TopTop
Begin typing your search above and press return to search.

അല്‍ അബാദി ഇറാഖിനെ രക്ഷിക്കുമോ?

അല്‍ അബാദി ഇറാഖിനെ രക്ഷിക്കുമോ?

ആഡം ടെയ്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബാഗ്ദാദിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയും രാജ്യം കലാപത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും നീങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈദർ അൽ- അബാദി രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി നാമകരണം ചെയ്യപ്പെട്ടത്. ജനങ്ങളെ ഏകീകരിപ്പിക്കാനും വര്‍ഗ്ഗീയവാദത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിൽ നിന്നും അവരെ മോചിപ്പിക്കാനും പുതിയ നേതാവിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

ആരാണീ അൽ-അബാദി? 1952ൽ ബാഗ്ദാദിൽ ജനിച്ച അബാദി ബാഗ്ദാദ് യൂണിവേര്‍സിറ്റിയിൽ പഠിക്കുകയും ബ്രിട്ടനിലെ മാഞ്ചസ്റ്റർ യൂണിവേര്‍സിറ്റിയിൽ നിന്നും ഡോക്റ്ററേറ്റ് നേടുകയും ചെയ്തു. സദ്ദാം ഹുസൈൻ ഭരണകൂടത്തിന്റെ ലക്ഷ്യമായി തന്റെ കുടുംബം മാറിയതിന് ശേഷം സുരക്ഷാ കാരണങ്ങളാൽ അബാദിക്ക് വർഷങ്ങളോളം ബ്രിട്ടനിൽ തന്നെ തങ്ങേണ്ടി വന്നു. ഇലക്ട്രിക്കൽ എൻജിനീയറായി പരിശീലനം നേടിയ അബാദി 2003ൽ അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ഇറാഖ് അധിനിവേശത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു. 2003 സെപ്റ്റംബറിൽ ഇറാഖി ഗവേർണിങ്ങ് കൌണ്‍സിലിൽ വാര്‍ത്താവിനിമയ മന്ത്രിയായി സ്ഥാനമേറ്റ അബാദി പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നൂരി അൽ-മാലികിയുടെ പ്രധാന ഉപദേഷ്‌ടാവായി പ്രവർത്തിക്കുകയും ചെയ്തു. ഏതാനും ആഴ്ചകൾക്കു മുന്പ് പാർലമൻറ്റിന്റെ ഡെപ്യൂട്ടീ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട അബാദി കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകൾക്കു ശേഷം പ്രധാനമന്ത്രി പദത്തിനു വേണ്ടിയുള്ള മത്സരാർഥിയായി കണക്കാക്കപ്പെട്ടിരുന്നു.ഇപ്പോഴും ഭരണത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന അൽ മാലികിയേക്കാൾ വിജയകരമായി ഇറാഖിലെ പ്രതിസന്ധികൾ തുടച്ചു മാറ്റാൻ അൽ അബാദിക്ക് സാധിക്കുമോ എന്ന ചോദ്യമാണ് ലോകം മുഴുവൻ ചോദിക്കുന്നത്. മാലികിയെപ്പോലെത്തന്നെ രാജ്യത്തെ ഭൂരിപക്ഷമായ ഷിയാ വിഭാഗത്തിന്റെ ഭാഗമായ അൽ-അബാദി State of Law Coalition ന്റെ അംഗം കൂടിയാണ്. സുന്നി, കുർദിഷ് വിഭാഗങ്ങളുടെ അധികാരം നിയന്ത്രിച്ചുകൊണ്ട് ഷിയാ രാഷ്ട്രീയക്കാരാൽ സർക്കാർ നിറക്കാൻ ശ്രമിച്ചത് വര്‍ഗ്ഗീയ രാഷ്ട്രീയം വളരുന്നതിനു കാരണമായെന്ന വിമർശനമാണ് അൽ-മാലികി പ്രധാനമായും നേരിടുന്നത്.

