TopTop
Begin typing your search above and press return to search.

സംവാദത്തിന് ഇസ്ലാം തയ്യാര്‍; മൂന്നു കോടി ഡോളറിന്റെ മജീദ് മജീദി ചലച്ചിത്രം വരുന്നു

സംവാദത്തിന് ഇസ്ലാം തയ്യാര്‍; മൂന്നു കോടി ഡോളറിന്റെ മജീദ് മജീദി ചലച്ചിത്രം വരുന്നു

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ടെഹ്റാന്‍ ചലച്ചിത്രമേളയില്‍ ആദ്യപ്രദര്‍ശനം നടക്കേണ്ടിയിരുന്ന ഇറാന്റെ ചരിത്രത്തിലെ ഏറ്റവും ചെലവുകൂടിയ ചലച്ചിത്രം വെളിപ്പെടുത്താത്ത കാരണങ്ങളാല്‍ പ്രദര്‍ശനം മാറ്റിവെച്ചു. അത് പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചാണ്. ഇല്ല, ആ ചിത്രത്തില്‍ പ്രവാചകന്‍റെ നിങ്ങള്‍ക്ക് മുഖം കാണാന്‍ കഴിയില്ല.

വിഖ്യാത ഇറാന്‍ സംവിധായകന്‍ മജീദ് മജീദിയാണ് നീണ്ട അഞ്ചു വര്‍ഷത്തെ പ്രയത്നംകൊണ്ടു അതൊരുക്കിയെടുത്തത്. മൂന്നു ചലച്ചിത്രങ്ങളാണ് മുഹമ്മദിന്റെ ജീവിതത്തെ ആധാരമാക്കിയ ഈ ചലച്ചിത്രപരമ്പരയില്‍ ഉദ്ദേശിക്കുന്നത്. ആദ്യത്തേത് മുഹമ്മദിന്റെ ജനനം മുതല്‍ 12 വയസാകുന്നതുവരെയുള്ള, ഷാം അഥവാ ഇപ്പോഴത്തെ സിറിയ സന്ദര്‍ശിക്കുന്നതുവരെയുള്ള കാലം. ചിത്രത്തിന്റെ മൊത്തം ചെലവ് 30 ദശലക്ഷം ഡോളര്‍ എന്നാണ് കണക്കാക്കുന്നത്. തികച്ചും രഹസ്യമായിട്ടാണ് ചിത്രീകരണം നടന്നത്.

“പ്രവാചകന്റെ കൌമാരം തൊട്ടാണ് ചിത്രം തുടങ്ങുന്നത്. കുട്ടിക്കാലം അതിനിടയില്‍ പൂര്‍വകഥാദൃശ്യങ്ങളായാണ് കാണിക്കുന്നത്. മുഹമ്മദ് പ്രവാചകനാകുന്നതിന് മുമ്പുള്ള കാലമാണ് ഞങ്ങള്‍ തെരഞ്ഞെടുത്ത്,” മജീദി കഴിഞ്ഞ നവമ്പറില്‍ മാധ്യമങ്ങളോട് പറഞ്ഞു.മജീദിയുടെ ‘മുഹമ്മദ്’ ഇറാനിലെ പുരോഹിത ഭരണത്തിന്റെ അനുമതി നേടിയതാണ്. പ്രവാചകന്റെ ദൃശ്യവത്കരണം ഇസ്ലാം വിലക്കുന്നു. അതുപോലെ സാധാരണ മനുഷ്യന്‍ ആ വേഷം വെളിത്തിരയില്‍ അവതരിപ്പിക്കുന്നതും. 1976-ല്‍ സിറിയന്‍ സംവിധായകന്‍ മുസ്തഫ അക്കാദ് എടുത്ത ‘The Message’ എന്ന ചിത്രത്തില്‍ മുഹമ്മദിനെ വെളിത്തിരയില്‍ കാണിക്കാതെയും കേള്‍പ്പിക്കാതെയുമാണ് ഇസ്ലാം ഉണ്ടായതിന്റെ കഥ പറഞ്ഞത്. മുഹമ്മദിന്റെ അമ്മാവന്‍ ഹംസയുടെ വേഷം അഭിനയിച്ചത് ആന്റണി ക്വിന്‍ ആയിരുന്നു.

കോന്‍സ്റ്റാന്‍റിനോപ്പിളിനെ ഒട്ടോമന്‍ സാമ്രാജ്യം കീഴടക്കിയ കഥ പറയുന്ന തുര്‍ക്കി ചിത്രം ‘Fetih 1453’ പ്രവാചകന്റെ കാഴ്ച്ചയിലുള്ള ഒരു ദൃശ്യത്തോടെയാണ് തുടങ്ങുന്നത്. അതിലും അയ്യലെ കാണിക്കുകയോ സംസാരം കേള്‍പ്പിക്കുകയോ ചെയ്യുന്നില്ല.

