TopTop
Begin typing your search above and press return to search.

നമ്മള്‍ പോരാടാത്ത ഒരു യുദ്ധത്തിന്റെ ഓര്‍മ്മകള്‍

നമ്മള്‍ പോരാടാത്ത ഒരു യുദ്ധത്തിന്റെ ഓര്‍മ്മകള്‍

ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് 26 വര്‍ഷം തികയുന്നു. 1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖി പട്ടാളം കുവൈറ്റിലേക്ക് പ്രവേശിച്ചത്. ഗള്‍ഫില്‍ നടക്കുന്ന യുദ്ധം എന്നതിലുപരി സ്വന്തം മണ്ണില്‍ നടക്കുന്ന അധിനിവേശമായാണ് മലയാളിക്കത് അനുഭവപ്പെട്ടത്. ഗള്‍ഫ് മലയാളികള്‍ ഇപ്പോള്‍ മറ്റൊരു അതിജീവന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, അന്ന് ഗള്‍ഫ് യുദ്ധം മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത ജോയി ഏനാമാവ് തന്റെ അനുഭവങ്ങളും യുദ്ധത്തിന്റെ പിന്നിലെ രാഷ്ട്രീയവും മലയാളികള്‍ കടന്നുപോയ പ്രതിസന്ധികളും അവതരിപ്പിക്കുകയാണ് ഈ ലേഖന പരമ്പരയില്‍.

ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന്റെ രണ്ടാം നാള്‍ മുതല്‍ മാതൃഭൂമിക്കുവേണ്ടി വാര്‍ത്തകള്‍ അയക്കാന്‍ ആവശ്യപ്പെട്ടത് അന്നത്തെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന അന്തരിച്ച വി.രാജഗോപാലന്‍ സാറായിരുന്നു. അതുവരെ എല്ലാ ചൊവ്വാഴ്ചയും പ്രസിദ്ധീകരിച്ചിരുന്ന ഗള്‍ഫ് ഫീച്ചര്‍ പേജില്‍ ഞാന്‍ സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ ലോകചരിത്രത്തില്‍ നടന്ന ഏറ്റവും നിര്‍ണ്ണായക സംഭവത്തിന് സാക്ഷ്യം വഹിക്കാനും മലയാളത്തിലെ ഒരു സമുന്നത ദിനപത്രത്തിനു വേണ്ടി വാര്‍ത്തകള്‍ അയക്കാനും സാധിച്ചത് ഒരപൂര്‍വ്വ അനുഭവമായി ഇന്നും എന്റെ മനസ്സിലുണ്ട്.

കുവെത്ത് അധിനിവേശവുമായി ബന്ധപ്പെട്ട എന്റെ ആദ്യവാര്‍ത്ത വരുന്നത് ആഗസ്റ്റ് 4നാണ്. നാല് മലയാളി നേഴ്‌സുമാരെ കുവെത്തില്‍ നിന്നും കാണാതായതിനെ കുറിച്ചായിരുന്നു ആ വാര്‍ത്ത.

ഇതിനു ശേഷം യുദ്ധവും കുവെത്തിന്റെ മോചനവും വെടിനിര്‍ത്തലും വരെ 100 ലേറെ വാര്‍ത്തകള്‍ എന്റേതായി മാതൃഭൂമിയില്‍ പ്രസദ്ധീകരിച്ചു. ഇതില്‍ യുദ്ധ സമയത്തെ പല എക്‌സ്‌ക്ലൂസിവുകളും ഉണ്ടായിരുന്നു. മാതൃഭൂമിയില്‍ വാര്‍ത്ത കണ്ട് എന്നെ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിഞ്ഞ ശേഷമായിരുന്നു ദുബായില്‍ നിന്നും പ്രസദ്ധീകരിക്കുന്ന ഖലീജ് ടൈംസില്‍ പോലും പല വാര്‍ത്തകളും വന്നിരുന്നത്.

എന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് രാജന്‍ സാര്‍ തന്നെയായിരുന്നു. അദ്ദേഹത്ത ഓര്‍ക്കാതെ ഒന്നാം ഗള്‍ഫ് യുദ്ധകാര്യങ്ങളെപ്പറ്റി എനിക്കു ചിന്തിക്കാനേ കഴിയില്ല. ഒട്ടുമിക്ക ദിവസങ്ങളിലും അദ്ദേഹം വിളിക്കുമായിരുന്നു. അന്ന് കോഴിക്കോട് ബ്യൂറോ ചീഫ് റിപ്പോര്‍ട്ടറായിരുന്ന പി.ടി.രത്‌നസിംഗെഴുതിയ കത്ത് എനിക്കേറെ ആത്മവിശ്വാസം പകര്‍ന്നു. പ്രത്യേകിച്ചും 'മനോരമയുമായി പിടിച്ചു നില്‍ക്കാന്‍ ജോയിയുടെ വാര്‍ത്തകളും ചിത്രങ്ങളുമാണ് ഏറെ സഹായിച്ചതെന്നു ഞങ്ങള്‍ ഇടക്കിടെ പറയാറുണ്ട്' എന്ന പരമാര്‍ശം.

