TopTop
Begin typing your search above and press return to search.

അസഹിഷ്ണുതയ്ക്കും വര്‍ഗീയതയ്ക്കും കേരളത്തില്‍ സ്ഥാനമുണ്ടോ?

അസഹിഷ്ണുതയ്ക്കും വര്‍ഗീയതയ്ക്കും കേരളത്തില്‍ സ്ഥാനമുണ്ടോ?

ദിവസങ്ങള്‍ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പ് പാടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. നിരവധി വിഷയങ്ങള്‍ സംവാദമായും വിവാദമായും കടന്നു പോയി. വാഗ്വാദങ്ങള്‍ നടന്നു. പ്രകടന പത്രികകള്‍ വന്നു. വികസനവും അഴിമതിയും ക്രമസമാധാനവും ക്ഷേമ ഭരണവും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതും തെരഞ്ഞെടുപ്പിന് ശേഷവും ചര്‍ച്ച ചെയ്യേണ്ടതുമായ 7 ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അഴിമുഖം 7 ബിഗ് ക്വസ്റ്റ്യന്‍സ് @പോള്‍ 2016. തെരഞ്ഞെടുപ്പ് തലേ ദിവസം വരെ ഈ ചര്‍ച്ച തുടരും.. വായനക്കാര്‍ക്കും പ്രതികരിക്കാം. ഇമെയിലായും കമന്റായും വരുന്ന മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ ഈ സീരീസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നതായിരിക്കും.ആറാമത്തെ ചോദ്യം; അസഹിഷ്ണുതയ്ക്കും വര്‍ഗീയതയ്ക്കും കേരളത്തില്‍ സ്ഥാനമുണ്ടോ? (ഐടി, വികസനത്തിന്റെ ലാസ്റ്റ് ബസ്സോ?,കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമോ? എന്തുകൊണ്ട് അഴിമതിയെ പടിക്കു പുറത്താക്കണം? , മേല്‍പ്പോട്ട് കെട്ടിയുയര്‍ത്തുന്ന വികസനം മാത്രം മതിയോ നമുക്ക്? എന്തുകൊണ്ട് ചൂട് ഒരു തിരഞ്ഞെടുപ്പ് വിഷയമായില്ല? എന്നിവയായിരുന്നു മുന്‍ ചോദ്യങ്ങള്‍)


എന്‍ എസ് മാധവന്‍
എഴുത്തുകാരന്‍

വളരെ കാലമായി ബഹുസ്വരമായിട്ടുള്ളതും, നൂറ്റാണ്ടുകളായി ലോകത്തിലെ പ്രധാനപ്പെട്ട മൂന്നു മതങ്ങളും സഹവര്‍ത്തിത്വത്തോടെ ജീവിച്ചിട്ടിട്ടുള്ള കേരളത്തില്‍ വര്‍ഗീയതയ്ക്കും വര്‍ഗീയ സംബന്ധമായ അസഹിഷ്ണുതയ്ക്കും ഒരു സ്ഥാനവും ഇല്ല എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

കേരളപ്പിറവിയ്ക്ക് ശേഷം കേരളത്തിലെ രാഷ്ട്രീയ അധികാരം കയ്യാളുന്നതിനുള്ള തെരഞ്ഞെടുപ്പുകളില്‍ മുഖ്യമായിട്ടും രണ്ടു മുന്നണികളാണ് മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു മുന്നണി കൂടി രംഗത്ത് വന്നിരിക്കുന്നു. ഈ മുന്നണിയുടെ കേരളത്തിലെ നേതാക്കാള്‍ പ്രകടമായ വര്‍ഗീയ സമീപനം സ്വീകരിച്ചിട്ടില്ല എങ്കിലും, മറ്റു മുന്നണി നേതാക്കളെ അനുകരിച്ചുകൊണ്ട് കേരളീയ അന്തരീക്ഷത്തോട് ഇഴകിച്ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. എങ്കില്‍ പോലും അവരുടെ അഖിലേന്ത്യാ നേതാക്കാന്മാര്‍ അത്തരത്തിലുള്ള പശ്ചാത്തലം ഉള്ളവരല്ല. അവര്‍ വര്‍ഗീയത കയ്യാളി രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുള്ളവരും, അതില്‍ പലപ്പോഴും വിജയിച്ചിട്ടുള്ളവരുമാണ്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഏറ്റവും ജാഗരൂകരായി തങ്ങളുടെ സമ്മതിദാനാവകാശങ്ങള്‍ വിനിയോഗിച്ചു നമ്മുടെ നാടിനെ തെറ്റിലേക്ക് ആനയിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ഇതുവരെ നമ്മുടെ നാട്ടില്‍ ഇല്ലാത്ത അസഹിഷ്ണുതയ്ക്കും, വര്‍ഗീയതയ്ക്കും ഇനിയും നമുക്കിടയില്‍ സ്ഥാനമില്ല എന്ന് തെളിയിക്കുകയാണ് വേണ്ടത്.


ബിനോയ് വിശ്വം

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം

അസഹിഷ്ണുതയ്ക്കും വര്‍ഗീയതയ്ക്കും കേരളത്തില്‍ സ്ഥാനമുണ്ടോ? നല്ല ചോദ്യമാണ്. നമ്മള്‍ ഓരോരുത്തരും ഇക്കാര്യത്തെപ്പറ്റി സജീവമായി ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും വൈകിയിട്ടില്ല, സജീവമായ ആശയ ചര്‍ച്ചകളും, ബോധവത്കരണങ്ങളും മാധ്യമങ്ങളടക്കം മുന്‍കൈ എടുത്തു നടത്തേണ്ടതുണ്ട്.

കണ്ണടച്ച് പാല് കുടിക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തില്‍ സജീവമായിത്തുടങ്ങിയിരിക്കുന്നു. അത് സംഘപരിവാര്‍ ആണ്. അവര്‍ക്ക് ഏതു വിധേനേയും കേരള നിയമസഭയില്‍ ഒരംഗത്തെ എത്തിക്കണം. അതിനു വേണ്ടി കിണഞ്ഞു ശ്രമിക്കുകയാണ്.

പ്രബുദ്ധരാണ് നമ്മുടെ സമൂഹം. എന്നാലും ചിലയിടങ്ങിളില്‍ നമുക്ക് തെറ്റിപ്പോകാം. നമുക്ക് പറ്റുന്ന ചെറിയ ചെറിയ തെറ്റുകള്‍ മുതലെടുക്കാന്‍ ഇവിടെ വര്‍ഗീയവാദികള്‍ അവസരം കാത്തിരിക്കുകയാണ്. കേരളം രൂപം കൊണ്ട് അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറം നിന്നു നോക്കുമ്പോള്‍ നമ്മുടെ സമൂഹം വലിയ തോതിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഒരു കാലത്തും അടിമപ്പെട്ടില്ല എന്ന സത്യം മനസ്സിലാക്കാം. മറിച്ച് ഉത്തരേന്ത്യയിലേക്ക് ഒന്നു നോക്കു. ഈ അറുപതു വര്‍ഷങ്ങള്‍ക്കിടയില്‍ എത്രമാത്രം വര്‍ഗീയ കലാപങ്ങളാണ് അവിടെ പലയിടത്തും അരങ്ങേറിയിട്ടുള്ളത്.

കീഴാള, മേലാള വ്യത്യാസം ഇല്ലാതെ നമ്മുടെ പൂര്‍വികര്‍ സാമൂഹിക ഉച്ചനീചത്വങ്ങള്‍ തുടച്ചെറിയാന്‍ ഇറങ്ങി പുറപ്പെട്ടതിന്റെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഒത്തൊരുമ. നമുക്ക് എല്ലാവരും ഒന്നായി കാണാനാണ് ആഗ്രഹം അല്ലാതെ ഞാന്‍ ഹിന്ദു, നീ മുസല്‍മാന്‍ എന്ന് വേര്‍തിരിച്ചു നിര്‍ത്തുന്ന, ദളിതരെ ചുട്ടെരിക്കുന്ന മനസ്സല്ല നമ്മുടേത്. അത്തരക്കാര്‍ നമുക്കിടയിലേക്ക് കടന്നു വന്നാല്‍ നമ്മള്‍ അവരെ അകറ്റി നിര്‍ത്തും എന്ന കാര്യത്തിലും സംശയമില്ല.

ജാതിയും, മതവും നിര്‍മിച്ച കെട്ടുപാടുകള്‍ പണ്ടേ പൊട്ടിച്ചെറിഞ്ഞവരാണ് മലയാളികള്‍. നമ്മുടെ സാംസ്‌കാരിക, നവോത്ഥാന ചരിത്രം പുതു തലമുറയിലേക്കു പകര്‍ന്നു നല്‍കിക്കൊണ്ട് നമുക്ക് വര്‍ഗീയത എന്ന കൊടിയ ആപത്തിനെ ദൂരെ മാറ്റിനിര്‍ത്താന്‍ സാധിക്കും.
കേരളത്തില്‍ സംഘപരിവാര്‍ ഉത്തരേന്ത്യന്‍ മോഡല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുന്നത് പൂര്‍ണാര്‍ത്ഥത്തില്‍ ശരിയല്ല; കാരണം അരവിന്ദ് കെജ്രിവാളിന്റെ ഡല്‍ഹിയും, നിതീഷ് കുമാറിന്റെ ബിഹാറും സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ തുടച്ചെറിഞ്ഞ സ്ഥലങ്ങളാണ്.
ഉത്തരേന്ത്യന്‍ മോഡല്‍ എന്ന് പറയുന്നത് അവിടുത്തെ സകല ജനതയെയും കുറ്റം പറയുന്നതുപോലെയാകും. പകരം സംഘമോഡല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം പറയാന്‍. ആ മോഡലിനെ വേണം നമ്മള്‍ എതിര്‍ത്തു തോല്‍പ്പിക്കേണ്ടതും.

ഭൂരിപക്ഷ, ന്യുനപക്ഷ വര്‍ഗീയതകളെ നമ്മള്‍ ഒരേ തുലാസില്‍ തൂക്കണം, അവരെ വേരുറപ്പിക്കാന്‍ ഇതുവരെ അനുവദിക്കാത്തത് പോലെ ഇനിയും നമ്മള്‍ അവരുടെ വളര്‍ച്ചയെ എതിരിടണം.
പ്രഭാവര്‍മ
സാഹിത്യകാരന്‍

ഉത്തരേന്ത്യയിലെ സാമൂദായിക അവസ്ഥയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരവസ്ഥ കേരളത്തില്‍ എക്കാലവും ഉണ്ടായിരുന്നു. ഇവിടുത്തെ രാഷ്ട്രീയ,സാമുദായിക സംഘടനകള്‍ക്കെല്ലാം മഹത്തായ പാരമ്പര്യം അവകാശപ്പെടാനുണ്ട്. അവയൊന്നും പെട്ടെന്ന് മുളച്ചുപൊന്തി വന്നവയല്ല. ദീര്‍ഘദര്‍ശികളായ നേതാക്കന്മാര്‍ സാമൂഹിക ഉന്നമനം ലക്ഷ്യം വെച്ച് പടുത്തുയര്‍ത്തിയവയാണ് അവയെല്ലാം. ദേശീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചാണ് ഇവിടെ സാമുദായക സംഘടനകള്‍ വളര്‍ന്നുവന്നത്. യോഗക്ഷേമ സഭ, എന്‍എസ്എസ്, എസ്എന്‍ഡിപി എന്നിവയെല്ലാം തന്നെ. എന്നാല്‍ ഉത്തരേന്ത്യയില്‍ വളര്‍ന്നു വന്ന മത,സാമുദായിക സംഘടനകള്‍ അത്തരത്തില്‍ ആയിരുന്നില്ല. പ്രതേകിച്ചു സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട സംഘടനകള്‍. സ്വന്തം ആവശ്യങ്ങള്‍ മുന്നില്‍കണ്ട് മാത്രം രൂപപ്പെടുത്തി എടുത്ത സംഘടനകള്‍ മാത്രമാണവ. അതുകൊണ്ട് ഉത്തരേന്ത്യന്‍ സാമുദായിക സംഘടനകളും, നമ്മുടെതും പ്രത്യക്ഷത്തില്‍ രണ്ടു ചേരിയില്‍ നില്‍ക്കുന്നവയാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും ശ്രമിച്ചാല്‍ പോലും വലിയ ഒരു സാമുദായിക സ്പര്‍ദ്ധ കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയില്ല.

കേരളത്തില്‍ ജാതിയത ഇല്ലായിരുന്നു എന്നല്ല പറഞ്ഞതിന്റെ അര്‍ഥം. ഉച്ചനീചത്വങ്ങള്‍ തുടച്ചു നീക്കാന്‍ ഇത്രയും ഒരുമിച്ചു നിന്ന സമൂഹം വേറെ ഇല്ല എന്നാണ് പറഞ്ഞു വരുന്നത്.

നമ്മുടെ സമരങ്ങളൊക്കെ എടുത്തു നോക്കുക; മാറുമറയ്ക്കല്‍ സമരം, ക്ഷേത്ര പ്രവേശന സമരങ്ങള്‍, എല്ലാം തന്നെ ഏതെങ്കിലും ജാതിയുടെ അടിസ്ഥാനത്തില്‍ നടന്നവയല്ല. സവര്‍ണരും, അവര്‍ണരും ഒരുമിച്ചു സമരം നടത്തി നേടിയവയാണ്.