മൂന്നു തവണ ഓസ്കാര്‍ പുരസ്കാരം നേടിയ ഇറ്റലിക്കാരനായ ച്ഛായാഗ്രാഹകന്‍ വിറ്റോറിയോ സ്റ്റോരാരോ ആണ് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും വിവിധ ചേരുവകള്‍ ഉപയോഗിച്ച് ഇത്തരമൊരു ചിത്രീകരണം മജീദിയുടെ ചലച്ചിത്രത്തില്‍ സാധ്യമാക്കിയത്. ചിത്രത്തില്‍ സംഗീതം നല്കിയത് എ ആര്‍ റഹ്മാനും.

പശ്ചിമേഷ്യയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും മാര്‍ച്ച് മാസത്തിലാണ് ‘മുഹമ്മദ്’ പ്രദര്‍ശനത്തിനെത്തിക്കുക. അപ്പോഴായിരിക്കും വിവാദങ്ങളുടെ വേലിയേറ്റവും ഉണ്ടാവുക. ചില പാശ്ചാത്യ വര്‍ത്തമാനപത്രങ്ങളില്‍ പ്രവാചകനെ കളിയാക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകള്‍ വന്നപ്പോള്‍ ടെഹ്റാന്‍ വലിയ പ്രതിഷേധം പ്രകടിപ്പിച്ചില്ലെങ്കിലും ഇസ്ളാമിക മൌലികവാദം ശക്തമായ സുന്നി മേധാവിത്തമുള്ള രാജ്യങ്ങളില്‍ പ്രതിഷേധം അതിരൂക്ഷമായിരുന്നു. ഷിയാ ഭൂരിപക്ഷ ഇറാനില്‍ വിശുദ്ധന്മാരുടെ ശവകുടീരങ്ങളെ ആരാധിക്കുന്ന സമ്പ്രദായം ഏറെ സ്വീകാര്യമാണ്.സാധാരണക്കാരായ ഇറാന്‍കാരുടെ കഥകള്‍ പറഞ്ഞ ചലച്ചിത്രങ്ങളെടുത്ത മജീദി ലോകപ്രശസ്തനായ ഇറാനിയന്‍ സംവിധായകനാണ്. ഒരുതരത്തില്‍ ആത്മീയതയിലേക്ക് ചരിക്കുന്ന തരത്തിലുള്ള ഗ്രാമീണ ഇറാന്റെ കഥകള്‍ രാഷ്ട്രീയമായി സുരക്ഷിതമായിരുന്നു എന്നും, അതൊരിക്കലും ഇറാനിലെ സമഗ്രാധികാര ഭരണത്തെ സ്പര്‍ശിച്ചില്ല എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പരമോന്നത നേതാവ് അലി ഖമേനിയുടെ നല്ല പുസ്തകത്തിലുള്ള മജീദി 2009-ല്‍ പരിഷ്കരണവാദി സ്ഥാനാര്‍ത്ഥി മിര്‍ ഹുസെയ്ന്‍ മൌസാവിയുടെ ഒരു പ്രചാരണ ചിത്രം തയ്യാറാക്കി. എന്നാല്‍ സംശയങ്ങളുയര്‍ത്തുന്ന രീതിയില്‍ മൌസാവി പരാജയപ്പെടുകയും തുടര്‍ന്നുണ്ടായ ജനകീയപ്രതിഷേധത്തെ അന്നത്തെ പ്രസിഡണ്ട് മഹമൂദ് അഹ്മദി നെജാദ് അടിച്ചമര്‍ത്തുകയും ചെയ്തിരുന്നു. മൌസാവി ഇപ്പൊഴും വീട്ടുതടങ്കലിലാണ്. പക്ഷേ അന്നത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും മജീദി പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടിരിക്കുന്നു.

ഇസ്ലാമിന്റെയും ഇറാന്റേയും പ്രതിച്ഛായ ലോകത്തിന് മുന്നില്‍ മിനുക്കാന്‍ ‘മുഹമ്മദ്’ സഹായിക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ട്.

“മുസ്ലീം സിനിമയ്ക്ക് ഈ ചിത്രം മുന്നോട്ടുള്ള കാല്‍വെയ്പാണ്,”മജീദി കഴിഞ്ഞ വര്‍ഷം പറഞ്ഞു. “ഇസ്ലാം എന്താണെന്ന് ശരിയായി മനസിലാക്കാന്‍ നിങ്ങളുടെ കണ്ണുതുറപ്പിക്കാന്‍ ഞങ്ങള്‍ സഹായിക്കും. പടിഞ്ഞാറ് അത്തരമൊരു സംവാദത്തിന് തയ്യാറാണെങ്കില്‍ ലോകവുമായി പങ്കിടാന്‍ ഞങ്ങള്‍ക്ക് ഒരുപാട് നല്ല കാര്യങ്ങളുണ്ട്. കലയിലൂടെയും സംസ്കാരത്തിലൂടെയും ഇറാന് ശക്തമായ ചില കാര്യങ്ങള്‍ പറയാനാകും.”


Next Story

Related Stories