ഇറാഖിന്റെ മുഖ്യ പങ്കും പിടിച്ചടക്കിയ സുന്നി തീവ്രവാദികൾക്കെതിരേയും, ഇസ്ലാമിക് സ്റ്റേറ്റിനെതിരേയും പോരാട്ടം നടത്താൻ ഇറാന്റെ സഹായം തേടുന്നതിലെ സാധ്യതകളെക്കുറിച്ചും ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ ഹഫിംഗ്ടണ്‍ പോസ്റ്റിലെ മെഹ്ദി ഹസനു നൽകിയ അഭിമുഖത്തിൽ സംസാരിച്ച അൽ-അബാദി ലോക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.

"ഞങ്ങൾ അമേരിക്കയുടെ പിന്തുണക്കു വേണ്ടി കാത്തിരിക്കുകയാണ്, അമേരിക്ക വ്യോമാക്രമണം നടത്തുകയാണെങ്കിൽ ഞങ്ങൾ ഇറാന്റെ സഹായം തേടില്ല. അമേരിക്കൻ സഹായം എത്തിയില്ലെങ്കിൽ മാത്രം ഞങ്ങൾ ഇറാന്റെ സഹായം തേടും." ജൂണിൽ നല്കിയ അഭിമുഖത്തിൽ അൽ -അബാദി പറഞ്ഞു. കുർദിഷ് ന്യൂനപക്ഷവുമായുള്ള അബാദിയുടെ സ്വരച്ചേർച്ചയില്ലായ്മയും ഇടയ്ക്കിടെ പ്രകടമാവാറുണ്ട്‌: ഇറാഖി കുർദിസ്ഥാനിലെ ഓയിൽ കയറ്റുമതിയുടെ കാര്യത്തിലുള്ള ഭിന്നതകൾ രാജ്യത്തിന്റെ ശിഥലീകരണത്തിലേക്ക് നയിക്കുമെന്ന താക്കീത് കഴിഞ്ഞ വർഷമാണ്‌ അബാദി നൽകിയത്, കൂടാതെ 2013 ലെ ബജറ്റിന്റെ കൂടിയാലോചന വേളയിൽ അബാദിക്ക് കുർദിഷ് രാഷ്ട്രീയക്കാരുടെ ശക്തമായ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടാതായ് വന്നിട്ടുണ്ട്.എന്തൊക്കെയായാലും ഇപ്പോഴുള്ള സംഘര്‍ഷത്തിൽ ഇറാഖ് ഗവണ്മെന്റും സുരക്ഷാ സേനകളും ബുദ്ധിമോശം കാണിച്ചുവെന്ന സത്യം അറിയാവുന്നയാളാണ് അൽ-അബാദി. എങ്ങനെ പ്രതികരിക്കണമെന്നു തീരുമാനിക്കുന്നതിനു മുന്പ് ഷിയാ ആധിപത്യമുളള സുരക്ഷാ സേനകളുടെ വാദങ്ങളും കേൾക്കാൻ ഗവണ്മെന്റ് തയ്യാറാവണമെന്നാണ് അദ്ദേഹം മെഹ്ദി ഹസനോട് പറഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റ് ആഗ്രഹിക്കുന്ന തരത്തിലുള്ള യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാൻ ഇറാഖ് ശ്രമിക്കണമെന്ന ചിന്തയിൽ ഉറച്ചു നിൽക്കാനാണ് അബാദിയുടെ തീരുമാനം. "വർഗീയ യുദ്ധങ്ങളിൽ ഏർപ്പെടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം, ഷിയാക്കൾ സുന്നികളുടെ ശത്രുക്കളല്ല, സുന്നികളും ഷിയാക്കൾക്കെതിരല്ല." അബാദി പറയുന്നു.

"അൽ-മാലികിയുടേതിനു സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നാണ് അബാദി വരുന്നതെങ്കിലും അദ്ദേഹത്തേക്കാളും വിശാലമായ പിന്തുണ അബാദിക്ക് ലഭിക്കുന്നുണ്ട്, പ്രത്യേകിച്ചും കുർദുകളിൽ നിന്നും സുന്നികളിൽ നിന്നും. ഇതിനുള്ള പ്രധാന കാരണമായ് ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത് അബാദിയുടെ കുടുംബമാണ്. പ്രശസ്‌തമായ കുടുംബത്തിൽ നിന്നും വരുന്നതായതു കൊണ്ടുതന്നെ സമൂഹത്തിലേയും സർക്കാരിലേയും പ്രമുഖർ അബാദിയെ തങ്ങളിലൊരുവനായ് കണക്കാക്കി. അതേ സമയം താഴേക്കിടയിൽ നിന്നും ഉയർന്നു വന്ന മാലിക്കിയെ അന്യനായും. ഇതുപോലുള്ള കാര്യങ്ങൾ പരമ്പരാഗതമായ ജീവിത രീതിയും ചിന്തയും പിന്തുടരുന്ന ഇറാഖികൾക്ക് വളരെ പ്രധാനമാണ്." ഇറാഖി രാഷ്ട്രീയത്തിൽ വിദഗ്‌ദ്ധനായ റൈഡർ വിസ്സർ പറഞ്ഞു.

ബെസ്റ്റ് ഓഫ് അഴിമുഖം

ഇറാഖ് : ഇന്നും പേടിപ്പിക്കുന്ന ഓര്‍മകള്‍
ഇറാനെതിരെ സദ്ദാമിന്റെ രാസായുധ പ്രയോഗത്തിന് പിന്നില്‍ അമേരിക്ക - റിപ്പോര്‍ട്ട്
കൊല്ലപ്പെടാന്‍ ഊഴം കാത്തിരിക്കുന്നവര്‍
അപായസൂചനയുമായി ഇറാഖ്; വസ്തുതകള്‍- വിശകലനം
മുളച്ചീന്തുകള്‍ പോലെ പിളരുന്ന ഇറാഖ്, ഒബാമയുടെ നയങ്ങളും

"പേരുകേട്ടൊരു നയതന്ത്ര വിദഗ്‌ദ്ധനായ അൽ-അബാദിക്ക് തന്റെ മുന്‍ഗാമിയേക്കാൾ കാര്യക്ഷമമായി ജനങ്ങളെ ഒന്നിപ്പിക്കാനും ശക്തമായൊരു രാജ്യം കെട്ടിപ്പടുക്കാനും സാധിക്കും. മാലികിയില്ലാതെ കാര്യങ്ങൾ സുഖകരമായെന്നു വരില്ല, പക്ഷെ മാലികിയുണ്ടെങ്കിൽ ഈ ദൌത്യം അസാദ്ധ്യവുമാണ്. ലണ്ടനിലുള്ള ചതം ഹൌസിലെ അസോസിയേറ്റ് ഫെല്ലോ ആയ ഹൈദർ അൽ- കൊയ് തന്റെ നിരീക്ഷണം വ്യക്തമാക്കി. പുതിയ നിയമനവുമായ് അൽ- മാലികി എങ്ങനെ പ്രതികരിക്കുമെന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ്. "പലരും അബാദിയുടെ സുരക്ഷയുടെ കാര്യത്തിൽ അസ്വസ്ഥരാണ്, എന്തും സംഭവിക്കാം." ഹൈദർ ആശങ്ക പ്രകടിപ്പിച്ചു.

രാജ്യത്തെ നയിക്കാൻ അൽ-അബാദിക്ക് സാധിക്കുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുളളവനായാണ് കുർദ് വംശജനായ രാഷ്ട്രപതി ഫൌദ് മസ്സൂം കാണപ്പെട്ടത്. "ഇറാഖി ജനത താങ്കളുടെ കൈകളിലാണ്", അബാദിയുടെ കൈ പിടിച്ച് രാഷ്ട്രപതി പറഞ്ഞു.

ഇനിയുള്ളത് കൊട്ടിക്കലാശവും പടിയിറക്കവുമാണ്, ലോകം മുഴുവൻ അൽ-മാലികിയുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്.


Next Story

Related Stories