണ്ടതില്ല.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് റോണ്‍; ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തയ്യാറാക്കിയതാണ് ഈ അഭിമുഖം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


(തുടരും)


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories