TopTop
Begin typing your search above and press return to search.

കോടതി വിചാരിച്ചാല്‍ മാത്രം രക്ഷപ്പെടില്ല ഇന്ത്യന്‍ ക്രിക്കറ്റ്

കോടതി വിചാരിച്ചാല്‍ മാത്രം രക്ഷപ്പെടില്ല ഇന്ത്യന്‍ ക്രിക്കറ്റ്

ടീം അഴിമുഖം

ഇപ്പോഴും ചില മുഴുത്ത കളി ഭ്രാന്തന്മാരെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. എന്നാല്‍ ഇന്ത്യയിലെ ക്രിക്കറ്റ് ഭരണാധികാരികള്‍, അവരില്‍ ഏല്‍പ്പിച്ചിരിക്കുന്ന ചുമതലകള്‍ പ്രൊഫഷണലായ രീതിയില്‍ അപൂര്‍വമായി മാത്രമേ നിര്‍വഹിക്കാറുള്ളു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ രണ്ട് വര്‍ഷത്തേക്ക് ഐപിഎല്ലില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഇപ്പോള്‍ സുപ്രീം കോടതി നിയമിച്ച ഒരു കമ്മിറ്റി നിശിതമായ വിധി പുറപ്പെടുവിച്ചിരിക്കുന്നു. രണ്ട് മുന്‍ ഉദ്യോഗസ്ഥരെ - അവരില്‍ ഒരാള്‍ മുന്‍ ബിസിസിഐ അദ്ധ്യക്ഷന്റെ അടുത്ത ബന്ധുവാണ്- ഒത്തുകളിയില്‍ പങ്കാളികളായതിന്റെ പേരില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ആജീവനാന്തം വിലക്കിയിരിക്കുന്നു. തട്ടിപ്പുകാരായ ഭരണാധികാരികളുടെ കുതന്ത്രങ്ങളില്‍ നിന്നും കളിയുടെ വികാരത്തെ സംരക്ഷിക്കുന്നതില്‍ ബിസിസിഐയ്ക്ക് സംഭവിച്ച വീഴ്ചയുടെ ഫലമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് സംവിധാനത്തെ ശുദ്ധീകരിക്കുന്ന ജോലി സ്വയം ഏറ്റെടുക്കാന്‍ സുപ്രീം കോടതി തയ്യാറായതെന്ന് പകല്‍പോലെ വ്യക്തമാണ്.

കാര്യങ്ങള്‍ ന്യായയുക്തമായാണ് നടക്കുന്നതെന്ന് ബിസിസിഐയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയാണ് പരമോന്നത കോടതിയുടെ വിധി. താല്‍പര്യങ്ങളുടെ സംഘര്‍ഷങ്ങള്‍, ടീം ഉടമസ്ഥത, സത്യസന്ധത തുടങ്ങിയ കാര്യങ്ങളിലുള്ള ചില പ്രത്യേക നിയമങ്ങള്‍ യാതൊരു ശിക്ഷശങ്കയുമില്ലാതെ വളച്ചൊടിക്കപ്പെട്ടപ്പോഴും ബോര്‍ഡ് വെറും കാഴ്ചക്കാരായി മാറി. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും, നേരത്തെ ബോര്‍ഡ് ഉത്തരവിട്ട ആഭ്യന്തര അന്വേഷണത്തിലൂടെ കുറ്റവിമുക്തരായവരാണ്. അതൊരു സ്വകാര്യ സ്ഥാപനമാണെന്ന ബോര്‍ഡിന്റെ അവകാശവാദത്തിനേറ്റ കനത്ത പ്രഹരം എന്ന പോലെ തന്നെ ക്രിക്കറ്റിനെയും ബോര്‍ഡിനെയും വളരാന്‍ സഹായിക്കുന്ന ഈ രാജ്യത്തെ പൗരന്മാരോട് ഉത്തരവാദിത്വം പുലര്‍ത്താനുള്ള ബാധ്യത ബോര്‍ഡിനുണ്ടെന്നുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി സുപ്രീം കോടതി വിധി പരിണമിക്കുന്നു.സുതാര്യതയുടെയും ആര്‍ജ്ജവത്തിന്റെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണെന്നതാണ് ഈ രാജ്യത്തെ പൗരന്മാരോടുള്ള ഉത്തരവാദിത്വം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജനങ്ങളുടെ അവകാശങ്ങളോട് ബഹുമാനം പുലര്‍ത്തുന്നു എന്ന നിലയില്‍ വിധി പൊതുവില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഫ്രാഞ്ചൈസികളെ മുള്‍മുനയില്‍ നിറുത്തി തീരുമാനങ്ങള്‍ അംഗീകരിപ്പിക്കുന്ന രീതിയ്ക്ക് അറുതി വരുത്താനുള്ള ചില കീഴ്വഴക്കള്‍ക്കും സുപ്രീം കോടതി തുടക്കം കുറിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഇനിയും ദുഷ്‌ചെയ്തികള്‍ തുടരുന്നത് ഭാവിയില്‍ അതിന്റെ വിശ്വാസ്യതയ്ക്ക് കൂടുതല്‍ കോട്ടംതട്ടാന്‍ ഇടയാക്കും എന്ന് മാത്രമല്ല സ്‌പോണ്‍സര്‍മാരുടെയും സംപ്രേക്ഷകരുടെയും താല്‍പര്യം നഷ്ടപ്പെടുകയും ചെയ്യും.

ഈ ഇരുണ്ട സംഭവവികാസങ്ങള്‍ക്ക് സുപ്രീം കോടതി വിധി അറുതിയാവുമെങ്കില്‍ അത് കളിക്ക് നല്ലതാണ്. എന്നാല്‍ കോടതി മാത്രം വിചാരിച്ചാല്‍ അതിനെ രക്ഷിക്കാനാവില്ല. അതിന് പണത്തിന്റെ കുത്തൊഴുക്കില്‍ കണ്ണ് മഞ്ഞളിച്ച് പോയ ക്രിക്കറ്റ് ഭരണാധികാരികള്‍ മാറുക തന്നെ വേണം. ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണത്. പക്ഷെ കളിയുടെ ഉന്നതമായ താല്‍പര്യങ്ങള്‍ക്ക് അത് സംഭവിക്കുക തന്നെ വേണം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories