TopTop
Begin typing your search above and press return to search.

അണവ കരാര്‍; ഇറാനില്‍ അനിവാര്യമാകുന്നത് ദുരന്തപൂര്‍ണമായൊരു യുദ്ധമോ?

അണവ കരാര്‍; ഇറാനില്‍ അനിവാര്യമാകുന്നത് ദുരന്തപൂര്‍ണമായൊരു യുദ്ധമോ?

പങ്കജ് മിശ്ര
(ബ്ലൂംബര്‍ഗ്)

നീണ്ടകാലമായി കാത്തിരുന്ന, ഇറാനുമായുള്ള പ്രാഥമിക ആണവ കരാര്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്‌തേക്കാം. പക്ഷേ, വലിയൊരു സാമ്പത്തിക, രാഷ്ട്രീയ, ശാസ്ത്രീയ രാഷ്ട്രമാകുന്നതില്‍ നിന്നും ഇറാനെ തടയാന്‍ ദുരന്തപൂര്‍ണമായൊരു യുദ്ധത്തിനു മാത്രമേ കഴിയൂ.

ഐക്യരാഷ്ട്രസഭയില്‍, 1951ല്‍ പ്രസംഗിക്കവേ ഇറാന്റെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മൊഹമ്മദ് മൊസാദെ ചോദിച്ചു; 'കോടിക്കണക്കിന് ഏഷ്യക്കാര്‍,നൂറുകണക്കിനു കൊല്ലത്തെ കൊളോനിയല്‍ ചൂഷണത്തിന് ശേഷം സ്വാതന്ത്ര്യം നേടിയ' ഒരു അയല്‍പക്കത്ത് എന്തുകൊണ്ടാണ് ഇറാന്‍ പിറകിലായിപ്പോകുന്നതെന്ന്. ഇന്തോനേഷ്യയുടെ പരമാധികാര അവകാശം പോലും അനുവദിച്ച പാശ്ചാത്യര്‍ എന്തുകൊണ്ട് ഇറാനെ അവഗണിക്കുന്നത് തുടരുന്നെന്നും മൊസാദെ ചോദിച്ചു.

യു എന്‍ പ്രസംഗത്തിന് കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരു ബ്രിട്ടീഷ് എണ്ണകമ്പനിയുമായി ഇറാനേര്‍പ്പെട്ടിരുന്ന അത്യധികം അന്യാമയായ ഒരു കരാര്‍ പുന:പരിശോധിക്കാനായി കടുത്ത ശ്രമം നടത്തിയിരുന്ന മൊസാദെ, ഒരു സംയുക്ത ബ്രിട്ടീഷ്-അമേരിക്കന്‍ അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു.

അപകോളനീകരണവും, യൂറോപ്യന്‍ സാമ്രാജ്യങ്ങളുടെ പതനവും, പടിഞ്ഞാറന്‍മാരല്ലാത്ത ജനതകളുടെ ശാക്തീകരണവും 20ആം നൂറ്റാണ്ടിനെ നിര്‍വ്വചിക്കുന്നു. പക്ഷേ, അമേരിക്കയുടെയും, സോവിയറ്റ് യൂണിയന്റെയും നവസാമ്രാജ്യത്വ ഇടപെടലുകള്‍ ഏഷ്യയിലും ആഫ്രിക്കയിലുമുള്ള പല ദുര്‍ബ്ബല രാഷ്ട്രങ്ങളുടെയും പരമാധികാരത്തെ നാമമാത്രമാക്കി. അവ ആഭ്യന്തര കലാപങ്ങളിലേക്കും ബാഹ്യയുദ്ധങ്ങളിലേക്കും വഴുതിവീണു.

ശീതയുദ്ധകാലത്ത് പരിചിതമായൊരു വട്ടത്തിലാണ് ഇറാന്‍ നീണ്ട ദശാബ്ദങ്ങള്‍ കഴിച്ചുകൂട്ടിയത്: വിദേശ ശക്തികളുടെ പിന്തുണയോടെ ജനപിന്തുണയില്ലാത്ത ഒരു സ്വേച്ഛാധിപതിയുടെ ക്രൂരഭരണം. ഒരു സൈദ്ധാന്തിക മുന്നേറ്റം ജനകീയമായ പിന്തുണയോടെ അയാളെ പുറത്താക്കുന്നു. പിന്നീടവര്‍ രാജ്യത്തെ ഒരുപാട് ജനങ്ങളെ സംബന്ധിച്ചു അതിലേറെ അടിച്ചമര്‍ത്തുന്ന ഒരു ഭരണകൂടമായി മാറുന്നു.

ഷാ മുഹമ്മദ് റെസ പഹ്‌ലാവി സി ഐ എ പരിശീലനം സിദ്ധിച്ച പീഢകരെയും ചാരന്മാരെയും തങ്ങള്‍ക്കുമേല്‍ അഴിച്ചുവിടുന്നതിന് മുമ്പ് തന്നെ സാധാരണ ഇറാന്‍കാരുടെ പടിഞ്ഞാറുമായുള്ള ബന്ധം ഒട്ടും സുഖകരമായിരുന്നില്ല. മുമ്പൊരു ഷാ ബാരണ്‍ റോയിറ്ററുമായി (റോയിറ്റര്‍ വാര്‍ത്താ ഏജന്‍സിയുടെ ഉടമ) ഉണ്ടാക്കിയ വ്യാപാരധാരണയെ കൊടികെട്ടിയ സാമ്രാജ്യവാദിയായ കേഴ്‌സണ്‍ പ്രഭു പോലും വിശേഷിപ്പിച്ചത്,'ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നു മാത്രമല്ല,സ്വപ്നം കാണുകപോലും ചെയ്യാത്ത വിധത്തില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ വിഭവങ്ങളും ഒരു വിദേശശക്തിയുടെ കയ്യിലേക്ക് നല്‍കിയ സമ്പൂര്‍ണ കീഴടങ്ങല്‍.'

രണ്ട് ലോകമഹായുദ്ധക്കാലത്തും ഇറാനില്‍ യൂറോപ്യന്‍ ശക്തികള്‍ അധിനിവേശം നടത്തി. പാശ്ചാത്യ രാജ്യങ്ങളും, അറബ് രാഷ്ട്രങ്ങളും പിന്താങ്ങിയ സദ്ദാം ഹുസൈനുമായി നടത്തിയ ഭീകരമായ യുദ്ധത്തിലായാലും, മേഖലയിലാകെ നിഴല്‍ ഷിയാ മുന്നേറ്റങ്ങളും സര്‍ക്കാരുകളും സ്ഥാപിക്കുന്നതിലായാലും ഇസ്‌ളാമിക വിപ്ലവത്തിന്റെ നേതാക്കള്‍ രാജ്യത്തിന്റെ പരമാധികാരത്തെ മുറുകെ പിടിക്കുന്നത് ആരെയും അത്ഭുതപ്പെടുത്തില്ല.'അലെണ്ടേ, മൊസാദെ എന്നിവരെപ്പോലെ സി ഐ എക്ക് തെറിപ്പിച്ചു കളയാന്‍ കഴിയുന്ന ഉദാരവാദികളല്ല ഞങ്ങള്‍,' എന്നാണ് 1979ലെ ഇറാന്‍ ബന്ദി പ്രതിസന്ധി സമയത്ത് ഇന്നത്തെ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമേനി താക്കീത് നല്‍കിയത്. ശത്രുക്കളെക്കുറിച്ചുള്ള വിഭ്രാന്തിയും, കുമിഞ്ഞുകൂടിയ പകയും, അമര്‍ഷവും ഭൗമരാഷ്ട്രീയ ഭാഷയില്‍ എങ്ങനെ പ്രകടമാകും എന്നതിന്റെ തെളിവാണ് കടുത്ത ഒറ്റപ്പെടലിന്റെ അപായ സാധ്യതകള്‍ ഉണ്ടായിട്ടും ഇറാന്റെ കടുപിടിത്തത്തിന്റെ കാരണം.

വിയറ്റ്നാമിലെ പരാജയവും സാമ്പത്തിക പ്രതിസന്ധിയും മുറിവേല്‍പ്പിച്ചിരുന്ന യു.എസിനെ ഇറാന്‍ വിപ്ലവകാരികളുടെ അധാര്‍മികമായ ബന്ദി നാടകം ഒന്നുകൂടി വേദനിപ്പിച്ചത് മനസിലാക്കാവുന്നതാണ്. അപകോളനിവത്കരണത്തിന്റെ കാലത്ത് യൂറോപ്യന്‍ സാമ്രാജ്യങ്ങളുടെ ഉത്തരവാദിതങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നത് അമേരിക്കയുടെ വിചിത്രമായ വിധിയാണ്.

എന്നിട്ടും യു.എസിലെ രാഷ്ട്രീയ, മാധ്യമ ദന്തഗോപുരങ്ങളിലുള്ള ചിലര്‍ ഭരണമാറ്റത്തെ കുറിച്ചുള്ള അസംബന്ധ സ്വപ്നങ്ങളിലും അപമാനിക്കുന്നത് അവസാനിപ്പിക്കാനുള്ള ഇറാന്റെ ആവശ്യത്തോട് മുഖം തിരിക്കുന്നതിലും മുഴുകിയിരിക്കുന്നുണ്ട്. വാസ്തവത്തില്‍ പല ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാരിലും എന്നാലിനി ഇറാനില്‍ ബോംബിട്ടുകളയാം എന്ന യുദ്ധവെറി നിലനിന്നിരുന്നു.

തങ്ങളുടെ അയല്‍പക്കത്ത് യു.എസ് നടത്തിയ അബദ്ധങ്ങള്‍ ഇറാന്റെ മേഖല മേല്‍ക്കോയ്മ മോഹങ്ങളെ ശരിക്കും മുന്നോട്ട് കൊണ്ടുപോയിരിക്കുന്നു. ഷായുടെ ഭരണത്തിനു ശേഷം ദേശീയാഭിമാനവും, ആണവ പദ്ധതിയെ കുറിച്ചുള്ള ഐക്യവും നിലനില്‍ക്കുന്നു. ടെഹ്‌റാനില്‍ ഏത് സര്‍ക്കാര്‍ വന്നാലും ഇറാന്‍ ആണവ പദ്ധതി കയ്യൊഴിയില്ല. തീവ്രനിലപാടുകാരന്‍ എന്നു വിളിക്കപ്പെട്ടിരുന്ന മുന്‍ പ്രസിഡണ്ട് അഹമ്മദി നെജാദിനെ ഹരിത മുന്നേറ്റ നേതാവ് ഹൊസൈന്‍ മൌശാവി ആക്ഷേപിച്ചത്,'ഇറാന്റെ ആണവ താത്പര്യങ്ങളെ പടിഞ്ഞാറന്‍മാര്‍ക്ക് അടിയറവെച്ചു എന്നാണ്.'

മേഖലയില്‍ സംഘര്‍ഷം പുകഞ്ഞുകൊണ്ടിരുന്ന കഴിഞ്ഞവര്‍ഷം ഞാന്‍ കണ്ടത്, പാശ്ചാത്യ രീതിയിലുള്ള സര്‍ക്കാര്‍ വിമര്‍ശകര്‍ പോലും പേര്‍ഷ്യന്‍ അഭിമാനം ഉള്ളവരാണ്. ഇസ്രായേലിനോ, അറബ് സ്വേച്ഛാധിപതികള്‍ക്കൊ, അവരുടെ പാശ്ചാത്യ സഖ്യകക്ഷികള്‍ക്കൊ കീഴ്‌പ്പെടാന്‍ അവര്‍ തയ്യാറല്ല.

ആണവ കരാറിനെ പിന്തുണക്കാന്‍ പ്രായോഗികമായ നിരവധി കാരണങ്ങളുണ്ടാകും. അതിന്റെ പ്രധാന ഗുണഭോക്താക്കള്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ്. ശീതയുദ്ധ തടവറകളുടെ ഭയവും ചവര്‍പ്പും മാറ്റി ഒറ്റപ്പെടലില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഇതവരെ സഹായിക്കും. കറക്കം നിന്ന കാലചക്രത്തില്‍ കുടുങ്ങിക്കിടക്കുന്ന അതിന്റെ നാനാതരം ശത്രുക്കളെ കുലുക്കിയെഴുന്നേല്‍പ്പിക്കേണ്ടി വരും; പശ്ചിമേഷ്യയിലെ സുന്നി മതമൌലികവാദികളും, കുടിയേറ്റ കോളനിവത്കരണക്കാരും,ആണവായുധ ഭീഷണി മാത്രം പറയുന്ന തത്പരകക്ഷികള്‍, ഉപരോധവും നിയന്ത്രണങ്ങളും ഉപജീവനമാര്‍ഗമാക്കിയ ക്യൂബന്‍ സഖാക്കളെപ്പോലെ വാര്‍ധക്യം ബാധിച്ചു തുടങ്ങിയ ടെഹ്‌റാനിലെ വിപ്ലവകാരികള്‍.

പക്ഷേ ഏറ്റവും ശക്തമായ കാരണം ആധുനിക ചരിത്രത്തില്‍ നിന്നാണ്: അഭിമാനത്തിനും തുല്യതക്കും വേണ്ടിയുള്ള ആവശ്യം അവഗണിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്താല്‍ പ്രതികാരം നിറഞ്ഞതാകും.

ഇത് തിരിച്ചറിഞ്ഞായിരിക്കാം പ്രസിഡന്റ് ബരാക് ഒബാമ ഇറാനോട് ആണവ പദ്ധതി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടാന്‍ യു.എസിന് ആവില്ലെന്ന് പറഞ്ഞത്. 'അങ്ങനെയല്ല ലോകം പ്രവര്‍ത്തിക്കുന്നത്. അങ്ങനെയല്ല ചരിത്രം നമുക്ക് കാണിച്ചു തരുന്നതും.'

ഇത്തരമൊരു അവസാനത്തിലേക്കെത്താന്‍ ഇറാനുമായി നടത്തിയ നീണ്ട സംഭാഷണങ്ങള്‍ ആയാസം നിറഞ്ഞ മാര്‍ഗമായി തോന്നാം. അതിപ്പോള്‍ ചില റിപ് വാന്‍ വിങ്കിളുമാര്‍ക്ക് വിശദീകരിക്കുകയും വേണ്ടിവരും. പക്ഷേ, ഇതിനെ നിരസിക്കുകയെന്നാല്‍ പശ്ചിമേഷ്യയില്‍ ദുരന്തം വിതക്കുന്ന ഒരു യുദ്ധത്തിനെ വിളിച്ചുവരുത്തുക എന്നതാണ്.


Next Story

Related Stories