TopTop
Begin typing your search above and press return to search.

ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേക്ക് കയറ്റി അയയ്ക്കരുത്; ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മയുമായി അഭിമുഖം

ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേക്ക് കയറ്റി അയയ്ക്കരുത്; ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മയുമായി അഭിമുഖം

1984 ഏപ്രില്‍ രണ്ടിന് അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കസാഖ്‌സ്താനിലെ ബൈകനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയര്‍ന്ന സോയൂസ് ടി 11ല്‍ ചരിത്രം കുറിക്കാനായി ഒരു ഇന്ത്യക്കാരനുമുണ്ടായിരുന്നു. റഷ്യക്കാരായ ഷിപ്പ് കമാന്‍ഡര്‍ യൂറി മാലിഷേവിനും ഫ്‌ളൈറ്റ് എഞ്ചിനിയര്‍ ഗെന്നഡി സ്‌ട്രെക്കാലോവിനും ഒപ്പം ഇന്ത്യന്‍ വ്യോമസേന പൈലറ്റ് ആയിരുന്ന, 35കാരന്‍ രാകേഷ് ശര്‍മ. പഞ്ചാബിലെ പട്യാല സ്വദേശി. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി. ഇതുവരെ ബഹിരാകാശത്തെത്തിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ പൗരന്‍.

ബഹിരാകാശ യാത്ര ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല എന്ന് പറയുന്നു നിലവില്‍ 70-കാരനായ രാകേഷ് ശര്‍മ. ഐഎസ്ആര്‍ഒ അതിന്റെ മനുഷ്യ ദൗത്യങ്ങളായ 'ഗഗന്‍യാന്‍' അടക്കമുള്ള ബഹിരാകാശ പരിപാടികളുമായി മുന്നോട്ടുപോകുമ്പോള്‍ വ്യോമസേനയില്‍ നിന്ന് ബഹിരാകാശ പരിപാടിയുടെ ഭാഗമാവുകയും വീണ്ടും പഴയ ജോലിയിലേയ്ക്ക് മടങ്ങി, വിരമിക്കുകയും ചെയ്ത രാകേഷ് ശര്‍മ നിലവില്‍ ബഹിരാകാശ പരിപാടിയുടെ ദേശീയ ഉപദേശക സമിതി അംഗമാണ്.

സര്‍ക്കാര്‍ അതിഥിയായി കേരളത്തിലെത്തിയ രാകേഷ് ശര്‍മ കേരളത്തിന്റെ എയ്‌റോ സ്‌പേസ് സംരംഭങ്ങള്‍ക്ക് എല്ലാ പിന്തുണയുമുണ്ടാകും എന്ന് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അറിയിച്ചു. തിരുവനന്തപുരത്ത് ഡിസി ബുക്‌സ് സംഘടിപ്പിച്ച സ്‌പേസസ് ഫെസ്റ്റിവലിലെ പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. സ്‌പേസസ് ഫെസ്റ്റിവലിനിടെയാണ് രാകേഷ് ശര്‍മ അഴിമുഖവുമായി സംസാരിച്ചത്.

സ്‌പേസസ് ഫെസ്റ്റിവലിലെ A Space in the Sun: When Sky is no longer limit - reaching out planetary habitats എന്ന സെഷനില്‍ സംസാരിക്കവേ രാകേഷ് ശര്‍മ, ബഹിരാകാശത്ത് ദേശീയത അപ്രസക്തമാണ് എന്ന് പറഞ്ഞിരുന്നു. ബഹിരാകാശത്ത് നിങ്ങള്‍ക്ക് ഏതെങ്കിലുമൊരു രാജ്യത്തിന്റേതായ സ്വത്വമല്ല ഉള്ളത്. അവിടെ നിങ്ങള്‍ ഭൂമിയില്‍ നിന്നുള്ള ഒരാള്‍ മാത്രമാണ്. അവിടെ നിങ്ങളുടെ രാജ്യത്തിന് പ്രസക്തിയില്ല. നിങ്ങള്‍ അവിടെ ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ ഉള്ള ആളല്ല. ചന്ദ്രനിലോ, ഏതെങ്കിലും ഗ്രഹങ്ങളിലോ മനുഷ്യവാസത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ സഹകരണത്തെക്കുറിച്ചാണ് ആലോചിക്കേണ്ടത്.

ഇന്ത്യയുടെ ബഹിരാകാശ പരിപാടി, ഐഎസ്ആര്‍ഒയുടെ വളര്‍ച്ച, ബഹിരാകാശ രംഗത്തേയ്ക്കുള്ള സ്വകാര്യ മേഖലയുടെ കടന്നുവരവ്, ബഹിരാകാശ യുദ്ധത്തിന്റെ സാധ്യതകള്‍ - ഇത് സംബന്ധിച്ചെല്ലാം കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ് രാകേഷ് ശര്‍മ.

35 വര്‍ഷമായിരിക്കുന്നു, താങ്കള്‍ ബഹിരാകാശത്തെത്തിയിട്ട്. ഇതുവരെ ബഹിരാകാശത്തെത്തിയ ഒരേയൊരു ഇന്ത്യന്‍ പൗരനാണ് താങ്കള്‍. അന്നത്തെ യാത്രയേയും തയ്യാറെടുപ്പുകളേയും യാത്രയ്ക്ക് ശേഷമുള്ള അനുഭവങ്ങളേയും എങ്ങനെ ഓര്‍ക്കുന്നു?

വളരെ നല്ല അനുഭവങ്ങളാണ് ഓര്‍ക്കാനുള്ളത്. ഞാന്‍ എന്റെ ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കിയ ശേഷം രണ്ട് വഴികളാണ് മുന്നിലുണ്ടായിരുന്നത്. ഒന്ന് ഐഎസ്ആര്‍ഒയുടെ ഭാഗമായി ബഹിരാകാശ പരിപാടിയില്‍ തുടരുക എന്നത്. പക്ഷെ അന്ന് ഇന്ത്യക്ക് മറ്റൊരു മനുഷ്യയാത്രാ പരിപാടി ഉണ്ടായിരുന്നില്ല. കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് തോന്നിയില്ല. അതുകൊണ്ട് വീണ്ടും പഴയ ജോലിയിലേയ്ക്ക് മടങ്ങി. പക്ഷെ ബഹിരാകാശ യാത്ര എന്റെ ജീവിതം മാറ്റി എന്നത് വസ്തുതയാണ്.

1984ലെ താങ്കളുടെ സംഘത്തിന്റെ ബഹിരാകാശ യാത്ര വിവിധ രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള സോവിയറ്റ് യൂണിയന്റെ രാജ്യാന്തര പരിപാടിയുടെ (ഇന്റര്‍ കോസ്‌മോ) ഭാഗമായിരുന്നു. ഇപ്പോള്‍ ഐഎസ്ആര്‍ഒ അതിന്റെ സ്വന്തമായ മനുഷ്യയാത്ര പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലാണ്. ഇക്കാലയളവിലെ ഐഎസ്ആര്‍ഒയുടെ വളര്‍ച്ചയെ എങ്ങനെ കാണുന്നു?

ഗംഭീരമായ വളര്‍ച്ചയാണ് ഐഎസ്ആര്‍ഒയുടേത്. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ എനിക്കതില്‍ അഭിമാനമുണ്ട്. അവര്‍ക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു എന്നതും ലക്ഷ്യത്തിലേയ്‌ക്കെത്താന്‍ കൃത്യമായ പദ്ധതിയുണ്ടായിരുന്നു എന്നതും ഇതില്‍ ശ്രദ്ധ പതിപ്പിച്ച് അവര്‍ മുന്നോട്ടുപോയി എന്നതുമാണ് ഈ മുന്നേറ്റത്തില്‍ പ്രധാന ഘടകമായത്.

നാസയടക്കമുള്ള ലോകത്തെ പ്രമുഖ ബഹിരാകാശ ഏജന്‍സികളെ ആശ്ചര്യപ്പെടുത്തുന്ന വിധത്തില്‍ താരതമ്യേന ചിലവ് കുറഞ്ഞ ബഹിരാകാശ പരിപാടികള്‍ വിജയകരമാക്കാന്‍ കഴിയുമെന്ന് ഐഎസ്ആര്‍ഒ തെളിയിച്ചു. ഈ നേട്ടത്തെ എങ്ങനെയാണ് കാണുന്നത്?

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. മറ്റെവിടെ നിന്നും സഹായം കിട്ടാത്ത കാര്യങ്ങളില്‍, പ്രശ്‌നങ്ങള്‍ക്ക് പുതിയ ആശയങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. ഉദാഹരണത്തിന് ക്രയോജനിക് സാങ്കേതിക വിദ്യ, പ്രൊപ്പല്‍ഷന്‍ ടെക്‌നോളജി എന്നിവയൊന്നും നേരത്തെ ഉണ്ടായിരുന്നില്ല. ചന്ദ്രയാന്‍ 2വില്‍ ഉപയോഗിച്ച പോലുള്ള പുതിയ കാര്യങ്ങള്‍ വന്നു. അതേസമയം മാതൃകാപരമല്ലാത്ത ചില മോശം രീതികളുമുണ്ടായി. ബംഗളൂരുവില്‍ ഗാസ്‌ട്രോ ബയേണ്‍ കഴിഞ്ഞ 35 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്നത് പോലുള്ളവ - എല്‍സിഐയ്ക്ക് വേണ്ടി ജെറ്റ് എഞ്ചിന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഐഎസ്ആര്‍ഒയുടെ സമീപനം വ്യത്യസ്തമാണ്. ഇത് തന്നെയാണ് വിജയത്തിന് കാരണവും.

