TopTop
Begin typing your search above and press return to search.

VIDEO-സിസ്റ്റര്‍ അഭയയുടെ ഒപ്പം നിന്ന സി. അനുപമ പോലും മൊഴിമാറ്റിയിരിക്കുന്നു; സഭയ്ക്കുള്ളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് സി. ലൂസി കളപ്പുരയ്ക്കല്‍/അഭിമുഖം

VIDEO-സിസ്റ്റര്‍ അഭയയുടെ ഒപ്പം നിന്ന സി. അനുപമ പോലും മൊഴിമാറ്റിയിരിക്കുന്നു; സഭയ്ക്കുള്ളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് സി. ലൂസി കളപ്പുരയ്ക്കല്‍/അഭിമുഖം

പുറത്തുനിന്ന് താന്‍ കണ്ട സഭയായിരുന്നില്ല സന്ന്യാസ ജീവിതം തുടങ്ങിയതിന് ശേഷം താന്‍ കണ്ടതെന്ന് സധൈര്യം തുറന്നു പറഞ്ഞ വ്യക്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കോട്ടയം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട വിഷയത്തില്‍ നീതിയുടെ ഭാഗത്തുനിന്ന് പോരാടിയതോടെയാണ് ലൂസി കളപ്പുരയ്ക്കലിന്റെ ശബ്ദം നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. തന്റെ നിലപാടുകളുടെ പേരില്‍ സഭയുടെ ഭാഗത്തുനിന്ന് പലതരത്തിലുള്ള പ്രതികാര നടപടികളാണ് സിസ്റ്ററിന് നേരിടേണ്ടി വരുന്നത്. തന്റെ നിലപാടുകളെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും ലൂസി കളപ്പുരയ്ക്കല്‍ സംസാരിക്കുന്നു.

സിസ്റ്റര്‍ അഭയ കേസില്‍ പലരും മുന്‍പ് പറഞ്ഞ മൊഴി മാറ്റി പറഞ്ഞിരിക്കുകയാണ്. സന്ന്യാസി സമൂഹത്തിനുള്ളില്‍ നില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ സഭയില്‍നിന്നുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്നാവുമിതെന്ന് സിസ്റ്ററിന് തോന്നുന്നുണ്ടോ?

സിസ്റ്റര്‍ അഭയ കേസില്‍ 27 വര്‍ഷമായി നീതിക്കുവേണ്ടി പോരാടാന്‍ തുടങ്ങിയിട്ട്. പക്ഷേ ഇപ്പോള്‍ കേസ് കോടതിയില്‍ പരിഗണിക്കുമ്പോള്‍ സാക്ഷികളെല്ലാം മൊഴിമാറ്റി പറഞ്ഞിരിക്കുകയാണ്. ഒപ്പം നിന്ന, കൂടെയുണ്ടായിരുന്ന സിസ്റ്റര്‍ അനുപമ പോലും മൊഴിമാറ്റിയിരിക്കുകയാണ്. സഭക്കുള്ളില്‍ ഉണ്ടായിരുന്ന വ്യക്തി എന്ന നിലയില്‍ എനിക്കറിയാന്‍ കഴിയും അവര്‍ നല്ല സമ്മര്‍ദം അനുഭവിച്ചിട്ടുണ്ടാവും. സത്യസന്ധമായി നിലകൊള്ളാന്‍ അധികാരികള്‍ അനുവദിക്കുന്നില്ല. നിര്‍ബന്ധത്തിന് കീഴ്‌പ്പെട്ട് മൊഴിമാറ്റി പറയേണ്ടി വരുന്നത് ദയനീയമായ അവസ്ഥയാണ്. സത്യവും നീതിയുമൊക്കെ സന്ന്യാസി സഭയില്‍ നിന്നും നേതൃത്വത്തില്‍നിന്നും വിട്ടുപോയി എന്ന് നമ്മളെ പഠിപ്പിച്ചുതരുന്ന മൊഴിമാറ്റമായിപ്പോയി ഇത്.

കര്‍ത്താവിനുവേണ്ടി സേവനം ചെയ്യുന്നവരാണ് എന്ന് പറയുമ്പോഴും പുരുഷന്മാര്‍ അധികാരികളും സ്ത്രീകള്‍ ദാസിമാരുമാവുന്ന അവസ്ഥയല്ലേ സഭയിലുള്ളത്?

ഇത്തരം അവസ്ഥ തന്നെയാണ് ഉള്ളതെന്നതിന് തെളിവായി എനിക്ക് ഞാന്‍ നേരിട്ട അവസ്ഥകള്‍ തന്നെ പറയാമല്ലോ? കന്യാസ്ത്രീ സമൂഹത്തിന് മേല്‍ പുരോഹിത വര്‍ഗ്ഗം അധികാരം സ്ഥാപിച്ചിട്ടുണ്ട്.എന്നെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ എനിക്ക് എതിരായി സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാന്‍ പോലും നിര്‍ബന്ധിതരാവേണ്ടി വരുന്ന സ്ത്രീകളാണ് എന്റെ കൂടെയുണ്ടായിരുന്നത്. ഇത്തരം അവസ്ഥകള്‍ക്കൊക്കെ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം, മാറ്റംവന്നേ പറ്റൂ. ഇല്ലെങ്കില്‍ സത്യമോ ധാര്‍മ്മികതയോ എന്താണെന്ന് പഠിപ്പിക്കാനുള്ള അവകാശം ഈ സമൂഹത്തിന് ഇല്ലെന്ന് പറയേണ്ടി വരുന്ന അവസ്ഥ ഉണ്ടാവും.

