TopTop
Begin typing your search above and press return to search.

അല്‍-ബാഗ്ദാദിയുടെ ആഡംബര വാച്ച് അത്ര വലിയ അത്ഭുതമോ?

അല്‍-ബാഗ്ദാദിയുടെ ആഡംബര വാച്ച് അത്ര വലിയ അത്ഭുതമോ?

ആഡം ടെയിലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ ആഴ്ച്ച അവസാനം ഓണ്‍ലൈനില്‍ വന്ന ഒരു ദൃശ്യം അല്പം അപൂര്‍വ്വം തന്നെയായിരുന്നു: അല്‍-ഖ്വൈയ്ദ പ്രചോദിതമായ ഇസ്ളാമിക ഭരണകൂടത്തിന്റെ രഹസ്യപരിവേഷമുള്ള നേതാവ് അബു ബക്കര്‍ അല്‍-ബാഗ്ദാദി ഒരു പ്രസംഗം നടത്തുന്നു.

അത്തരമൊരു പ്രത്യക്ഷപ്പെടലും അത് പകര്‍ത്താന്‍ അനുവദിക്കുന്നതും അല്‍-ബാഗ്ദാദിയെ സംബന്ധിച്ച് തീര്‍ത്തും അസാധാരണമാണ്. അയാളുടെ രണ്ടു ചിത്രങ്ങള്‍ മാത്രമാണ് പുറത്ത് വന്നിട്ടുണ്ടായിരുന്നത്. ആളുകളുടെ ശ്രദ്ധയില്‍ വരുന്നതില്‍ ബാഗ്ദാദി തീര്‍ത്തും വിമുഖനാണ്. പുതിയ ദൃശ്യത്തില്‍ അയാളെ ഒന്നു കാണുക മാത്രമല്ല, അയാള്‍ സംസാരിക്കുന്നതും എങ്ങനെ സ്വയം അവതരിപ്പിക്കുന്നു എന്നതും കാണാം.

കട്ടിത്താടി വെച്ച, കറുത്ത വസ്ത്രം ധരിച്ച അല്‍-ബാഗ്ദാദിയെന്ന അയാള്‍ ഇറാഖി നഗരമായ മൊസൂളിലെ ഒരു പള്ളിയില്‍ തന്റെ അനുയായികളോട് സംസാരിക്കുകയായിരുന്നു. ബാഗ്ദാദിയുടെ വേഷവിധാനം ഇസ്ലാമിന്റെ സുവര്‍ണ്ണകാലത്തെ ബാഗ്ദാദ് കേന്ദ്രമായ അബ്ബാസിദ് ഖിലാഫത്തിനുള്ള ഒരു അനുമതിയായിട്ടെടുക്കാമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഇംഗ്ലീഷ് പത്രം നാഷണലിലെ പംക്തിയെഴുതുന്ന ഹസന്‍ ഹസന്‍ പറയുന്നു. പല നിരീക്ഷകര്‍ക്കും ഇസ്ളാമിക ഭരണകൂടത്തിന്റെ നേതാവിന്റെ വേഷവിധാനത്തില്‍ ഒന്നുമാത്രം ഏറെ ശ്രദ്ധേയമായി: ഒരു വാച്ച്.അയാളുടെ മറ്റ് വസ്ത്ര വിധാനവുമായി ഈ വാച്ച് പൊരുത്തപ്പെടുന്നില്ല.അതത്ര വിലകുറഞ്ഞ വാച്ചല്ല എന്ന് ലണ്ടന്‍ പത്രം ടെലിഗ്രാഫ് പറയുന്നു. ആയിരക്കണക്കിന് ഡോളര്‍ വിലമതിക്കാവുന്ന ഒരു റോളെക്സൊ ഒമേഗ സീമാസ്റ്ററോ ആകാം.

അല്‍ ബാഗ്ദാദിയുടെ സന്ദേശവുമായി ഈ ആഡംബര വാച്ച് പൊരുത്തപ്പെടുന്നില്ല എന്നായിരിക്കും പെട്ടെന്നുള്ള പ്രതികരണം. സിറിയക്കും ഇറാഖിനുമിടയിലുള്ള വലിയൊരു ഭൂപ്രദേശം അയാളുടെ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പക്കലാണ്. പഴയ ഇസ്ളാമിക സാമ്രാജ്യങ്ങളുടെ മാതൃകയില്‍ ഒരു പുതിയ ഖിലാഫത്തും പ്രഖ്യാപിച്ചുകഴിഞ്ഞു. ദൃശ്യത്തില്‍, അല്‍ ബാഗ്ദാദിയെന്നു കരുതുന്ന മനുഷ്യന്‍ ഖിലാഫത്തിന്റെ മടങ്ങിവരവിന് ദൈവത്തോട് നന്ദി പറയുന്നതോടൊപ്പം എല്ലാവിധ ഭൌതികവാദത്തെയും തള്ളിക്കളയുകയും ചെയ്യുന്നു.

“രാജാക്കന്മാരും ഭരണാധികാരികളും അവരുടെ പ്രജകള്‍ക്കും അനുയായികള്‍ക്കും വാഗ്ദാനം ചെയ്തതൊന്നും ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നില്ല-ആഡംബരം,സുരക്ഷാ,വിനോദം,” അല്‍-ബാഗ്ദാദി പറയുന്നു. “പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്യുന്നത് വാഗ്ദാനം ചെയ്യുന്നു.”പക്ഷേ, ആ ഹസ്തഘടികാരം അത്ര വലിയ അത്ഭുതമാണോ? തന്റെ വഴികാട്ടിയായിരുന്ന ഒസാമ ബിന്‍ ലാദനെപ്പോലെ സമൃദ്ധിയുടെ മടിത്തട്ടിലല്ല പുതിയ ഖലീഫ വളര്‍ന്നത്. പക്ഷേ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അല്‍-ബാഗ്ദാദി പണം സമാഹരിക്കാന്‍ മികവ് കാട്ടിയിരുന്നു. അവരുടെ കൈവശം ഏതാണ്ട് 2 ബില്ല്യണ്‍ ശേഖരമുണ്ടെന്നാണ് ഗാര്‍ഡിയന്‍ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

അല്‍-ബാഗ്ദാദി ഇത് ഒരു കടയില്‍പോയി വാങ്ങിച്ചതാവാന്‍ വഴിയില്ല. സിറിയക്കും ഇറാഖിനും പുറത്തു അയാള്‍ സഞ്ചരിച്ചിട്ടുണ്ട് എന്നുതന്നെ യു എസ് അധികൃതര്‍ വിശ്വസിക്കുന്നില്ല. ഇറാഖിന്റെ നല്ലൊരു ഭാഗം കീഴ്പ്പെടുത്തിയതിനാല്‍ ഇസ്ലാമിക് സ്റ്റേറ്റിന് ഇഷ്ടംപോലെ കൊള്ളയടിക്കാന്‍ അവസരം കിട്ടി. കൊള്ളയടിച്ച സൈനിക സാമഗ്രികളുടെ പ്രദര്‍ശനം അവര്‍ ഓണ്‍ലൈന്‍ വഴി കാണിക്കുകയും ചെയ്തു. അത് എതിരാളികള്‍ക്കിട്ടൊരു കുത്തും ഒരു താക്കീതുമായിരുന്നു. തങ്ങള്‍ക്ക് പണം തരുന്നവരെക്കുറിച്ചും അവര്‍ ട്വിറ്ററില്‍ വീമ്പ് പറഞ്ഞു. ആ രീതിവെച്ചു നോക്കിയാല്‍ ആഡംബര വാച്ചിന്‍റെ പ്രദര്‍ശനം ഒത്തുപോകുന്നതുതന്നെ.

വാച്ചില്‍ കുടുങ്ങിപ്പോകുന്നതു വഴി ആ ദൃശ്യത്തിലെ യഥാര്‍ത്ഥ സൂചനകളെ വിട്ടുകളയുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അല്‍-ബാഗ്ദാദി മരിച്ചെന്ന വാര്‍ത്തകള്‍ക്ക് അന്ത്യമായിരിക്കുന്നു. അസ്സല്‍ ജീവനോടെ അയാള്‍ മുന്നിലെത്തി “ഇബ്രാഹിം ഖലീഫ”യായി വാഴാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.


Next Story

Related Stories