എപ്പോളെങ്കിലും ഒരു ചാന്ദ്രയാത്രയുടെ ഭാഗമാകുന്നത് ആഗ്രഹിച്ചിട്ടുണ്ടോ?

ബഹിരാകാശത്ത് പോകാന്‍ കഴിയുമെന്ന് തന്നെ ഞാന്‍ വിചാരിച്ചിട്ടില്ല. നമുക്ക് ഇതുവരെ സ്വന്തമായി ഒരു മനുഷ്യ ബഹിരാകാശ ദൗത്യം തന്നെ ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതിന്റെ സാധ്യതകള്‍ ഉയര്‍ന്നുവരുന്നു. മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയയക്കാനുള്ള പരിപാടികള്‍ പുരോഗമിക്കുന്നു. അടുത്ത തലമുറയ്ക്ക് അതിന് ഭാഗ്യമുണ്ടാവുകയാണ്.

ചാന്ദ്രയാന്‍ 2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്നതോടെ ഇത് സാധ്യമാക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുകയാണ്. വലിയ നേട്ടമല്ലേ ഇത്?

തീര്‍ച്ചയായും. ചന്ദ്രയാന്‍ ഒന്ന് ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച് കണ്ടെത്തലുകള്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായ ദൗത്യമാണിത്. ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ചന്ദ്രയാന്‍ 2 വിജയമാകുമെന്നാണ് പ്രതീക്ഷ. അത് ചന്ദ്രനിലെ മനുഷ്യവാസ സാധ്യതകളെപ്പറ്റി വിവരങ്ങള്‍ നല്‍കിയേക്കാം. എല്ലാവരും ചന്ദ്രനില്‍ ഷോപ്പുകള്‍ തുടങ്ങാന്‍ കാത്തിരിക്കുകയാണ്.

ബഹിരാകാശ മേഖലയിലേയ്ക്കുള്ള സ്വകാര്യ കമ്പനികളുടെ കടന്നുവരവിനെ എങ്ങനെ കാണുന്നു? യുഎസിലെ സ്‌പേസ് എക്‌സ് പോലുള്ള കമ്പനികള്‍ നിലവില്‍ ബഹിരാകാശ രംഗത്തുണ്ട്.

ബഹിരാകാശം ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. സ്വകാര്യ കമ്പനികള്‍ ചന്ദ്രനിലെത്തിയാല്‍, അവിടെ അവര്‍ നടത്തുന്ന പര്യവേഷണത്തിന്റെ വിവരങ്ങള്‍, ശേഖരിക്കുന്ന വസ്തുക്കള്‍ ഇതെല്ലാം അവരുടെ ഓഹരി ഉടമകളുമായി പങ്കുവയ്ക്കാനും പ്രസ്തുത ഭാഗത്ത് അവകാശം സ്ഥാപിക്കാനുമായിരിക്കും അവര്‍ ശ്രമിക്കുക. അതേസമയം ബഹിരാകാശം മനുഷ്യരാശിക്കാകെ അവകാശപ്പെട്ടതാണ് എന്നും മനുഷ്യപുരോഗതിക്ക് വേണ്ടിയുള്ളതുമാണ് എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ നിലപാട്. സ്വകാര്യ ഗ്രൂപ്പുകള്‍ ഈ കാഴ്ചപ്പാടിനെ എങ്ങനെ അംഗീകരിക്കും എന്ന പ്രശ്‌നമുണ്ട്. നിയമപ്രശ്‌നങ്ങളുണ്ടാകും. ഇതില്‍ ഗവണ്‍മെന്റുകള്‍ ഇടപെടേണ്ട പ്രശ്‌നമുണ്ട്. ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയയ്ക്കരുത്. മറിച്ചായാല്‍ അത് ബഹിരാകാശ യുദ്ധങ്ങളിലേയ്ക്ക് നയിക്കും.

വ്യോമസേന പൈലറ്റായാണ് തുടങ്ങിയത്. പിന്നീട് ബഹിരാകാശ യാത്രികനായി. വീണ്ടും വ്യോമസേന പൈലറ്റിലേയ്ക്ക് മടങ്ങി.

അന്ന് നമുക്ക് മനുഷ്യ ദൗത്യങ്ങളുണ്ടായിരുന്നില്ല. ഞാന്‍ എന്റെ പഴയ ജോലിയിലേയ്ക്ക് തന്നെ തിരിയുകയും ചെയ്തു. എയര്‍ഫോഴ്‌സില്‍ നിന്ന് വിരമിച്ച ശേഷം ഞാന്‍ ഐടി ഇന്‍ഡസ്ട്രിയിലേയ്ക്കും തിരിഞ്ഞു. ഞാന്‍ ഇപ്പോള്‍ ബഹിരാകാശ പരിപാടിയുടെ ദേശീയ ഉപദേശക സമിതി അംഗമാണ്.

ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍ ബഹുമതി നേടിയ ഒരേയൊരു ഇന്ത്യക്കാരനാണ് താങ്കള്‍

ബഹിരാകാശത്തേയ്ക്ക് പോകുന്ന എല്ലാ റഷ്യക്കാര്‍ക്കും ഈ ബഹുമതി നല്‍കുന്നുണ്ട്. അത്തരത്തിലുള്ളൊരു ഔപചാരിക ബഹുമതിയാണിത്. റഷ്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് ഇന്ത്യയും അശോക് ചക്ര നല്‍കിയിട്ടുണ്ട്.

യൂറി ഗഗാറിന്‍ അടക്കമുള്ള ബഹിരാകാശ യാത്രികരോട് അവരുടെ രാജ്യങ്ങളിലെ നേതാക്കള്‍ ചോദിച്ച കാര്യങ്ങളും അത് സംബന്ധിച്ച രസകരമായ പല കഥകളും നിലവിലുണ്ട്. ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെയുണ്ട് എന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചോദ്യത്തിന് 'സാരേ ജഹാം സേ അച്ഛാ' എന്നായിരുന്നു താങ്കളുടെ മറുപടി. എങ്ങനെയാണ് ആ അനുഭവം?

എല്ലാ ബഹിരാകാശ പര്യവേഷകരും ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്നാണിത്. ഭൂമിയിലേയ്ക്ക് നോക്കി സ്വന്തം രാജ്യം തിരയുക എന്നത്. എട്ട് ദിവസത്തെ യാത്ര. പര്‍വതനിരകളും സമതലങ്ങളും നദികളും മൂന്ന് ഭാഗങ്ങളില്‍ കടല്‍ തീരവുമെല്ലാമുണ്ട് ഇന്ത്യക്ക്. വിവിധ നിറങ്ങള്‍, വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങള്‍. ബഹിരാകാശത്ത് നിന്ന് നോക്കിയാലും മനോഹരമാണ് ഇന്ത്യ.

ബഹിരാകാശ യാത്ര സ്വപ്‌നം കാണുന്ന ഇന്ത്യന്‍ യുവാക്കളോട് എന്താണ് പറയാനുള്ളത്?

എനിക്ക് അവരോട് പറയാനുള്ളത്, നിങ്ങള്‍ വളരെ ഭാഗ്യമുള്ള തലമുറയാണ് എന്നാണ്. ബഹിരാകാശവുമായി ബന്ധപ്പെട്ട് മുമ്പെങ്ങുമില്ലാത്ത വിധം വളരെയധികം പരിപാടികള്‍ മുന്നോട്ടുപോകുന്ന സമയമാണ്. ഇത് പുതിയ വഴികള്‍ തുറക്കാനുള്ള സമയമാണ്. ഇതിന്റെ ഭാഗമായി ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ഈ വെല്ലുവിളികള്‍ ഏറ്റെടുക്കണമെങ്കില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ചിലപ്പോള്‍ മാറ്റിവയ്‌ക്കേണ്ടി വരും. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തിയുണ്ടാകും.

ബഹിരാകാശത്തിന്റെ സൈനികവത്കരണം, ആയുധവത്കരണം - ഒരു ബഹിരാകാശ യുദ്ധം ഭയക്കേണ്ടതുണ്ടോ?

അത്തരം നീക്കങ്ങള്‍ ഏതാണ്ട് തുടങ്ങിക്കഴിഞ്ഞു. ഉപഗ്രഹവേധ മിസൈലുകളടക്കമുണ്ട്. എന്നാല്‍ വിവേകപൂര്‍ണമായ നടപടികളും സമീപനങ്ങളുമുണ്ടാകും എന്ന് പ്രതീക്ഷിക്കാം.

അഭിമുഖം - വീഡിയോ:

ALSO READ: ബഹിരാകാശത്ത് ഇന്ത്യക്കാരനോ ചൈനക്കാരനോ ഇല്ല, ഭൂമിയില്‍ നിന്നുള്ള മനുഷ്യന്‍ മാത്രം: ആദ്യ ഇന്ത്യന്‍ യാത്രികന്‍ രാകേഷ് ശര്‍മ്മ


Next Story

Related Stories