ഇപ്പോള്‍ മഠത്തില്‍ സിസ്റ്ററിന് എത്തരത്തിലുള്ള പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത് ?

എങ്ങനെയെങ്കിലും പുറത്താക്കാനുള്ള ശ്രമങ്ങളാണ് ആദ്യം മുതലേ പൗരോഹിത്യത്തിന്റെ ഭാഗത്തുനിന്ന് നടന്നുകൊണ്ടിരിക്കുന്നത്. വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥകളാണ് ഇപ്പോള്‍ മഠത്തിനകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഞാനതിനെ വളരെ കൂള്‍ ആയിട്ടാണ് നേരിടുന്നത്. സന്ന്യാസി സമൂഹത്തിന് യാഥാര്‍ഥ്യത്തെ ആശ്ലേഷിക്കാനുള്ള കഴിവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പോരാടാനുള്ള ഊര്‍ജ്ജം അതെങ്ങനെയാണ് ലഭിച്ചത് ?

അത് ശരിക്കും ചങ്കിലുള്ളതാണ്. തെറ്റ് ചെയ്തിട്ടില്ല എന്നൊരു ഉറപ്പ് എനിക്കുണ്ട്. ഞാന്‍ എടുത്തുചാടിയും ഒന്നുംതന്നെ ചെയ്തിട്ടില്ല. ഓരോ പ്രശ്‌നങ്ങളേയും നല്ലതുപോലെ പഠിച്ചതിന് ശേഷമാണ് അതിനെ സമീപിച്ചിട്ടുള്ളത്. ഞാനെടുത്ത ഉറച്ച നിലപാടുകളെയാണ് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത്. നമുക്കെതിരെ നില്‍ക്കുന്നവരോട് ഒരു സഹതാപം മനസില്‍ സൂക്ഷിക്കുന്നതുകൊണ്ടും. അവര്‍ക്ക് അത്രയേ കഴിയുകയുള്ളൂ എന്ന് മനസിലാവുന്നതുകൊണ്ടും നമ്മളെ ഇതൊന്നും വേദനിപ്പിക്കുകയില്ല.

സിസ്റ്ററിന്റെ പിതാവ് വളരെ പോരാട്ട വീര്യമുള്ള വ്യക്തിയാണെന്നാണ് തോന്നിയിട്ടുള്ളത്. പിതാവ് ജീവിതത്തില്‍ മാതൃകയായിട്ടുണ്ടോ ?

ചെറുപ്പത്തില്‍തന്നെ ചാച്ചന് സുഖമില്ലായിരുന്നു. വാല്‍വ് ചുരുങ്ങുന്ന അസുഖമായിരുന്നു ചാച്ചന്. എന്നാല്‍ ഞങ്ങള്‍ക്കാര്‍ക്കും അത് അറിയില്ലായിരുന്നു. ചാച്ചന്‍ മരിച്ച സമയത്ത് ഞാന്‍ ഉത്തരേന്ത്യയിലായിരുന്നതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ചാച്ചന്റെ അടക്കിന് ഞങ്ങളുടെ ഇടവകയില്‍നിന്നുള്ള ആളുകള്‍ മാത്രമല്ലായിരുന്നു ഉണ്ടായിരുന്നത്. വലിയൊരു ജന സാഗരംതന്നെ അവിടെയെത്തിയിരുന്നു. ആ പ്രദേശത്തുള്ള മരണ വീടുകളിലും, വിവാഹവീടുകളിലുമെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു ചാച്ചന്‍. നാട്ടിലെ എന്ത് പ്രശ്‌നത്തിനും ആദ്യം ഓടിച്ചെല്ലുമായിരുന്നു. ഞാനെന്റെ ആങ്ങളമാരോടുപോലും പറയും അവര്‍ക്കുപോലും ഇല്ലാത്ത സമത്വം അന്ന് ചാച്ചനും അമ്മയ്ക്കുമുണ്ടായിരുന്നു. ചാച്ചന്‍ കണക്കെഴുതുന്ന രജിസ്ട്രറില്‍ വരവ് ചിലവൊക്കെ എഴുതിവെക്കും എന്നാല്‍ അമ്മയായിരുന്നു പൈസ സൂക്ഷിച്ചിരുന്നത്.

ശക്തി കൂട്ടാന്‍ പുതിയ തന്ത്രവുമായി യാക്കോബായ സഭ, മാര്‍ത്തോമാ സഭയും ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ സഭയുമായി ലയിക്കാന്‍ ആലോചന, സഭ തര്‍ക്കം വഴിത്തിരിവിലേക്ക്

Next Story

Related Stories