പി കൃഷ്ണപിള്ള ക്ഷേത്രപ്രവേശന സമരം നടത്താന്‍ മുന്നില്‍ നിന്നത് തന്റെ സമുദായം മാത്രം ക്ഷേത്ര പ്രവേശനം നേടിയാല്‍ പോര എല്ലാവര്‍ക്കും കയറണം എന്ന തോന്നല്‍ ഉണ്ടായിട്ടല്ലേ? ശ്രീനാരായണ ഗുരുവിന്റെ നേര്‍ശിഷ്യന്മാരില്‍ ബ്രാഹ്മണര്‍ ഉണ്ടായിരുന്നു. എല്ലാ വിഭാഗക്കാരും ഒരുപോലെ ചേര്‍ന്നാണ് കേരളത്തിലെ സാമുദായിക നവോത്ഥാനം നടത്തിയത്. ആ പാരമ്പര്യം ഇപ്പോഴും മലയാളികള്‍ പിന്തുടരുന്നുണ്ട്. അതു തകര്‍ക്കാന്‍ ഇതുവരെ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല, ഇനി കഴിയുമെന്ന് അത്ര പെട്ടെന്ന് വിശ്വസിക്കുന്ന കാര്യം പ്രയാസം തന്നെ.

ചില ഒറ്റപ്പെട്ട വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, ആ പ്രശ്‌നങ്ങള്‍ എല്ലാം ഉത്തരേന്ത്യയില്‍ അരങ്ങേറുന്നതുപോലെ കൊടും പാതകങ്ങളിലേക്ക് നീങ്ങാന്‍ നമ്മുടെ സമൂഹം ഒരിക്കലും അനുവദിച്ചിട്ടില്ല.ഇപ്പോഴത്തെ അവസ്ഥയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഒരു ഉത്തരേന്ത്യന്‍ മോഡല്‍ നടപ്പിലാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം തന്നെ നമ്മുടെ പ്രബുദ്ധ സമൂഹം ഒരുമിച്ചു നിന്ന് തടയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇവിടെ ഒരു ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നം വന്നു ചേര്‍ന്നാല്‍ അത് ചോദിക്കാന്‍ ഈ പറയുന്ന സവര്‍ണ വിഭാഗത്തില്‍ പെട്ടവരും ഒരുമിച്ചു രംഗത്തിറങ്ങും. എന്നാല്‍ ഉത്തരേന്ത്യയില്‍ അതാണോ അവസ്ഥ? അവിടെ അവര്‍ണനെ അടിച്ചൊതുക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വിഭാഗങ്ങളിലും പെട്ട പുരോഗമന ചിന്തകരുടെ ശക്തി കേരളത്തിനുണ്ട്. ആ ശക്തിയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം ഇവിടുത്തെ ഇടതുപക്ഷവും, ദേശിയ പ്രസ്ഥാനവും ജനങ്ങളേ പഠിപ്പിച്ചത് ഒന്നിച്ചു നില്‍ക്കുന്നതിന്റെയും, ജനാധിപത്യത്തിന്റെയും മഹിമയാണ്. അവിടെ അവര്‍ ജാതി, മത രാഷ്ട്രീയം പഠിപ്പിച്ചപ്പോള്‍ അല്ലെങ്കില്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ നമ്മള്‍ ഇവിടെ സോഷ്യലിസം പറഞ്ഞുകൊടുത്തു. അതിവിടുത്തെ ജനതയ്ക്ക് മനസ്സിലാകുകയും ചെയ്തു. അതുകൊണ്ടാണിവിടെ വലിയ കലാപങ്ങള്‍ ഉണ്ടാകാതെ പോയത്.

ഉത്തരേന്ത്യയില്‍ ജനത എന്ത് ചെയ്യണം, എന്ത് കഴിക്കണം, എന്ത് ചിന്തിക്കണം എന്നൊക്കെ തീരുമാനിക്കുന്നതിപ്പോള്‍ സംഘപരിവാര്‍ ആണ്. കേരളത്തില്‍ ഒരിക്കലും അതൊന്നും നടക്കാന്‍ പോകുന്നില്ല. എന്നാലും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അതൊക്കെ നമ്മള്‍ തടയേണ്ടതുണ്ട്. അവരെ പറഞ്ഞു തിരുത്തി മാനവികത വളര്‍ത്തേണ്ടത് നമ്മള്‍ ഓരോ പൗരന്റെയും കടമയാണ്. ഉത്തരേന്ത്യ നമ്മെ കണ്ടു പഠിക്കട്ടെ ഇനി.

നമുക്ക് അഭിമാനത്തോടെ തന്നെ പറയാന്‍ കഴിയും; കേരളത്തില്‍ വര്‍ഗീയതയ്ക്കും, അസഹിഷ്ണുതയ്ക്കും സ്ഥാനമില്ല.

(തയ്യാറാക്കിയത് വിഷ്ണു എസ് വിജയന്‍)


Next Story

Related Stories