മദ്ധ്യപൂര്‍വ്വദേശത്തെ ഒട്ടുമുക്കാല്‍ പത്രപ്രവര്‍ത്തകരുമായി ബന്ധപ്പെടാനായത് പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ ഏറെ സഹായിച്ചു. ലോകത്തിലെ വലിയ വാര്‍ത്താ സ്ഥാപനങ്ങളിലേയും പത്രസ്ഥാപനങ്ങളിലേയും ലേഖകര്‍ പങ്കെടുക്കുന്ന പത്രസമ്മേളനങ്ങളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞതു മറക്കാനാകാത്ത അനുഭവമായി. മുന്നൂറും നാനൂറും മാദ്ധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ മലയാളത്തിനുവേണ്ടി പങ്കടുക്കുമ്പോള്‍ അഭിമാനം തോന്നി. അന്ന് ഖലീജ് ടൈംസിന്റെ എഡിറ്ററായിരുന്ന ബിക്രം വൊഹ്‌റ, ന്യൂസ് എഡിറ്റര്‍ മധുസൂദന റാവു, റിപ്പോര്‍ട്ടര്‍മാരായിരുന്ന പി.രാമനാഥന്‍, ആനന്ദ് ശങ്കര്‍, ജോര്‍ജ് എബ്രഹാം, ഗള്‍ഫ് ന്യുസ് പത്രത്തിന്റെ നീന ഗോപാല്‍, നിഹാല്‍ കരെന, അലാമസ് അസ്ലം, മോനിമാത്യുസ്, ജോണ്‍ ഐസക്ക്, എന്‍.കെ.കൃഷ്ണകുമാര്‍, കുങ്കും രാംചന്ദാനി, നിതിന്‍ ബെല്ലെ തുടങ്ങി നിരവധി മാധ്യമ പ്രവര്‍ത്തകരുമായി അടുത്തിടപെടാന്‍ അവസരം ലഭിച്ചു. ഇവരില്‍ പലരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്രപ്രവര്‍ത്തനം തുടരുന്നു. ചിലര്‍ മണ്‍മറഞ്ഞു പോയി.ബാഗ്ദാദിലും ബസ്രയിലും മൊസൂളിലുമെല്ലാം ഉണ്ടായിരുന്ന ബന്ധങ്ങള്‍ യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍ അറ്റു പോയി. അധിനിവേശത്തിനു മുന്‍പ് ഇറ്റലിയിലേക്കു കളിക്കാന്‍ പോയ കുവെത്തിന്റെ വോളിബോള്‍ ടീം തിരിച്ചത്തിയപ്പോള്‍ ജന്മനാടു നഷ്ടമായ കഥ മാതൃഭൂമിക്ക് അയച്ചു കൊടുത്തതു ഫാക്‌സിലായിരുന്നു. ഫോട്ടോ അന്നു തന്നെ നാട്ടില്‍ പോകുന്ന ഒരാള്‍ പക്കം കൊടുത്തയക്കുകയായിരുന്നു. അയാള്‍ മസ്‌ക്കറ്റ് ഹോട്ടലിന്‍റെ റിസപ്ഷനില്‍ എത്തിച്ച ഫോട്ടോ മാതൃഭൂമിയുടെ ഓഫീസില്‍ നിന്നു ഒരാള്‍ വന്ന് അവിടെ നിന്നും ശേഖരിക്കുകയായിരുന്നു. അക്കാലത്തെ പ്രാദേശിക ലേഖകന്മാര്‍ ബസ്സില്‍ വാര്‍ത്താ കവര്‍ കൊടുത്തയച്ചിരുന്ന സംവിധാനം പോലെ.

സൗദി അറേബ്യയിലെ ഖാഫ്ജി ഇറാഖ് പിടിച്ചെടുത്തപ്പോള്‍ തിരിച്ചു പിടിക്കാനായി കനത്ത പോരാട്ടം നടക്കുന്നതിനിടയില്‍ 91 ഇന്ത്യക്കാര്‍ ബാര്‍ജുമായി രക്ഷപ്പെട്ട് യു.എ.ഇയിലെ ഷാര്‍ജ തുറമുഖത്തെത്തിയ വാര്‍ത്ത മാതൃഭൂമിയുടെ എക്‌സ്‌ക്ലൂസിവായിരുന്നു. അതില്‍ 87 മലയാളികളായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് നാട്ടിലെ വീട്ടുകാരും ബന്ധുക്കളും അറിഞ്ഞതു മാതൃഭൂമി വാര്‍ത്ത വായിച്ചായിരുന്നു. പിറ്റേന്നായിരുന്നു ഖലീജ് ടൈംസിന്റെ ജോര്‍ എബ്രഹാം വാര്‍ത്ത ഫയല്‍ ചെയ്തത്. അന്ന് ജില്ലാ കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനമുണ്ടായിട്ടും മാതൃഭൂമി ഏറെ പ്രധാനത്തോടെ ഒന്നാം പേജില്‍ എട്ടു കോളത്തിലായിട്ടായിരുന്നു വാര്‍ത്ത നല്‍കിയത്.

പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഇതുപോലെ നിരവധി അനുഭവങ്ങള്‍ സമ്മാനിച്ചതായിരുന്നു ഒന്നാം ഗള്‍ഫ് യുദ്ധം.

(തുടരും)

(മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories