TopTop
Begin typing your search above and press return to search.

പുത്തന്‍ സൂര്യോദയം; ഐ പി എല്‍ കിരീടം ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്‌

പുത്തന്‍ സൂര്യോദയം; ഐ പി എല്‍ കിരീടം ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്‌

അഴിമുഖം പ്രതിനിധി

കരുത്തരുടെ പോരാട്ടം തന്നെയായിരുന്നു. അതില്‍ ജയിച്ചതും കിരീടം നേടിയതും ഹൈദരബാദ് ആണെന്നു മാത്രം. അടിക്ക് തിരിച്ചടിയെന്ന തരത്തില്‍ ആവേശം കൊള്ളിച്ച ഐ പി എല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ടു റണ്‍സിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്.സ്‌കോര്‍ സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ഏഴിന് 208, റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ഏഴിന് 200.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ ബാറ്റിംഗിലാണ് കുതിച്ചത്. 38 പന്തില്‍ 69 റണ്‍സെടുത്ത വാര്‍ണര്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറത്തി. ഐപിഎല്ലിലെ വേഗമേറിയ അര്‍ദ്ധസെഞ്ച്വറിയില്‍ സുരേഷ് റെയ്‌നയ്‌ക്കൊപ്പം എത്തുകയും ചെയ്തു വാര്‍ണര്‍. ബെന്‍ കട്ടിങ് 39 റണ്‍സും യുവരാജ് സിങ് 38 റണ്‍സും നേടി. അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി മാറിയ ബെന്‍ കട്ടിങ് 15 പന്തില്‍ നാലു പടുകൂറ്റന്‍ സിക്‌സറുകളും മൂന്നു ബൗണ്ടറികളും ഉള്‍പ്പടെയാണ് 39 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്ത് പുറത്തായി. ആര്‍സിബിക്കു വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്നും ശ്രീനാഥ് അരവിന്ദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി പറയാന്‍ ഇറങ്ങിയ ബാംഗ്ലൂര്‍ കത്തുന്ന ഫോമിലായിരുന്നു. ഗെയ്‌ലും വിരാടും ചേര്‍ന്ന ഒന്നാം ഓപ്പണിംഗ് സഖ്യത്തിന്റെ മുന്നേറ്റം കണ്ടപ്പോള്‍ ഹൈദരാബാദിന് പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്നു തോന്നി. പക്ഷെ ഗെയിലും( 38 പന്തില്‍ 76) കോഹ്ലിയും( 35 പന്തില്‍ 54) വീണതോടെ ബാംഗ്ലൂരിന്റെ താളം തെറ്റി. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 10. 3 ഓവറില്‍ നിന്നായി 114 റണ്‍സ് നേടിയിരുന്നു. പിന്നാലെ വന്ന ഡിവില്ലിയേഴ്‌സിന് ഫൈനല്‍ പിഴച്ചു. അഞ്ച് റണ്‍സിന് പുറത്ത്. ലോകേഷ് രാഹുലും 11 റണ്‍സോടെ മടങ്ങി. വാട്‌സണ് ഇന്നലെ തൊട്ടതെല്ലാം പിഴവായിരുന്നു. ബോള്‍ ചെയ്തപ്പോള്‍ വിക്കറ്റൊന്നും നേടാനാകാതെ 61 റണ്‍സ് വിട്ടുകൊടുത്ത വാട്‌സണ്‍ ബാറ്റ് കൈയിലെടുത്തപ്പോള്‍ നല്‍കിയ സംഭാവന വെറും 11 റണ്‍സ് മാത്രം. മലയാളി താരം സച്ചിന്‍ ബേബി പത്ത് പന്തില്‍ 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബെന്‍ കട്ടിങ് രണ്ടു വിക്കറ്റെടുത്തു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയ ഭുവനേശ്വര്‍ കുമാര്‍ നന്നായി പന്തെറിഞ്ഞു. കൂടാതെ രണ്ടു റണ്ണൗട്ടുകളും ആര്‍സിബി ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.

കിരീടം നഷ്ടമായെങ്കിലും തല ഉയര്‍ത്തി തന്നെ വിരാട് കോഹ്ലിക്ക് മടങ്ങാം. ഏറ്റവും അധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാനുള്ള ഓറഞ്ച് കാപ്പ് കോഹ്ലിക്കാണ്. 16 കളികളില്‍ നിന്നും 973 റണ്‍സ്. നാലു സെഞ്ച്വറികളും ഏഴ് അര്‍ദ്ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു.848 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ രണ്ടാമതും 687 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സ് മൂന്നാമതുമാണ് 501 റണ്‍സ് വീതം നേടിയ ഗൗതം ഗംഭീറും ശിഖര്‍ ധവാനും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. സ്‌ട്രൈക്ക് റേറ്റില്‍ എബി ഡിവില്ലിയേഴ്‌സാണ്(168.79)ഒന്നാമതെത്തിയത്.

ബൗളര്‍മാരില്‍ മുമ്പന്‍ ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറാണ്. 17 കളികളില്‍ നിന്നും 23 വിക്കറ്റുമായി ഭുവിി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി.ആര്‍സിബി താരം യുസ്‌വേന്ദ്ര ചഹല്‍ 13 കളികളില്‍ 21 വിക്കറ്റെടുത്ത് രണ്ടാമതെത്തി. 20 വിക്കറ്റുകളോടെ ഷെയ്ന്‍ വാട്ട്‌സണ്‍ മൂന്നാമതും 18 വിക്കറ്റെടുത്ത ധവാല്‍ കുല്‍ക്കര്‍ണി നാലാമതുമാണ്. മുസ്താഫിസുര്‍ റഹ്മാന്‍, മിഷേല്‍ മക്ഗ്ലാനെഗ്ഹന്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ 17 വിക്കറ്റുകള്‍ വീതമെടുത്തു.

Next Story

Related Stories