TopTop
Begin typing your search above and press return to search.

ഞങ്ങള്‍ അഭയാര്‍ഥികളാണ്; ആരുമില്ലാത്തവരുമാണ്- തുടരുന്ന ഇറാഖ് ദുരിതം

ഞങ്ങള്‍ അഭയാര്‍ഥികളാണ്; ആരുമില്ലാത്തവരുമാണ്- തുടരുന്ന ഇറാഖ് ദുരിതം

ലൗവ്‌ഡേ മോറിസ്
(വാഷിംഗ്ടണ്‍പോസ്റ്റ്)

അമ്മാര്‍ യൂനുസ് എന്ന യുവാവ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇറാഖിലെ അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്യുകയായിരുന്നു. എന്നാലിന്ന്, ഖുര്‍ദിഷ് പ്രവിശ്യയിലെ ഒരു തണുത്ത കൂടാരത്തിലിരുന്നു സ്വന്തം കുട്ടികളുടെ മുന്നില്‍ വെച്ച് തന്റെ ചിന്നിച്ചിതറിയ കാലില്‍ നിന്നും വെടിയുണ്ടകള്‍ കത്തി കൊണ്ട് കീറിയെടുക്കുകയാണ്.

ഇറാഖ് സൈന്യത്തിന്റെ പരിശീലകനായിരുന്നു അമ്മാര്‍ യൂനുസ് എന്ന ഈ 34 വയസ്സുകാരന്‍. വടക്കന്‍ പട്ടണം തീവ്രവാദികളുടെ കയ്യില്‍ എത്തുന്നതിന് ഒരാഴ്ച മുന്‍പേ മൊസൂള്‍ പ്രദേശത്ത് വെച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ഇയാളുടെ കാറില്‍ ബോംബ് വെക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുനൂസിന് നഗരത്തില്‍ അക്രമം വ്യാപിച്ചതിനെ തുടര്‍ന്നു ആശുപത്രി വിടേണ്ടി വന്നു.

ഇസ്ലാമിക് സ്‌റ്റേറ്റ് ശക്തിപ്പെട്ടതോടെ ഈ വര്‍ഷം സൈന്യത്തിലേക്ക് നിയമിക്കപ്പെട്ട ഇരുപതു ലക്ഷം ഇറാഖികളില്‍ ഒരാളാണ് യൂനുസ്. ഈ കൂട്ട നിയമനം രാജ്യത്തെ നിലവിലുള്ള പ്രതിസന്ധിയെ കൂടുതല്‍ തീക്ഷ്ണമാക്കി.


2006 മുതല്‍ 2008 വരെ ഏകദേശം 17 ലക്ഷം ജനങ്ങള്‍ രാജ്യത്തിന്റെ് വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്തു. ഇത് 2003ലെ അമേരിക്കന്‍ അധിനിവേശത്തിനു ശേഷമുണ്ടായ വിഭാഗീയ സംഘട്ടനങ്ങളുടെ ഏറ്റവും തീവ്രമായ സമയമായിരുന്നു. ഇവരിലധികവും തിരിച്ച് വീടുകളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. കൂടാതെ അയല്‍രാജ്യമായ സിറിയയിലെ ആഭ്യന്തര കലാപം കാരണം 32 ലക്ഷത്തിലധികം ആളുകള്‍ ഇറാഖിലേക്ക് പലായനം ചെയ്തിരിക്കുകയാണ്.

അഭയാര്‍ഥികളുടെ ജീവിതാവസ്ഥ കൂടുതല്‍ അരക്ഷിതമാക്കിയിരിക്കുകയാണ് ഇറാഖിലെ ഇപ്പോഴത്തെ പ്രതിസന്ധികള്‍. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കോ സാമുദായിക കൂട്ടായ്മകള്‍ക്കോ ഇസ്ലാമിക തീവ്രവാദികളോടും ഇടയ്ക്കിടെ എണ്ണ വിലയിലുണ്ടാകുന്ന അസന്തുലിതാവസ്ഥയോടും മല്ലിടുന്ന ഇറാഖ് ഗവണ്‍മെന്റിനോ ഇവര്‍ക്കു വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അതിശൈത്യവും പ്രതികൂല കാലാവസ്ഥയും ഈ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്.

ഇറാഖിലെ ഖുര്‍ദ്ദിഷ് പ്രവിശ്യയാണ് ഈ വര്‍ഷത്തെ പ്രധാന അഭയാര്‍ഥി കേന്ദ്രമായത്. എന്നാല്‍ അപ്പോഴേക്കും ഇവിടേക്ക് രണ്ടു ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ഥികള്‍ പലായനം ചെയ്തു കഴിഞ്ഞിരുന്നു.


അടിസ്ഥാന ആവശ്യങ്ങളുടെ അഭാവം കാരണം അതിജീവനത്തിനു വേണ്ടിയുള്ള ഒരു മത്സരമാണ് എല്ലാ അഭയാര്‍ഥി കേന്ദ്രങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത് . വംശം, ഗോത്രം, രാജ്യം, അഭയാര്‍ഥിയാകാനുള്ള നിയമസാധുത തുടങ്ങിയ ഘടകങ്ങള്‍ നിലവിലുള്ള വിരളമായ സന്നദ്ധ സംഘടനകളിലേക്ക് എത്തിപ്പെടുന്നതിനെ നിയന്ത്രിക്കാറുണ്ടെന്ന് ഒരു അഭയാര്‍ഥി പറഞ്ഞു.
സൗജന്യ ചികിത്സാകേന്ദ്രങ്ങളുടെ പരിമിതി കാരണം തുടര്‍ ചികിത്സ നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് യൂനുസ് . ഇതുവരെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്യാന്‍ വേണ്ടി മാത്രം 2000 ഡോളര്‍ ചിലവായിട്ടുണ്ട് . ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ഭാഗമായിട്ടുള്ള സുന്നി മുസ്ലിം വിഭാഗതില്‍പ്പെട്ട ഒരാളായതിനാല്‍ പലപ്പോഴും സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും ചികിത്സ ആവശ്യങ്ങള്‍ക്ക് പോലും ക്യാമ്പില്‍ നിന്നു പുറത്തു പോകാന്‍ അനുമതി കിട്ടാറില്ലെന്നും യൂനുസ് പറഞ്ഞു. 'സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ നിന്നുള്ളവരാണ് നമ്മള്‍. തീവ്രവാദികളെ സഹായിക്കുന്നു എന്നു പറഞ്ഞു ഞങ്ങളെ പഴിചാരാറുണ്ട്. എന്നാല്‍, അവരില്‍ നിന്നു ഏറ്റവുമധികം പീഡനങ്ങള്‍ അനുഭവിച്ചതും ഞങ്ങളാണ്' യൂനുസ് കൂട്ടിച്ചേര്‍ത്തു.

യു എസ് പട്ടാള ക്യാമ്പിലേക്ക് വണ്ടി ഓടിച്ചു പോകുന്ന സമയത്തുണ്ടായ ഒടുവിലത്തെ വെടിവെപ്പ് ഉള്‍പ്പെടെ അഞ്ചു തവണ തീവ്രവാദികളില്‍ നിന്നും യൂനുസിന് വെടിയേറ്റിട്ടുണ്ട്. അമേരിക്കയിലേക്ക് പോകാന്‍ വിസ അപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല എന്നും സ്വന്തം രാജ്യം വിട്ടു പോകാന്‍ താല്‍പ്പര്യമില്ല എന്നും യൂനുസ് പറഞ്ഞു.

കഴിഞ്ഞ മാസം ഇര്‍ബല്‍ എന്ന സ്ഥലത്ത് ചാവേര്‍ ആക്രമണം മൂലം അഞ്ചു പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അര്‍ദ്ധസ്വയംഭരണ പ്രദേശമായ ഖുര്‍ദിഷ് പ്രവിശ്യയില്‍ അഭയാര്‍ത്ഥികളുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഇത്, പ്രത്യേകിച്ചു സുന്നി അറബി അഭയാര്‍ഥികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. അതിര്‍ത്തികള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഖുര്‍ദിഷ് അധികാരികള്‍ അവകാശപ്പെടുമ്പോഴും, ബാഗ്ദാദിനടുത്തുള്ള ഇറാഖ് സൈനിക അധീനതയിലുള്ള അതിര്‍ത്തി പ്രദേശങ്ങളിലും തെക്കു ഭാഗത്തുള്ള ഷിയാ പ്രവിശ്യയിലെ അതിര്‍ത്തികളിലുമുള്ള നിയന്ത്രണങ്ങള്‍ കാരണം മൊസൂള്‍ പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

മൊസൂള്‍ നഗരത്തില്‍ നിന്നും കഴിഞ്ഞ മാസം പലായനം ചെയ്യാന്‍ ശ്രമിച്ച സുന്നി അറബ് വിഭാഗത്തിലെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കിര്‍കുക് പട്ടണത്തിനടുത്തുള്ള കുര്‍ദിഷ് അധീനതയിലുള്ള അതിര്‍ത്തിയില്‍ നിന്നു തിരിച്ചയക്കപ്പെട്ടു. കൂടാതെ, പലായനം ചെയ്താല്‍ ഒരു പക്ഷേ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ഇരയായേക്കാം എന്ന പേടിയും ഇയാള്‍ക്കുണ്ടായിരുന്നു.

ഇര്‍ബലില്‍ യു. എന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇടം ലഭിച്ച 3100 ഭാഗ്യവന്മാരില്‍ ഒരാളാണ് യൂനുസ്. ശൈത്യം കൂടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ചിമ്മിണിയും പ്ലാസ്റ്റിക് ഷീറ്റുകളും വിതരണം ചെയ്തു കൊണ്ട് കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ശ്രമിച്ചു വരികയാണ് അധികൃതര്‍.

വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായങ്ങള്‍ അപര്യാപ്തമാണെന്ന് യു .എന്‍ അധികാരികള്‍ അംഗീകരിക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം 31% ഫണ്ട് മാത്രമേ ഇതിലേക്ക് നീക്കി വെച്ചിട്ടുള്ളൂ എന്നും, ലോക ഭക്ഷ്യ സംഘടന ഭക്ഷണ വിതരണം നിറുത്തിവെച്ചിരിക്കുകയാണെന്നും യു .എന്‍ പ്രസ്താവിക്കുന്നു. അടിയന്തര പണശേഖരണം ഉണ്ടായില്ലെങ്കില്‍ അഭയാര്‍ഥികളുടെ ഭക്ഷണവിതരണം ഫെബ്രുവരി അവസാനത്തോടെ നിലയ്ക്കും.

'പരിമിതമായ സാഹചര്യങ്ങളില്‍ നിന്നു കൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയില്ല. ഇപ്പോള്‍ നമ്മുടെ കയ്യില്‍ ഒന്നുമില്ല. എന്നാല്‍ ആവശ്യങ്ങള്‍ വളരെ ഉയര്‍ന്നതുമാണ്' യുഎന്നിലെ കോര്‍ഡിനേഷന്‍ ഓഫ് ഹുമാനിറ്റേറിയന്‍ അഫയേഴ്‌സ് വിഭാഗത്തിലെ ഇറാഖ് പ്രതിനിധി ബാര്‍ബറ മന്‍സിപ്രതികരിച്ചു.

ഈ സാഹചര്യത്തില്‍ സഹായം കിട്ടാവുന്ന എല്ലാ ഇടങ്ങളിലേക്കും പോകാന്‍ ഇവിടുത്തെ കുടുംബങ്ങള്‍ തയ്യാറാണ്. പ്രാദേശികമായി ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ക്രിസ്ത്യന്‍ അഭയാഥികള്‍ക്ക് ചില സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ അവര്‍ നിര്‍മിക്കുന്ന താല്‍ക്കാലിക താമസസൗകര്യങ്ങള്‍ക്ക് ശൈത്യത്തെ പ്രധിരോധിക്കാന്‍ ശേഷി പോര.

പണി തീരാത്ത ഇര്‍ബിള്‍ ഷോപ്പിങ് സമുച്ചയത്തിനോടു ചേര്‍ന്ന് കിടക്കുന്ന താറപ്പായ കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച ചെറിയ പ്ലാസ്റ്റിക് കൂരയില്‍ 11 കുടുംബാംഗങ്ങളുമായി താമസിക്കുകയാണ് 35 വയസ്സുകാരി രജ് മാട്ടി. ദിവസക്കൂലിക്ക് ഭര്‍ത്താവിന് ജോലി ഉണ്ടെങ്കിലും ജീവിതം ദുസ്സഹമാണെന്ന് അവര്‍ പറയുന്നു. 'വിരിപ്പ്, പുതപ്പ്, മുറി ചൂടാക്കാനുള്ള ഉപകരണങ്ങള്‍, ഷാംപൂ തുടങ്ങി പള്ളിയ്ക്ക് എന്താണോ ഉള്ളത് അതു ഞങ്ങള്‍ക്കും തരാറുണ്ട്.' എന്നു അവര്‍ പറഞ്ഞു.

അഭയാര്‍ഥികളുടെ അനിയന്ത്രിത കുത്തൊഴുക്ക് കാരണം പണ്ട് ചെറിയ പ്രദേശമായ കുര്‍ദിഷ് പ്രവിശ്യ ഇന്ന് ഇറാഖിലെ ഏറ്റവും വലിയ നാലാമത്തെ ജനസംഖ്യയുള്ള പ്രദേശമായി മാറിയിരിക്കുകയാണെന്ന് ദാഹുക് പ്രവിശ്യയിലെ അസിസ്റ്റന്റ് ഗവര്‍ണര്‍, ഇസ്മായില്‍ മുഹമ്മദ് പറഞ്ഞു. ബജറ്റിന്റെറ പേരില്‍ കേന്ദ്ര ഗവണ്‍മെന്റുമായി കലഹിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുര്‍ദിഷ് പ്രാദേശിക ഗവണ്‍മെന്റിന് അവശ്യസഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുതിയ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഖുര്‍ദിഷ് അധികാരികളുമായി നല്ല നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഈ സാഹചര്യത്തില്‍ ഗുണം ചെയ്യുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യു എന്റെ ഇടപെടലുകള്‍ മന്ദഗതിയിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
'സമയനിഷ്ഠയുടെ കാര്യത്തില്‍ നിലവിലെ വ്യവസ്ഥ വളരെ മോശമാണ്. ഒരുപാട് ഫയല്‍ ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്' എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാഹുക് ദേശീയ പാതയുടെ തൊട്ടടുത്തുള്ള പണി തീരാത്ത ഒരു വാര്‍ത്ത കെട്ടിടത്തില്‍ താമസിക്കുകയാണ് യാസിദി വിഭാഗത്തില്‍പ്പെട്ട ഇസ്മയില്‍ ഖലഫ്. ജൂണിന് ശേഷം അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഇറാഖില്‍ ഉടനീളം 25 സഹായ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും തനിക്ക് ഒരിടത്തും അഭയം കിട്ടിയിട്ടില്ല എന്നു അയാള്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ വടക്കന്‍ ഇറാഖിലെ സിങ്ങര്‍ മലനിരകള്‍ക്കടുത്തുള്ള ഗ്രാമത്തിലേക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ പ്രവേശിച്ചപ്പോള്‍ 49 വയസ്സുകാരനായ ഖലഫ് തന്റെ് പതിനാല് കുടുംബാംഗങ്ങളെയും കാറില്‍ കയറ്റി രക്ഷപ്പെടുകയായിരുന്നു. യു എസ് സംഘത്തിലെ പഴയ വിവര്‍ത്തകനായിരുന്നു അയാള്‍. അവിടുത്തെ മേലുദ്യോഗസ്ഥനായ കെവിന്റെ പേരാണ് തന്റെ് അഞ്ചു വയസ്സുള്ള മകള്‍ക്കിട്ടത്. അന്നു രക്ഷപ്പെട്ടത് തികച്ചും ഭാഗ്യമാണെന്ന് അയാള്‍ ഓര്‍മ്മിക്കുന്നു. ഇറാഖില്‍ നില്‍ക്കുന്നതിന് പകരം സിറിയയിലേക്ക് പോകാനാണ് ഖലഫ് ആഗ്രഹിക്കുന്നത്.

'അഭയാര്‍ത്ഥികളായി ജീവിക്കുക എന്നത് വളരെ അസഹനീയമായ അവസ്ഥയാണ്. ഈ സ്ഥലത്ത് ഞങ്ങള്‍ തികച്ചും അപരിചതരാണ്. ഞങ്ങള്‍ക്കിവിടെ ഒന്നുമില്ല. ഇടയ്ക്കാരെങ്കിലും വന്നു ഒന്നു കൈ പിടിച്ച് നിങ്ങളെ സഹായിക്കാം എന്നു പറയുന്നതു പോലും എത്രയോ വലിയ കാര്യമാണ്.' ഖലഫ് പറഞ്ഞു.

സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളേക്കാളും ഇറാഖിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നു വന്ന അഭയാര്‍ഥികള്‍ക്ക് കുര്‍ദിഷ് പ്രവിശ്യയില്‍ നിയമപരമായ ഒരുപാട് തടസ്സങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഈ അര്‍ദ്ധ സ്വയംഭരണ പ്രദേശത്ത് സ്വന്തമായ വാസസ്ഥലമോ നിയമപരമായി ജോലിചെയ്യാനോ ഈ ഇറാഖി അഭയാര്‍ഥികള്‍ക്ക് അര്‍ഹതയില്ല.

ഖലഫിന് ശേഷം കുര്‍ദിഷ് പ്രവിശ്യയിലെത്തിയ സിറിയന്‍ അഭയാര്‍ഥിയായ കര്‍സാന്‍ ഹുസൈന് കാമ്പില്‍ ഇടം കിട്ടാന്‍ അധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നില്ല. ഗ്വാളിയാണ്‍ അഭയാര്‍ഥി ക്യാമ്പിലെ തന്റെ കുടുംബത്തിന്റെ അവസ്ഥ മെച്ചമാണെന്നും വാര്‍പ്പിട്ട മേല്‍ക്കൂര ശൈത്യകാലങ്ങളിലെ മഴയില്‍ നിന്നും സംരക്ഷിക്കുന്നുവെന്നും, കൂടാതെ ഇഷ്ടിക കൊണ്ട് പണിത അടുക്കളയും കുളിമുറിയും ഉണ്ടെന്നും അയാള്‍ പറഞ്ഞു.

സിറിയയില്‍ നിന്നും പലായനം ചെയ്ത, പ്രത്യേകിച്ച് കുര്‍ദ് വംശജര്‍ക്ക് ഇറാഖിലെ വടക്കന്‍ പ്രദേശത്തോട് ബന്ധപ്പെട്ടു നില്‍ക്കുവാന്‍ കുറച്ചു സാമ്യതകളുണ്ട്. എന്നാല്‍, സ്വന്തം രാജ്യമായിട്ടു പോലും ഇറാഖിലെ മറ്റു ഭാഗങ്ങളില്‍ നിന്നും വരുന്ന ഇറാഖികള്‍ക്ക് കുര്‍ദിഷ് പ്രവിശ്യയില്‍ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്.

ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ ആഭ്യന്തര കലാപം നടക്കുന്ന സമയത്തു തുര്‍ക്കിയിലേക്ക് പലായനം ചെയ്യുകയും പിന്നീട് 310 ഡോളര്‍ കള്ളപ്പണം കൊടുത്ത് ഇറാഖിലെ കുര്‍ദ് പ്രദേശത്തേക്ക് വരികയായിരുന്നു ഹുസൈനും കുടുംബവും.

'അവരും ഞങ്ങളും കുര്‍ദുകളായത് കൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നത്. എന്നാല്‍ ഞങ്ങള്‍ക്കിവിടെ ഒരു ജയില്‍ പോലെയാണ്. കാരണം ഞങ്ങള്‍ അഭയാര്‍ഥികളാണ്', ഹുസ്സൈന്‍ പറഞ്ഞു.


Next Story

Related Stories